എങ്കിൽ എന്റെ നടപ്പത്ര നല്ലതല്ല..!

പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകയും വിദ്യാർഥിയും മലപ്പുറം വളാഞ്ചേരി സ്വദേശിയുമായ ഷർമിന എ ക്ക്​ പെരിന്തൽമണ്ണ കോടതി ഒരു വർഷത്തേക്ക് നല്ല നടപ്പിനുള്ള നിയമം ചുമത്തിയിരിക്കുന്നു. കൊളത്തൂർ പൊലീസ് സ്റ്റേഷനിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ BNSS ആക്ട് സെക്ഷൻ 126 പ്രകാരവും സെക്ഷൻ 130 പ്രകാരവുമാണ് നടപടി. ഷർമിന ത​ന്റെ അനുഭവം എഴുതുന്നു. ജനകീയ മുന്നേറ്റങ്ങൾക്കെതിരെ കണ്ണടച്ചിരുട്ടാക്കുന്നതാണോ നല്ല നടപ്പ്..? അവർ ചോദിക്കുന്നു.‘‘എങ്ങനെ പോരാടണമെന്ന് നിങ്ങൾ മറന്നോ? എന്തിന് പോരാടണമെന്ന് നിങ്ങൾ മറന്നോ? എങ്കിൽ അറിയുക നിങ്ങൾ വെറും അടിമകളാണ്.’’ -ഗദ്ദർ മോദി-ഷാ വാഴ്ചക്ക് കീഴിൽ ഇന്ത്യയിലെ ബഹുജന ജീവിതം...

പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകയും വിദ്യാർഥിയും മലപ്പുറം വളാഞ്ചേരി സ്വദേശിയുമായ ഷർമിന എ ക്ക്​ പെരിന്തൽമണ്ണ കോടതി ഒരു വർഷത്തേക്ക് നല്ല നടപ്പിനുള്ള നിയമം ചുമത്തിയിരിക്കുന്നു. കൊളത്തൂർ പൊലീസ് സ്റ്റേഷനിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ BNSS ആക്ട് സെക്ഷൻ 126 പ്രകാരവും സെക്ഷൻ 130 പ്രകാരവുമാണ് നടപടി. ഷർമിന ത​ന്റെ അനുഭവം എഴുതുന്നു. ജനകീയ മുന്നേറ്റങ്ങൾക്കെതിരെ കണ്ണടച്ചിരുട്ടാക്കുന്നതാണോ നല്ല നടപ്പ്..? അവർ ചോദിക്കുന്നു.

‘‘എങ്ങനെ പോരാടണമെന്ന് നിങ്ങൾ മറന്നോ?

എന്തിന് പോരാടണമെന്ന് നിങ്ങൾ മറന്നോ?

എങ്കിൽ അറിയുക നിങ്ങൾ വെറും അടിമകളാണ്.’’

-ഗദ്ദർ

മോദി-ഷാ വാഴ്ചക്ക് കീഴിൽ ഇന്ത്യയിലെ ബഹുജന ജീവിതം അതീവ ദുഷ്‍കരമാണ്. മനുഷ്യാവകാശങ്ങൾ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ബുൾഡോസർ രാജിനെതിരെ കോടതി നടത്തിയ പരാമർശങ്ങളിലും ആൾക്കൂട്ട കൊലകളിലുമെല്ലാം തെളിയുന്നത് നാം നേരിടുന്ന വെല്ലുവിളിയുടെ ആഴമാണ്. എൻ.ഐ.എ, ഇ.ഡി തുടങ്ങിയ അധികാരകേന്ദ്രങ്ങൾ ഭീകരനിയമങ്ങളെ ഉപയോഗപ്പെടുത്തി ഭരണവർഗങ്ങളിൽനിന്നുള്ളവരെയടക്കം വേട്ടയാടുന്ന സവിശേഷ സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. അക്രമാസക്ത ബ്രാഹ്മണ്യവാദം പിടിമുറുക്കുന്നതിനൊപ്പം ഇത്തരത്തിൽ ജനാധിപത്യ ഇടങ്ങളും ചുരുങ്ങുക സ്വാഭാവികമാണ്.

എന്നാൽ, കേരളത്തിലും ഇതേ ഫാഷിസ്റ്റ് വത്കരണ പ്രക്രിയതന്നെയാണ് നടക്കുന്നത് എന്ന വസ്തുത ഏറെ ഗൗരവമായി കാണേണ്ട കാര്യമാണ്. കമ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്ന പിണറായി ഭരണത്തിലും ജനാധിപത്യ-പൗരാവകാശ പ്രവർത്തകരെയും വ്യവസ്ഥാപിതത്വത്തിന് പുറത്തുള്ള സമരങ്ങളെയും നിയമവിരുദ്ധവും നീതിരഹിതവുമായാണ് നേരിടുന്നത്. എനിക്കെതിരായ ഇടപെടലുകളുടെ തുടക്കം കാമ്പസിൽനിന്നായിരുന്നു. യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി വിരുദ്ധ നിലപാടുകളെ തുറന്നുകാട്ടാൻ വേണ്ടി വിദ്യാർഥി പ്രതികരണ കൂട്ടായ്മ രൂപവത്കരിച്ച് പ്രവർത്തിച്ചതായിരുന്നു കുറ്റം.

ഒരു ആഗസ്റ്റിലാണ്​ അത് നടക്കുന്നത്; കൃത്യമായി പറഞ്ഞാൽ 2022 ആഗസ്റ്റ് എട്ടിന് തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വനിത ഹോസ്റ്റലിൽ പന്ത്രണ്ടാം റൂമിന്റെ ചുവരിൽ തെലുഗു കവിയും ഗായകനുമായിരുന്ന ഗദ്ദറിന്റെ വരികൾ ഞാൻ എഴുതിയതിന്റെ ചുവട്ടിൽ ‘‘ആദ്യം ഒരു നിലപാടുമായി വാ, എന്നിട്ട് പറയ് നിലപാട്’’ എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഗദ്ദർ പറഞ്ഞുവെച്ചത് തന്നെയാണ് അപ്പോഴും എനിക്ക് ഓർമ വന്നത്. എന്തിനുവേണ്ടി പോരാടണമെന്ന്, എങ്ങനെ പോരാടണമെന്ന് മറന്നാൽ, വെറും അടിമകൾ മാത്രമായി നാമോരോരുത്തരും മാറും.

അത്തരമൊരു പിന്തിരിപ്പൻ സംഘടനയുടെ അടിമകളായിരുന്നു ആ ചുവരെഴുത്തിന് പിന്നിലും. അന്നുമുതലാണ് കൃത്യമായ ഒരു നിലപാടെടുക്കേണ്ടതിനെ പറ്റിയും ഒരു അടിമയാകാതിരിക്കുന്നതിനെ പറ്റിയും ഞാൻ കാര്യമായി ആലോചിച്ചു തുടങ്ങിയത്. അന്നുമുതൽ ഞാൻ എടുത്ത നിലപാടിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തന്നെയാണ് ഇന്ന് എന്റെ പേരിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷൻ 126 ചുമത്തിയിരിക്കുന്നത്.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്)യുടെ സെക്ഷൻ 126 എന്ന നിയമം സാധാരണയായി മയക്കുമരുന്ന് മാഫിയകൾ, മദ്യ കള്ളക്കടത്തുകാർ, സ്വർണ കള്ളക്കടത്തുകാർ, ഗുണ്ടാ സംഘങ്ങൾ തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ ചുമത്തി കണ്ടിട്ടുള്ള വകുപ്പാണ്. ക്രിമിനൽ നടപടിക്രമത്തിന്റെ സി.ആർ.പി.സി സെക്ഷൻ 17 സമാധാനവും നല്ല പെരുമാറ്റവും നിലനിർത്തുന്നതിനുള്ള സുരക്ഷയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇതിന്റെ പുതിയ രൂപമാണ് ബി.എൻ.എസ്.എസിന്റെ സെക്ഷൻ 126. ഒരു വ്യക്തി ക്രമസമാധാനം നിലനിർത്തുന്നതിനായി ബോണ്ട് നൽകുന്നത് ഉത്തരവിടാനുള്ള അധികാരം ഇത് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന് നൽകുന്നു.

അതിൻപ്രകാരം, കോടതി ആവശ്യപ്പെടുന്ന കാലാവധിവരെ നല്ലനടപ്പ് കാഴ്ചവെക്കാൻ ആ വ്യക്തി ബാധ്യസ്ഥനാകുന്നു. ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യപ്പെടും. ബ്രിട്ടീഷുകാർ കൊളോണിയൽ വാഴ്ചക്കാലത്ത് മുതൽ തന്നെ ഇന്ത്യൻ ജനതക്കെതിരെ വ്യാപകമായി ഉപയോഗിച്ചിരുന്ന നിയമമായിരുന്നു ഇത്. ഇങ്ങനെ ഒരു കൊളോണിയൽ ചരിത്രവും അതിന്റെ തുടർച്ചയും ഈ വകുപ്പിന് ഉള്ളതായി കാണാൻ കഴിയും. വാസ്തവത്തിൽ ഈ നിയമം “സംഭവിക്കാൻ സാധ്യതയുള്ള സാമൂഹിക സമാധാനലംഘനത്തെ തടയാനാ”ണ് ശ്രമിക്കേണ്ടത്. എന്നാൽ ഈ പ്രക്രിയ നടക്കുമ്പോൾതന്നെ അവിടെ സമാന്തരമായി ഒരു ക്രിമിനൽ പ്രൊഫൈൽ നിർമിക്കപ്പെടുകയാണ് ചെയ്യുന്നത്. ഒരു മുൻവിധിയുടെ പുറത്താണ് ഇത്തരം ഒരു പ്രൊഫൈൽ നിർമിക്കപ്പെടുന്നത്.

മർദകരും മർദിതരും, ചൂഷകരും ചൂഷിതരും ഉണ്ടാകുന്നിടത്തോളം കാലം നീതിയുടെയും സമത്വത്തിന്റെയും ശവപ്പറമ്പായ ഒരു സമൂഹത്തിൽ വിപ്ലവ പ്രസ്ഥാനത്തിന്റെയും ജനകീയ പ്രക്ഷോഭങ്ങളുടെയും പ്രസക്തി നഷ്ടപ്പെടുന്നില്ല. പക്ഷേ, ഇവിടത്തെ എല്ലാ ഭരണവർഗ പാർട്ടികളും തിരുത്തൽവാദ കപട ഇടതു മുന്നണിയും അവരുടെ ബഹുജന സംഘടനകളും എങ്ങനെ പോരാടണമെന്നും എന്തിനുവേണ്ടി പോരാടണമെന്നും മറന്നിരിക്കുന്നുവെന്ന് അവരുടെ സമീപകാല പ്രവൃത്തികൾ മാത്രം വിശകലനംചെയ്താൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

 

ഭരണകൂടത്തിന്റെ മർദക ഉപാധിയായ പൊലീസിനെ ഉപയോഗിച്ചുകൊണ്ട് ജനജീവിതത്തെയും ജനകീയ പ്രതിഷേധങ്ങളെയും എത്രത്തോളമാണ് ഇന്ന് വേട്ടയാടിക്കൊണ്ടിരിക്കുന്നത് എന്ന് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. പൊലീസ് മാത്രമല്ല സി.പി.എമ്മിന്റെ നിയന്ത്രത്തിലുള്ള വ്യത്യസ്ത സംഘടനകളും നേരിട്ടുള്ള ആക്രമണങ്ങൾ നടത്തുന്നുണ്ട്. പിണറായി നയിച്ച നവകേരള സദസ്സിന്റെ ഭാഗമായി പ്രതിഷേധിച്ചവരെ അതിഭീകരമായി ആക്രമിച്ചത് നമ്മൾ കണ്ടതാണ്. അതിന്റെ ഭാഗമായി നട്ടെല്ലിന് ക്ഷതം പറ്റി ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകൻ ഹനീൻ ഇപ്പോഴും ചികിത്സയിലാണ്. കാമ്പസുകളിൽ എസ്.എഫ്.ഐ നേരിട്ട് ആണെങ്കിൽ വ്യത്യസ്ത ഇടങ്ങളിൽ വിവിധ ബഹുജന സംഘടനകളാണെന്ന് മാത്രം.

പൊലീസ് അതിക്രമങ്ങൾ, വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ആദിവാസി ഭൂപ്രശ്നം, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള ജനകീയ വിഷയങ്ങൾ നിരന്തരമായി ഉയർത്തിക്കൊണ്ടുവരുന്ന പുരോഗമന യുവജന പ്രസ്ഥാനത്തിൽ ഞാൻ പങ്കാളിയാകുന്നത് 2024 ജനുവരി 15 മുതലാണ്. അതിനുശേഷം തന്നെയാണ് കേരള പൊലീസിന്റെ നിരന്തരമായ ഉപദ്രവം ഉണ്ടായിത്തുടങ്ങുന്നതും. അമ്മയെ കൊളത്തൂർ പൊലീസ് നിരന്തരമായി കാണുന്നതും, പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതും, അവരെ ഭീതിപ്പെടുത്തുന്ന തരത്തിൽ ഞാനൊരു തീവ്രവാദി ആണെന്നുള്ള വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നതും പതിവായി.

ഞാനൊരു തീവ്രവാദി ആണെങ്കിൽ എന്നെ ഇവർക്ക് ജയിലിൽ ഇട്ടുകൂടെ. തെളിവിന്റെ ഒരംശംപോലും ഇല്ലാതിരുന്നിട്ടും നിങ്ങൾ ഭരണകൂടം എത്ര നിരപരാധികളെയാണ് അഴിക്കുള്ളിൽ കൊല്ലങ്ങളോളം ഇട്ടിരിക്കുന്നത്. അവരെ പോലെ എന്നെയും ഇടാൻ ഉള്ള മാനിപ്പുലേഷൻ ആണോ എന്റെ അമ്മയെ വിളിച്ച് ഇടക്കിടെ കൊടുക്കുന്ന ഈ ഡോസ്? ഭരണകൂടം സൃഷ്ടിക്കുന്ന പുകമറയെ കുറിച്ച് ഞാൻ കൂടുതൽ ജാഗരൂകമാകേണ്ടിയിരിക്കുന്നു.

എം.എ മലയാളത്തിൽ ബിരുദാനന്തര ബിരുദം പഠിച്ച തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലേക്ക് പലതവണയായി ഇന്റലിജൻസ് വിഭാഗം ചെന്നിരുന്നുവെന്നും സുഹൃത്തുക്കളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഈയിടെയാണ് അറിഞ്ഞത്. സത്യത്തിൽ ഞാൻ എന്താണ് ചെയ്തത്. സമരങ്ങളിൽ പങ്കെടുത്തതോ? എന്റെ ജനാധിപത്യ അവകാശം അല്ലേ അത്. അത് നിർഭയമായി ഉപയോഗിക്കുന്നത് കൂട്ടുകാരിൽനിന്നും ബന്ധുക്കളിൽനിന്നും ഒറ്റപ്പെടാനുള്ള കാരണമാകും അല്ലേ? അതെ, ചില സ്വാതന്ത്ര്യങ്ങൾ... അവകാശങ്ങൾ എന്നിവ ഒരിക്കലും ഉപയോഗിക്കാൻ വേണ്ടിയുള്ളതല്ല. അവക്ക് പേപ്പർ പ്രസന്റേഷനുകളിലും കൺവെൻഷനുകളിലും ഭരണഘടനയിലും മാത്രമേ സ്ഥാനമുള്ളൂ. ഉപയോഗിച്ചാൽ ഇതുപോലെ ലേഖനം എഴുതേണ്ടിവരും... പിരിച്ചു പൈസ കണ്ടെത്തി വക്കീലിനെ ഏൽപിച്ചു കേസ് നടത്തേണ്ടിവരും… അതുകൊണ്ട് ജാഗ്രതൈ.

മൂന്ന് പ്രതിഷേധ പൊതുയോഗങ്ങളെ ആസ്പദമാക്കിയാണ് നിലവിൽ എനിക്കെതിരെ പെരിന്തൽമണ്ണ സബ് ഡിവിഷൻ മജിസ്ട്രേറ്റ് ബി.എൻ.എസ്.എസ് 126 പ്രകാരം നല്ല നടപ്പിനുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. ഒന്ന്, വയനാട്ടിലെ തലപ്പുഴയിൽ 2024 മാർച്ച് എട്ടിന് സംഘടിപ്പിച്ച, മാവോവാദി പ്രവർത്തക കവിതയുടെ വ്യാജ ഏറ്റുമുട്ടലിനെ അപലപിച്ചു നടത്തിയ അനുസ്മരണ പൊതുയോഗത്തിലും പ്രകടനത്തിലും പങ്കാളിയായതിന്.

രണ്ട്, മലപ്പുറത്തെ നിലമ്പൂർ ടൗണിൽ 2024 ജനുവരി 22ന് സംഘടിപ്പിച്ച, ബാബരി മസ്ജിദ് തകർത്ത്‌ രാമക്ഷേത്രം നിർമിച്ചതിൽ പ്രതിഷേധിച്ച്​ “ബാബരിയുടെ മണ്ണിൽ ബാബരി മാത്രമാണ് നീതി” എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പ്രകടനത്തിൽ പങ്കെടുത്തത്തിന്. മൂന്നാമത്, മനുഷ്യാവകാശ പ്രവർത്തകൻ സി.പി. റഷീദിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന്. വിമത ശബ്ദങ്ങൾ ഉയർത്തുന്നവരുടെ മേൽ 126 ബി.എൻ.എസ്.എസ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അവരുടെ രാഷ്ട്രീയ പ്രവർത്തനത്തെ മരവിപ്പിക്കുന്നതും സാധാരണയായിക്കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും സാമാന്യമായ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ “We, the people of India” എന്നാരംഭിക്കുന്ന ഭരണഘടനയുടെ കൂട്ടുപിടിച്ച് നിശ്ശബ്ദരാക്കാൻ ഭരണകൂടത്തിന് കഴിയുന്നുണ്ട്. ജനപ്രതിനിധികളായി ചമഞ്ഞുകൊണ്ട് അങ്ങേയറ്റം ജനദ്രോഹപരമായ നടപടികൾ സ്വീകരിക്കുകയാണ് സംസ്ഥാന/കേന്ദ്ര ഭരണകൂടങ്ങൾ. ഇത്തരത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഭീകര നിയമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് 1967ലെ Unlawful Activities (Prevention) Act - UAPA നിയമം. ഇടതുപക്ഷം എന്നവകാശപ്പെടുന്ന പിണറായി വിജയൻ സർക്കാർ ഭരണത്തിന് കീഴിൽ 2016 മേയ് 25 മുതൽ 2021 മേയ് 19 വരെയുള്ള കാലാവധിയിൽ 145 യു.എ.പി.എ കേസുകളാണ് കേരള പൊലീസ് രജിസ്റ്റർ ചെയ്തത്.

വിമത രാഷ്ട്രീയ പ്രവർത്തകരുടെ മേലാണ് ഇവയിൽ ഭൂരിഭാഗവും ചുമത്തിയിട്ടുള്ളത്. അതിൽതന്നെ നിരവധിപേർ ഇന്നും ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണ കാത്ത് ജയിലിനുള്ളിൽ കഴിയുകയാണ്. യു.എ.പി.എക്ക് എതിരാണ് തങ്ങൾ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) മന്ത്രിസഭയിൽ യു.എ.പി.എ​െക്കതിരെ പ്രമേയം പാസാക്കുക എന്ന മുദ്രാവാക്യങ്ങളും പലവുരു ഉയർന്നുവന്നതാണ്. സി.എ.എ വിരുദ്ധ പ്രക്ഷോഭകാലത്ത് സമാനമായ ആവശ്യത്തിന്മേൽ അനുകൂല നിലപാടെടുത്ത ഭരണവർഗങ്ങൾക്ക് ഇത്തരം ഭീകരനിയമങ്ങളോട് ഈ സമീപനമില്ല എന്ന് വ്യക്തമാണ്. കാരണം, പ്രതിഷേധ ശബ്ദങ്ങളെ അടക്കിനിർത്തേണ്ടത് അവരുടെയും ആവശ്യമാണ്. ഭരണഘടനയിലെ ആർട്ടിക്ൾ 19 ആറ് മൗലിക അവകാശങ്ങളാണ് ഉറപ്പാക്കുന്നത്. അതിൽ

(a) അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം

(b) സമാധാനപരമായി സംഘടിക്കാനുള്ള സ്വാതന്ത്ര്യം. ഇവിടത്തെ പ്രത്യേക സാഹചര്യത്തിൽ ഈ രണ്ടു വകുപ്പുകളെയും റദ്ദാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നും എനിക്കെതിരെ ഉണ്ടായിട്ടുള്ളത്. ചെറുതോ വലുതോ ആയ പ്രതിഷേധ പൊതുയോഗങ്ങൾ നടത്തുമ്പോഴേക്കും അതിൽ പങ്കെടുത്ത, കണ്ടാലറിയുന്ന എല്ലാവർക്കുമെതിരെ ‘അന്യായമായ സംഘം ചേരൽ’ (IPC 149) വകുപ്പ് ചാർത്തുന്നത് തുടങ്ങി മേൽപറഞ്ഞ എല്ലാ ഭീകര നിയമങ്ങളും ഉപയോഗിച്ച് സ്വാതന്ത്ര്യത്തിന് അർഹരല്ലാതാക്കുകയാണ് ഭരണകൂടം. രാഷ്ട്രീയ പ്രവർത്തകരെ സ്ഥിരമായി കോടതി കയറ്റിയിറക്കി നിയമക്കുരുക്കിൽപെടുത്തുന്നതാണ് കാണുന്നത്. രാഷ്ട്രീയ പ്രവർത്തനം വെറും കോടതി പ്രവർത്തനമാക്കി ഇവർ മാറ്റും.

എത്തരമൊരു സാഹചര്യത്തിലാണ് ഒരു വ്യക്തി വ്യവസ്ഥിതിക്കെതിരെ കലാപം ചെയ്യാതിരിക്കുക? മുഴുവൻ മർദിത വിഭാഗങ്ങളുടെയും വിമോചനമാണ് സമത്വവാദികൾ ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തെ മുൻനിർത്തിയാണ് അവർ തെരുവുകളിൽ സമരംചെയ്യാൻ ഇറങ്ങുന്നത്. അത് സമൂഹത്തിന്റെ വ്യവസ്ഥാപിത സമാധാനത്തിന് കോട്ടം വരുത്തും. ഏതൊരു അവസ്ഥയാണോ കലാപത്തിന് കാരണമാകുന്നത്, ആ അവസ്ഥ നിലനിൽക്കുന്ന കാലംവരെ ഇത്തരം ഭീകര നിയമങ്ങൾ നിലനിർത്തേണ്ടത് മുഴുവൻ മർദകരുടെയും അവരുടെ നടത്തിപ്പുകാരായ ഭരണകൂടത്തിന്റെയും ആവശ്യകതയാണ്. അവർക്കെതിരെയുള്ള ചെറുത്തുനിൽപ് ശക്തിപ്പെടുത്തുകയെന്നത് മർദിതരുടെ നിലനിൽപിന്റെ കാര്യവും.

 

എങ്ങനെയാണ് ഇത്തരം ഭരണകൂട അടിച്ചമർത്തലുകളെ നേരിടാൻ കഴിയുക?

ചില പ്രത്യേക സാഹചര്യങ്ങളിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന രാഷ്ട്രീയപരമായ സമ്മർദം കാരണം ഭരണകൂടത്തിന് ചില നിയമങ്ങളെയെങ്കിലും മരവിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽപെട്ടതാണ് IPC S.124-A, ടാഡയും പോട്ടയുമൊക്കെ. ഈ നിയമങ്ങളൊക്കെ ഉപയോഗിച്ച് നിരവധി രാഷ്ട്രീയ പ്രവർത്തകരെ ഭരണകൂടം വേട്ടയാടിയിട്ടുണ്ട്. എന്നാൽ, അതിനെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെ സമ്മർദത്തിന്റെ ഭാഗമായാണ് ഇവയൊക്കെ എടുത്തുമാറ്റുകയോ മരവിപ്പിക്കുകയോ ചെയ്തതും, അത്തരം കേസിൽ അകപ്പെട്ടിരുന്ന ചില രാഷ്ട്രീയ തടവുകാർക്കെങ്കിലും മോചനം നേടാൻ സാധ്യമായതും.

മർദിത ജനത ദുരിതജീവിതം അനുഭവിക്കുന്നിടത്തോളം കാലം പൊരുതേണ്ടതുണ്ട്. പ്രത്യേകിച്ചും ഇന്ത്യാ രാജ്യത്ത് നടക്കുന്ന മുഴുവൻ ജനകീയ പോരാട്ടങ്ങളുടെയും സമരശക്തിയായി വിദ്യാർഥികളും യുവതയും അണിനിരക്കുന്ന ഇക്കാലത്ത് മുഴുവൻ മർദിത ജനങ്ങളോടും ഐക്യപ്പെട്ടുകൊണ്ട് അവരുടെ പോരാട്ടങ്ങളിൽ പങ്കുചേരുകയാണ് വേണ്ടത്. അത് തുടർന്നുകൊണ്ടേയിരിക്കും. മാർക്സും ഏംഗൽസും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയവസാനിപ്പിക്കുന്ന വാക്യങ്ങൾ തന്നെയാണ് ഒരു കമ്യൂണിസ്റ്റുകാരി എന്നനിലക്ക് എനിക്കും പറയാനുള്ളത്. സർവലോക തൊഴിലാളികളെ, സംഘടിക്കുവിൻ! നമുക്ക് നഷ്ടപ്പെടാൻ ഉള്ളത് കൈവിലങ്ങുകൾ മാത്രം. നേടാനുള്ളത് ഒരു പുതിയ ലോകവും.

Tags:    
News Summary - weekly social rights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.