ഒരു ജാതി ഹിന്ദു കോളനിയുടെ ജയിലുകൾ നിറയെ കീഴ്ജാതികളും മുസ്ലിംകളുമായിരിക്കും എന്നതിൽ അത്ഭുതമില്ല. മിക്കില്ലേ അലക്സാണ്ടർ, The New Jim Crow: Mass Incarceration in the Age of Colour blindness എന്ന പുസ്തകത്തിൽ പറയുന്നതുപോലെ, അമേരിക്കയിൽ അടിമത്തത്തിന്റെ കാലത്തുള്ളതിനേക്കാൾ കറുത്തവർഗക്കാരാണ് ഇപ്പോൾ ജയിലുകളിൽ കഴിയുന്നത്. അതുപോലെ, നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (National Crime Records Bureau-NCRB) ഡേറ്റ പരിശോധിക്കുകയാണെങ്കിൽ, ഇന്ത്യൻ ജയിലുകൾ നിറയെ കീഴാളർതന്നെയാണ്. അതിൽ, 70 ശതമാനത്തോളം പേർ വിചാരണ തടവുകാരാണ്. സ്വന്തം ജാമ്യത്തിനുള്ള പണംപോലും അടക്കാൻ കഴിയാത്തവരാണ് മറ്റു പലരും. പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നതുപോലെ, യു.എ.പി.എപോലുള്ള നിയമങ്ങൾ പലപ്പോഴും ചാർത്തപ്പെടുന്നത് മത ന്യൂനപക്ഷങ്ങൾക്കും ആദിവാസികൾക്കും ഇവർക്കുവേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾക്കുമെതിരെയാണ്.
അനീതിയുടെയും അന്യായത്തിന്റെയും ഈ കണക്കുകൾ വായിച്ചും പഠിച്ചും കൊണ്ടിരുന്ന എന്റെ ഭർത്താവ് ഹാനി ബാബുവും ഇന്ന് ജയിലിലാണ്. പ്രഗല്ഭരായ ആക്ടിവിസ്റ്റുകൾ, അധ്യാപകർ, അഭിഭാഷകർ എന്നിവരെ ജയിലിൽ തള്ളിയ ഭീമ കൊറേഗാവ്-എൽഗർ പരിഷദ് കേസിൽ, പന്ത്രണ്ടാമത്തെ പ്രതിയായാണ് ബാബു അറസ്റ്റ് ചെയ്യപ്പെടുന്നത്. 2020 ജൂലൈ 28ന്.
മണ്ഡൽ കമീഷൻ കൊടുത്ത പഴുതിലൂടെയാണ് സവർണ അഗ്രഹാരമായ ഹൈദരാബാദിലെ ഇ.എഫ്.എൽ യൂനിവേഴ്സിറ്റിയിൽ (EFLU) ഹാനി ബാബുവെത്തുന്നത്. പിന്നീട് പ്രമോഷൻ കിട്ടി ഡൽഹി യൂനിവേഴ്സിറ്റിയിലേക്കു പോയി. ഇവിടെ വിവേചനപരമായി എസ്.സി, എസ്.ടി വിഭാഗത്തിന് കൊടുത്തിരുന്ന പ്രത്യേക അഡ്മിഷൻ ഫോറത്തിനെതിരെ നിയമയുദ്ധം നടത്തുകയും നിരന്തരമായി കൊടുത്തിരുന്ന ആർ.ടി.ഐകളിലൂടെ (RTI) ഒ.ബി.സി സംവരണം നടപ്പാക്കാത്തതിനെക്കുറിച്ചു ശബ്ദമുയർത്തുകയും ചെയ്ത ഒരാളായിരുന്നു ബാബു. തന്റെ പിഎച്ച്.ഡി വിഷയമായ തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്സിന് അപ്പുറം നീങ്ങി. ഇന്ത്യയുടെ ഭാഷാപദ്ധതിതന്നെ ചാതുർവർണത്തിലധിഷ്ഠിതമാണെന്ന് വാദിച്ചുള്ള പേപ്പറുകൾ എഴുതിയും കോഴ്സുകൾ കൊടുത്തും സവർണ പെഡഗോഗിയിൽ വിള്ളലുണ്ടാക്കിയ ഒരധ്യാപകനായിരുന്നു അദ്ദേഹം.
തന്റെതന്നെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലുള്ള 90 ശതമാനം ഡിസേബിൾഡ് ആയ, പ്രമുഖ ആക്ടിവിസ്റ്റായ ജി.എൻ. സായിബാബ മാവോവാദിയാണെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ, അവരുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി ഉറക്കെ സംസാരിച്ച നിരവധി പേരിൽ ഒരാളായിരുന്നു. ഇങ്ങനെയുള്ള ഒരാളാണ്, പുറമെനിന്ന് നിക്ഷേപിച്ചതായിരിക്കാം എന്ന് പറയപ്പെടുന്ന (ചില ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം) ഡോക്യുമെന്റുകളുടെ പേരിൽ, മാവോവാദിയായി മുദ്രകുത്തി, ജയിലിൽ തള്ളപ്പെട്ടിരിക്കുന്നത്- മാവോവാദം പോലെയുള്ള തീവ്ര ഇടതുപക്ഷ ബന്ധം പോയിട്ട്, ഇടതുപക്ഷബന്ധംപോലും ഉണ്ടാകാതെയിരുന്നിട്ടും തന്റെ യൂനിവേഴ്സിറ്റിക്കുള്ളിൽ ജാതിക്കെതിരെ നിലകൊള്ളുന്ന പോസ്റ്റ് മണ്ഡൽ ബഹുജന പക്ഷത്തു വളരെ പ്രത്യക്ഷമായി നിലകൊണ്ടിട്ടും.
എന്നാൽ, ഇതൊന്നും ഒരു പുതിയ കാര്യമല്ല എന്നതാണ് വാസ്തവം. Gladson Dungdung തന്റെ Endless Cry in the Red Corridor എന്ന പുസ്തകത്തിൽ പറയുന്നതുപോലെ, 27,000ത്തിൽ അധികം ആദിവാസികളാണ് മാവോവാദിയായി മുദ്രകുത്തപ്പെട്ട് ജയിലിൽ കഴിയുന്നത്. ഇതിനെതിരെ ശബ്ദം ഉയർത്തിയ ഫാദർ സ്റ്റാൻ സ്വാമിയും ഹാനി ബാബു അകപ്പെട്ട അതേ കേസിൽ അവസാനത്തെ പ്രതിയായി മാറി ജയിലിൽ മരിക്കുകയായിരുന്നു.
ഇന്ത്യൻ ദേശീയതയോടൊപ്പം വളർന്നുവന്ന ഇന്നത്തെ സാമൂഹികഘടനകൾ എല്ലാംതന്നെ ഇത്തരം അടിച്ചമർത്തലുകളെയാണ് എന്നും സ്ഥാപനവത്കരിച്ചത്. ദലിത്-മുസ്ലിം സംഘടനകളുടെ വളർച്ചയെ തടഞ്ഞുകൊണ്ടാണ് കോൺഗ്രസ് ഭരണകൂടങ്ങൾ സർവാധികാരം നേടുകയും ഇന്ത്യയെ സവർണരുടെ കുത്തക, അല്ലെങ്കിൽ കോളനിയാക്കി മാറ്റുകയും ചെയ്തത്. ഇങ്ങനെയൊരു അടിസ്ഥാനഘടനയിൽ വരുന്ന ചില നൂതനവും പ്രധാനപ്പെട്ടതുമായ വ്യത്യാസങ്ങളാണ് ബി.ജെ.പി ഇന്നുണ്ടാക്കുന്നത്. മീഡിയയിൽ വൻ സ്ഥാനം പിടിക്കുന്ന പ്രഗല്ഭരുടെ അറസ്റ്റിലൂടെ, ഭയത്തിന്റെ ഒരു പുതിയ രാഷ്ട്രീയമാണിവർ മെനയുന്നത്. അതുകൊണ്ട് തന്നെ ഇന്ന് സംഭവിച്ചുകൊണ്ടേയിരിക്കുന്ന അറസ്റ്റുകൾ ഇന്നത്തെ ഭരണകൂടത്തിന്റെ തീവ്ര-കോർപറേറ്റ്, ജാതി-ഹിന്ദു ശക്തിപ്രകടനത്തിന്റെ ചിഹ്നങ്ങളായിത്തീരുന്നു.
ദേശീയചിഹ്നത്തിലെ പുതുതായി ഗർജിക്കുന്ന സിംഹങ്ങളെപ്പോലെയും അതിനുവേണ്ടി ചെയ്ത ഹൈന്ദവ പൂജാകർമങ്ങളെപ്പോലെയും മീഡിയയിലൂടെ വൻ പ്രചാരണം നേടുന്ന മുസ്ലിം ജീവിതങ്ങൾ തകർക്കുന്ന ബുൾ ഡോസറുകളെപ്പോലെയും ഇവർ ഇന്നത്തെ ഭരണകൂടത്തിന്റെ അധികാരരൂപം വെളിപ്പെടുത്തുന്നു. കോൺഗ്രസ് സ്ഥാപിച്ച സവർണ ഹിന്ദുക്കളുടെ സ്വപ്നഭൂമിയിൽനിന്നു മാറി, കീഴ് ജാതി ഹിന്ദുക്കൾക്കും കൂടി ചിഹ്നപരമായെങ്കിലും അർഥവത്താകുന്ന ഒരു ബഹുജന-ഹിന്ദു രാഷ്ട്രത്തിന്റെ പുതിയ മുഖമാണീ അറസ്റ്റുകൾ വെളിപ്പെടുത്തുന്നത്.
ഇതിനെ ചെറുക്കാൻ വരേണ്യരായ ചില ഇടതുപക്ഷ സംഘടനകളും ഏതു സമയവും നിരോധിക്കപ്പെടാവുന്നതരത്തിൽ മുൾമുനയിൽ നിൽക്കുന്ന മുസ്ലിം സംഘടനകളും മാത്രമാണ് ഇന്ന് പ്രധാനമായും ബാക്കിനിൽക്കുന്നത്. പുതിയ ഘടനകളോട് ഒരു പുതിയ ചിന്താപദ്ധതിയും രാഷ്ട്രീയവും ഉപയോഗിച്ചു ചെറുത്തുനിൽക്കാൻ പാകത്തിൽ ഇവിടെ ഒരു കീഴ് ജാതി ബഹുജന രാഷ്ട്രീയമുണ്ടായി വരുന്നില്ല എന്നതുതന്നെയാണ്, കോൺഗ്രസ് വിതച്ച് ബി.ജെ.പി കൊയ്യുന്ന ഇന്നത്തെ അടിച്ചമർത്തലിന്റെ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിജയം. ഇങ്ങനെയൊരു ബഹുജന രാഷ്ട്രീയത്തെ നയിക്കാൻ പാകത്തിലുള്ള പുതിയ ചിന്താധാരകൾപോലും ഇന്നുണ്ടായി വരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ, ബഹുജന പ്രസ്ഥാനങ്ങൾ ഇവിടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ജാതിക്കെതിരെയുള്ള രാഷ്ട്രീയത്തെ, സവർണരുടെ രാഷ്ട്രീയ തരംഗം അപഹരിച്ചില്ലാതാക്കുന്ന ഒരു കാഴ്ച നാം കാണേണ്ടിവരുന്നു.
ഇങ്ങനെയൊരു ലോകത്താണ് തങ്ങൾ ജയിലിലകപ്പെട്ടുപോയത് എന്ന വ്യക്തമായ ബോധമുള്ളവരാണ് രാഷ്ട്രീയ തടവുകാർ എന്ന് പലപ്പോഴും തോന്നാറുണ്ട്. അതുകൊണ്ടു തന്നെ ഓരോ ദിവസവും തങ്ങളുടെയും മറ്റു തടവുകാരുടെയും അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി പൊരുതുമ്പോൾതന്നെ, ഇവർക്ക് മുന്നോട്ടുവെക്കാൻ, പ്രതിരോധത്തിന്റെ ഉജ്ജ്വലമായ ആഖ്യാനങ്ങൾ കുറവാണ്. പകരം, ആധുനികതയുടെ ജാതി-ഹിന്ദു സ്ഥാപനങ്ങളായ ജയിൽ, കോടതിമുറി എന്നിവയിലൂടെ യാന്ത്രികമായി കയറിയിറങ്ങി, ബഹുഭൂരിപക്ഷത്തിനും സാധ്യമല്ലാത്ത ഒരു നീതിക്കു വേണ്ടി സ്വയം തിരഞ്ഞുനടക്കുന്ന വിരോധാഭാസത്തിൽ കുടുങ്ങിയവരാണ് ഇവരും ഇവരുടെ കൂടെ നിൽക്കുന്ന കുടുംബങ്ങളും. ഇവിടെ പലപ്പോഴും എല്ലാതരം രാഷ്ട്രീയങ്ങളുടെയും പൊള്ളത്തരത്തെ ഉറ്റുനോക്കി തന്നെ, അവരുടെ ഏറ്റവും ശക്തിയേറിയ പ്രതീകങ്ങളായി സ്വയം മാറിത്തീരുന്ന ഒരു വൈരുധ്യവും ഇവരിൽ കാണാൻ കഴിയാറുണ്ട്. നിയമയുദ്ധങ്ങൾ നടത്തി, വായിക്കാനുള്ള പുസ്തകങ്ങളും പത്രങ്ങളും കരസ്ഥമാക്കി, അതോരോന്നും സൂക്ഷ്മമായി പരിശോധിക്കുന്ന, മാറ്റങ്ങൾ ഉണ്ടാകുമെന്നുള്ളതിന്റെ സൂചനകൾക്കുവേണ്ടി തിരയുന്ന ഇവരുടെ വൈകാരിക-രാഷ്ട്രീയ ലോകങ്ങൾ ജയിലറയിൽ ഒന്നിക്കുന്നതിന്റെ ഭാരം, അല്ലെങ്കിൽ നിറവ്, ഇവരുടെ കണ്ണിൽ പലപ്പോഴും കാണാൻ കഴിയാറുണ്ട്.
ഇവർ എഴുതുന്ന കത്തുകളിലും ഇവരുമായുള്ള സംഭാഷണങ്ങളിലും തെളിഞ്ഞുവരുന്ന ജയിൽ, ഇന്ത്യനവസ്ഥപോലെ തന്നെ ഉച്ച നീചത്വങ്ങളുടെയും ജാതിയുടെയും മതത്തിന്റെയും ഒരു പ്രതിരൂപമാണ്. ഇവിടെ വിദ്യാഭാസം നേടിയവർ കുറവാണ്. ഇംഗ്ലീഷ് അറിയുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം. ഇതിനിടയിലാണ് രാഷ്ട്രീയ തടവുകാർ നിരന്തരം വായിക്കുകയും ചുറ്റുമുള്ളവരെ ഇംഗ്ലീഷ് പഠിപ്പിച്ചും അവരുടെ നിയമപോരാട്ടങ്ങളിൽ സഹായിച്ചും സമയം തള്ളിനീക്കാൻ ശ്രമിക്കുന്നത്.
മുസ്ലിം ലോകത്തുനിന്ന് ജയിലിലേക്ക് കടന്നുചെന്ന എന്റെ ഭർത്താവ് ഹാനി ബാബു അവിടെ കാണുന്നത് വർഷങ്ങളായി വിചാരണ തടവുകാരായിട്ടും വിശ്വാസത്തിനു ഒരു മങ്ങലുമേൽക്കാതെ ക്ഷമയോടെ ഖുർആൻ പഠിപ്പിച്ചും കാലിഗ്രഫി ചെയ്തും ജീവിക്കുന്ന വിശ്വാസികളെയാണ്. ഇവർക്കൊപ്പം ചേർന്ന് ഇസ്ലാമിന്റെ തണലിലാണ് ജയിൽവാസത്തിന്റെ സാമൂഹികമായ ഒറ്റപ്പെടലിന്റെ കാഠിന്യത്തെ ബാബു നേരിടുന്നത്. ഇങ്ങനെ നേടുന്ന സാമുദായികത എത്രത്തോളം വിലപ്പെട്ടതാണ് എന്ന് മനസ്സിലാക്കുമ്പോൾതന്നെ, ഇതിന്റെ നേരെ തിരിച്ചാണ് പുറമെ നിൽക്കുന്ന കുടുംബങ്ങൾക്ക് സംഭവിക്കുന്നത് എന്നതാണ് സത്യം. ഇവർ പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജയിൽവാസം എങ്ങനെ വെട്ടിക്കുറക്കാമെന്നും അവരുടെ ജീവിതങ്ങളെ എങ്ങനെ കൂടുതൽ അനായാസപ്പെടുത്താമെന്നുമുള്ള ബദ്ധപ്പാടിൽപെട്ട്, ഒറ്റപ്പെട്ടുപോകുന്നു. ഇതിന്റെ പേരിൽ കൂടെ നിൽക്കുന്ന സുഹൃത്തുക്കളും സംഘടനകളും ഏതാനും ചില കുടുംബക്കാരും മാത്രമാണ് ഇവർക്ക് തുണയാകുന്നത്. മാത്രമല്ല, ഇതുപോലെയുള്ള തീവ്രവാദ കേസുകളിൽ പ്രമുഖരായ ആക്ടിവിസ്റ്റുകളുടെ കുടുംബങ്ങൾപോലും പലപ്പോഴും സാമൂഹിക ബഹിഷ്കരണം നേരിടുന്നതും ഒറ്റക്ക് കഷ്ടപ്പെടുന്നതും കാണാൻ കഴിയും.
പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മുഖ്യ ഉത്തരവാദിത്തമേറ്റെടുക്കുന്നത് ഏതാനും ചില കുടുംബാംഗങ്ങൾ മാത്രമായിരിക്കും. സ്വന്തമായി ജോലിയില്ലെങ്കിൽ ഇവർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നതും കാണാം. പലപ്പോഴും പല സ്ത്രീകളും ഭർത്താവിന്റെ അറസ്റ്റിനുശേഷം പുതുതായി കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടി വരുന്നവരായിത്തീരുന്നു. ഭർത്താവിന്റെ അകൽച്ചയിൽ തകർന്ന കുടുംബത്തെയും കടുത്ത ഭീതിയിലാഴ്ന്നു മുറിപ്പെട്ട കുട്ടികളെയും മാതാപിതാക്കളെയും സംരക്ഷിച്ചുകൊണ്ട്, എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തുകൊണ്ടാണ് ഇവർ പ്രവർത്തിക്കുന്നത്. സാധാരണ തടവുകാരുടെ കാര്യവും ഇതിൽനിന്ന് വ്യത്യസ്തമല്ല.
ഹാനി ബാബു കത്തുകളിൽ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് ^ഇന്നത്തെ നീതിന്യായ വ്യവസ്ഥ ശിക്ഷിക്കുന്നതു കുറ്റംചെെയ്തന്ന് പറയപ്പെടുന്നവരുടെ കുടുംബങ്ങളെപ്പറ്റിയാണ് അത്. ഇതിലും ഭേദം പണ്ടത്തെ പോലെ, അധികാരികൾ കുറ്റം ചെയ്തവരുടെ ശരീരത്തിലേർപ്പെടുത്തിയിരുന്ന ചാട്ടവാറടികളും മറ്റുമായിരുന്നു എന്ന്. അങ്ങനെയാവുമ്പോൾ എല്ലാം സ്വയം സഹിച്ചാൽ മതിയല്ലോ എന്ന്. കാരണം, ഇന്ത്യൻ അവസ്ഥയിൽ പലപ്പോഴും, തടവുകാര് നേരിടുന്ന സമീപനവും പരിഗണനയുമാണ് കുടുംബങ്ങളും അഭിമുഖീകരിക്കുന്നത്. പലപ്പോഴും മഹാരാഷ്ട്രയിലെ തലോജ ജയിലിൽ ബാബുവിനെ സന്ദർശിക്കാൻ പോകുമ്പോൾ അവിടെ നിറയെ പാവപ്പെട്ടവരുടെ ഒരു കൂട്ടമാണുണ്ടാവുക. വയസ്സായ പിതാവ് അല്ലെങ്കിൽ സഹോദരൻ, അതുമല്ലെങ്കിൽ ഭാര്യയും മക്കളും. അവിടെ കാവൽ നിൽക്കുന്ന പൊലീസുകാർ ഇവരോട് സംസാരിക്കുന്നതുപോലും ക്രിമിനലുകളോടെന്നപോലെയാണ്. തടവുകാരെ സന്ദർശിക്കുന്ന ഞങ്ങൾക്ക് കയറിനിൽക്കാൻ ഒരു സ്ഥലംപോലും ആദ്യമൊന്നും അവിടെ ഉണ്ടായിരുന്നില്ല.
ഭീമ കൊറേഗാവ്-എൽഗർ പരിഷദ് കേസിൽ അകത്തായ സാഗർ ഖോർകെ കഴിഞ്ഞമാസം ജയിലിലെ അവസ്ഥകൾ മാറ്റാൻവേണ്ടി നടത്തിയ നിരാഹാര സമരത്തിൽ, ജയിൽ സന്ദർശനത്തിന് വരുന്ന കുടുംബാംഗങ്ങൾക്ക് നിൽക്കാൻ ഒരു മുറി ഉണ്ടാക്കണം എന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ഇപ്പോൾ തലോജ ജയിലിനു പുറത്ത് അവർ ഒരു ചെറിയമുറി നിർമിക്കുകയാണ്. ഒരു ചെറിയ ഷെഡ്ഡും ഇപ്പോൾ അവിടെ ഉണ്ട്. ഇതിനുമുമ്പ് വെയിലും മഴയുമെല്ലാം സഹിച്ചാണ് കുടുംബക്കാർ ജയിൽ സന്ദർശനം നടത്തിപ്പോന്നത്.
അതുപോലെ തന്നെ, ജയിലിലുള്ളവരുടെ വിവരം അറിയാനും അവർ എഴുതുന്ന കത്തുകൾ വേഗം കിട്ടാനും ഒന്നുമുള്ള വ്യവസ്ഥ നിലവിലില്ല. ഒരു ചെറിയ കാര്യത്തിനുപോലും കോടതിയിൽ പോകേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. ഉദാഹരണത്തിന് 'അണ്ഡസെൽ' എന്ന ജയിലിനുള്ളിലെ ജയിൽ, അല്ലെങ്കിൽ ജയിലിലെ അതിസുരക്ഷാ ഭാഗത്ത്, കഴിയുന്ന ഭീമ കൊറേഗാവ് കേസിലെ പത്താമത്തെ പ്രതി ഗൗതം നവലഖ ഈ അടുത്താണ് തന്റെ മുറിയിൽ ഉണ്ടായിരുന്ന കൊതുകുവല ജയിൽ അധികാരികൾ എടുത്തു കളഞ്ഞതിനെതിരെ കേസ് കൊടുത്തത്. തടവുകാർ കൊതുകുവല ദുരുപയോഗിച്ചു ആത്മഹത്യ ചെയ്തേക്കാം എന്ന വാദമാണ് അപ്പോൾ എൻ.െഎ.എ ഉയർത്തിയത്. ഇത് കേട്ടയുടനെ, ഗൗതം നവലഖക്ക് കൊതുകുവല ഉപേയാഗിക്കാനുള്ള അവകാശം കോടതി നിർദയം തള്ളിക്കളഞ്ഞു. ഈ ഓർഡറിന്റെ വിഷമത്തിലിരിക്കുന്ന സമയത്ത് എല്ലാവരെയും ചിരിപ്പിച്ച് ഈ കേസിൽതന്നെ പതിനൊന്നാം പ്രതിയായ ആനന്ദ് തെൽതുംബ്ഡെ പറഞ്ഞതിങ്ങനെയാണ്: ''ജഡ്ജിസർ, കൊതുകുകളോട് ഞങ്ങളെ കടിക്കരുതെന്ന ഒരു ഓർഡർകൂടി കൊടുക്കുമോ പ്ലീസ്. പ്രമാദമായ ഒരു കേസിലെ പ്രതികളോട് ഇങ്ങനെ പെരുമാറുന്ന കോടതി, അധികം ജനശ്രദ്ധ നേടാത്ത കേസുകളിൽ കുടുങ്ങിയ മറ്റനവധി യു.എ.പി.എ വിചാരണ തടവുകാരോട് എങ്ങനെയായിരിക്കും പെരുമാറുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പലപ്പോഴും പല കുടുംബങ്ങൾക്കും അറസ്റ്റ് ചെയ്യപ്പെട്ടവരെ താങ്ങിനിർത്താൻ പോലുമുള്ള കഴിവുണ്ടാകാറില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ പല തടവുകാരെയും അവരുടെ കുടുംബങ്ങൾ പൂർണമായും ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. ഇതു കാരണം, പുറമെനിന്ന് പണവും മറ്റു കിട്ടാതെ, ജയിലിനുള്ളിൽതന്നെ മറ്റു തടവുകാരുടെ തുണിയും മറ്റും കഴുകി ജീവിക്കുന്നവരാണ് പലരും. അതുപോലെ ഇങ്ങനെയുള്ള നിസ്സഹായാവസ്ഥയിൽപെട്ടവരെ സഹായിക്കാൻ നിയമിച്ച സർക്കാർ വക്കീലന്മാരും പണം കൊടുത്തിട്ടും ആകുലപ്പെട്ട കുടുംബങ്ങളെ പറ്റിച്ചു ജീവിക്കുന്ന മറ്റു വക്കീലുകളും മനുഷ്യരെ വെറും കേസ് ഫയലുകളായും നമ്പറുകളായും കാണുന്ന ജഡ്ജിമാരുമെല്ലാംകൂടി പാവങ്ങളിൽ പാവങ്ങളായവരെ അടിച്ചമർത്തുന്ന ഒരു ആധുനികസ്ഥാപനം മാത്രമാണിവിടത്തെ നീതിന്യായ വ്യവസ്ഥ.
എന്നിരുന്നാലും, അത്ഭുതമെന്നു പറയട്ടെ, പലപ്പോഴും ജയിൽ സന്ദർശനത്തിന് വരുന്ന കുടുംബക്കാർ, ജയിലിനുള്ളിൽ നിരവധി സൗകര്യങ്ങളുണ്ട് എന്ന തരത്തിൽ സംസാരിക്കുന്നതു കാണാം. അവിടെ നല്ല ഭക്ഷണമാണെന്നും വലിയ ഹോസ്പിറ്റൽ ഉണ്ടെന്നുമെല്ലാം അവർ പറയുന്നത് കേൾക്കാം. കാരണം, അവർ വരുന്ന ഇടങ്ങളിൽ ഇത്രപോലും സൗകര്യങ്ങൾ ഉണ്ടായിരിക്കില്ല. അതുപോലെ, മഴക്കാലമായാൽ ജോലിയില്ലാതാവുന്നതുകൊണ്ട്, ചെറിയ കുറ്റം ചെയ്തു അറസ്റ്റ് വരിച്ചുകൊണ്ട്, ജയിലിൽ രക്ഷതേടുന്നവരുമുണ്ട്.
എപ്പോഴും ഞാൻ ജയിൽ സന്ദർശിക്കാൻ പോകുമ്പോൾ സ്ഥിരമായി കാണുന്ന ചില കുടുംബാംഗങ്ങളുണ്ട്. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന തിരക്കിനിടയിലും, ജയിലിൽ അകപ്പെട്ട തങ്ങളുടെ ബന്ധുവിനെ 20 മിനിറ്റ് നേരത്തേക്ക്, ഒരു ചില്ലുജാലകത്തിനിപ്പുറം നിന്ന് കാണാനും അവരോട് ഇന്റർകോമിലൂടെ സംസാരിക്കാനും വേണ്ടി ട്രെയിനും ബസുമെല്ലാം പിടിച്ചു സ്ഥിരമായി വരുന്നവർ. അവരെപ്പോഴും പറയുന്നത് അവരുടെ ബന്ധു നിരപരാധിയാണ് എന്നാണ്. പൊലീസും സർക്കാറും കുറ്റവാളികളായി മുദ്രകുത്തിയവരെ ഇവർ തികഞ്ഞ സ്നേഹത്തോടെ കാണുന്നു. തടവുകാരെ കണ്ടുകഴിഞ്ഞ് തിരിച്ചുപോകുമ്പോൾ പലരും കരയുന്നതു കാണാം.
മുലാഖാത്ത് സമയത്തുള്ള ഇരുപതു മിനിറ്റു പാഴാക്കാതെ, എത്രതന്നെ ആവേശത്തോടെ സംസാരിച്ചാലും പലപ്പോഴും ബാബുവിനെ കണ്ടു തിരിഞ്ഞുനടക്കുമ്പോൾ എനിക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിൽ വിഷമം തോന്നാറുണ്ട്. ഇനി അടുത്ത സന്ദർശനത്തിന് (mulaqath) വേണ്ടിയുള്ള കാത്തിരിപ്പ് അപ്പോൾതന്നെ തുടങ്ങും. അങ്ങനെ തടവുകാരുടെയും കുടുംബങ്ങളുടെയും ജീവിതങ്ങൾ പലപ്പോഴും ഇങ്ങനെ ഒരു മുലാഖാത്തിൽനിന്ന് മറ്റൊന്നിലേക്കു നീളുന്ന ഒന്നായിത്തീരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻവേണ്ടി ഇവർ ഉള്ളതെല്ലാം വിറ്റു കേസ് നടത്തുന്നു. ഇവരുടെ സ്നേഹത്തിന്റെ പ്രയത്നംകൊണ്ടു മാത്രമാണ് പല തടവുകാരും തീർത്തും ക്രൂരമായ ഈ വ്യവസ്ഥക്കു പുറത്തുവരുന്നതും അതിനെ അതിജീവിക്കുന്നതും.
ചുരുക്കിപ്പറഞ്ഞാൽ, രാഷ്ട്രീയ തടവുകാരുടെ പാതയിലൂടെ അവരോടൊത്ത് -ഇപ്പോൾ ഞാൻ എന്റെ ഭർത്താവിനൊത്തെന്നപോലെ- സഞ്ചരിക്കുമ്പോൾ ഇന്ത്യനവസ്ഥയുടെ ഉച്ചനീചത്വങ്ങളുടെ ആഴം ഏറ്റവുമടുത്തു കാണാം. ഇതെല്ലാം ഏറെ വായിച്ചറിഞ്ഞവരാണ് നമ്മളെല്ലാവരും. പക്ഷേ, ഇങ്ങനെ ഒരു വ്യവസ്ഥയുടെ പ്രത്യക്ഷമായ ഇരയായിത്തീർന്നവരോടൊപ്പം നിൽക്കുമ്പോൾ, ജയിൽ മതിലുകൾ എത്ര വലുതാണെന്നും അതിനു കാവൽ നിൽക്കുന്ന പൊലീസുകാരുടെ കണ്ണിലെ വെളിച്ചം കെട്ടുപോയതാണെന്നും തെളിഞ്ഞു കാണാം. എന്നാൽ, ഇതു മാത്രമല്ല. വെള്ളം നിറച്ച പ്ലാസ്റ്റിക് ബോട്ടിലുകൾകൊണ്ട് വെയിറ്റുകൾ ഉണ്ടാക്കി ജിം ചെയ്യുന്നവർ, ജയിൽ കാന്റീനിൽ വാങ്ങാൻ കിട്ടുന്ന ബിസ്കറ്റുകൾ അടുക്കിവെച്ച് കേക്ക് ഉണ്ടാക്കി മറ്റു തടവുകാരുടെ പിറന്നാൾ ആഘോഷിക്കുന്നവർ, പലതരത്തിലുള്ള അത്തറുകൾ കടത്തിക്കൊണ്ടുവന്ന് അത് മറ്റുള്ളവർക്കു പൂശി കൊടുക്കുന്നവർ, എന്തിനു മഴ പെയ്യുമ്പോൾ കുട്ടികളെപ്പോലെ അതിൽ കളിക്കുന്നവർ, ഉറക്കെ പാട്ടുപാടുന്നവർ, പ്രേമിക്കുന്നവർക്കുവേണ്ടി സൂക്ഷ്മതയോടെ ആരെങ്കിലും കൊടുത്തുവിട്ട ഗ്ലിറ്റർ പേപ്പർ വെച്ച് കാർഡുകൾ ഉണ്ടാക്കുന്നവർ, പഠിക്കാൻ ശ്രമിക്കുന്നവർ, പരീക്ഷകൾ പാസാവുന്നവർ, കൃത്യമായി നമസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്നവർ എന്നിങ്ങനെ, അതിജീവനത്തിന്റെ നിരവധി കഥകളും ജയിലിൽനിന്ന് കേൾക്കാം.
ജയിലിലുള്ള പലരേക്കാളും എത്രയോ പ്രിവിലേജ് നിറഞ്ഞ സ്ഥാനത്താണ് രാഷ്ട്രീയ തടവുകാർ നിൽക്കുന്നത്. പലപ്പോഴും അവരുടെ പ്രശ്നങ്ങൾ കുടുംബത്തിനപ്പുറമുള്ള ആളുകൾപോലും ഏറ്റെടുക്കുന്നു. ഭീമ കൊറേഗാവ് കേസിലെങ്കിലും ഇതാണ് സ്ഥിതി. എന്നിരുന്നാലും റെയ്ഡ്, ജയിൽ, കോടതി എന്നതൊന്നും ഞങ്ങൾക്ക് അനുഭവിക്കേണ്ടിവരുമെന്ന് ഞങ്ങൾ ഒരിക്കലും വിചാരിച്ചിരുന്നില്ല. കാരണം, ഒരു സാധാരണ മധ്യവർഗ അക്കാദമിക സ്ഥാനത്തുനിന്ന ഒരാളാണ് ഹാനി ബാബുവും ഞാനും. തീർത്തും സവർണമായ അക്കാദമിക ഇടത്തേക്ക് വരാൻ കഴിഞ്ഞു എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു സാമൂഹികസ്ഥാനത്തെ കീഴാളരെ ഉൾപ്പെടുത്തുന്ന ഒന്നായി മാറ്റണം എന്ന നിശ്ചയം ബാബുവിന് എപ്പോഴും ഉണ്ടായിരുന്നു. കുടുംബവുമൊത്തുള്ള യാത്രകൾ, സിനിമ, പുറമെനിന്നുള്ള ഭക്ഷണം എന്നിങ്ങനെയുള്ള സൗകര്യങ്ങൾക്കുള്ളിൽ നിൽക്കുമ്പോൾതന്നെ ഇതിനേക്കാളെല്ലാം ബാബു ശ്രദ്ധ കൊടുത്തിരുന്നത് യൂനിവേഴ്സിറ്റിയിലെ പ്രശ്നങ്ങൾക്കാണ്.
സംവരണത്തിനുവേണ്ടി പൊരുതുകയും ഇതിലൂടെ കയറിവരുന്ന കുട്ടികളെയും അധ്യാപകരെയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നത് ബാബുവിന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു. ഇതുകൊണ്ടുതന്നെ പല െവക്കേഷനുകളും ബാബു യൂനിവേഴ്സിറ്റിയിലെ തന്റെ മുറിയിലാണ് കഴിച്ചുകൂട്ടിയത്. യൂനിവേഴ്സിറ്റിയുടെ നിയമങ്ങളെക്കുറിച്ച് പഠിച്ചു പഠിച്ചു, ബാബു ഒരു നിയമവിദ്യാർഥിയായി, എൽഎൽ.ബിപോലും പാസായി.
എന്നാൽ, സാമൂഹികപ്രതിബദ്ധതയുള്ള ഒരധ്യാപകൻ ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ് ബാബു ചെയ്തിട്ടുള്ളത്. അതും യൂനിവേഴ്സിറ്റിക്കുള്ളിൽ മാത്രം. എന്നിട്ടും ബാബു അറസ്റ്റ് ചെയ്യപ്പെട്ടു. ഇത് കാണിക്കുന്നത് ഇനി ഇങ്ങനെയൊക്കെ ആർക്കും സംഭവിക്കാം എന്നാണ്. ഇങ്ങനെ ഒരു ഭീതി പരത്തിക്കൊ ണ്ടാണ് ഇന്നത്തെ ഭരണകൂടം പ്രവർത്തനക്ഷമമാകുന്നത്.
ഇവിടെ വളരെ വ്യക്തമായി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കുന്നത് നിയമങ്ങൾ കാറ്റിൽപറത്തുന്ന സ്വേച്ഛാധിപതികൾ കാരണമല്ല. നിയമങ്ങൾ തകർക്കാനും കീഴാളരെ കുടുക്കാൻ ഉപയോഗിക്കുന്ന കുരുക്കുകളായി നിയമങ്ങളെ മാറ്റിയെടുക്കാനും അവരുടെ കൂടെനിന്ന് പ്രവർത്തിക്കുന്ന നമ്മുടെ നീതിന്യായവ്യവസ്ഥകൂടിയാണ് ഇതിനു വഴിവെക്കുന്നത്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു സംഗതിയുമല്ല. അതുപോലെ തന്നെ, യു.എ.പി.എ പോലെയുള്ള നിയമങ്ങൾക്ക് ബഹുജനങ്ങൾക്കിടയിൽ നേടിയെടുക്കാൻ കഴിഞ്ഞ -തീവ്രവാദത്തിന്റെയും രാജ്യസുരക്ഷയുടെയും പേരിൽ - സാധുതയും ഇന്നത്തെ രാഷ്ട്രീയ തടവുകാരെ സാധ്യമാക്കിത്തീർക്കുന്നു. അതുപോലെ, ആർക്കും ഒരുതരത്തിലും ഒരു ഗുണവും ചെയ്യാതെ, പ്രധാനമായും പാവപ്പെട്ടവരെ ശിക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയ തടവറകൾക്കു ലഭ്യമായ സാമൂഹികമായ സമ്മതം കാരണമാണ് ഇന്നത്തെ ഈ അവസ്ഥയിലേക്ക് നീളുന്നത്.
പലപ്പോഴും പുതിയ നിയമങ്ങൾ ആവശ്യപ്പെട്ടും അറസ്റ്റ്, ജയിൽ എന്നിങ്ങനെയുള്ള ശിക്ഷാരീതികൾ ഡിമാൻഡ് ചെയ്തുകൊണ്ടും, ഇന്നത്തെ പുരോഗമന രാഷ്ട്രീയങ്ങൾപോലും ഭരണകൂടങ്ങളെ തുണക്കുന്ന ഘടനയെ പിന്താങ്ങുകയാണ് ചെയ്യുന്നത്. ഇതിനെക്കാളുപരി മറ്റൊരു കാര്യം ഇവിടെ ശ്രദ്ധേയമാണ്. ഇവിടെ ഇന്ന് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥ, ഒരു തീവ്ര ഹിന്ദുപക്ഷത്തെ ഇത്രമാത്രം സഹായിക്കുമ്പോൾ, ഇത് ഉപയോഗിച്ചുതന്നെ ഇവർ തങ്ങളുടെ പദ്ധതികൾ മെനയുമ്പോൾ, ഇതിനെ കുറിച്ചുയരുന്ന ലിബറൽ ആകുലതകളെല്ലാം തന്നെ തീർത്തും കാണാതെ പോകുന്നത്, ജനാധിപത്യം എന്ന പതിനെട്ടാം നൂറ്റാണ്ടിനുശേഷം ഉയർന്നു വന്ന ആശയത്തിന്റെ അടിസ്ഥാനപരമായ ചില പ്രശ്നങ്ങൾകൂടിയാണ്. ഇതിനെതിരെ പറയുന്നതു പോകട്ടെ, ഇതിനെതിരെ ചിന്തിക്കാൻപോലും കഴിയാത്തൊരു തടവറക്കുള്ളിൽപെട്ടവരാണ് നമ്മളെല്ലാവരും.
തടവറകൾ തടവറകളെ മെനയുമ്പോൾ, കണ്ണാടിക്കുള്ളിൽ കണ്ണാടികൾ നിഴലിക്കുന്നതുപോലെ, ഇതിനപ്പുറമൊരു സാധ്യതയെക്കുറിച്ച് ആലോചിക്കാൻപോലും കഴിയാത്തവരുടെ ഒരു ലോകത്തിനുള്ളിലാണ് രാഷ്ട്രീയ തടവുകാർ തങ്ങളുടെ വിമോചനത്തെക്കുറിച്ചുള്ള മോഹങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്. എന്നാൽ, ജയിൽമോചനം, സ്വാതന്ത്ര്യം എന്നിവയെല്ലാം ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട ഒരാവശ്യമായും അവകാശമായും മാറുമ്പോൾതന്നെ, ഇതിനൊപ്പംതന്നെ സമൂഹത്തിന്റെയും സമുദായങ്ങളുടെയും വിമോചനംകൂടി സ്വപ്നം കാണുന്നവരാണ് രാഷ്ട്രീയ തടവുകാർ. അതുകൊണ്ടുതന്നെ ജയിലിൽനിന്ന് പുറത്തുവന്നാലും, തങ്ങളെ ജയിലിലേക്ക് തള്ളിയ അതേ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് മടങ്ങി, പണ്ടത്തെപ്പോലെ തന്നെ തുടരുന്നവരാണ് ഇവരിൽ പലരും.
ഭീമ കൊറേഗാവ് കേസിൽതന്നെ നാലോളം പേർ ഇതിനുമുമ്പും അറസ്റ്റിലായവരാണ്. അതുകൊണ്ടുതന്നെ വ്യക്തിപരമായ ഒരു ജീവിതത്തിനൊപ്പം, ഏറ്റവും ചുരുങ്ങിയ രീതിയിലാണെങ്കിലും രാഷ്ട്രീയപരമായ ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്നവർക്ക്, രാഷ്ട്രീയ തടവുകാരുടെ ജീവിതത്തിനൊപ്പം നിൽക്കുന്നത് ഒരേസമയം കടുത്ത വേദനയും അതുപോലെതന്നെ ഏറ്റവുമധികം പ്രതീക്ഷയും നൽകുന്ന ഒന്നാണ്. ഒന്നുമല്ലെങ്കിലും ആധുനികതയുടെ അരികുകൾ കാക്കുന്ന ജയിൽപോലെയുള്ള ഒരു വ്യവസ്ഥയോടു മല്ലിട്ടു പുറത്തുവരാൻ ശ്രമിക്കുമ്പോൾ, നിങ്ങൾക്ക് സ്വന്തമാകുന്നത് ഒരു പുതിയ വാശിയും ധൈര്യവുമാണ്. ഇതിന് ഹാനി ബാബുവും കൂടെ ഞാനും, തികഞ്ഞ നന്ദിയുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.