ഭൂമിയിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനപ്പുറം അതിർത്തികളില്ലാത്ത ആഗ്രഹങ്ങൾക്കനുസരിച്ച് വിഭവ ഉപഭോഗം നടത്തിയും മറ്റ് സസ്യ-ജന്തു ജീവജാലങ്ങളെ നശിപ്പിച്ചും പ്രകൃതിയെ മാറ്റിമറിച്ചും ജീവിക്കാൻ കഴിയുന്ന ജീവജാലം മനുഷ്യർ മാത്രമാണ്. കോവിഡ് വൈറസ് കഴിഞ്ഞ രണ്ടു വർഷങ്ങള്‍ക്കിടയില്‍ വിവിധ ഭൂഖണ്ഡങ്ങളിലുള്ള നല്ലൊരു ശതമാനം മനുഷ്യരുടെയും നിശ്വാസങ്ങളിലൂടെ, പ്രാണവായുവിലൂടെ അകത്ത് കയറി ശരീരത്തിലൂടെ അപഥസഞ്ചാരംനടത്തി ലക്ഷക്കണക്കിന് പേരെ...
ഭൂമിയിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനപ്പുറം അതിർത്തികളില്ലാത്ത ആഗ്രഹങ്ങൾക്കനുസരിച്ച് വിഭവ ഉപഭോഗം നടത്തിയും മറ്റ് സസ്യ-ജന്തു ജീവജാലങ്ങളെ നശിപ്പിച്ചും പ്രകൃതിയെ മാറ്റിമറിച്ചും ജീവിക്കാൻ കഴിയുന്ന ജീവജാലം മനുഷ്യർ മാത്രമാണ്. കോവിഡ് വൈറസ് കഴിഞ്ഞ രണ്ടു വർഷങ്ങള്‍ക്കിടയില്‍ വിവിധ ഭൂഖണ്ഡങ്ങളിലുള്ള നല്ലൊരു ശതമാനം മനുഷ്യരുടെയും നിശ്വാസങ്ങളിലൂടെ, പ്രാണവായുവിലൂടെ അകത്ത് കയറി ശരീരത്തിലൂടെ അപഥസഞ്ചാരംനടത്തി ലക്ഷക്കണക്കിന് പേരെ കൊന്നു. ഇപ്പോള്‍ അതിന്റെ ഭീതിദമായ മാരകരൂപത്തിൽനിന്ന് മാറി ട്രാൻസ്ഫോംചെയ്ത് പിൻവാങ്ങാതെ പാത്തും പതുങ്ങിയും വ്യാപിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഇതിനെ പ്രതിരോധിക്കാനാകാതെ മനുഷ്യരൊന്നടക്കം രണ്ട് വർഷം മൂക്കും വായും മൂടിക്കെട്ടി അടച്ചിട്ടിരുന്നു. എന്നിട്ടും ഭൂമിയിലെ മനുഷ്യർ ഈ വൈറസിൽനിന്ന് ഒരു പാഠവും പഠിച്ചതായി തോന്നുന്നില്ല എന്നാണ് വർത്തമാനകാല ചിത്രങ്ങളിൽനിന്ന് വായിച്ചെടുക്കേണ്ടത്.
ഒന്നാമത്തെ പാഠം ഓരോ പുതിയ രോഗവും ഉണ്ടാകുന്നത് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കുള്ള രോഗാണുക്കളുടെ സ്പിൽഓവറുകൾ (Spillover) ഫലമാണ് എന്നതാണ്. ഇതിന് പിറകിലുള്ള മൂലകാരണം പണത്തിനും വികസനത്തിനുംവേണ്ടി അന്ധമായ വാണിജ്യ താൽപര്യത്തോടെയുള്ള ഭൂമിക്കുമേലുള്ള അല്ലെങ്കില്‍, ഭൂവിഭവങ്ങൾക്കുവേണ്ടിയുള്ള അതിക്രമങ്ങളാണ്. രണ്ടാമത് ഭക്ഷണത്തിനു വേണ്ടി അതിർത്തികള്‍ കടന്നുള്ള ആർത്തിപിടിച്ച മൃഗവേട്ടകളും ഇറച്ചിവ്യാപാരവുമാണ്. ഇപ്പോൾ പരിഷ്കാരത്തിന്റെ പേരില്‍ ആഹാരവും പരീക്ഷണങ്ങളുടെയും സാഹസികതകളുടെയും ഭാഗമായത് ഇതിന് വേഗത കൂട്ടുന്നുണ്ട്. പിന്നെയുള്ളത് വിനോദത്തിനും കൗതുകത്തിനും സ്റ്റാറ്റസിനും വേണ്ടിയുള്ള 'എക്സോട്ടിക്' ജീവജാലങ്ങളുടെ പോറ്റലും അന്താരാഷ്ട്ര കടത്തലുകളുമാണ്. ഇതിന്റെയൊക്കെ പേരിൽ മറ്റ് ചരക്കുകൾക്കൊപ്പം നിയന്ത്രണമില്ലാതെ സസ്യജാലങ്ങളും പക്ഷിമൃഗാദികളും കടലുകൾകടന്ന് വ്യാപാരംചെയ്യപ്പെടുകയാണ്. ഇവെക്കാപ്പം അന്യദേശത്തെ സൂക്ഷ്മരോഗാണു ജീവികളും കയറ്റിറക്കുമതി ചെയ്യപ്പെട്ട് ഇവ ഇല്ലാത്ത മറ്റൊരിടത്തെ ദേശത്തിലും മനുഷ്യരിലും പുതുതായി ഇൻട്രൊഡ്യൂസ് ചെയ്യപ്പെട്ട് എത്തപ്പെടുകയാണ്.
ഇതിനോടൊപ്പംതന്നെ നമ്മുടെ തന്നെ പ്രവൃത്തികളുടെ ഫലമായി ആവാസവ്യവസ്ഥയുടെ തകിടംമറിച്ചിലുകളും കാലാവസ്ഥ മാറ്റവും ഉണ്ടാകുമ്പോൾ മണ്ണിലും വെള്ളത്തിലും വായുവിലുമുള്ള സൂക്ഷ്മജീവികളും മറ്റ് പ്രാണികൾക്കും ജന്തുക്കൾക്കുമൊപ്പം അനുകൂലമായ പുതിയ ആവാസസ്ഥലങ്ങൾ തേടി മറ്റൊരിടത്തേക്ക് പോകും. ഇതോടനുബന്ധിച്ച് സ്ഥലമാറ്റം ചെയ്യപ്പെടുന്ന ജീവികൾക്ക് രൂപവും ഭാവവും മാറി പുതിയ സ്പിൽഓവറുകൾ ഉണ്ടാകാം. ഇങ്ങനെ കപ്പലുകൾക്കും ചരക്കുകൾക്കുമൊപ്പം ഈഡിസ് കൊതുകുകൾ വ്യാപിച്ചാണ് ഡെംഗു വൈറസ് വ്യാപനം എഴുപതുകളില്‍ ആദ്യം ഉണ്ടായത്. 2005ൽ സൂനാമിക്കുശേഷം ചികുന്‍ഗുനിയ എത്തിയതും ഇതുപോലെതന്നെയായിരുന്നു.
എന്നാൽ, ഇത്ര നാളത്തെ കോവിഡിനുശേഷവും ലോകത്തെവിടെയും മറ്റു ജീവികളില്‍നിന്നും പുതിയ രോഗങ്ങളുടെ സ്പിൽഓവറുകൾ തടയാനുള്ള ഗൗരവ ചർച്ച ഒരിടത്തും നടക്കുന്നതായി വാർത്താമാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഏതെങ്കിലും ജന്തുജന്യരോഗങ്ങളുടെയോ മൃഗങ്ങളിൽനിന്നോ ഉള്ള രോഗാണുക്കളുടെ മനുഷ്യരിലേക്കുള്ള സ്പിൽഓവറുകളാണ് പാൻഡമിക്കുകൾ ഉണ്ടാക്കുന്നതെന്ന് തിരിച്ചറിയാം. പക്ഷേ, ഇവയൊന്നും ആ ജീവികളിൽ കാര്യമായ രോഗമുണ്ടാക്കാതെ നൂറ്റാണ്ടുകളായി സ്വാഭാവികമായി ജീവിച്ചുപോരുന്നവയോ അടുത്തിടെ ജനിതകമാറ്റം സംഭവിച്ചതോ ആയ രോഗാണുക്കള്‍മൂലം അവ ആകസ്മികമായി മനുഷ്യരില്‍ എത്തുന്നതുമാകാം.
മനുഷ്യന്റെ നിരന്തരമായ പ്രവൃത്തികൾ മൂലമുണ്ടാകുന്ന പരിസ്ഥിതിയിലെ മാറ്റം ഇത്തരം സ്പിൽഓവറുകളുടെ സാധ്യത വർധിപ്പിക്കുന്നു എന്നു നമ്മള് ഇപ്പോഴെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. സ്പിൽഓവറുകളാണ് പുതിയ രോഗങ്ങൾക്ക് കാരണമാകുന്നതെന്നറിഞ്ഞിട്ടും ഇതെങ്ങനെ തടയാൻ പറ്റും എന്ന ഒരാലോചനയും അന്താരാഷ്ട്രതലത്തിൽ നടക്കുന്നില്ല എന്നത് സങ്കടകരമായ കാര്യമാണ്. പകരം അടുത്ത പാൻഡമിക് അടുത്തുതന്നെ വരുമെന്ന് പ്രവചിച്ച് ജർമൻ നാടകകൃത്ത് 'സാമുവൽ ബക്കറ്റിന്റെ ഗോദേയെ' കാത്തിരിക്കുന്നതുപോലെ വിദഗ്ധർ നോക്കിയിരിപ്പാണ്. താഴെ സൂചന നൽകുന്ന രണ്ടു വസ്തുതകള്‍ ഇതിനു തെളിവാണ്. ഒന്നാമത്, കോവിഡിന്റെ കാര്യത്തിൽ ആയിരക്കണക്കിന് ഗവേഷണ പേപ്പറുകൾ രാജ്യങ്ങള്‍തോറും പ്രസിദ്ധീകരിക്കപ്പെട്ട് വരുമ്പോഴും കോവിഡിന്റെ ഉറവിടത്തെക്കുറിച്ച് കാര്യമായ ഗവേഷണ പേപ്പറുകളൊന്നും ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട് വന്നിട്ടില്ല. രണ്ടാമത്, ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലുള്ള വിദഗ്ധരുടെ സ്വതന്ത്ര പാനൽ 2020ൽ തയാറാക്കിയ പാൻഡമിക് റെസ്പോൺസ് എന്ന 86 പേജുള്ള റിപ്പോർട്ടിൽ വൈൽഡ് ലൈഫ് (Wild life) എന്ന പദം രണ്ട് തവണയും ഡീഫോറസ്റ്റേഷൻ (Deforestation) എന്ന പദം ഒരുതവണയും മാത്രമേ പരാമർശിക്കപ്പെട്ടുള്ളൂ എന്ന വസ്തുതയിൽനിന്ന് ലോകാരോഗ്യ സംഘടന വിദഗ്ധരുടെ ഈ വിഷയത്തിലുള്ള കാഴ്ചപ്പാട് എന്താണ് എന്ന് തിരിച്ചറിയാം.
ഇപ്പോള്‍ ലോകത്ത് ജീവിക്കുന്ന മനുഷ്യരുടെ പ്രവൃത്തികളും ഇതില്‍നിന്ന് വ്യത്യസ്തമല്ല. മഹാമാരിയുടെ 2020 വർഷത്തിൽ ടോപ്പിക്കൽ മേഖലയിലെ വനനശീകരണത്തിന്റെ തോത് മുൻവർഷത്തേക്കാൾ 20 ശതമാനം വർധിച്ചതായാണ് കണക്കുകൾ സൂചനതരുന്നത് (നേച്ചര്‍ മാഗസിന്).
മനുഷ്യരിലെത്തുന്ന ജന്തുജന്യ സ്പിൽഓവറുകൾപോലെതന്നെ പ്രധാനപ്പെട്ടതാണ് മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്ക് തിരിച്ചുപോകുന്ന 'സ്പില്ബാക്ക്' (Spillback) രോഗാണുക്കളും -അവ പിന്നീട് വീണ്ടും മനുഷ്യരിലേക്കുതന്നെ വ്യത്യസ്തരൂപത്തിൽ എത്താം. പ്രകൃതിയിലെ നിലവിലുള്ള സാഹചര്യങ്ങളിൽ അവക്ക് അതിജീവനം വിഷമകരമാകുന്ന സെലക്ഷൻ പ്രഷർ ഇതിന് പ്രധാന കാരണമാകാം. കഴിഞ്ഞ വർഷങ്ങളിൽ ആഫ്രിക്കയിൽ അങ്ങനെ സ്പിൽഓവറുകളായി മനുഷ്യരിലെത്തിയ എബോള വൈറസ് മനുഷ്യരിൽനിന്നും തിരിച്ച് ഗൊറില്ലകളിലെത്തി അയ്യായിരത്തിലധികം എണ്ണം മരിച്ചതായി കണക്കാക്കിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം അവസാനം കോവിഡിന്റെ ഒമിക്രോൺ വകഭേദം ഇങ്ങനെ മനുഷ്യരിൽനിന്ന് സ്പിൽബാക്ക് ചെയ്ത് മൃഗങ്ങളിലെത്തി അവകളിൽ പടർന്ന് ജനിതകമാറ്റം വന്ന് മാസങ്ങൾക്കുശേഷം വീണ്ടും മനുഷ്യരിലേക്കുതന്നെ തിരിച്ചെത്തിയതാണ് എന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.
ഇത് രണ്ടും തടയാനായി പലതരത്തിലുള്ള പ്രവർത്തനപരിപാടികൾ വേണ്ടതുണ്ട്. സ്പിൽഓവറുകളുടെ സാധ്യതകൾക്കായി മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വർധിച്ചുവരുന്ന ഇടപെടലുകൾക്കനുസരിച്ച് അവസരങ്ങൾ കൂടുന്നുണ്ട്. ഇത് കുറക്കാൻ വന്യജീവികളുടെയും (സസ്യങ്ങൾ-ജന്തുക്കൾ) വന ഉൽപന്നങ്ങളുടെയും അതിരുവിട്ട വ്യാപാരങ്ങളും വനാതിർത്തികൾക്കുള്ളിലെ അമിതമായ ഖനനപ്രവർത്തനങ്ങളും അല്ലെങ്കില്‍ അതിന്റെ പേരില്‍ നടക്കുന്ന വഴിവിട്ട കൈയേറ്റങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. കോര്‍പറേറ്റ് മേഖലകളിൽ വൻകിട അനിമൽ ഫാമുകളിൽ വിവിധതരം വളർത്തുമൃഗങ്ങൾ ഞെരുങ്ങിതിങ്ങി മനുഷ്യരുമായി മിശ്രിതമായി കഴിയുന്നതും കുറക്കണം. പന്നികളും പശുക്കളും ഫാമുകളില്‍ ഒന്നിച്ചുകഴിയുന്നത് കുറക്കണം. വന്യമൃഗസംരക്ഷണ കേന്ദ്രങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന നിർദേശം ഈ അർഥത്തിലും വായിച്ചെടുക്കേണ്ടതുണ്ട്.
മാൻ-അനിമൽ കോൺഫ്ലിക്ടുകളും (മനുഷ്യ-മൃഗ സംഘർഷങ്ങൾ, സാമീപ്യം) സ്പിൽ ഓവറുകൾക്കു വഴിവെക്കുന്നതാണ്.
ഇതുവരെ സ്പിൽഓവറുകൾ കൂടുതൽ ഉണ്ടായിട്ടുള്ള ഉഷ്ണ-മിതോഷ്ണ മേഖലകളിലെ (ട്രോപിക്കൽ-സബ്ട്രോപിക്കൽ) പ്രദേശങ്ങളിലെ വനപ്രദേശങ്ങൾ ഇനിയെങ്കിലും സംരക്ഷിക്കപ്പെടണം. ഇത്തരം കാര്യങ്ങൾ കൂടുതൽ സംഭവിക്കുന്ന തെക്കു കിഴക്കനേഷ്യ, മധ്യ ആഫ്രിക്ക, ആമസോൺ കാടുകൾ, പ്രാദേശികമായി പശ്ചിമഘട്ട പ്രദേശങ്ങള്‍ ഇവയൊക്കെ പ്രത്യേകിച്ച് ശ്രദ്ധിക്കണം. എൽനിനോ പ്രതിഭാസത്തെ തുടർന്ന് ഇന്തോനേഷ്യൻ കാടുകൾ നീണ്ടുനിന്ന വരൾച്ചയിൽ തീപിടിച്ചപ്പോഴാണ് സ്വയം രക്ഷക്കായി പലായനംചെയ്ത വവ്വാലുകൾവഴി നിപ മലേഷ്യയിലെത്തപ്പെട്ടത്. അനേകം വൈറസുകളുടെ സ്വാഭാവിക കലവറകളായ മൂവായിരം കിലോമീറ്ററുകളോളം പറക്കാൻ ശേഷിയുള്ള വവ്വാലുകൾ അവർക്കൊപ്പം അവരുടെ ശരീരത്തിൽ വഹിച്ചിട്ടുള്ള അണുശേഖരങ്ങളെയും ദൂരങ്ങളിലെത്തിക്കാന് പ്രാപ്തിയുള്ളവരാണ്. പശ്ചിമഘട്ടത്തിലെ കാടുകളിൽ തീപടർന്നതിനുശേഷമാണ് അല്ലെങ്കിൽ കസ്തൂരിരംഗൻ കമീഷനെതിരെ പ്രതിഷേധം പടർന്ന 2013ന് ശേഷമാണ് മൈഗ്രേറ്റ് ചെയ്ത കുരങ്ങുകൾക്കും ചെള്ളുകൾക്കുമൊപ്പം (Ticks) കുരങ്ങുപനി വയനാട്ടിലെത്തി സ്ഥിരമായത്. അതിനുശേഷം ഇപ്പോള്‍ കേരളത്തില്‍ കുരങ്ങുപനി എല്ലാ വർഷവും ഉണ്ടാകുന്നുണ്ട്. കാടുകളുടെ നാശത്തോടൊപ്പം കാലാവസ്ഥ മാറ്റവും തുടർന്ന് ഉണ്ടാകും. ഇതിന്റെ ഫലമായി പ്രതികൂലസാഹചര്യത്തിൽനിന്ന് രക്ഷനേടാൻ രോഗാണുക്കളുടെ സ്വാഭാവിക ഉറവിടമായ പക്ഷികളും മൃഗങ്ങളും മറ്റ് അനുകൂല ഇടങ്ങളിലേക്ക് പലായനംചെയ്യും. ഒപ്പം രോഗാണുക്കളുടെയും പലായനവും വ്യാപനവും ഉണ്ടാവുകയും ചെയ്യും. അതിനാൽ ഉചിതമായ പരിസ്ഥിതി, വനനിയമങ്ങൾ കർശനമാക്കലും രോഗനിയന്ത്രണ പ്രവർത്തനങ്ങളുടെ അജണ്ടയിൽ ഉണ്ടാകണം. 2004നുശേഷം നിയമങ്ങൾ കർശനമാക്കിയപ്പോൾ ആമസോൺ വനനശീകരണതോത് പ്രതീക്ഷിച്ചതിന്റെ 70 ശതമാനത്തോളം കുറക്കാനായെന്ന് പറയപ്പെടുന്നു. ഇത് മറ്റു രാജ്യങ്ങൾക്കും പ്രാദേശിക സർക്കാറുകൾക്കും പാഠമാക്കാവുന്നതാണ്.
അന്താരാഷ്ട്രതലത്തിൽ ജീവനുള്ള പക്ഷിമൃഗാദികളുടെയും അവയുടെ ഉൽപന്നങ്ങളുടെയും കമേഴ്സ്യൽ വ്യാപാരത്തിലും വന്യമൃഗങ്ങളുടെ വേട്ടയാടലുകൾക്കും ലൈവ് ചന്തകൾക്കും കൂടുതൽ നിയന്ത്രണങ്ങൾ വേണം. ഓരോ സ്ഥലത്തും ഇവയുടെ ഇറക്കുമതിയും കയറ്റുമതിയും പ്രത്യേക മേൽനോട്ടത്തില്‍ വേണം നടക്കേണ്ടത്. കോവിഡിനുശേഷം ചൈനയിൽ ലൈവ് മൃഗചന്തകൾക്ക് കുറെ നിയന്ത്രണം വന്നിട്ടുണ്ട്. ഫാമുകളിലുള്ള പന്നി, പശു, ആട് പോലുള്ള മൃഗങ്ങൾക്ക് കൂടുതൽ ബയോസെക്യൂരിറ്റി രക്ഷാനടപടികൾ വേണം. പ്രത്യേകിച്ച് ഇത്തരം വളർത്തു /പോറ്റ് മൃഗങ്ങളിലുള്ള 80 ശതമാനം രോഗാണുക്കൾക്കും മനുഷ്യരിലേക്കും പടർന്ന് പെരുകാനുള്ള കഴിവുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ഒരിക്കൽ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലെത്തപ്പെട്ടാൽ അവയുടെ തീവ്രതയും മാറിയേക്കാം. അതിനാൽ, വെറ്ററിനറി കെയർ / മൃഗസംരക്ഷണ നടപടികൾ മെച്ചപ്പെട്ടതാക്കുകയും ഇവയിലെ രോഗങ്ങൾ നിരന്തരമായി സർവെയ്ലന്‍സിന് വിധേയമാക്കുകയും വേണം. എന്നാല്‍, മാത്രമേ പുതിയ രോഗങ്ങള്‍ എത്തുമ്പോള്‍തന്നെ തിരിച്ചറിയാനും വേണ്ട നടപടികളെടുക്കാനും സഹായകരമാകൂ.
ലഭ്യമായ പ്രതിരോധ ഔഷധങ്ങൾ നൽകുകയും രോഗാണു സംക്രമണത്തിനുള്ള സാധ്യതകൾ കുറക്കുന്ന പുതിയ 'ടൂളുകൾ' കണ്ടെത്തുകയും നടപടി വ്യാപകമാക്കുകയുംവേണം. 2018നുശേഷം നിപ വന്നപ്പോള്‍ ഇത്തരം നടപടി ആശുപത്രികളിലും രോഗപരിചരണത്തിലുമെടുക്കാന് പറ്റിയതുമൂലമാണ് ഒരു ഇൻഡക്സ് കേസില്‍ രോഗത്തെ തളച്ചിടാനായത് (ഉദാ: ഇത്തരം ജോലി ചെയ്യുന്നവര്‍ വ്യക്തിസുരക്ഷ ഉപകരണങ്ങള്‍/നടപടികള്‍ സ്വീകരിക്കണം (നിപ നിയന്ത്രണത്തിന് കള്ളിന്റെ പാത്രങ്ങൾ മൂടിവെക്കുക), വെറ്ററിനറി കെയർ, കന്നുകാലി വളർത്തല്‍ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അതിനുവേണ്ട ബോധവത്കരണം നൽകണം, വ്യക്തിസുരക്ഷാ ഉപകരണങ്ങൾ, സേവനങ്ങൾ നൽകാനും സംവിധാനം വേണം.
സ്പിൽഓവർ സംഭവിക്കാവുന്ന ഇടങ്ങളായ ആരോഗ്യമേഖലക്ക് പുറത്തുള്ള കൃഷി-വ്യവസായ മേഖലയിലോ നിർമാണ മേഖലയിലോ വ്യാപാരമേഖലയിലോ, ഫോറസ്ട്രി മേഖലയിലോ ആവാസവ്യവസ്ഥയെ രക്ഷിച്ച് സ്പിൽഓവർ ഒഴിവാക്കാനായുള്ള ചർച്ച ഇപ്പോഴും സിലബസിന് വെളിയിൽതന്നെയാണ്.
കോവിഡിനുശേഷം ആഫ്രിക്കൻ കുരങ്ങുകളിൽനിന്ന് വിരളമായി മനുഷ്യരിലെത്തുന്ന 'മങ്കിപോക്സ്' ആഫ്രിക്കൻ വൻകരക്കു പുറത്ത് ഇരുപതിലധികം രാജ്യങ്ങളില്‍ അഞ്ഞൂറിലധികംപേരെ ബാധിച്ച് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് സെക്കൻഡറിയായി വ്യാപിക്കുന്നതിന്റെ വാർത്തകൾ വന്നുകൊണ്ടിരിക്കയാണ്. 'മങ്കിപോക്സ്' എന്നത് നമ്മള് ഭൂമിയില്‍നിന്ന് നിർമാർജനംചെയ്ത രാക്ഷസീയമായ വസൂരിയുടെ വാനര അവതാരമാണെന്ന് അവരില്‍നിന്നും പരിണമിച്ച മനുഷ്യര്‍ തിരിച്ചറിയണം. േകാവിഡ് അനുഭവത്തിലൂടെ കടന്നുപോകുമ്പോഴും ഇതൊന്നും തിരിച്ചറിയാതെ വികസനക്കുതിപ്പ് നടത്തുന്ന മനുഷ്യരുടെ അതിവേഗപാതയില്‍ അടുത്തുതന്നെ അടുത്ത സ്പിൽഒാവര് ക്രോസ് ഉണ്ടെന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കോഴിക്കോട് കെ.എംസി.ടി മെഡിക്കൽ കോളജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം വകുപ്പ് മേധാവിയാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.