1921 ൽ, തെക്കേ മലബാറിന്റെ ഒട്ടേറെ മേഖലകളിലേക്ക് ഖിലാഫത്തിെൻറയും നിസഹകരണത്തിെൻറയും സമര പ്രക്ഷോഭങ്ങൾ വ്യാപിക്കും മുമ്പ് തൃശൂരിലായിരുന്നു ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങൾക്ക് തുടക്കമിട്ടത്. ഭരണകൂട അനുകൂലികളായ തൃശൂരിലെ ക്രിസ്ത്യാനികളുടെ അതിക്രമങ്ങളിൽ നിന്ന് നായർ സമുദായമുൾപ്പെടെയുള്ള ഹിന്ദുക്കളെ രക്ഷിക്കാനും കോളനി വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ആവേശം പകരാനും മാപ്പിള പ്രക്ഷോഭകർ രംഗപ്രവേശം ചെയ്യുന്ന സവിശേഷ സംഭവമാണ് അത്. അഥവാ "മാപ്പിള ഹാലിന്റെയും "മതഭ്രാന്തിന്റെയും' സ്ഫോടനാത്മകമായ പ്രകടനമായല്ല , സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ഭാഗമായി വികസിച്ച ദേശീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു ആ പ്രക്ഷോഭങ്ങൾ. 'തൃശൂർ സംഭവം' അവലോകനം ചെ യ്യുമ്പോൾ അന്നത്തെ ദേശീയ പ്രസ്ഥാനത്തിലണി ചേർന്ന പ്രബുദ്ധരായ ഹിന്ദുക്കളും ഖിലാഫത്ത് പ്രക്ഷോഭത്തിൽ അണിചേർന്ന മാപ്പിള സമൂഹവും ഒരേ ലക്ഷ്യത്തിന് വേണ്ടി എത്ര ഊഷ്മളമായി ഏകീകരിക്കപ്പെട്ടിരുന്നുവെന്ന് തിരിച്ചറിയാനാവും.
ഒരാഴ്ചയിലധികം നീണ്ടുനിന്നതും, കൊളോണിയൽ വിരുദ്ധമായ കേരളത്തിന്റെ പ്രതിരോധ രാഷ്ട്രീയ ചരിത്രത്തിൽ ഇടം നേടിയതുമായ 'തൃശൂർ ലഹള'യുടെ വിശദാംശങ്ങൾ മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ ഖിലാഫത്ത് സ്മരണകളിൽ നിന്നും എ.കെ. കോഡൂരിന്റെ ആഗ്ലോ മാപ്പിള യുദ്ധം എന്ന ഗ്രന്ഥത്തിൽ നിന്നും ഇപ്രകാരം സംഗ്രഹിക്കാം:
''1921 ഫിബ്രവരി 16ന് കോൺഗ്രസ്സ്, ഖിലാഫത്ത് സമര നേതാക്കളായ കെ. മാധവൻ നായർ, യാക്കൂബ് ഹുസൈൻ, യു. ഗോപാല മേനോൻ, മൊയ്തീൻ കോയ എന്നീ നാലു പേരെ മലബാർ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കോഴിക്കോട്ടേക്ക് വാറണ്ട് അയച്ചു വരുത്തി. അക്കാലത്ത് പടർന്നുകൊണ്ടിരുന്ന ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കരുത് എന്നായിരുന്നു അവരോട് കൽപിച്ചത്. അതിന് നല്ല നടപ്പ് ജാമ്യവും ചോദിച്ചു. എന്നാൽ കൽപന നിരസിച്ചതിനാൽ അവരെ ആറുമാസം ശിക്ഷിച്ചു.സമര നേതാക്കളുടെ ഈ ധീര കൃത്യത്തെ അഭിനന്ദിക്കാനായി ഫെബ്രുവരി 20 ന് തൃശൂർ തേക്കിൻകാട് മൈതാനത്ത് വൈകുന്നേരം ഒരു പൊതുയോഗം സംഘടിപ്പിച്ചു. യോഗസ്ഥലത്ത് അതിക്രമിച്ചു കയറി മേഖലയിലെ ബ്രിട്ടീഷ് അനുകൂലികളായ ക്രിസ്ത്യാനികൾ ലഹളയുണ്ടാക്കി. ബെഞ്ചും കസേരകളും വലിച്ചിട്ട് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ഇങ്ങനെ പരിപാടി തടസ്സപ്പെടുത്തിയതിനാൽ തൊട്ടടുത്ത ദിവസങ്ങളിലും അവിടെ യോഗം നടത്താൻ ശ്രമിച്ചെങ്കിലും ലഹളക്കാരുടെ എതിർപ്പുമൂലം സാധിച്ചില്ല. എന്നാൽ ഫെബ്രുവരി 26 ശനിയാഴ്ച അവിടെ വെച്ച് ബ്രിട്ടീഷ് വിരുദ്ധ സമരാനുകൂലികളുടെ ഒരു യോഗം ചേർന്നു. ദേശീയ പ്രസ്ഥാന നേതാവായ പാലിയത്ത് ചെറിയകുഞ്ഞുണ്ണി അച്ഛൻ ഈ യോഗത്തിൽ ഗംഭീരമായി പ്രസംഗിച്ചു.
ഈ പരിപാടി നടന്ന പിറ്റേദിവസം ഫെബ്രുവരി 27 ന് ഞായറാഴ്ച മൂന്ന് മണിയോടുകൂടി രാജഭക്തരും സമര വിരുദ്ധരുമായ പ്രതിലോമകാരികളുടെ ഒരു വലിയ ലോയൽടി പൊസഷൻ (രാജഭക്തരുടെ പട്ടണപ്രവേശം) ബ്രിട്ടീഷ് അനുകൂലികൾ ആരംഭിച്ചു. അതിൽ 1500 ഓളം പേർൾ പങ്കെടുത്തു. താളവാദ്യങ്ങളുടെ അകമ്പടിയോടെയുള്ള അക്രമാസക്തമായ ആൾകൂട്ടമായിരുന്നു അത്. ഇവർക്ക് സുരക്ഷയൊരുക്കി പോലീസ് സുപ്രണ്ട് ചാക്കോയും ഇൻസ്പെക്ടടർമാരും കോൺസ്റ്റബിൾമാരും അകമ്പടി സേവിച്ചിരുന്നു. അങ്ങാടിയിൽ നിന്നുള്ള ഘോഷയാത്ര തെക്കേ ഗോപുര ത്തിന്റെ തെക്കുവശത്തുള്ള മുസ്ലിം പള്ളിയുടെ മുന്നിലെത്തിയപ്പോൾ കൂടുതൽ പ്രകോപനപരമായി. ഇത് തടയാൻ പോലീസ് മേധാവി ചാക്കോയോട് മുസ്ലിംകൾ അപേക്ഷിച്ചുവെങ്കിലും അയാളത് അവഗണിച്ചു.. മദ്യപിച്ച് നഗ്നനൃത്തം ചെയ്ത് ആളുകളെയും സ്ഥാപനങ്ങളെയും കൈയ്യേറ്റം ചെയ്ത് മുന്നേറികൊണ്ടിരുന്ന ആ ഘോഷയാത്രയെ തടയാൻ മുസ്ലിംകൾ നിർബന്ധിതരായി. തുടർന്ന് ബ്രിട്ടീഷ് അനുകൂലികളായ ക്രിസ്ത്യാനികളും സമരാനുകൂലികളായ മുസ്ലിംകളും തമ്മിൽ ഏറ്റുമുട്ടി. ഒരാൾ മരിക്കുകയും നാൽപതോളം പേർക്ക് പരി ക്കേൽക്കുകയും ഏഴ് മുസ്ലിം വീടുകൾ തകർക്കപ്പെടുകയും ചെയ്തു.
ഗവൺമെന്റ് അനുകൂലികളുടെ അക്രമാസക്തമായ ഈ ഘോഷയാത്ര തുടരുകയും വഴിയിലുള്ള മുസ്ലിംകളുടെ പുരകളും കച്ചവട സ്ഥലങ്ങളും ഷോപ്പുകളും തട്ടിത്തകർത്ത് അത് മുന്നേറുകയും ചെയ്തു. പോലീസാകട്ടെ അക്രമികൾക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന വിധമാണ് പെരുമാറിയത്. മൂന്ന് മണിക്ക് ആരംഭിച്ച ഈ വിധ്വംസക ഘോഷയാത്ര അഞ്ചരമണിക്ക് ആശുപത്രിക്ക് സമീപം എത്തിച്ചേർന്നു. അവിടെ ഒരു പൊതുയോഗം സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ രാജഭക്തിയെക്കുറിച്ചുള്ള പ്രസംഗം നടക്കുകയും കച്ചവടക്കാരായ പൗരപ്രധാനികൾ അതിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന്നിടയിൽ കിഴക്കുഭാഗത്ത് രാജഭക്തരായ ക്രിസ്ത്യാനികളും പടിഞ്ഞാറ് ഭാഗത്ത് സമരാനുകൂലികളായ മുസ്ലിംകളും ഹിന്ദുക്കളും ചേരികളായി അണിചേർന്നു. മുണ്ടൻ വടികളും കത്തികളുമേന്തി അക്രമികളെ നേരിടാനുറച്ച് സമരാനുകൂലികൾ സജ്ജരായി. ഡോക്ടർ എ.ആർ. മേനോന്റെ നേതൃത്വത്തിൽ അക്രമികളിൽ നിന്നുള്ള ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ 600 ഓളം വരുന്ന സ്വാതന്ത്ര്യ സമരാനുകൂലികളുടെ ഒരു സംഘം സജ്ജരായി ഭവനങ്ങൾക്ക് കാവൽ നിന്നു. പിറ്റേന്ന് എല്ലാവരും തേക്കിൻ കാട് പറമ്പിൽ തന്നെ ക്യാമ്പ് ചെയ്തു. സ്കൂളുകളും കച്ചവട സ്ഥാപനങ്ങളും തുറന്നില്ല. ദിവാൻ സ്ഥലത്തെത്തി ചേർന്നു. പോലീസുകാർ ഉണ്ടയില്ലാതെ വെടിയൊഴിച്ചു. ഈ സമയത്ത് അവിടെ ചേരികളായി ക്യാമ്പ് ചെയ്തവർ പരസ്പരം കല്ലേറു തുടങ്ങി. ദിവാൻ ഇരുചേ രികളെയും സമാധാനിപ്പിക്കാൻ ശ്രമിച്ചു. സ്ത്രീകളെ അപമാനിച്ചതുൾപ്പെടെയുള്ള അക്രമികളുടെ നടപടികളെ കുറിച്ച് ഡോ. എ.ആർ. മേനോൻ ഇംഗ്ലീഷിൽ ഒരു പ്രഭാഷണം നിർവ്വഹിച്ചു. ദിവാൻ ആവുന്നവിധം സമാധാന ശ്രമങ്ങൾക്ക് മുൻകൈയ്യെടുക്കുകയും ഒടുവിൽ താത്കാലികമായാണെങ്കിലും ജനങ്ങൾ പിരിഞ്ഞു പോവുകയും ചെയ്തു''.
തുടർന്നുള്ള സംഭവങ്ങൾ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ തന്നെ വാക്കുകളിൽ ഇപ്രകാരം വായിക്കാം:'' 18-ാം നു ചൊവ്വാഴ്ച പടിഞ്ഞാറെ ചേരിയിൽ കാവലുണ്ടായിരുന്നില്ല. ഈ സന്ദർഭത്തിൽ ക്രിസ്ത്യാനികൾ, ഹിന്ദുക്കളുടെ നേർക്ക് വലിയ ആക്രമണം നടത്തി. പൊലീസ് സൂപ്രണ്ട് ചാക്കോ ഈ ലഹള സമയത്ത് സ്ഥലത്തുണ്ടായിരുന്നു. ലഹളക്കാർ വടിയും കത്തിയും എടുത്തു പുരകളും മറ്റു ഷാപ്പു സാമാനങ്ങളും എറിഞ്ഞും തല്ലിയും ഉടച്ചും ആർപ്പുവിളിച്ചു കൊണ്ടാണ് വന്നത്. നിസഹകരണക്കാർ അവരുടെ നേർക്ക് കല്ലെറിഞ്ഞുവെന്ന് പറയപ്പെടുന്നു. സ്വാതന്ത്ര്യ സമരകാലത്ത് പൊലീസ് നടപടികൾ എടുത്ത സമയത്തെല്ലാം ഇത്തരത്തിലൊരു കുറ്റം പ്രക്ഷോഭക്കാരുടെ തലയിൽ ചുമത്തപ്പെട്ടിരുന്നു. ചില്ല്, കുപ്പിക്കഷ്ണം, ഇരുമ്പാണി മുതലായവ നിറച്ചിട്ടുള്ള ഏറുപടക്കം എറിഞ്ഞു ശബ്ദം മുഴക്കിയിരുന്നു. ചില്ലുവാതിലുകൾ, റിക്ഷാവണ്ടികൾ, ഷാപ്പു സാമാനങ്ങൾ, ബാങ്ക് റിക്കാർഡുകൾ, പുരകൾ എന്നിവ തകർത്തു. പടിഞ്ഞാറെ നടക്കാവിലുള്ള ക്രിസ്ത്യാനികളുടെ ഷാപ്പുകൾ ഒഴികെ, ബാക്കി മിക്കവാറും തല്ലിത്തകർത്തു. ഒരു ലക്ഷം ഉറുപ്പികയുടെ നഷ്ടം വരുത്തിയിട്ടുണ്ടെന്ന് യോഗക്ഷേമ (പുസ്തകം 11, ലക്കം 23) ത്തിൽ കാണുന്നു. ഈ അക്രമങ്ങളെല്ലാം ചെയ്തത് ലോയലടിക്കാരാണ്. അതുകൊണ്ട് പൊലീസിനു അവരെ തടസ്സപ്പെടുത്തുവാൻ സാധിച്ചില്ല. 16ാം തീയ്യതി ഞായറാഴ്ച ലോയൽടി പൊസഷൻ ഏർപ്പെടുത്തിയതു ഗവൺമെന്റിന്റെ നിർദേശപ്രകാരമാണ്. നിസ്സഹകരണക്കാരെ നിരുത്സാഹപ്പെടുത്തുകയും സഹകരണക്കാരെ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് ഇന്ത്യാ ഗവൺമെന്റിന്റെ സർക്കുലർ നാട്ടുരാജ്യങ്ങൾക്കും സംസ്ഥാന ഗവൺമെന്റുകൾക്കും അയച്ചിരുന്നു. അവരുടെ ആൾക്കാരുടെ തെമ്മാടിത്തം നിർത്തുവാൻ അവർക്ക് സാധിച്ചില്ല. ഈ ആക്രമണത്തെ ചെറുക്കുവാൻ മലബാറിൽ നിന്ന് ജോനകരെ (മാപ്പിളമാരെ) വരുത്തുവാൻ ഹിന്ദുനേതാക്കന്മാർ തീർച്ചപ്പെടുത്തി. അവരെ മലബാറിൽ നിന്ന് കമ്പിയടിച്ചു വരുത്തി. 19-ാം തീയതി ബുധനാഴ്ച പട്ടണവാസികൾ ഒഴിഞ്ഞുതുടങ്ങി. തെക്കോട്ടും വടക്കോട്ടും വണ്ടിക്ക് 1500 ഓളം സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോയി. ഭക്ഷണക്ഷാമവും സാധന ദുർഭിക്ഷവും വർധിച്ചു. ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു.
അക്രമികൾക്കെതിരെയുള്ള ഖിലാഫത്ത്, നിസ്സഹകരണ, ദേശീയവാദ പ്രസ്ഥാനങ്ങളുടെ ഐക്യത്തിൽ അഥവാ മുസ്ലിം ഹിന്ദു ഏകീകരണത്തിൽ ഭയന്ന രാജകക്ഷികൾ, ക്രിസ്ത്യാനികൾ ഇതിന്നിടയിൽ തിരുവിതാംകൂർ നാട്ടുരാജ്യ പരിധിയിലുള്ള പ്രദേശങ്ങളിൽ നിന്ന് കൂടുതൽ അനുയായികളെ കൊണ്ടുവന്ന് കൂടുതൽ സജ്ജരായിരുന്നു. ഭരണകൂട പിന്തുണ കൂടിയുണ്ടായിരുന്നതിനാലാണ് വീണ്ടും ഇത്തരമൊരു ആക്രമ ണത്തിന് അവർ മുതിർന്നത്.
ഈ പശ്ചാത്തലത്തിലാണ് മലബാറിൽ നിന്നും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സമര പോരാളികളെ തൃശൂരിലേക്ക് ക്ഷണിക്കാൻ ഹിന്ദുക്കളും മുസ്ലിമീങ്ങളും നിർബന്ധിതരായത്.
മർദ്ദകമായ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള നിസഹകരണ യോഗങ്ങളെ അലങ്കോലപ്പെടുത്തുകയും നാട്ടിലാകെ കലാപം വ്യാപിപ്പിക്കുകയും സമാധാനാന്തരീക്ഷം തകർക്കുകയും ചെയ്യുന്ന രാജകക്ഷിക്കാരെ നേരിടുന്നതിൽ ഭരണകൂടം പരാജയപ്പെട്ട പശ്ചാത്തലത്തിൽ അവരെ നേരിടാൻ തൃശൂരിലേക്ക് ഉടനെ പുറപ്പെടണമെന്നായിരുന്നു ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭകരായ മാപ്പിളമാർക്ക് ലഭിച്ച സന്ദേശം. അക്കാലത്തെ ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ ദേശീയ പരിപ്രേക്ഷ്യത്തോടെയുള്ള ഐക്യദാർഢ്യത്തിന്റെ പ്രകാശനമായിരുന്നു നിർണായക സന്ദർഭത്തിലെ മാപ്പിളമാരുടെ ഈ ആഗമനം.
മാപ്പിളമാരെത്തുന്നു
ബ്രഹ്മദത്തൻ നമ്പൂതിരി തുടരുന്നു; "19-ാം തീയതി ബുധനാഴ്ച കാലത്തുമുതൽ വടക്കുനിന്നു വരുന്ന എല്ലാ വണ്ടികളിലും മുഹമ്മദീയർ നൂറുകണക്കിൽ വന്നിറങ്ങിത്തുടങ്ങി. അവർക്ക് തിരുവമ്പാടി ക്ഷേത്രത്തിനു സമീപമുള്ള സത്രത്തിൽ താമസത്തിന് ഏർപ്പാടുകൾ ചെയ്തിരുന്നു. തൃശൂർ സ്റ്റേഷനിലാണ് അവർ വന്നിറങ്ങിയത്. അന്ന് പൂങ്കുന്നം സ്റ്റേഷനില്ല. ഉച്ചവണ്ടിക്ക് വടക്കുനിന്ന് ആയിര കണക്കിൽ മുഹമ്മദീയർ വന്നിറങ്ങി. അവരെ സ്വീകരിക്കാൻ ആയിരത്തിലധികം ആളുകൾ സ്റ്റേഷനിലുണ്ടായിരുന്നു. മുഹമ്മദീയരുടെ വരവിന്റെ വാർത്തയറിഞ്ഞ് റസിഡണ്ടും, ദിവാൻജിയും സ്ഥലത്തെത്തി. ഉച്ചവണ്ടിക്ക് അമ്പതോളം ബ്രിട്ടീഷ് റിസർവ് പൊലീസും സ്ഥലത്തെത്തിച്ചേർന്നു.
ഉച്ചവണ്ടിക്ക് വന്നിറങ്ങിയ മാപ്പിള മുസ്ലിംകൾ 1500 ഓളം പേരുണ്ടായിരുന്നു. അവർ ഉച്ചത്തിൽ പാട്ടുപാടി തക്ബീർ മുഴക്കി കൊക്കാലെ നിന്നും ഒരു ഘോഷയാത്ര തുടങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ മുന്നേറിയ ആ ഘോഷയാത്രയുടെ മുഴക്കം കൊണ്ട് തൃശൂർ പട്ടണം കുലുങ്ങിപ്പോയി. എന്നാൽ ബ്രിട്ടീഷ് അനുകൂലികളുടെ ഘോഷയാത്ര പോലെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഭവനങ്ങൾക്കോ മറ്റ് പൊതുസ്വത്തുക്കൾക്കോ യാതൊരുവിധ ഉപദ്രവവും വരുത്താതെയായിരുന്നു ആ ഘോഷ യാത്ര. വൈകുന്നേരത്തെ വണ്ടിക്കും രാത്രി വണ്ടിക്കും മലബാറിൽ നിന്ന് ധാരാളം മുസ്ലിമീങ്ങൾ വീണ്ടും എത്തിച്ചേർന്നു. സത്രത്തിൽ അനേകായിരം മുസ്ലിംകൾ നിറഞ്ഞു. ഡോ: എ.ആർ. മേനോനും കൃഷ്ണമേനോനുമായിരുന്നു അവരുടെ നായകന്മാർ.
ഇനി ഒരു ഏറ്റുമുട്ടലിന് ത്രാണിയില്ലാത്ത വിധം രാജഭക്തരായ ക്രിസ്ത്യാനികളുടെ നില പരുങ്ങലിലായി. ഭരണകൂടം ഹിന്ദു-മുസ്ലിം ഐക്യത്തെ ഭയന്നു. അതുകൊണ്ട് തന്നെ അനുരഞ്ജനമല്ലാതെ അവർക്ക് മറ്റ് പോംവഴികളുണ്ടായിരുന്നില്ല. ഒടുവിൽ അന്ന് രാത്രി ഇരുവിഭാഗക്കാരുടെയും പ്രതിനിധികളും റസിഡന്റും ദിവാൻജിയും മുൻ കൈയ്യെടുത്ത് സൗഹാർദ്ദ സമ്മേളനം ചേർന്നു. ലഹളയിൽ നിന്ന് പിന്തിരിയാൻ തീരുമാനിച്ചു. അങ്ങനെ ഹിന്ദുക്കളെ സഹായിക്കാൻ മലബാറിൽ നിന്ന് വന്ന മുസ്ലിംകളെ സന്തോഷിപ്പിച്ച് വ്യാഴാഴ്ച തിരിച്ചയക്കുകയും ചെയ്തു. മടങ്ങിപ്പോകുന്ന സമയം മാപ്പിള മുസ്ലിംകളുടെ വലിയൊരു ജൈത്രയാത്രക്കും തൃശൂർ പട്ടണം സാക്ഷ്യം വഹിച്ചു.
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ നിന്നുള്ളവരായിരുന്നു മലബാറിൽ നിന്ന് വന്നവരിൽ അധികവും. ഖിലാഫത്ത് സമര നായകൻ വടക്കുവീട്ടിൽ മമ്മദാണ് ഈ പോരാളികളെ നയിച്ചിരുന്നത്. ചാലിൽ കള്ളാടി യൂസുഫിന്റെ നേതൃത്വത്തിൽ പൊടിയാട്ടു നിന്നും പട്ടാമ്പി, കൊടുമുണ്ട എന്നിവിടങ്ങളിൽ നിന്നുമുള്ളവരും ചേർന്ന് 2000 ത്തോളം മാപ്പിളമാരാണ് ഇതിൽ പങ്കുകൊണ്ടത്.
ബ്രഹ്മദത്തൻ നമ്പൂതിരിയുടെ ആഖ്യാനത്തിൽ വസ്തുതകൾ വ്യക്തമാണെങ്കിലും മത സാമുദായിക സ്വഭാവമുള്ള ഒരു ലഹളയായിരുന്നു അതെന്ന ഒരു ന്യൂനീകരണം പ്രകടമാണ്. വാസ്തവത്തിൽ ഹിന്ദുക്കളെ ക്രിസ്ത്യാനികൾക്കെതിരെ സഹായിക്കാൻ മുസ്ലിംകൾ വന്നു എന്ന ഘടകത്തേക്കാളപ്പുറം ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭകരായ ഖിലാഫത്ത്, നിസഹകരണ, ദേശീയ വിമോചന പ്രസ്ഥാനങ്ങൾ ഐക്യദാർഢ്യ ത്തോടെയും രാജകക്ഷിക്കും ഭരണകൂടത്തിനുമെതിരെ സമരോത്സുകതയോടെയും സജ്ജരായി എന്നതിനാണ് സവിശേഷമായ ആ ചരിത്ര സന്ദർഭത്തെ സംബന്ധിച്ച അവലോകനങ്ങളിൽ ഊന്നൽ ലഭിക്കേണ്ടത്. മത സാമുദായിക താത്പര്യങ്ങളേക്കാൾ ദേശീയ സ്വാതന്ത്ര്യ പരിപ്രേക്ഷ്യത്തോടെയും വിമോചനാത്മകമായ രാഷ്ട്രീയ മാനങ്ങളോടെയുമാണ് വാസ്തവത്തിൽ ഈ സന്ദർഭം പരിഗണിക്കപ്പെടേണ്ടത്. ഹിന്ദുക്കളെ സഹായിക്കാനെത്തിയ 2000 പേരടങ്ങിയ ഒരു "മാപ്പിള ക്വട്ടേഷൻ സംഘം' എന്നതിനപ്പുറം നിസ്സഹകരണ മുന്നേറ്റത്തെ, ദേശീയ വിമോചന മുന്നേറ്റങ്ങളെ സഹായിക്കാനെത്തിയ സ്വാതന്ത്ര്യ പ്രക്ഷോഭകരമായി മാപ്പിളമാരെ പരിഗണിക്കുമ്പോൾ മാത്രമേ കലാപം എന്ന മുദ്രണത്തിൽ നിന്നും സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ഭാഗമായ മുന്നേറ്റമായി മഹത്തായ ഈ ചരിത്ര സംഭവത്തെ ഇന്ത്യയുടെ വിമോചന രാഷ്ട്രീയ ചരിത്രത്തിലേക്ക് ഉൾച്ചേർക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.
തൃശൂർ സമരത്തെ കുറിച്ചുള്ള മറ്റൊരു ആഖ്യാനം തൃശൂരിൽ നടന്ന ഈ സംഭവത്തെ സംബന്ധിച്ച് അക്കാലത്ത് തന്റെ കൗമാര കാലത്ത് അതിന് സാക്ഷിയായ ജോസഫ് മുണ്ടശ്ശേരി അനുസ്മരിക്കുന്നത് നോക്കുക: "ഹിന്ദുക്കൾ ഹിന്ദുക്കളായും ക്രിസ്ത്യാനികൾ ക്രിസ്ത്യാനികളായും തെറ്റിത്തിരിഞ്ഞ് നിന്ന് അന്യോന്യ സ്പർദയിലൂടെ വളരുന്ന പാരമ്പര്യം എന്റെ ഹൈസ്കൂൾ ജീവിത കാലത്ത് ഭയങ്കരമായി പൊട്ടിത്തെറിച്ചത്.തൃശൂർ ലഹളയിൽ വെച്ചാണ്. ആവൂ.. ആ സംഭവമോർക്കുമ്പോൾ ഞാനിന്നും പേടിച്ചു പോവും. തൃശൂർ പട്ടണത്തിൽ കത്തിക്കാളിയ ആ സമുദായ മത്സരത്തിന്റെ തീ എട്ടൊമ്പത് നാഴിക അകലെ കിടക്കുന്ന കണ്ടശ്ശാംകടവിലേക്കും പാളിപ്പിടിക്കുമോ എന്ന് ഞങ്ങൾക്കു തോന്നിപ്പോയി. പറഞ്ഞു പറഞ്ഞിരുന്ന് ഞങ്ങളുടെ നാട്ടിലും നായന്മാർക്കെതിരായി ക്രിസ്ത്യാനികളും ക്രിസ്ത്യാനികൾക്കെതിരായി നായന്മാരും വികാരത്തിന് മൂർച്ച കൂട്ടിയിരുന്നത് എനിക്കിന്നും മറക്കാൻ കഴിയുന്നില്ല. എന്തായിരുന്നു ആ ലഹളയുടെ അടിസ്ഥാനം. പലരും പലതാണ് പറഞ്ഞിരുന്നത് അക്കാലത്ത്. എന്നാലെല്ലാറ്റിന്റെയും അടിയിൽ കിടന്നിരുന്നത് രാജ്യഭരണത്തിൽ ജാതി ഹിന്ദുക്കൾക്കുണ്ടായിരുന്ന നേതൃത്വവും വ്യാപാര മണ്ഡലത്തിൽ ക്രിസ്ത്യാനികൾക്കുണ്ടായിരുന്ന നേതൃത്വവും തമ്മിൽ ഉരസിയുരസിക്കയറിയ സമുദായ സ്പർദയാണ്. പുതിയ ഭാഷയിൽ പറഞ്ഞാൽ തളരാൻ തുടങ്ങിയ ഫ്യൂഡലിസവും വളരാൻ തുടങ്ങിയ ക്യാപിറ്റലിസവും തമ്മിലുള്ള ഏറ്റുമുട്ടൽ തന്നെ. ഈ സംഘട്ടനത്തെ സഹായിക്കാൻ ചില സാഹചര്യങ്ങളുമുണ്ടായിരുന്നു. അന്ന് പോലീസ് സുപ്രണ്ടും ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും യാദൃച്ഛികമായിട്ടെന്നു പറയട്ടെ ക്രിസ്ത്യാനികളായി പോയതിനാൽ ക്രിസ്ത്യൻ പക്ഷത്തിനൂറ്റമേറി. പോരെങ്കിൽ ഇന്ത്യയുടെ മുഴുവൻ മേൽക്കോയ്മ വെള്ളക്കാരന്റെ കൈയ്യിലുമായിരുന്നു. ലഹളയിൽ കുത്തിക്കവർച്ചകൾ പോലും നടന്നത് ചക്രവർത്തി തിരുമേനിയുടെ പടം പൊക്കിപ്പിടിച്ചുകൊണ്ടാണ്. തങ്ങളുടെ രാജാവു ഭരിക്കുന്നൊരു രാജ്യത്തു മറ്റൊരു ജനവിഭാഗത്തിന്റെ വമ്പും കോയ്മയും വകവെച്ചുകൊടുത്താൽ പിന്നെ ഇരുന്നിട്ടെന്തു കാര്യമെന്നായി പൊതുവെ നായന്മാർ."(കൊഴിഞ്ഞ ഇലകൾ: ജോസഫ് മുണ്ടശ്ശേരി, പേജ്: 22, 23)
തൃശൂർ ലഹളയെ കുറിച്ച മറ്റൊരു ആഖ്യാനമാണിത്. രണ്ട് അധികാരി വർഗങ്ങളുടെ ഇടയിലുണ്ടായ അഥവാ ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്തത്തിലേക്കുള്ള പരിവർത്തനത്തിന്റെ ഒരു സാമൂഹിക പ്രതിഫലനമായി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഈ സാമൂഹിക മുന്നേറ്റത്തെ ലളിതവത്കരിക്കാനും സൈദ്ധാന്തിക ഘടനയിലേക്ക് ചുരുക്കാനുമുള്ള ഒരു ശ്രമം ഈ ആഖ്യാനത്തിൽ പ്രകടമാണ്. എന്നാൽ സാ മ്പത്തികവും അധികാരപരവുമായ ഒരു ഘടകം കൂടി തൃശൂർ സംഭവങ്ങൾക്കു പിന്നിൽ ഉണ്ട് എന്ന് മനസ്സിലാക്കാൻ മുണ്ടശ്ശേരിയുടെ ഈ വിശകലനം സഹായിക്കുമെങ്കിലും അതു മാത്രമാണ് എന്ന് ചുരുക്കുന്നത് ഈ സംഭവത്തിന്റെ വിമോചന വീര്യത്തെ നിർവ്വീര്യമാക്കലായി തീരും. അഥവാ ദേശീയവാദ പരിപ്രേക്ഷ്യത്തോടെ കൊളോണിയൽ വാഴ്ചക്കെതിരെ രൂപപ്പെട്ടു കൊണ്ടിരുന്ന പല പ്രവാഹങ്ങളുള്ള ജനകീയ മുന്നേറ്റങ്ങളെ സവിശേഷമായ ഒരു ഘടകത്തിലേക്ക് ഇത്തരം വിശകലനങ്ങൾ ന്യൂനീകരിക്കുന്നുണ്ട് എന്നതിനാൽ ഒരു പാർശ്വ വീക്ഷണം മാത്രമേ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ ആഖ്യാനം പോലെ ഈ ആഖ്യാനവും പ്രതിഫലിപ്പിക്കുന്നുള്ളൂ എന്നതാണ് വസ്തുത.
തൃശൂർ സംഭവം നൽകുന്ന പാഠം
തൃശൂർ ലഹളയും അതിന്റെ ഇവ്വിധമുള്ള പരിണതികളും കൊളോണിയൽ ഭരണ കൂടത്തെയും അക്രമികളായ രാജഭക്തരെയും ചില പാഠങ്ങൾ പഠിപ്പിച്ചു. അതിൽ മുഖ്യമായത് ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളുടെയും ദേശീയവാദ പ്രസ്ഥാനത്തിന്റെയും ഐക്യം ബ്രിട്ടീഷ് വാഴ്ചക്കും ചൂഷണ പൂർണ്ണമായ ജന്മിത്വനാടുവാഴിത്ത വ്യവസ്ഥക്കും വലിയ ഭീഷണി തന്നെയാണ് എന്നതാണ്. ഈ യാഥാർഥ്യം തിരിച്ചറിഞാണ് പിന്നീട് ബ്രിട്ടീഷ് നടപടികളുണ്ടായത്. അതുകൊണ്ട് തന്നെ ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളുടെയും ദേശീയവാദ പ്രസ്ഥാനത്തിന്റെയും ഐക്യം അഥവാ ഹിന്ദു -മുസ്ലിം ഐക്യം തകർക്കാനും സമാധാന മാർഗത്തിൽ മുന്നേറിക്കൊണ്ടിരുന്ന കോൺഗ്രസ് ഖിലാഫത്ത് സമര പ്രക്ഷോ ഭങ്ങൾ ശിഥിലമാക്കാനുമായിരുന്നു ബ്രിട്ടീഷുകാരുടെ പ്രയത്നങ്ങൾ. ഇതിൽ ഒരു പരിധിവരെ അവർ വിജയിക്കുന്ന കാഴ്ചയാണ് പിൽകാല ചരിത്രത്തിൽ കാണാനാവുന്നത്.
ചുരുക്കത്തിൽ മാപ്പിള സമരങ്ങൾ ഏറനാട് വള്ളുവനാട് താലൂക്കുകളിൽ മാത്രം പരിമിതമായ ഒരു പ്രതിഭാസമല്ല എന്ന കാര്യം തൃശൂർ സംഭവത്തിന്റെ ഈ അവലോകനത്തിലൂടെ വ്യക്തമാകുന്നുണ്ട്. 1921 കാലത്ത് പൊന്നാനി താലൂക്കിന്റെ ഭാഗമായിരുന്നു ഇന്നത്തെ തൃശൂർ ജില്ലയുടെ ഭാഗമായ തെക്ക് കൈപ്പമംഗലം മുതൽ വടക്ക് അണ്ടത്തോട് വരെയുള്ള തീരദേശ പ്രദേശങ്ങൾ. മതിലകം, തൃപ്രയാർ, നാട്ടിക, ചേറ്റുവ, ഒരുമനയൂർ, ചാവക്കാട്, ഗുരുവായൂർ, ഏനമാക്കൽ, ബ്രഹ്മകുളം, പുന്നയൂർ, പുന്നയൂർ കുളം തുടങ്ങിയ പ്രദേശങ്ങളെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു പൊന്നാനി താലൂക്ക്. സ്വാഭാവികമായും 1921 കാലഘട്ടത്തിൽ രൂപപ്പെട്ടുകൊണ്ടിരുന്ന ഖിലാഫത്ത് പ്രക്ഷോ ഭങ്ങളുടെയും നിസ്സഹകരണ മുന്നേറ്റങ്ങളുടെയും അലയൊലികൾ ഈ പ്രദേശങ്ങളിലാകെ വ്യാപിച്ചിരുന്നുവെന്നതിന് പല ചരിത്ര രേഖകളും സാക്ഷി നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഖിലാഫത്ത്, നിസ്സഹകരണ മുന്നേറ്റങ്ങളുടെ ചരിത്രത്തിലേക്ക് കണ്ണിചേർക്കപ്പെടേണ്ടതും മാപ്പിള സമര ചരിത്രത്തിന്റെ ഭാഗമായതുമായ ഇന്നത്തെ തൃശൂർ ജില്ലയുടെ തീരദേശ ഭാഗങ്ങളിൽ ബ്രിട്ടീഷ് വിരുദ്ധമായി നടന്ന ചില മുന്നേറ്റങ്ങളുടെ സംക്ഷിപ്ത അവലോകനം കൂടി ഇത്തരുണത്തിൽ പ്രസക്തമാകുന്നുണ്ട്. അന്വേഷണവും ഗവേഷണവും അർഹിക്കുന്ന ഒരു പഠന മേഖലയാണിത്.
തൃശൂർ ജില്ലയിലെ ഖിലാഫത്ത്, നിസ്സഹകരണ രാഷ്ട്രീയത്തിന്റെ സ്വാധീനം
ഇന്നത്തെ തൃശൂർ ജില്ലയുടെ ഭാഗമായ ചില പ്രദേശങ്ങളിൽ അക്കാലത്ത് ഖിലാഫത്ത് കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടിരുന്നു. ഇതിൽ സവിശേഷം പരാമർശമർഹിക്കുന്നതാണ് ഇന്നത്തെ പുന്നയൂർ, പുന്നയൂർകുളം പഞ്ചായത്തുകളിൽ ഉൾപ്പെട്ടതായ മന്ദലാംകുന്നിൽ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടിരുന്നുവെന്നത്. മന്ദലാംകുന്ന് സ്വദേശികളും പൗരപ്രധാനികളുമായ കോഞ്ചാടത്ത് മൊയ്തുട്ടി ഹാജിയും പെരുവഴിപ്പുറത്ത് അസൈനാർ മുസ്ലിയാരുടെ മകൻ കോയണ്ണി സാഹിബുമാണ് മന്ദലാംകുന്നിലെ ഖിലാഫത്ത് കമ്മിറ്റിയുടെ നേതാക്കളായിരുന്നത്. ഇവരുടെ നേതൃത്വത്തിൽ ധാരാളം ചെറുപ്പക്കാരുടെ പങ്കാളിത്തത്തോടെ ഖിലാഫത്ത് പ്രവർത്തനങ്ങൾ ത്വരിതപ്പെട്ടുകൊണ്ടിരുന്നു. ഈ സന്ദർഭത്തിൽ ഏറനാട് വള്ളുവനാട് താലൂക്കുകളിലും പഴയ പൊന്നാനി താലൂക്കിന്റെ വിവിധ മേഖലകളിലും വലിയ ജനകീയ പ്രസ്ഥാനം തന്നെയായി ഖില ഫാത്ത് മൂവ്മെന്റ് വളർന്നിരുന്നു.
സമരങ്ങൾ അടിച്ചമർത്താനുള്ള ശക്തമായ നീക്കങ്ങളും ബ്രിട്ടിഷ് അധികൃതർ തുടർന്നുകൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചു. സ്പെഷ്യൽ സ്കോഡുകളായി ഖിലാഫത്ത് പ്രസ്ഥാന സ്വാധീനമുള്ള ഓരോ പ്രദേശങ്ങളിലേക്കും പൊലീസിനെയും സൈനികരെയും നിശ്ചയിച്ചിരുന്നു. അവർ ഓരോ ദിവസവും പ്രധാന കേന്ദ്രങ്ങളിലെത്തി ഖിലാഫത്ത് വളണ്ടിയർമാരെയും നേതാക്കളെയും പ്രത്യേക തരത്തിൽ ഭീഷണിപ്പെടുത്തുകയും രാജകക്ഷിക്കാരായ പ്രമാണിമാരെ സന്ദർശിക്കുകയും അവരുടെ വീട്ടിൽ നിന്ന് ഭക്ഷണവും മറ്റും കഴിച്ച് തിരിച്ചുപോരുന്ന ഒരു അപ്രഖ്യാപിത പൊലീസ് രാജ് ആരംഭിക്കുകയും ചെയ്തു.
ഇതിന്റെ ഭാഗമായി മലബാറിന്റെ വിവിധ ഭാഗങ്ങളിൽ ഈ തന്ത്രം പയറ്റിക്കൊണ്ടിരുന്ന ബ്രിട്ടീഷ് പൊലീസ് സംഘം നേരിട്ട് മന്ദലാംകുന്നിലുമെത്തുകയും പൗരപ്രധാനിയും ബ്രിട്ടീഷ് രാജിനോട് കൂറുണ്ടായിരുന്നയാളുമായ തെരുവത്ത് ആലി എന്നയാളെ സമീപിക്കുകയും പ്രദേശത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ അന്വേഷിച്ച് തിരിച്ചുപോവുകയും ചെയ്തു. ഇതിനെ തുടർന്ന് ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നേതൃനിരയിലുള്ളവരെ വിളിച്ച് അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസിന്റെ പ്രേരണ നിമിത്തം തെരുവത്ത് ആലി സാഹിബ് ശ്രമിച്ചിരുന്നു. എന്നാൽ ഖിലാഫത്ത് പ്രവർത്തകർ ആദ്യം അത് നിരസിക്കുകയുണ്ടായി. എന്നാൽ അധികം വൈകാതെ പതിനൊന്ന് പേരുടെ സായുധരായ ഒരു ഗൂർക്ക പട്ടാള സംഘം തെരുവത്ത് ആലി എന്നയാളുടെ വീട്ടിലെത്തുകയും തങ്ങൾ മേഖലയിൽ ക്യാമ്പു ചെയ്യുമെന്ന കാര്യം അറിയിക്കുകയും ചെയ്തു. അവർക്കുള്ള ഭക്ഷണമെല്ലാം നൽകിയത് പൗരപ്രമുഖനായ തെരുവത്ത് ആലി സാഹിബ് തന്നെയായിരുന്നു.
പട്ടാളത്തിന്റെ സാന്നിധ്യമുണ്ടായ പശ്ചാത്തലത്തിൽ അദ്ദേഹം തന്നെ മുൻകൈയ്യെടുത്ത് പ്രദേശത്തെ ഖിലാഫത്ത് പ്രസ്ഥാന പ്രവർത്തകരെ വീണ്ടും വിളിച്ചു വരുത്തി അതിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടു. എന്നാൽ അവരതിന് തയ്യാറായില്ല. ഈ പശ്ചാത്തലത്തിൽ ഗൂർക്ക പട്ടാളം മന്ദലാംകുന്നിലെ ഇന്നത്തെ മൂന്നയ്നി എന്നറിയപ്പെട്ട പ്രദേശത്ത് കളത്തിങ്ങൽ പുറായി എന്ന സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും മേഖലയിൽ ഭീതി വിതക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ഖിലാഫത്ത് കമ്മിറ്റി നേതാക്കളായ കോഞ്ചാടത്ത് മൊയ്തുട്ടി ഹാജി, കോയണ്ണി സാഹിബ് തുടങ്ങിയവരും അനുയായികളും മധ്യസ്ഥനായി തെരുവത്ത് ആലി സാഹിബും ബ്രിട്ടീഷ് അധികൃതരുമായി മൂന്ന് കൂടിക്കാഴ്ചകൾ ഉണ്ടാവുകയും ഒടുവിൽ സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ ഖിലാഫത്ത് കമ്മിറ്റി പിരിച്ചുവിടുകയുമാണുണ്ടായത്. ഈ സമയം ഒരാഴ്ച ക്കാലം മന്ദലാംകുന്നിൽ പട്ടാള സാന്നിധ്യമുണ്ടായിരുന്നു.(ഈ വിവരങ്ങൾ മന്ദലാംകുന്ന് സ്വദേശിയും പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവും ഏതാണ്ട് 90 വയസ്സിലധികം ജീവിച്ച് ഈ അടുത്തിടെ വിടപറഞ്ഞവരുമായ എം.സി. കുഞ്ഞി മുഹമ്മദ് സാഹിബ് ഈ സംഭവങ്ങൾക്ക് ദൃക്സാക്ഷികളായവരിൽ നിന്ന് നേരിട്ട് കേട്ടതും എന്നോട് വിശദീകരിച്ചതുമാണ്. എന്നാൽ ഇത് സംഭവിച്ചത് 1921 ലാണെന്നറിയാമെന്നല്ലാതെ ഇതിന്റെ കൃത്യമായ തിയ്യതി ലഭ്യമായിട്ടില്ല)
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്വാധീനം അന്നത്തെ പൊന്നാനി താലൂക്കിന്റെ ഭാഗമായ പാടൂർ പോലുള്ള പ്രദേശങ്ങളിലേക്കും വ്യാപിച്ചിരുന്നു. പാടൂരിലെ ബുഖാറ തങ്ങന്മാരിൽ ചിലരുടെ മുൻ കൈയ്യോടെ പ്രദേശത്ത് ഖിലാഫത്ത്, നിസ്സഹകരണ മുന്നേറ്റങ്ങൾ നടന്നിരുന്നതായി പറയപ്പെടുന്നുണ്ട്. പാടൂർ സ്വദേശികളായ മൂന്ന് ബുഖാരി തങ്ങന്മാർ പൊന്നാനിയിൽ വെച്ച് ചേർന്ന നിർണ്ണായകമായ ഖിലാഫത്ത്, നിസഹകരണ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പ്രമാണം പ്രമുഖ ചരിത്രപണ്ഡിതനായിരുന്ന നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാരിൽ നിന്നും ലേഖകന് ലഭിച്ചിട്ടുണ്ട്. ഇങ്ങനെ മന്ദലാംകുന്ന്, പാടൂർ ഉൾപ്പെടെയുള്ള മേഖലകളിലും ഇന്നത്തെ തൃശൂർ ജില്ലയുടെ ഭാഗമായ മറ്റ് പല മേഖലകളിലും ഖിലാഫത്ത് പ്രവർത്തനങ്ങൾ സജീവമായിരുന്നുവെന്ന് തെളിയിക്കുന്ന പ്രമാണങ്ങൾ ലഭ്യമാണ്. ഈ പ്രദേശങ്ങളിൽ മുസ്ലിം സമുദായത്തിന് നേതൃത്വം നൽകിയിരുന്ന ചില പണ്ഡിത പ്രമുഖരും സാദാത്തീങ്ങളും ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരോ അതിന്റെ അനുയായി കളോ ആണ്. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു പ്രമാണമാണ് 1921 ജൂലായി 24 ന് ഞായറാഴ്ച പകൽ 4.30 ന് പുതുപൊന്നാനി മൈതാനിയിൽ വെച്ച് ചേർന്ന കേരള ഉലമാ സംഘത്തിന്റെ ഒരു വിശേഷാൽ യോഗത്തിൽ സ്റ്റേജിൽ ഉണ്ടായിരുന്നവരുടെ പേരു വിവരങ്ങളടങ്ങുന്ന പ്രൊസീഡിംഗ്സ്, ഇതിൽ അദ്ധ്യക്ഷത വഹിച്ച മൗലാനാ മൗലവി അബ്ദുൽ അസീസ് വേലൂർ എന്നവരുടെ നാമത്തിന് ശേഷം കാണുന്ന ആദ്യ നാമം ഉപ്പുങ്ങൽ കുഞ്ഞുമുഹമ്മദ് മൗലവി അണ്ടത്തോട് ആണ്. പുന്നയൂർകുളം പഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശത്ത് നിന്ന് ഇദ്ദേഹത്തെ കൂടാതെ പഴങ്കരയിൽ ബാപ്പു മൗലവി, അണ്ടത്തോട്ടുകാരൻ ഹാജി മുഹമ്മദ് മൗലവി, അണ്ടത്തോട് സ്വദേശികളായ കെ. കുഞ്ഞമ്മു മൗലവി, മണികണ്ടത്തിൽ കുഞ്ഞഹമ്മദ് മൗലവി തുടങ്ങിയവരും ഈ പരിപാടിയിൽ പങ്കെടുത്തവരും സ്റ്റേജിൽ സന്നിഹിതരായവരുമാണ്.
ഇവരെ കൂടാതെ തൃശൂർ ജില്ലയിലെ പുന്നയൂർകുളം പഞ്ചായത്തിന്റെ തൊട്ട് അയൽ പഞ്ചായത്തായ വടക്കേകാട് ഭാഗത്ത് നിന്ന് പറയങ്ങാട്ടിൽ മുഹമ്മദ് മൗലവിയും തൊട്ടടുത്ത ദേശമായ പരൂരിൽ നിന്ന് പൂളൻ തറക്കൽ മുഹമ്മദ് മൗലവിയും ഈ പരിപാടിയിൽ സന്നിഹിതരായിട്ടുണ്ട്. ഇവരെ കൂടാതെ പങ്കെടുത്തവരിൽ ഇന്നത്തെ തൃശൂർ ജില്ലക്കാരായി ഈ രേഖയിൽ കാണുന്നത് പാടൂർ സ്വദേശികളായ മൂന്ന് സാദാത്തുക്കളുടെ നാമമാണ്. അയിറ്റാണ്ടിൽ മൗലവി പൂക്കോയ തങ്ങൾ, അയിറ്റാണ്ടിൽ മൗലവി സയ്യിദ് ഈസ തങ്ങൾ, അയിറ്റാണ്ടിൽ മൗലവി സയ്യിദ് മുഹമ്മദ് അബ്ദുൽ ഖാദർ തങ്ങൾ തുടങ്ങിയവരാണവർ. കൂടാതെ കൊടുങ്ങല്ലൂരിനടുത്തുള്ള ഏറിയാട് നിന്നുള്ള ഒരു പ്രതിനിധിയായി കെ.എം. ശംസുദ്ദീൻ മൗലവിയും അഴീക്കോട് സ്വദേശി അയാരിൽ ബാവക്കുട്ടി മൗലവിയും ചാവക്കാട് മണത്തല സ്വദേശി മുസ്ല്യാം വീട്ടിൽ കുഞ്ഞിക്കൻ കുഞ്ഞി മൊയ്തു മൗലവി, ചെമ്മണൂർ ചെറുകാട്ടിൽ സെയ്തലവി മൗലവി തുടങ്ങിയവരെല്ലാം ഈ സമ്മേളനത്തിൽ സ്റ്റേജിൽ തന്നെ സന്നിഹിതരായവരാണ്.
ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന് ഊർജ്ജം പകരാൻ സംഘടിപ്പിക്കപ്പെ ട്ട ഈ സമ്മേളനത്തിൽ പങ്കെടുത്ത ഈ പണ്ഡിതന്മാരുടെ പേര് വിവരങ്ങളിൽ നിന്ന് തന്നെ ഇവർക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലെല്ലാം ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും സ്വാധീനമുണ്ടായിരുന്നുവെന്ന് തന്നെയാണ് വ്യക്തമാകുന്നത്. സൂക്ഷ്മായ അന്വേഷണവും പഠനവും മുഖേന ഈ പ്രദേശങ്ങളിൽ ഖിലാഫത്ത് കമ്മി റ്റികൾ രൂപീകരിക്കപ്പെട്ടിരുന്നുവോ എന്നത് കണ്ടെത്തപ്പെടേണ്ടതാണ്.
ചുരുക്കത്തിൽ ഈ പേരുകളും വിശകലനങ്ങളും കൃത്യമായും അന്വേഷകനെ കൊണ്ടെത്തിക്കുന്നത് ഏറനാട് വള്ളുവനാട് താലൂക്കുകളിൽ മാത്രം പരിമിതമായിരുന്നില്ല ഖിലാഫത്ത്, നിസ്സഹകരണ സമരങ്ങൾ എന്ന് തന്നെയാണ്. സമൂഹത്തിൽ സ്വീകാര്യതയുള്ള മഹല്ലുകളിൽ നേതൃസ്ഥാനത്തിരുന്ന ഇത്തരം പണ്ഡിതന്മാരുടെയും സാദാത്തീങ്ങളുടെയും സമര രംഗത്തെ സാന്നിധ്യം ഒരു ജനകീയ പ്രക്ഷോഭമായി ഈ മു ന്നേറ്റങ്ങൾ രൂപപ്പെട്ടിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഗാന്ധിജിയും ശൗക്കത്തലിയും നേതൃത്വം നൽകുന്ന, ഉലമാക്കൾക്ക് പങ്കാളിത്തമുള്ള മഹത്തായ ഈ രാഷ്ട്രീയ മുന്നേറ്റത്തെ അതിന്റെ സമാധാനപൂർണ്ണമായ വഴികളിൽ നിന്നും ശിഥിലീകരിക്കാനും അപമാനവീകരിക്കാനും അടിച്ചമർത്താനുമുള്ള ബ്രിട്ടീഷ് പദ്ധതികൾ പ്രവർത്തന ക്ഷമമായതും അടിച്ചമർത്തൽ നടപടികളുടെ അനന്തര ഫലമായി സായുധ സ്വഭാവത്തിലുള്ള പ്രക്ഷോഭങ്ങളായി അതിന് രൂപഭേദം സംഭവിച്ചതും. ഒരു വേള സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തിയെ അത് വിറപ്പിച്ചുവെങ്കിലും ഭീകരമായ മർദ്ദന മുറകളിലൂടെ മഹത്തായ ഈ രാഷ്ട്രീയ മുന്നേറ്റത്തെ ചോരയിൽ മുക്കിക്കൊടുക്കുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്. തീർച്ചയായും മാപ്പിള സമരങ്ങൾ നിരവധി രക്തസാക്ഷികളെയും വിധവകളെയും അനാഥബാല്യങ്ങളെയും സൃഷ്ടിച്ചുവെന്നും പരാജയപ്പെട്ട അവിവേകമാണെന്നും വിലയിരുത്തുന്നവർ അതിൽ ഭാഗഭാക്കുകളായ മാപ്പിളമാരെ സംബന്ധിച്ച് സ്വന്തം അസ്ഥിത്വവും അഭിമാനവും സംരക്ഷിക്കാനുള്ള അതിജീവന സമരമായിരുന്നു അതെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവരെ സംബന്ധിച്ച് സമരങ്ങൾ ഇന്ന് അക്കാദമിക കൗതുകങ്ങളോടെ പഠിച്ച് പല പാഠഭേദങ്ങളും പുനർവ്യാഖ്യാനങ്ങളും അവതരിപ്പിക്കുന്ന ഒരു ചരിത്ര വിഷയമായിരുന്നില്ല. രക്തവും കണ്ണീരും പ്രതീക്ഷകളും കലർന്ന ജീവിതം തന്നെയായിരുന്നു അവർക്ക് സമരങ്ങൾ.
Reference:
Mappila muslims of kerala: A study in islamic Trends: Rolland E miller
Against Lord and State Religion and Peasant Uprisings in malabar 1836 1921: K.N.Panikkar
Malabar Manual: william Logan
The Mappilas of Malabar: 1498-1922: Stephen F Dale
ഖിലാഫത്ത് സ്മരണകൾ: ബ്രഹ്മദത്തൻ നമ്പൂതിരി
ആംഗ്ലോ മാപ്പിള യുദ്ധം: എ.കെ. കോവൂർ കൊഴിഞ്ഞ ഇലകൾ: ജോസഫ് മുണ്ടശ്ശേരി;
കേരള ഉലമാ സംഘം 1921 ജൂലൈ 24 നു പുതുപൊന്നാനിയിൽ ചേർന്ന വിശേഷാൽ യോഗത്തിന്റെ പ്രൊസീഡിംഗ്സ്
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം: പെരുന്ന കെ.എൻ. നായർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.