സമകാലിക സമൂഹത്തിലെ കൗൺസലിങ് പ്രക്രിയയിലെ ആശങ്കാവഹമായ ചില പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇൗ ലേഖനം. മാനസികാരോഗ്യ വിദഗ്ധരുടെ പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും കൗൺസലിങ് സർവിസുകളുടെ ഗുണനിലവാരത്തെ കുറിച്ചുമുള്ള മൗലികമായ ചില നിരീക്ഷണങ്ങളും ലേഖിക മുന്നോട്ടുവെക്കുന്നു.
പ്രായം പതിനെട്ട് പിന്നിട്ട മകൾക്ക് ''ഒരു കൗൺസലിങ് നൽകുമോ?'' എന്നാവശ്യപ്പെട്ടാണ് ആ രക്ഷിതാക്കൾ എെൻറ അടുത്തുവന്നത്. ഇതര മതസ്ഥനായ വ്യക്തിയുമായി ഇഷ്ടത്തിലായിരുന്നു പെൺകുട്ടി. വിവാഹത്തിന് വീട്ടുകാർ സമ്മതിക്കില്ലെന്ന് മനസ്സിലാക്കിയപ്പോൾ, ഇഷ്ടപ്പെടുന്ന വ്യക്തിയുടെകൂടെ ജീവിക്കാനായി അവൾ വീടുവിട്ടിറങ്ങി. വിവരമറിഞ്ഞ രക്ഷിതാക്കൾ അവളെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുവന്നു വീട്ടുതടങ്കലിലിട്ടു. കുട്ടിയെ ''കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം'' എന്നതാണ് അവരുടെ ആവശ്യം! അതായത്, മുൻകൂട്ടി ഉറപ്പിച്ച ഫലത്തിനായി (Predefined outcome) രക്ഷിതാക്കൾ പറയുന്ന കാര്യങ്ങൾ കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. അത്തരത്തിലുള്ള കൗൺസലിങ് ചെയ്യാറില്ലെന്ന് അവരെ അറിയിച്ചതോടൊപ്പം, പ്രായപൂർത്തിയായ ഒരു വ്യക്തിയെ ബലപ്രയോഗത്തിലൂടെ വീട്ടുതടങ്കലിൽ െവച്ചത് ചോദ്യംചെയ്തതോടെ കേസിെൻറ വഴിതന്നെ മാറിപ്പോയി. അവർ അവരുടെ വഴിക്കും പോയി. മറ്റേതെങ്കിലും 'അനുയോജ്യനായ' കൗൺസലറുടെ അടുത്തേക്ക് ആ കുട്ടിയെ അവർ 'കൗൺസലിങ്ങി'ന് കൊണ്ടുപോയിട്ടുണ്ടാവാനാണ് സാധ്യത. അത്തരം 'കൗൺസലർ'മാരുടെ ലഭ്യത ഒരുപാടുള്ള ഈ നാട്ടിൽ അവർക്ക് കഷ്ടപ്പെടേണ്ടിവന്നിട്ടുണ്ടാവില്ല.
മുകളിൽ പറഞ്ഞ കേസ് ശ്രദ്ധിക്കൂ: ഒന്നാമതായി, അവിടെ കൗൺസലിങ്ങിനാവശ്യപ്പെട്ടത്, പ്രശ്നങ്ങൾ അനുഭവിക്കുന്നു എന്ന് പറയപ്പെടുന്ന പെൺകുട്ടിയല്ല (അവളുടെ പ്രശ്നങ്ങൾ രക്ഷിതാക്കൾ കേട്ടില്ല എന്ന് വ്യക്തം); പകരം, ' പ്രശ്നം' ആരോപിക്കുന്ന രക്ഷിതാക്കളാണ്. അതായത്, ഇവിടെ കൗൺസലിങ് എന്നത് രക്ഷിതാക്കളുടെ 'ആവശ്യ'മാണ്. രണ്ടാമതായി, ഈ 'ആവശ്യം' പെൺകുട്ടിക്കുണ്ടോ എന്നതും, പെൺകുട്ടിയുടെ 'ആവശ്യം' എന്താണെന്നും പരിഗണിക്കപ്പെടുന്നേയില്ല. രക്ഷിതാക്കളുടെ 'ആവശ്യ'ത്തിലേക്ക് പെൺകുട്ടി നിർബന്ധിക്കപ്പെടുന്നു. അതുകൊണ്ടാണ് ഈ കേസിലടക്കം പല സംഭവങ്ങളിലും ''അവൾക്കിതറിയില്ല, അവളോട് പറഞ്ഞിട്ടില്ല, അറിയാതെ സംസാരിക്കാൻ പറ്റുമോ?'' എന്ന ചോദ്യങ്ങൾ ഉയരുന്നത്. അല്ലെങ്കിൽ, ''എന്തുപറഞ്ഞാണ് അവളെ കൊണ്ടുവരുക?'' എന്ന ചോദ്യം ഉയരുന്നത്. കൗൺസലറുമായുള്ള ഒരുതരം സൗഹൃദത്തിലൂടെ (tie up) തങ്ങളുടെ മുൻവിധികളും അജണ്ടകളും നടപ്പിലാക്കുക എന്നതാണ് രക്ഷിതാക്കളുടെ ആവശ്യമെന്ന് ഇൗ ചോദ്യങ്ങളിൽനിന്നും സമീപനങ്ങളിൽനിന്നുെമാക്കെ വ്യക്തമാണ്. കൗൺസലിങ് ചെയ്യപ്പെടാൻ പോകുന്ന വ്യക്തിയുടെ അറിവോ അനുവാദമോ താൽപര്യമോ പരിഗണിക്കാതെ ഒരു ഉപദേശ പ്രക്രിയയിലൂടെ കാര്യങ്ങൾ സാധിച്ചെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മൂന്നാമതായി, ഈ കൗൺസലിങ്ങിെൻറ ഫലവും രക്ഷിതാക്കൾ ആദ്യമേ നിശ്ചയിച്ചിരിക്കുന്നു എന്നതാണ്. അതിലേക്ക് എന്ത് വിദ്യ ഉപയോഗിച്ചും പെൺകുട്ടിയെ എത്തിക്കുക എന്നതാണ് കൗൺസലറുടെ നിർണിതമായ ജോലി. അതിനെ 'വിലപേശൽ' എന്നേ വിളിക്കാനാവൂ. ഇത്തരത്തിലുള്ള കേസുകൾ ധാരാളമായി വരാറുണ്ട്. പ്രണയബന്ധങ്ങളിലുള്ള പെൺകുട്ടികൾ, വിവാഹത്തിന് സമ്മതിക്കാത്ത പെൺകുട്ടികൾ, തെൻറ ഇഷ്ടപ്രകാരമല്ലാതെ വിവാഹം കഴിക്കുകയോ നിശ്ചയം നടത്തുകയോ ചെയ്തതിന് ശേഷം വിവാഹത്തിൽ തുടരാൻ താൽപര്യമില്ലാത്ത പെൺകുട്ടികൾ... ഇൗ പട്ടികക്ക് അറ്റമില്ല. രക്ഷിതാക്കളിലൂടെയാണ് പ്രധാനമായും കൗൺസലറിലേക്കെത്തുക. പലപ്പോഴും പെൺ കൗൺസലേഴ്സിനെ വേണമെന്നോ, മതപരമായി പ്രാക്ടീസ് ഉള്ള പെൺ കൗൺസലേഴ്സിനെ വേണമെന്നോ വ്യവസ്ഥ ചെയ്യാറുമുണ്ട്. അതായത്, 'അനുയോജ്യരായ' കൗൺസലേഴ്സിെൻറ ഗുണഗണങ്ങൾ ഇതൊക്കെയാണ്.
മുകളിൽ പരാമർശിച്ച കേസിൽ ഒരു കൗൺസലർക്ക് സാധ്യതയില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. തീർച്ചയായും സാധ്യതയുണ്ട്. അങ്ങനെയൊരു കൗൺസലിങ് പെൺകുട്ടിയുടെകൂടി ആവശ്യമാവുകയും, അവരതിന് അറിഞ്ഞുകൊണ്ടുതന്നെ താൽപര്യം പ്രകടിപ്പിക്കുകയും മുൻവിധികളോ നിബന്ധനകളോ ഇല്ലാതെ പെൺകുട്ടിയെ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ എന്താണെങ്കിലും അതിനു പരിഹാരം കാണാൻ അവളെ സഹായിക്കാനുമാണെങ്കിൽ സാധ്യത നിലനിൽക്കുന്നുണ്ട്. മുൻവിധികളില്ലാതെ അവളെക്കേട്ട് അവളുടെ സ്വയംനിർണയാധികാരത്തെ പൂർണമായും അംഗീകരിച്ച് ഏറ്റവും നല്ല പരിഹാരം കാണാൻ അവളെ സഹായിക്കുകയും അതിലേക്കെത്താൻ അവളെ സജ്ജയാക്കുകയും ചെയ്യാം. കൂടാതെ, ആ പ്രശ്നങ്ങളെ നിർണയിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്ന സാമൂഹിക-കുടുംബ ഘടകങ്ങളെ അഭിമുഖീകരിക്കാൻ അവളെ പ്രാപ്തയാക്കാം; വേണ്ടിവന്നാൽ, അവളുടെ ആവശ്യപ്രകാരം ഇടപെടുന്ന വ്യക്തികളെക്കൂടി ഈ പ്രക്രിയയിലേക്ക് ഉൾക്കൊള്ളിക്കാനുമാകും. ഇവിടെയെല്ലാം ക്ലയൻറിെൻറ വ്യക്തിത്വത്തെ പൂർണമായും അംഗീകരിച്ചുകൊണ്ടും അനുതാപം പ്രകടിപ്പിച്ചുകൊണ്ടും (empathise), മുൻവിധികളൊന്നുമില്ലാതെയാണ് (non-judgmental attitude) കൗൺസലർ അല്ലെങ്കിൽ തെറപ്പിസ്റ്റ് പ്രശ്നങ്ങളെ കൈകാര്യംചെേയ്യണ്ടത്.
കൗൺസലർമാരും പെരുമാറ്റ ചട്ടവും
കൗൺസലർ അഥവാ മാനസികാരോഗ്യ വിദഗ്ധർ പാലിക്കേണ്ട കോഡ് ഒാഫ് എത്തിക്സിനെക്കുറിച്ചും (Code of Ethics) കൗൺസലിങ് സർവിസുകളുടെ ഗുണനിലവാരത്തെക്കുറിച്ചും അതിൽ നടക്കുന്ന കൃത്രിമത്വങ്ങളെക്കുറിച്ചും ചർച്ചചെയ്യേണ്ടത് അനിവാര്യമാണ്. അത്തരമൊരു വിശകലനത്തിനു പുറമെ, കൗൺസലിങ് പ്രക്രിയയെ എങ്ങനെയാണ് സമൂഹം അതിെൻറ മാനദണ്ഡങ്ങളിലേക്ക് ഉൾച്ചേർക്കാൻ താൽപര്യപ്പെടുന്നത് എന്നും അന്വേഷിക്കുന്നത് പ്രസക്തമാണ്. ആ താൽപര്യത്തിനനുസരിച്ച് മാനസികാരോഗ്യ മേഖല, പ്രത്യേകിച്ചും കൗൺസലിങ് മേഖല, മാനസികാരോഗ്യ പ്രവർത്തകരുടെ അറിവോടുകൂടിത്തന്നെ പരിഷ്കരിക്കപ്പെടുന്ന പ്രവണതയെയും വിശകലനം ചെയ്യേണ്ടതുണ്ട്. അതിനുള്ള ചെറിയൊരു ശ്രമമാണ് ഈ കുറിപ്പ്.
കൗൺസലിങ് പ്രക്രിയ പല രീതിയിൽ നിർവചിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) അതിനെ നിർവചിക്കുന്നത്, ''വ്യക്തിപരമായി ഏത് അവസ്ഥയിലും വ്യവസ്ഥയിലും അനുകൂലമായ വളർച്ചയിലേക്ക് തടസ്സംനിൽക്കുന്ന എന്തു ഘടകങ്ങളെയും തരണം ചെയ്യാൻ ഒരു വ്യക്തിയെ സഹായിക്കുന്ന പ്രവർത്തനം'' എന്നാണ് (1956, p.283).
ലളിതമായി പറഞ്ഞാൽ, ഒരാളുടെ വ്യക്തിപരമായ വളർച്ചയിലേക്ക് നയിക്കുന്നതിൽ തടസ്സം നിൽക്കുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ അയാളെ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് കൗൺസലിങ്. അതൊരു ശാസ്ത്രീയമായ, കൃത്യമായ ഘടനയോടും തിയറിയുടെ പിൻബലത്താലും പരിശീലനം നേടി യോഗ്യരായവരും നിപുണരായവരും മാത്രം നടത്തുന്ന പ്രക്രിയയാണ്. ഈ പ്രക്രിയക്ക് അടിസ്ഥാന തത്ത്വങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള നിയമങ്ങളും പ്രവർത്തനരീതികളുമുണ്ട്. മാത്രമല്ല, കൗൺസലർമാർ പുലർത്തേണ്ട പെരുമാറ്റ ചട്ടങ്ങള്‍ അഥവാ കോഡ് ഓഫ് എത്തിക്സും കൃത്യമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷെൻറ കോഡ് ഓഫ് എത്തിക്സ് ഏവർക്കും ലഭ്യമാകുന്ന തരത്തിൽ ഇൻറർനെറ്റിലുണ്ട്. ഇത്രയും പറഞ്ഞത് കൗൺസലിങ്ങിെൻറ പ്രാഥമിക കാര്യങ്ങൾ പരാമർശിക്കാൻ മാത്രമല്ല, കൗൺസലിങ് എന്നത് ഒരാളെ 'പറഞ്ഞു മനസ്സിലാക്കുന്ന' അല്ലെങ്കിൽ 'ഉപദേശിക്കുന്ന' പരിപാടിയല്ല എന്ന് പറയാൻ കൂടിയാണ്. മാത്രവുമല്ല, ക്ലയൻറിെൻറ ജീവിതത്തിനു ഹാനികരമാകുന്നതോ ജീവിതത്തെ താറുമാറാക്കുന്നതോ ആയ ഒരു ഇടപെടലിനും കൗൺസലർക്ക് അവകാശമില്ല; അത് കുറ്റകരവുമാണ്.
ഒരാളുടെ വ്യക്തിപരമായ വളർച്ചയിലേക്ക് നയിക്കുന്നതിൽ തടസ്സം നിൽക്കുന്ന പ്രശ്നങ്ങളെ കൈകാര്യംചെയ്യാൻ അയാളെ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് കൗൺസലിങ്
സമകാലിക സമൂഹത്തിൽ കാണപ്പെടുന്ന കൗൺസലിങ് പ്രക്രിയയിലെ ട്രെൻഡുകൾ ഇൗ പെരുമാറ്റച്ചട്ടങ്ങളെ എത്രകണ്ട് പിന്തുടരുന്നുവെന്നത് പരിശോധിക്കേണ്ടതാണ്. ഇവിടെ 'ട്രെൻഡ്' എന്ന വാക്ക് മനഃപൂർവം ഉപയോഗിച്ചതാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം കൗൺസലിങ് സർവിസുകളുടെ ലഭ്യത ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്കുകൂടി വികസിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ കൗൺസലിങ് സർവിസുകൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇതിനനുസരിച്ചുതന്നെ ഓൺലൈൻ, ഓഫ്ലൈൻ കൗൺസലിങ് ക്ലിനിക്കുകളും വർധിച്ചു. ഇതൊരു ട്രെൻഡ് ആയി മാറിയിരിക്കുന്നു. ഈ ട്രെൻഡിനിടയിൽതന്നെ, ജനങ്ങളുടെ ആവശ്യത്തിലേക്ക് കൗൺസലിങ് സർവിസുകളെ പരിഷ്കരിക്കുക എന്നത് ധാരാളമായി നടക്കുന്നുണ്ട്. ഉദാഹരണത്തിന്, ഷോർട്ട് കൗൺസലിങ്/തെറപ്പി സെഷെൻറ ഉപയോഗം നന്നായി കൂടിയിട്ടുണ്ട്. Result /outcome oriented ആവുന്നതോടൊപ്പം തന്നെ, short duration ആവുകയും ചെയ്യുക എന്ന തലത്തിലേക്ക് കൗൺസലിങ്ങിെൻറയും തെറപ്പിയുടെയും ആവശ്യങ്ങൾ മാറിയിട്ടുണ്ട്. ഈ ആവശ്യങ്ങൾക്കനുസരിച്ച് സേവനങ്ങളിലും മാറ്റങ്ങൾ വരുത്തപ്പെടുന്നുണ്ട്. ഇത് അനുകൂലമായും പ്രതികൂലമായും ഭവിക്കുന്നുമുണ്ട്. ഇത്തരത്തിൽ ആവശ്യങ്ങൾക്കനുസരിച്ച് കൗൺസലിങ് സേവനങ്ങൾ മാറ്റപ്പെടുമ്പോൾ, കൗൺസലിങ് എന്ന പ്രക്രിയയുടെ പ്രാഥമിക പ്രമാണങ്ങളിൽനിന്ന് വ്യതിചലിച്ചുപോവുകയോ അതിനെതിരെ ഭവിക്കുകയോ ചെയ്യാനുള്ള സാധ്യത ഏറെയാണ്. തുടക്കത്തിൽ പരാമർശിച്ച സംഭവം വിരൽചൂണ്ടുന്നതും അതിലേക്കാണ്. ക്ലയൻറിെൻറ സ്വയം നിയന്ത്രണാവകാശത്തിലും (ഓട്ടോണമി) സ്വയംനിർണയാവകാശത്തിലും (സെൽഫ് ഡിറ്റർമിനേഷൻ) കൗൺസലർ കൈയേറുകയോ, വളരെയധികം മുൻവിധികളോടുകൂടി ക്ലയൻറിനെ സമീപിക്കുകയോ ചെയ്യുന്നതായി പലരുടെയും അവരുടെ കൗൺസലിങ് അനുഭവങ്ങളായി തുറന്നുപറയുന്നുണ്ട്. പ്രാഥമിക പ്രമാണങ്ങളിൽനിന്ന് വ്യതിചലിച്ചുകൊണ്ടും ഒരു തിയററ്റിക്കൽ സമീപനത്തെയും പിന്തുടരാതെയും, കോഡ് ഓഫ് എത്തിക്സ് പാലിക്കപ്പെടാതെയും ധാരാളം സംസാരങ്ങളും ഉപദേശങ്ങളും കൗൺസലിങ് എന്ന പേരില്‍ നടക്കുന്നു. ഈയടുത്തായി, സൈക്കോളജിസ്റ്റ് ലൈംഗിക ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്ന് തെളിവുസഹിതം ഒരു പെൺകുട്ടി സോഷ്യൽ മീഡിയയിൽ തുറന്നുപറയുകയുണ്ടായി. ഓരോ വ്യക്തിയും അത്രയും മോശവും ദുർബലവുമായ സന്ദർഭത്തിലാണല്ലോ കൗൺസലറെ സമീപിക്കുന്നത്. അവിടെ ആ ദുർബലതയെ മനസ്സിലാക്കുകയും ആ മാനസികാവസ്ഥയെ തരണംചെയ്യാൻ ക്ലയൻറിനെ സഹായിക്കുകയും ചെയ്യുന്നതിന് പകരം, ആ വ്യക്തിയെ ലൈംഗികമായോ മാനസികമായോ ചൂഷണം ചെയ്യാനുള്ള പ്രവണത മാനസികാരോഗ്യപ്രവർത്തകർ തന്നെ കാണിക്കുന്നത് എന്തുമാത്രം അപകടകരമായിരിക്കും. അവിടെ ചൂഷണം ലൈംഗികപരമായതുകൊണ്ട് പെൺകുട്ടി അത് തിരിച്ചറിയുകയാണുണ്ടായത്. താരതമ്യേന അദൃശ്യമായിട്ടുള്ള ചൂഷണങ്ങളെയോ ആക്രമണങ്ങളെയോ എങ്ങനെയാണ് തിരിച്ചറിയാൻ സാധിക്കുക? ലിംഗപരമായി നിലനിൽക്കുന്ന അനീതികളോട് സമരസപ്പെട്ട് പോകുന്ന കൗൺസലിങ് പ്രവണതകളെ എങ്ങനെയാണ് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുക?
കൃത്യമായ പ്രോട്ടോക്കോളിെൻറയും ശാസ്ത്രീയ പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ നൈപുണ്യം തെളിയിച്ചവരാണോ കൗൺസലിങ് നടത്തുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതല്ലാത്തപക്ഷം, അവ നിയന്ത്രിക്കാനുള്ളകർശനമായ വഴികളും ഉണ്ടാവേണ്ടതാണ്.
തുടക്കത്തിൽ പരാമർശിച്ച കേസിലേക്ക് തന്നെ മടങ്ങിവരാം. രക്ഷിതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചുള്ള ഒരു 'കൗൺസലിങ്' നടത്തുകയാണെങ്കില്‍, അത് പെൺകുട്ടിയുടെ സ്വയം നിയന്ത്രണാവകാശത്തെയും സ്വയംനിർണയാവകാശത്തെയും തള്ളിക്കളഞ്ഞുകൊണ്ടായിരിക്കും എന്നതിൽ സംശയമില്ല. മാത്രമല്ല, അവിടെ പെൺകുട്ടിയുടെ ജീവിതത്തിനു മുകളില്‍ മറ്റുള്ളവരുടെ അജണ്ട നടപ്പിലാക്കുക എന്ന വയലൻസ് ആണ് കൗൺസലിങ് എന്ന പേരില്‍ നടക്കുന്നത്. പെൺകുട്ടിയുടെ ജീവിതത്തില്‍ സമൂഹത്തിെൻറയും കുടുംബത്തിെൻറയും നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ക്വേട്ടഷൻ പണിയായി ഇവിെട കൗൺസലിങ് മാറുന്നു. ക്ലയൻറിന് പുറത്തുള്ള സമൂഹത്തിലെ അധികാരകേന്ദ്രങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് കൗൺസലിങ് പരിഷ്കരിക്കുമ്പോഴുണ്ടാകുന്ന കുഴപ്പങ്ങളുടെ ചെറിയ വശം മാത്രമാണിത്. ഇതിൽ മറ്റൊരു ഗുരുതര പ്രശ്നംകൂടിയുണ്ട്: സ്ത്രീകളും കുട്ടികളും, ലൈംഗികന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പലപ്പോഴും കാര്യങ്ങൾ തീരുമാനിക്കുന്നത് അധികാരശ്രേണിയിൽ മുകളിൽ നിൽക്കുന്നവരാണ്. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച 'ഫല'മാകെട്ട, സമൂഹത്തിെൻറയോ അധികാരശ്രേണികളുടെയോ സമൂഹത്തിൽ പ്രത്യക്ഷമായി കാണുന്ന ആണധികാരവ്യവസ്ഥയുടെ താൽപര്യങ്ങൾക്കനുസരിച്ചായിരിക്കും. പ്രണയത്തിൽനിന്ന് പിന്തിരിപ്പിക്കുക, വിവാഹത്തിന് സമ്മതിപ്പിക്കുക, അബ്യൂസിവായ അല്ലെങ്കിൽ ഇഷ്ടമില്ലാത്ത/പൊരുത്തപ്പെട്ടുപോകാൻ പറ്റാത്ത ബന്ധത്തിലേക്ക് തിരിച്ചു പറഞ്ഞയക്കുക എന്നുതുടങ്ങുന്ന മുഖ്യധാരാ ബോധ്യങ്ങളാണവ. കേൾക്കുമ്പോൾ ''അതാണല്ലോ ശരി'' എന്ന് തോന്നാവുന്ന ബോധ്യങ്ങൾ. സമൂഹത്തിൽ നിലനിൽക്കുന്ന ആണധികാരബോധ്യങ്ങളിൽനിന്നും ഉത്ഭവിക്കുന്നതാണ് അവയൊക്കെയും. അതുകൊണ്ടുതന്നെ, ഇത്തരം അധികാര ലിംഗഘടനകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയും പ്രതിരോധിച്ചും മാത്രമേ ശരിയായ കൗൺസലിങ് സാധ്യമാകൂ. അല്ലാത്തപക്ഷം, കൗൺസലിങ്ങിന് വിധേയമാകുന്ന വ്യക്തിയോടുള്ള വയലൻസായി അത് മാറുമെന്നതിൽ സംശയമില്ല. മാത്രമല്ല, ഈ പ്രശ്നങ്ങളിൽ നിർണായകമായ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ഘടകങ്ങൾ പരിഗണിക്കാതെ അതിനെ തള്ളിക്കളയുകയോ മാറ്റിവെക്കുകയോ ചെയ്തുകൊണ്ടുള്ള ഇടപെടലുകൾ, ക്ലയൻറിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഉദാഹരണമായി, അബ്യൂസിവ് ആയ വിവാഹത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയെ കൗൺസലിങ് ചെയ്യുമ്പോള്‍ അവളുടെ ചൂഷണം നടക്കുന്ന കുടുംബ പശ്ചാത്തലങ്ങളെയും അതിലേക്കു നയിക്കുന്ന ലിംഗപരവും, അധികാരപരവുമായ ഘടകങ്ങളെ മനസ്സിലാക്കുകയും കൈകാര്യംചെയ്യുകയും വേണം. അതല്ലാതെ, അത്തരം ബന്ധങ്ങളോട് സമരസപ്പെട്ടുപോവാനും പൊരുത്തപ്പെടാനും പറയുന്നത് ആ വ്യക്തിയോടുള്ള ആക്രമണംതന്നെയാണ്. അപകടകരവും പ്രതിലോമകരവുമായ ഇൗ വക ബന്ധങ്ങളെ സമൂഹത്തിൽ സാമാന്യവത്കരിക്കുന്നതിന് മാത്രമേ അത് സഹായിക്കൂ. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ അസമത്വങ്ങളോടും അനീതികളോടും അക്രമങ്ങളോടും സമരസപ്പെട്ടുകൊണ്ട്, അത്തരം പ്രവണതകളെ ഊട്ടിയുറപ്പിക്കാനോ നിലനിർത്താനോ ഉള്ള ഒരു ഉപകരണമായി കൗൺസലിങ് എന്ന പ്രക്രിയ മാറാതിരിക്കാൻ മാനസികാരോഗ്യ പ്രവർത്തകർ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കൗൺസലിങ്ങിലെ അടിമയും ഉടമയും
'Counsellor is not your boss' എന്ന് ജനങ്ങളെ പഠിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൗൺസലിങ് പ്രക്രിയയിൽ ഒരുതരത്തിലുള്ള അധികാരശ്രേണിയും നിലനിൽക്കുന്നില്ല. പറയുന്നവനും കേൾക്കുന്നവനുമില്ല, നിർദേശിക്കുന്നവനും നിർദേശം സ്വീകരിക്കുന്നവനുമില്ല. പകരം, കൗൺസലറും ക്ലയൻറും തുല്യപങ്കാളിത്തമുള്ള രണ്ടു വ്യക്തികൾ മാത്രമാണ്. അവിടെയൊരിക്കലും കൗൺസലറുടെ അജണ്ട ക്ലയൻറിന് മുകളിൽ നടപ്പിലാക്കുകയോ, അധികാര വിഭാഗത്തിെൻറ അജണ്ട ക്ലയൻറിന് മുകളിൽ നടപ്പിലാക്കപ്പെടുകയോ ഇല്ല. എന്നാൽ, ഈ തുല്യപങ്കാളിത്തമെന്ന ആശയം പലപ്പോഴും പല ക്ലയൻറുകൾക്കും അറിയില്ല എന്നതാണ് വസ്തുത.
എന്നാൽ ഇത്തരത്തിൽ കേസുകൾ കൈകാര്യം ചെയ്യുക എന്നത് പലപ്പോഴും ഒട്ടും എളുപ്പമാവില്ല. രക്ഷാധികാരികളെ പ്രീതിപ്പെടുത്തി, അവരുടെ പ്രതീക്ഷിത ഫലത്തിലേക്ക് (Expected outcome) കാര്യങ്ങൾ എത്തിക്കുക എന്ന രീതിക്ക് കിട്ടുന്ന അഭിനന്ദനങ്ങളും അംഗീകാരവുമൊന്നും അധികാരശ്രേണിയുടെ താഴെയിരിക്കുന്ന, ദുർബലരായ തെൻറ ക്ലയൻറിെൻറ വ്യക്തിത്വവും സ്വയംനിയന്ത്രണാധികാരവും അംഗീകരിച്ചുകൊണ്ട് ലഭിക്കുന്ന റിസൾട്ടിന് ലഭിക്കണമെന്നില്ല. മാത്രവുമല്ല, 'നല്ല കൗൺസലർ', 'ചീത്ത കൗൺസലർ' എന്നീ ലേബലുകൾ പലപ്പോഴും നിലനിൽക്കുന്നത് ഇൗ വിടവിെൻറ അടിസ്ഥാനത്തിൽ തന്നെയാണ്. അങ്ങനെയിരിക്കെ, ഈ വെല്ലുവിളികളെ മാനസികാരോഗ്യ പ്രവർത്തകർ എങ്ങനെ നേരിടുമെന്നത് വളരെ പ്രധാനമാണ്, അതുപോലെ അത്യാവശ്യവുമാണ്. അതല്ലെങ്കിൽ, കൗൺസലിങ് എന്ന പ്രക്രിയ വെറും സംസാരമോ ഉപദേശമോ മാത്രമായിത്തീരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
കൗൺസലിങ് പ്രക്രിയയുടെ ഏതെങ്കിലും തരത്തിലുള്ള ഓഡിറ്റിങ് വളരെ അത്യാവശ്യമാണെന്ന് പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. കൃത്യമായ പ്രോട്ടോക്കോളിെൻറയും ശാസ്ത്രീയ പ്രമാണങ്ങളുടെയും അടിസ്ഥാനത്തിൽ നൈപുണ്യം തെളിയിച്ചവരാണോ കൗൺസലിങ് നടത്തുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതല്ലാത്തപക്ഷം, അവ നിയന്ത്രിക്കാനുള്ള കർശനമായ വഴികളും ഉണ്ടാവേണ്ടതാണ്. സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളുമടക്കമുള്ള ലിംഗപരമായ അനീതി നേരിടുന്നവർക്കും, അതുമൂലമുള്ള മാനസിക പ്രശ്നങ്ങൾ നേരിടുന്നവർക്കുമിടയിൽ പ്രത്യേകമായ ജൻഡർ കൗൺസലിങ് വ്യാപകമാക്കേണ്ടതുണ്ട്. അതുപോലെ, അധികാര വിഭാഗത്തിെൻറ (കുടുംബം, സമൂഹം, മതം, etc...) താൽപര്യങ്ങൾക്കനുസരിച്ചുള്ള കൗൺസലിങ് വിലപേശലുകളും കർശനമായി നിയന്ത്രിക്കേണ്ടതുണ്ട്. മനുഷ്യെൻറ മാനസികാരോഗ്യം എന്നത് അത്ര ചെറിയ കാര്യമല്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.