പുരാരേഖകള്വെച്ച് ഡോ. ബി.ആര്. അംബേദ്കറുടെ 1950ലെ തിരു-കൊച്ചി സന്ദര്‍ശനത്തെപ്പറ്റി മുമ്പ് വിശദമായി എഴുതിയിട്ടുണ്ട് ഈ ലേഖകന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,13.4. 2008, പു. 86, പേ. 8-16; അയ്യന്‍കാളിക്ക് ആദരത്തോടെ, ഉപരോധം ബുക്സ്, 2009, പേ. 78-90). അതിനുമുമ്പ് അദ്ദേഹം തിരുവിതാംകൂറുമായി ബന്ധപ്പെട്ടതിന്റെയും തെളിവുണ്ട്. ഏകമകന് യശ്വന്തിനെ വാതരോഗ ചികിത്സക്കായി അദ്ദേഹം, ആലപ്പുഴ ചേര്‍ത്തലയിലെ പാണാവള്ളിയിലുള്ള ചിറ്റയം കൃഷ്ണന് വൈദ്യരുടെ വീട്ടില്‍ എത്തിച്ചതാണ്...
പുരാരേഖകള്വെച്ച് ഡോ. ബി.ആര്. അംബേദ്കറുടെ 1950ലെ തിരു-കൊച്ചി സന്ദര്‍ശനത്തെപ്പറ്റി മുമ്പ് വിശദമായി എഴുതിയിട്ടുണ്ട് ഈ ലേഖകന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,13.4. 2008, പു. 86, പേ. 8-16; അയ്യന്‍കാളിക്ക് ആദരത്തോടെ, ഉപരോധം ബുക്സ്, 2009, പേ. 78-90). അതിനുമുമ്പ് അദ്ദേഹം തിരുവിതാംകൂറുമായി ബന്ധപ്പെട്ടതിന്റെയും തെളിവുണ്ട്. ഏകമകന് യശ്വന്തിനെ വാതരോഗ ചികിത്സക്കായി അദ്ദേഹം, ആലപ്പുഴ ചേര്‍ത്തലയിലെ പാണാവള്ളിയിലുള്ള ചിറ്റയം കൃഷ്ണന് വൈദ്യരുടെ വീട്ടില്‍ എത്തിച്ചതാണ് വിഷയം.
ആയുര്‍വേദ ചികിത്സയില്‍ അതിപ്രശസ്തനായിരുന്ന വൈദ്യര് മരിച്ചപ്പോള്‍ 4.7.1937 (20.11.1112)ന് 'കേരള കൗമുദി' പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം (പേജ് 11, കോളം 2) ഉള്ളത്. നമ്മുടെ പത്ര-സാംസ്കാരിക ചരിത്രകാരന് ജി. പ്രിയദര്ശനന് തന്റെ 'ഭാഷാപോഷിണി' മാസികാ പംക്തിയില്‍ (പഴമയില്‍നിന്ന്, 2019 സെപ്റ്റംബര്‍) പാണാവള്ളിയില്‍ കൃഷ്ണന് വൈദ്യരെക്കുറിച്ച് എഴുതിയപ്പോള്‍ ഈ ചികിത്സക്കാര്യം സൂചിപ്പിച്ചിരുന്നു. ഞാന്‍ ചോദിച്ചതു പ്രകാരം അതിന്റെ വിവര ഉറവിടം (മുന്‍പറഞ്ഞ 'കേരള കൗമുദി' പേജ്) അദ്ദേഹം കനിവോടെ എനിക്കയച്ചുതരുകയായിരുന്നു.
വൈക്കം സത്യഗ്രഹത്തിലെ പങ്കാളിയാണ് കൃഷ്ണന് വൈദ്യര്; ''വരിക വരിക സഹജരേ... ഒരുവനുള്ളതല്ല രാജവീഥി നമ്മള് നല്കിടും കരമെടുത്തു പണിനടത്തിയതു നമുക്കു പൊതുവിലാം വരിക'' എന്ന പ്രശസ്ത പടപ്പാട്ടിന്റെ രചയിതാവുമാണ്; വൈദ്യ മാസികകളിലെ എഴുത്തുകാരനും, 'വസ്തിപ്രദീപം' എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവുമാണ്; ശ്രീമൂലം പ്രജാസഭാംഗം (1914, 1915, 1916, 1924, 1931) കൂടിയായിരുന്നു.
പാണാവള്ളി കൃഷ്ണന് വൈദ്യർ
യശ്വന്ത്, രോഗം ഭേദമായി മടങ്ങിയപ്പോഴും പത്രം അതേപ്പറ്റി എഴുതിയിരുന്നു എന്നുമുണ്ട് പ്രസ്തുത ലേഖനത്തില്‍: ''ഡാക്ടര് അംബേദ്ക്കരുടെ ഏകപുത്രന് അശ്വനീകുമാരന്‍ ബോംബയില്‍നിന്നു കഴിഞ്ഞയാണ്ടു പാണാവള്ളിയില്‍ വന്നു താമസിച്ചു അദ്ദേഹത്തിനുണ്ടായിരുന്ന വാതരോഗം ഭേദമാക്കിപ്പോയതു വായനക്കാര്‍ ഓര്‍മ്മിക്കുമല്ലൊ.'' പത്രത്തിന്റെ തീയതി വെച്ചിരിക്കുന്നത് മലയാളം ആണ്ട് 1112 എന്നും ഇംഗ്ലീഷ് ആണ്ട് 1937 എന്നുമായതിനാല്‍, 'കഴിഞ്ഞയാണ്ടു'വിന്റെ സ്ഥാനം കൃത്യമായി മനസ്സിലാക്കാനാവില്ല.
മകന്റെ ചികിത്സക്കായി അംബേദ്കര്‍ തിരുവിതാംകൂറില്‍ വരുന്നതിനെപ്പറ്റി 27.11.1935ന്റെ 'മലയാള മനോരമ'യില്‍ ഒരു വാര്‍ത്തയുണ്ടെന്ന് മനോരമയിലെ ഗവേഷകന് ഇ.കെ. പ്രേംകുമാര്‍ എഴുതി (അംബേദ്കര്‍ എന്ന പിതാവ്, മ. മനോരമ, 20.6.2020). ഡിസംബര്‍ 2ന് ശിവഗിരി സത്രത്തില്‍ എത്തുമെന്നു കാണിച്ച് ബോംബെയില്‍നിന്ന് അദ്ദേഹത്തിന്റെ കമ്പികിട്ടി എന്ന് 'മലയാളരാജ്യ'ത്തില്‍ വര്‍ക്കല ലേഖകന്‍ എഴുതിയിരിക്കുന്നു എന്നാണ് മനോരമ വാര്‍ത്തയിലുള്ളത്. വാതരോഗിയായ ഏകപുത്രന് അശ്വനീകുമാറിനെ (യശ്വന്ത്), ആയുര്‍വേദ വൈദ്യപണ്ഡിതനായ പാണാവള്ളിയില്‍ സി. കൃഷ്ണന് വൈദ്യനെക്കൊണ്ട് ചികിത്സിപ്പിക്കാനാണ് വരുന്നത് എന്നു വാര്‍ത്തയിലുണ്ട്. പ്രേംകുമാറിനോട്, അശ്വനീകുമാറിന്റെ മകനും ബോംബെയില്‍നിന്നുള്ള രാജ്യസഭാംഗവുമായ പ്രകാശ് അംബേദ്കര്‍ കേട്ടറിവുവെച്ചു പറഞ്ഞത്, ചികിത്സാ സമയത്ത് അംബേദ്കറുടെ ഭാര്യാസഹോദരനാണു കൂടെ നിന്നത് എന്നും, അംബേദ്കര്‍ അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നു വിട്ടിട്ടു തിരികെ പോയെന്നുമാണ്.
'കേരള കൗമുദി', 1937 ജൂലൈ 4
1983ല്‍ 'ശിവഗിരി തീര്‍ഥാടന'ത്തിന്റെ കനകജൂബിലിയോടനുബന്ധിച്ചു നടത്തിയ ആയുര്‍വേദ സമ്മേളനത്തില്‍ കൃഷ്ണന് വൈദ്യരെപ്പറ്റി അവതരിപ്പിച്ച പ്രബന്ധത്തില്‍ ഈ ചികിത്സയെപ്പറ്റി പറയുന്നുണ്ടെന്ന് പ്രേംകുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു [പ്രബന്ധം അവതരിപ്പിച്ചത്, വൈദ്യരുടെ ഭാര്യയായ കുഞ്ഞിയുടെ ബന്ധു ഡോ. കുറ്റിക്കാട്ട് ചന്ദ്രശേഖരനാണെന്നു പറഞ്ഞുതന്നു, വൈദ്യര് കുടുംബത്തില്‍പ്പെട്ട പത്രപ്രവര്‍ത്തകനായ ബിനീഷ് പണിക്കര്‍]. അത് അവിശ്വസിക്കപ്പെട്ടു, ചര്‍ച്ചാവിഷയമായി. 20 കൊല്ലത്തിനുശേഷം വൈദ്യരുടെ മകള്‍ [മരുമകള്‍] വളവങ്കേരി നാരായണി [14.4.2003ന്റെ മനോരമയില്‍] ഇങ്ങനെ വിശദീകരണം നല്‍കിയെന്ന് പ്രേംകുമാര്‍ തുടരുന്നു: ''മലയാളവര്‍ഷം 1110ല്‍ ആയിരുന്നു അംബേദ്കറുടെ മകനെ ചികിത്സിക്കാന്‍ കൊണ്ടുവന്നത്. അന്നു തൊട്ടുകൂടായ്മയൊക്കെയുള്ള കാലമാണ്. ദൂരെന്നു വന്ന അവര്‍ക്കു താമസിക്കാന്‍ പാണാവള്ളിയില്‍ ഇടംകിട്ടിയില്ല. അംബേദ്കറൊക്കെ താഴ്ന്ന ജാതിക്കാരല്ലേ. ഈഴവന്റെ വീട്ടില്‍ താമസിപ്പിച്ചാല്‍ നാട്ടുകാര്‍ എതിര്‍ക്കും. അച്ഛന് നാട്ടുകാരൊന്നും പറയണതു കേള്‍ക്കണ കൂട്ടത്തിലല്ല. എന്നാലും ഞങ്ങള്‍ വീട്ടിലുണ്ടായിരുന്ന പെണ്ണുങ്ങളൊക്കെ വീടൊഴിഞ്ഞുകൊടുത്തു. ചികിത്സക്കു കൂടുതല്‍ സൗകര്യം ലഭിക്കാന്‍ അച്ഛന് അവരെ വീട്ടില്‍ താമസിപ്പിച്ചു.'' ഈ ദൃക്സാക്ഷി വാക്കുകളെയും ചരിത്രരേഖകളുടെ പിന്‍ബലമില്ലെന്നു പറഞ്ഞ് ചിലര്‍ പുച്ഛിച്ചുതള്ളിയെന്നും എന്നാല്‍, 1935 നവംബറിലെ 'മനോരമ' വാര്‍ത്ത നാരായണിയെ ശരിവെക്കുകയാണെന്നും പ്രേംകുമാര്‍ ഓര്‍മിപ്പിക്കുന്നു. [തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ തലേക്കൊല്ലംപോലും, ഈഴവര്‍ക്കുപോലും ഉണ്ടായിരുന്ന അയിത്ത 'പദവി' ശ്രദ്ധേയമാണ് !]
20 കൊല്ലമായി ഞാന്‍ ഈ അംബേദ്കര്‍ സന്ദര്‍ശനവിവരം തേടുന്നു. 2002 സെപ്റ്റംബര്‍ 1-15ന്റെ 'യോഗനാദം' ദ്വൈവാരികയിലാണ് ആദ്യ സൂചന കണ്ടത്. പ്രശസ്ത പത്രപ്രവര്ത്തകന് എം.പി. പ്രകാശം, കമ്യൂണിസ്റ്റ് നേതാവ് സി.ജി. സദാശിവനെക്കുറിച്ച് എഴുതിയ ലേഖനത്തിലാണത്. സി.ജിയുടെ വല്യച്ഛനാണ് കൃഷ്ണന് വൈദ്യര്. ''ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കര്‍ തന്റെ മകന്റെ ചികിത്സാർഥം കൃഷ്ണന് വൈദ്യരുടെ വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ട്'' എന്നാണ് ആ വാചകം (പേജ് 11). രണ്ടുകൊല്ലം കഴിഞ്ഞു 'യോഗനാദ'ത്തില്‍തന്നെ (16.10 2004) 'കേരള കൗമുദി' എഡിറ്റോറിയല്‍ അഡ്വൈസര്‍ എന്‍. രാമചന്ദ്രന് എഴുതിയ ലേഖനത്തിലും കണ്ടു അംബേദ്കര്‍ സന്ദര്‍ശന സൂചന. പ്രശസ്ത സീനിയര്‍ പത്രപ്രവര്ത്തകന് ബി.ആര്.പി. ഭാസ്കറിന്റെ അച്ഛന് എ.കെ. ഭാസ്കറെ പരിചയപ്പെടുത്തുന്നതാണ് ആ ലേഖനം: ''അംബേദ്കറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അവസാനകാലം വരെ നീണ്ടുനിന്നു. അംബേദ്കര്‍ കൊല്ലത്തുള്ള എ.കെ. ഭാസ്കറിന്റെ ഭവനം സന്ദര്‍ശിച്ചിട്ടുണ്ട്. ഭാസ്കറിന്റെ മൂത്തമകന് ബി.ആര്.പി. ഭാസ്കറിന്റെ ബാല്യസ്മൃതിയില്‍ ഈ സന്ദര്‍ശനമുണ്ട്. [എ.കെ.] ഭാസ്കര്‍ അദ്ദേഹത്തെ ശിവഗിരിയില്‍ കൊണ്ടുപോയി. ജാതിവ്യവസ്ഥ പൂര്‍ണമായി നിരാകരിച്ച ഗുരു അന്ത്യവിശ്രമംകൊള്ളുന്ന സമാധിസ്ഥാനത്ത് അംബേദ്കര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. 'അജ്ജാതി രക്തത്തിലുണ്ടോ അസ്ഥി മജ്ജയിതുകളിലുണ്ടോ'യെന്നു ചോദിച്ച മഹാകവിക്കു [കുമാരനാശാനു] തണലേകിയ വൃക്ഷങ്ങളുടെ ചുവട്ടില്‍ അംബേദ്കര്‍ വിശ്രമിച്ചു. അഞ്ചുതെങ്ങിലുള്ള മിസിസ് ഭാസ്കറുടെ തറവാട്ടുവീടും അംബേദ്കര്‍ സന്ദര്‍ശിച്ചു'' (പേജ് 18).
അടുത്ത പേജില്‍ എഡിറ്ററുടെ കുറിപ്പോടുകൂടി ചേര്‍ത്തിട്ടുള്ള ഒരു പഴയ അഖില മലബാര്‍ ഹരിജന സമ്മേളന വാര്‍ത്തയില്‍ (സഹോദരന് വാരിക, 22.12.1945 ) അംബേദ്കറുണ്ട്. അടുത്തകൊല്ലം ഏപ്രിലില്‍ വലപ്പാട്ട് ആ സമ്മേളനം സംഘടിപ്പിക്കാന്‍, മണപ്പുറം ഹരിജനസംഘത്തിന്റെ ജനറല്‍ കമ്മിറ്റി തീരുമാനിച്ചു എന്നാണു വാര്‍ത്ത; ''ഡോക്ടര്‍ അംബേദ്കര്‍ സമ്മേളനത്തില്‍ സന്നിഹിതനാവാമെന്നു സദയം സമ്മതിച്ചിട്ടുള്ളതായി'' ഇ. കണ്ണന് എക്സ് എം.എല്‍.എ യോഗത്തെ അറിയിച്ചു എന്നുമുണ്ട്.
അംബേദ്കറിന്റെ സന്ദർശനത്തെക്കുറിച്ച് ചെറായി രാമദാസ് എഴുതിയ ലേഖനം
അംബേദ്കറുടെ കേരള സന്ദര്‍ശനത്തെപ്പറ്റി മറ്റൊരു പരാമര്‍ശം കുറച്ചു മുമ്പ് കണ്ടത്, ഡോ. സുരേഷ് മാനേയുടെ 'Glimpses of Socio-Cultural Revolts in India' എന്ന പുസ്തകത്തിന് അനില്‍ നാഗന് തയാറാക്കിയ തര്‍ജമയായ 'ഇന്ത്യന്‍ സാമൂഹ്യ സാംസ്കാരിക പ്രക്ഷോഭ ചരിത്രം' എന്ന പുസ്തകത്തിലാണ് (ബഹുജന്‍ വാര്‍ത്ത, തിരുവനന്തപുരം -13, 2008, പേ. 202): 1935ല്‍ ആള് കേരള ഈഴവ യൂത്ത് കോണ്‍ഫറന്‍സ് ജന. സെക്രട്ടറി കെ.സി. കുട്ടന് ഒരു യോഗത്തില്‍ അധ്യക്ഷനായിരിക്കാന്‍ അംബേദ്കറെ ക്ഷണിച്ചെന്നും, ''ഡോ. അംബേദ്കറുടെ കേരളത്തിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു അത്'' എന്നും പറയുന്നു ഗ്രന്ഥകാരന് (ഈ പുസ്തകം കാണിച്ച്, അംബേദ്കര്‍ കേരളം സന്ദര്‍ശിച്ചു എന്നമട്ടില്‍ ഒരു വിഡിയോയും കണ്ടു യൂട്യൂബില്‍. ഈ പരാമര്‍ശത്തിന്റെ പിന്നാലെ കുറെ അലഞ്ഞ ശേഷമാണ് എനിക്ക് സത്യാവസ്ഥ കണ്ടെത്താന്‍ കഴിഞ്ഞത്). ഡോ. മാനേയുടെ മലയാളം പുസ്തകം 10ാം അധ്യായത്തില്‍ 202ാം പേജിലുള്ള പ്രസ്തുത പരാമര്‍ശത്തിന്റെ റഫറന്‍സ് നമ്പര്‍ 12 ആണ്. എന്നാല്‍, 10ാം അധ്യായത്തിന്റെ റഫറന്‍സുകള്‍ കൊടുത്തിരിക്കുന്ന പേജ് 376ല്‍ ആവിധം ഒരു നമ്പറില്ല; എന്നല്ല, വേറെ ഒരു റഫറന്‍സ് നമ്പറുമില്ല! കുറെ വിവരങ്ങള്‍ റഫറന്‍സ് നമ്പറില്ലാതെ ഒന്നിനു താഴെ ഒന്നായി കൊടുത്തിരിക്കുന്നു, അത്രമാത്രം. മാനേയുടെ ഇംഗ്ലീഷ് ഒറിജിനലായ Glimpses of Socio-Cultural Revolts in Indiaയില്‍ (Samrudh Bharat Publications, 2006) 10ാം ചാപ്റ്ററില്‍ 147ാം പേജിലുള്ള കെ.സി. കുട്ടന് വിവരത്തിന് പേ. 279ല്‍ 11, 12 എന്നീ റഫറന്‍സ് നമ്പറുകളാണ് കാണിച്ചിരിക്കുന്നത്. 11ാം നമ്പര്‍ Swapna Samelന്റെ Dalit Movement in South India എന്ന പുസ്തകത്തിന്റെയും, 12ാം നമ്പര്‍ Eleanor Zelliotന്റെ Ambedkar's Conversion എന്ന പുസ്തകത്തിന്റെയുമാണ്. ഈ രണ്ട് പുസ്തകങ്ങളും കാണാന്‍ കഴിഞ്ഞില്ല എനിക്ക്. എങ്കിലും ശ്രീമതി Eleanor Mae Zelliotന്റെ 'Dr. Ambedkar and the Mahar Movement' എന്ന പിഎച്ച്.ഡി ഗവേഷണ പ്രബന്ധം (University of Pennsylvania, U.S.A, 1970) കിട്ടി. അതിലുണ്ട് കെ.സി. കുട്ടന് ഡോ. അംബേദ്കറെ ക്ഷണിച്ചെന്ന്; ക്ഷണിച്ചെന്നു മാത്രം: ''K.C. Kuttan, General Secretary of the All Kerala Eshava (one of several variant spellings of Irava) Youth Conferance, requested Ambedkar to preside at a meeting of the Conference, writing ''in the name of 25 lakhs'' of Iravas and Tiyas, the northern branch of Iravas'' (p. 209). Eleanor തന്റെ വിവര ഉറവിടമായി ചേര്‍ത്തിരിക്കുന്നത് 'The Depressed Classes -A Chronological Documentation' എന്ന അടിസ്ഥാന ഗ്രന്ഥമാണ് (Part I: Ranchi: Rev. Fr. J. Jans, Catholic Press. Part II-VII: Kuseong: St. Mary's College [1935-37][Gautam Book Centre, Delhi-32, 2016 (1936)] . എന്നാല്‍, ആ ഗ്രന്ഥത്തിലും, ഡോ. അംബേദ്കറെ കെ.സി. കുട്ടന് സംഘടനയുടെ അടുത്ത സമ്മേളനത്തില്‍ അധ്യക്ഷനാവാന്‍ ക്ഷണിച്ചു എന്നല്ലാതെ, അദ്ദേഹം കേരളത്തില്‍ വന്നതായി സൂചനപോലുമില്ല. കുട്ടന്റെ ക്ഷണക്കത്ത് വിശദമായിത്തന്നെ 'Examiner' പത്രം 30.11.1935ന് പ്രസിദ്ധീകരിച്ചതാണ് Fr. J. Jans സംഘം പകര്‍ത്തിയിരിക്കുന്നത് (പേ. 55-56). അംബേദ്കറുടെ ഹിന്ദുമത നിരാസത്തിന് കേരളത്തിലെ ഈഴവരില്‍നിന്ന് ശക്തമായ പിന്തുണയാണു കിട്ടിയതെന്നു പറയുന്നു പത്രം. അദ്ദേഹം തീരുമാനിച്ചാല്‍ ആയിരക്കണക്കിന് ഈഴവര്‍ ക്രിസ്തുമതം സ്വീകരിക്കും: ''K.C. Kuttan [...] has requested Dr. Ambedkar to preside over the next meeting of the c[C]onference to make closer the ties between the Depressed Class people outside Malabar and the Eshavas and Harijans down here. The letter of invitation begins thus: 'I am glad that you have expressed the opinion recently that the Depressed Class people have no salvation within the Hindu fold. Gandhi's statement in the nature of a reply to your announcement is quite unacceptable. Mahatma Gandhi is only a Hindu of the third class. He has no authority to speak in the name of Hinduism. His opinion will be disregarded by the Brahmins who are the first-class people among Hindus. The Mahatma's arguments are all for not showing any decrease in the strength of the Hindu population in India.''
''The invitation has been sent in the name of 25 lakhs Eshavas and Thiyyas in Malabar, and it is expected that Dr.Ambedkar will accept it. Apart f[r]om the presidentship of Dr. Ambedkar, there is every reason to believe that the next Eshava Youth Conference will unanimously vote for a resolution in favour of the Eshavas and Thiyyas formally renouncing Hinduism."
M.S.A. Raoവിന്റെ Social Movements and Social Transformation എന്ന പുസ്തകത്തിലുമുണ്ട് (Manohar Publications, New Delhi-2, 1987 [1979])കുട്ടന്റെ ക്ഷണവിവരം: ''K.C. Kuttan, the Secretary of the All Kerala Izhava Youth Conference invited Dr. Ambedkar to preside over a meeting'' (p. 75). റാവു ഈ വിവരത്തിന്റെ ഉറവിടമായി കാണിച്ചിട്ടുള്ളത് Eleanorന്റെ മേല്‍ കണ്ട പ്രബന്ധംതന്നെയാണ്.
ഇവിടെ, ഈഴവ സമ്മേളനത്തില്‍ ഡോ. അംബേദ്കര്‍ പങ്കെടുത്തു എന്ന പ്രസ്താവനയെക്കുറിച്ചുള്ള അന്വേഷണം തൽക്കാലം നിര്‍ത്താം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.