സമകാലിക ലിംഗ-ലൈംഗിക രാഷ്ട്രീയത്തെ മാറ്റിപ്പണിയുന്ന സവിശേഷ സാമൂഹിക പ്രതിഭാസമാണ് മീ ടൂ പ്രസ്ഥാനം. പ്രസ്തുത സാമൂഹിക മുന്നേറ്റത്തിന്റെ സാധ്യതകളും പരിമിതികളും സാമാന്യമായി സൂചിപ്പിച്ചുകൊണ്ടുതന്നെ അതു തുറന്നുനൽകുന്ന അന്വേഷണങ്ങളെ ഹ്രസ്വമായി അടയാളപ്പെടുത്താനാണ് ഈ കുറിപ്പ് ശ്രമിക്കുന്നത്. മറ്റേതൊരു സാംസ്കാരിക പ്രസ്ഥാനവും പോലെ മീ ടൂ പ്രസ്ഥാനത്തെക്കുറിച്ചും സമഗ്രമായൊരു വിശകലനത്തിനു നിരവധി പരിമിതികളുണ്ട്. കാലം നോക്കാതെയുള്ള വായനയേക്കാൾ കാത്തിരിപ്പാണ് ഈ വിഷയത്തിൽ ഉചിതമെന്നു തോന്നുന്നു. മീ ടൂ എന്നത് വിവിധ സന്ദർഭങ്ങളിൽ വികസിക്കുന്ന ഒരു പ്രസ്ഥാനമായതുകൊണ്ടുതന്നെ ചില പ്രത്യേക പ്രവണതകളെ മാത്രമേ ഈ കുറിപ്പിൽ അടയാളപ്പെടുത്താൻ കഴിയുന്നുള്ളൂ. സംഭവ ലോകത്ത് നടക്കുന്ന മീ ടൂ പ്രസ്ഥാനത്തിന്റെ യാഥാർഥ്യത്തെക്കുറിച്ച് കൂടുതൽ ശക്തമായി ആലോചിക്കുകയെന്നത് അതിനെ നിരാകരിക്കുക/സ്വീകരിക്കുക എന്നതിലേറെ പ്രധാനമാണ്.
എന്തുകൊണ്ട് മീ ടൂ?
2017ൽ ഒരു ട്വീറ്റിലൂടെയാണ് മീ ടൂ പ്രസ്ഥാനം അമേരിക്കൻ ഐക്യനാടുകളിൽ പ്രചാരം നേടുന്നത്. ഹോളിവുഡ് നിർണയിച്ച അമേരിക്കൻ സംസ്കാരത്തിന്റെ ആഗോള സ്വാധീനംപോലെ മീ ടൂവും പിന്നീട് പ്രചാരം നേടി.
വിവിധ വീക്ഷണകോണുകളിൽ മീ ടൂ പ്രസ്ഥാനത്തെ വിലയിരുത്തുന്ന പഠനങ്ങളുണ്ട്. അതിൽ ശ്രദ്ധേയമായ രണ്ടു സമീപനങ്ങൾ ഇവയാണ്.
ഒന്ന്: സ്ത്രീ രാഷ്ട്രീയ ഇടപെടലുകൾക്ക് സാംസ്കാരിക ആക്ടിവിസത്തിന്റെ മേഖലയിൽ അതിശക്തമായ ഇടമാണ് മീ ടൂ പ്രസ്ഥാനം സാധ്യമാക്കിയതെന്ന് ഫെമിനിസ്റ്റ് ചിന്തകയായ കാതറിൻ മക്കിനൊൻ 2020ൽ എഴുതിയ Global #MeToo. (Noel, A.M. and Oppenheimer, D.B. (എഡി.). The Global #MeToo Movement, Full Court Press, പേജ് 1-15) എന്ന ലേഖനത്തിൽ പറയുന്നു. കാരണം, പല ആധുനിക ദേശരാഷ്ട്രങ്ങളിലും ഫെമിനിസ്റ്റ് പ്രസ്ഥാനം സാംസ്കാരിക പ്രവർത്തനത്തെക്കാൾ നിയമ രാഷ്ട്രീയത്തെയാണ് അവകാശങ്ങൾ നേടിയെടുക്കാൻ കൂടുതൽ ആശ്രയിച്ചിരുന്നത്. നിരവധി നിയമസ്വഭാവമുള്ള പൊതുതാൽപര്യ ഹരജികളിലൂടെ ഫെമിനിസ്റ്റുകൾ നേടിയെടുത്ത ലിംഗ-ലൈംഗിക അവകാശങ്ങൾ ഒരു വശത്തുള്ളതോടൊപ്പംതന്നെ സംസ്കാരത്തിന്റെ മേഖലയിൽ ഇത്തരമൊരു മുന്നേറ്റം എന്നും ഒരു തടസ്സമായി ഫെമിനിസ്റ്റുകൾക്കു മുന്നിലുണ്ടായിരുന്നു. അവകാശ വ്യവഹാരത്തോടൊപ്പം ഒരു പുത്തൻ സാംസ്കാരിക ശക്തിയായി മാറാൻ ഫെമിനിസം ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്ന തിരിച്ചറിവാണ് ഉണ്ടായിരുന്നത്. അതാവട്ടെ, വിവിധ രീതിയിൽ ഫെമിനിസ്റ്റുകളെ പുതിയ വഴികൾ വെട്ടിത്തുറക്കാൻ പ്രേരിപ്പിച്ചു. എന്നാൽ, ചരിത്രപരമായ ഈ തടസ്സത്തെ മറികടക്കുന്നതിലൂടെ മീ ടൂ പ്രസ്ഥാനം ഫെമിനിസത്തെയും അനുബന്ധ അവകാശ രാഷ്ട്രീയത്തെയും മാറ്റിപ്പണിയുകയാണ് ചെയ്യുന്നതെന്ന് മക്കിനൊൻ കരുതുന്നു.
ഒരുകാലത്ത് ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന് ഏറെ ബലം നൽകിയ നിയമ രാഷ്ട്രീയത്തിന്റെ പതിവ് ഉപാധികൾതന്നെ തള്ളിക്കളഞ്ഞാണ് മീ ടൂ പ്രസ്ഥാനം ഉടലെടുക്കുന്നത്. ഉദാഹരണത്തിന്, കുറ്റം തെളിയിക്കുന്നതുവരെ ഏതൊരാളും നിരപരാധിയാണെന്ന അതിപ്രധാന നിയമസങ്കൽപത്തെതന്നെ മീ ടൂ പ്രസ്ഥാനം വെല്ലുവിളിക്കുന്നതായാണ് മനസ്സിലാക്കുന്നത്. വിചാരണ പൂർത്തിയാകുന്നതിനു മുമ്പ് ആരെയും കുറ്റവാളിയായി കണക്കാക്കാൻ പാടില്ല (the presumption of innocence) എന്നതാണല്ലോ നിയമപരമായ കീഴ്വഴക്കം. അതോടൊപ്പം മറ്റൊരു പ്രശ്നമേഖല ഉയർന്നുവന്നത് ഡ്യൂ പ്രൊസസ് (due process) എന്ന നിയമവ്യവഹാരത്തിന്റെ ഭാഗമായാണ്. മീ ടൂ ഈ അർഥത്തിൽ വളരെ ദൂരവ്യാപകമായ പ്രശ്നപരിസരമാണ് നിർമിച്ചിരിക്കുന്നത്.
ഒരു സ്ത്രീക്കെതിരെ ലൈംഗികാരോപണം നടത്താൻ നാല് സാക്ഷികൾ വേണമെന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഇസ്ലാമിക നിയമതത്ത്വം തന്നെയെടുക്കുക. ലേറ്റ് ആന്റിക്വിറ്റി (late antiquity) എന്നു ചരിത്രകാരൻമാർ വിശേഷിപ്പിക്കുന്ന ഏഴാം നൂറ്റാണ്ടിൽ സ്ത്രീകൾക്കെതിരെ ലൈംഗിക ബന്ധത്തെ മുൻനിർത്തി ഒരു മാനദണ്ഡവുമില്ലാതെ പൊതുവിചാരണ നടത്താൻ കഴിയുമായിരുന്നു. ആ സാഹചര്യത്തിലാണ് ഖുർആൻ ഏതു ലൈംഗിക ആരോപണത്തിനും നാലു സാക്ഷികൾ വേണമെന്ന നിബന്ധന നിർദേശിക്കുന്നത്. എന്നാൽ, മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, അക്കാലം മുതൽക്കേ പുരുഷൻമാർ ലൈംഗിക ആരോപണത്തിനുള്ള വസ്തുവായി ചുരുങ്ങിയിരുന്നില്ല. അതുകൊണ്ടു തന്നെ മീ ടൂ പ്രസ്ഥാനം പുരുഷൻമാരെ ലൈംഗികാരോപണത്തിന്റെ സ്ഥലമായി കണ്ടെടുക്കുന്നുവെന്നതിൽ ചരിത്രപരമായ ഒരു മാറ്റുണ്ട്. ഇത്രയും വലിയൊരു ആഗോള ചലനത്തിനു മീ ടൂ പ്രസ്ഥാനം കാരണമായി; അതിന്റെ നിയമ-സാമൂഹിക-രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വേറെ വിലയിരുത്തലുകൾക്ക് വിധേയമാകേണ്ടതുണ്ടെന്നത് പറയുമ്പോഴും.
രണ്ട്: ഫെമിനിസ്റ്റ് ചരിത്രത്തിൽതന്നെ മീ ടൂ പ്രസ്ഥാനത്തെ എവിടെ സ്ഥാനപ്പെടുത്തുമെന്ന പ്രശ്നവും ഉന്നയിക്കപ്പെടുകയുണ്ടായി. സ്ത്രീകളുടെ സാമ്പത്തിക അവകാശങ്ങൾ, വോട്ടവകാശങ്ങൾ എന്നിവയിലൂന്നിയ ഒന്നാം തരംഗ ഫെമിനിസവും സാമൂഹിക തുല്യതയിലധിഷ്ഠിതമായ തൊഴിലവകാശങ്ങളും പ്രത്യുൽപാദന അവകാശവും അടങ്ങിയ രണ്ടാംതരംഗ ഫെമിനിസവും അല്ല മീ ടൂ പ്രസ്ഥാനത്തിന്റെ മാതൃക. മൂന്നാം തരംഗ ഫെമിനിസത്തിലാണ് മീ ടൂ പ്രസ്ഥാനത്തെ ഒരു വിഭാഗം ഫെമിനിസ്റ്റുകൾ അടയാളപ്പെടുത്തുന്നത്. അതായത്, ബലാത്സംഗത്തിനെതിരെയും ലൈംഗിക ഹിംസക്കെതിരെയും നടന്ന സ്ത്രീ മുന്നേറ്റങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് മീ ടൂ പ്രസ്ഥാനമെന്ന് റേച്ചൽ ലോനി-ഹോവാസ് #MeToo and the Politics of Social Change (2019, Palgrave Macmillan) എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നു.
യഥാർഥത്തിൽ മീ ടൂ പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക പരിപ്രേക്ഷ്യത്തെപ്പറ്റി ധാരാളം അവ്യക്തതകൾ ഇന്ന് നിലനിൽക്കുന്നുണ്ട്. അതിനാൽതന്നെ മറ്റൊരു വിഭാഗം ഫെമിനിസ്റ്റുകൾ സൈബർ ഫെമിനിസത്തിന്റെ ഭാഗമായുള്ള നാലാം തരംഗ ഫെമിനിസത്തിന്റെ ഭാഗമായി മീ ടൂ പ്രസ്ഥാനത്തെ അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്. സോഷ്യൽ മീഡിയയിലെ ഹാഷ് ടാഗ് ഉപയോഗിച്ച് തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമത്തെ ചെറുക്കുന്ന രീതി അവർ ഉദാഹരണമായെടുക്കുന്നു. സമൂഹമാധ്യമങ്ങളിലെ ആൾക്കൂട്ട വിചാരണയുടെ സ്വഭാവവും ഇതിനു കൈവരുന്നുവെന്നാണ് ഇതിന്റെ മറുവശം. എങ്കിലും ഫാഷിസ്റ്റ് വിരുദ്ധ ആൾക്കൂട്ടത്തിന്റെ ശക്തിയാണ് മീ ടൂ പ്രസ്ഥാനത്തിനുള്ളതെന്നു അനുകൂലികൾ വാദിക്കുന്നു.
മറക്കപ്പെട്ട ചരിത്രം
ദൃശ്യതയുള്ള ഒരു മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനം എന്ന നിലയിൽ മീ ടൂ നിരവധി വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽപോലും വിവിധതരത്തിലുള്ള ന്യൂനപക്ഷ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയാണ് മീ ടൂ എന്ന വ്യവഹാരം ഉയർന്നുവന്നത്.
2007ൽ ബ്ലാക്ക് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റായ തരന ബക്ക്, വിവിധ ന്യൂനപക്ഷ പ്രസ്ഥാനങ്ങളിൽനിന്നുള്ള ലൈംഗിക അതിക്രമങ്ങൾക്ക് പരിഹാരമെന്നോണം ഒരു കൂട്ടായ്മ രൂപവത്കരിച്ചപ്പോൾ അതിനു വേണ്ടത്ര മാധ്യമശ്രദ്ധ ലഭിച്ചില്ല. തരന ബക്ക് Awakening #MeToo and the Global Fight for Women's Rights (2021, Public Affairs) എന്ന എഡിറ്റഡ് വോള്യത്തിന് എഴുതിയ ആമുഖത്തിൽ ഈ വിമർശനത്തിന്റെ മുഖ്യവാദങ്ങൾ വായിക്കാവുന്നതാണ്. ലൈംഗിക പീഡനത്തിന് ഇരയായവരുടെ ശബ്ദത്തിനു ഒരു കൂട്ടായ മാനം നൽകാൻ ബക്ക് ശ്രമിച്ചിരുന്നു. 'ആക്രമിക്കപ്പെടുന്ന/ അടിച്ചമർത്തപ്പെടുന്ന സ്ത്രീ' എന്ന ഏകകത്തെ മാത്രം പരിഗണിച്ചല്ല തുടക്കത്തിൽ തരന ബക്ക് അടക്കമുള്ളവർ മീ ടൂ പ്രസ്ഥാനം വികസിപ്പിക്കുന്നതെന്ന കാര്യം അടിവരയിടേണ്ടതുണ്ട്. ഇതാവട്ടെ, മുഖ്യധാരാ മീ ടൂ വ്യവഹാരങ്ങൾ മറന്നുപോയ ഒരു രീതിശാസ്ത്രപരമായ ഊന്നലാണ്.
ബ്ലാക്ക് ഫെമിനിസ്റ്റ് ചിന്തകയായ ആഞ്ജല ഡേവിസും 2021ൽ എഴുതിയ Struggle, Solidarity, and Social Change എന്ന ലേഖനത്തിൽ (By Giti Chandra, Irma Erlingsdottir (എഡി.). The Routledge Handbook of the Politics of the #MeToo Movement. Routledge, പേജ്: 27-33) ഈ വിമർശനം പങ്കുവെക്കുന്നുണ്ട്. കാരണം, കറുത്തവരും വിവിധ വംശീയ ന്യൂനപക്ഷ പ്രസ്ഥാനങ്ങളും ലൈംഗിക അതിക്രമത്തിന്റെ പരിഹാരം സാമുദായികമായ പ്രശ്നമണ്ഡലത്തിലാണ് കൂടുതൽ അന്വേഷിച്ചിരുന്നത്. സാമൂഹിക വിചാരണക്കപ്പുറം വേദനക്കും ഒറ്റപ്പെടലിനും കൂട്ടായ പരിഹാരം അന്വേഷിക്കാനാണ് ബ്ലാക്ക് ഫെമിനിസ്റ്റുകളുടെ നേതൃത്വത്തിൽ വികസിച്ച മീ ടൂ പ്രസ്ഥാനം ശ്രമിച്ചത്.
എന്നാൽ, ഉപരിവർഗ-വെളുത്ത സ്ത്രീകൾക്ക് മീ ടൂ പ്രസ്ഥാനങ്ങളിൽ 2017ൽ പ്രാമുഖ്യം കിട്ടുന്നതോടുകൂടി അത് മറ്റൊരു മേഖലയിലേക്ക് വഴിമാറി. ഇതൊരു തരത്തിലുള്ള അപ്രോപ്രിയേഷൻ കൂടിയായിരുന്നു. കൂട്ടായ സാമുദായിക പരിഹാരം എന്നനിലയിൽനിന്നു മീ ടൂ പ്രസ്ഥാനം മാറി. പകരം മാധ്യമശ്രദ്ധയിലൂടെ വ്യക്തികൾക്ക് പരിഗണനയും അവഗണനയും കിട്ടുന്നതിലേക്കു കാര്യങ്ങൾ എത്തിപ്പെട്ടു. വ്യക്തികൾ തമ്മിലുള്ള അധികാര സംഘർഷമായി ഇതു ചിത്രീകരിക്കപ്പെട്ടു. വ്യവസ്ഥയും സമുദായവും എന്നീ പരിഗണനകൾ നഷ്ടപ്പെട്ടു പോയി.
ഉദാഹരണമായി, മീ ടൂ പ്രസ്ഥാനത്തിനു ശേഷം ഒരുവശത്ത് ഉയർന്നവർഗത്തിലുള്ള സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാൻ വൻകിട കോർപറേറ്റുകൾ നിർബന്ധിതമായി. യഥാർഥത്തിൽ ലിംഗനീതി സാക്ഷാത്കരിക്കുക എന്നതിനപ്പുറം തൊലിപ്പുറമേയുള്ള മാറ്റങ്ങൾ വരുത്തി പബ്ലിക് റിലേഷൻ വ്യായാമം നടത്തി രക്ഷപ്പെടാനാണ് കോർപറേറ്റുകൾ ശ്രമിക്കുന്നതെന്ന് ആഞ്ജല ഡേവിസ് വിമർശിക്കുന്നു.
എന്നാൽ, മീ ടൂ പ്രസ്ഥാനത്തിന്റെ നേട്ടവും ചെറുതല്ല എന്ന് അനുകൂലിക്കുന്ന ഫെമിനിസ്റ്റുകൾ സൂചിപ്പിക്കുന്നു. അമേരിക്കയിൽ നടന്നിട്ടുള്ള ഇലക്ഷനുകളിൽ സ്ത്രീകളുടെ പങ്കാളിത്തം 30 ശതമാനം കൂടാനും അതിലൂടെ അധികാര പങ്കാളിത്തം ലഭിക്കാനും മീ ടൂ പ്രസ്ഥാനം കാരണമായി. ഇരുനൂറോളം പുരുഷന്മാരെ സ്വന്തം അധികാരസ്ഥാനങ്ങളിൽനിന്ന് താഴെയിറക്കാനും 54 സ്ത്രീകളെ പകരം പ്രതിഷ്ഠിക്കാനും മീ ടൂ പ്രസ്ഥാനത്തിന് സാധിച്ചു. എന്നാൽ, ഇതെത്രത്തോളം കീഴാള സ്ത്രീ യാഥാർഥ്യങ്ങളുമായി ബന്ധമുണ്ടെന്നു വ്യക്തമല്ല.
ഒരു വിഭാഗം മുസ്ലിം/പോസ്റ്റ്-കൊളോണിയൽ ഫെമിനിസ്റ്റുകൾ മറ്റൊരു വിമർശനമായിരുന്നു ഉന്നയിച്ചത്. 2002ൽ സ്ത്രീ ശരീരത്തെ നിയന്ത്രിച്ചു ഭരിക്കുന്ന 'ഇസ്ലാമിക മതമൗലികവാദ'ത്തിനെതിരെക്കൂടിയാണ് അഫ്ഗാനിസ്താനിൽ അടക്കം അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശം നടത്തിയത്. സ്ത്രീശരീരത്തെ നിയന്ത്രിക്കുന്ന മുസ്ലിം പുരുഷാധിപത്യത്തിനെതിരായ അധിനിവേശം എന്ന നിലയിൽ നിരവധി ഫെമിനിസ്റ്റുകൾതന്നെ അഫ്ഗാൻ അധിനിവേശത്തെ പിന്തുണച്ചിരുന്നു. ലിബറൽ ഫെമിനിസവും സാമ്രാജ്യത്വ അധിനിവേശ അജണ്ടകളും ഒന്നുചേർന്ന ഒരു ചരിത്രഘട്ടമായിരുന്നു അത്. എന്നാൽ, കരയുദ്ധത്തിലൂടെയും ആകാശയുദ്ധത്തിലൂടെയും അഫ്ഗാനിസ്താനിൽ അധിനിവേശ സൈന്യത്താൽ കൊല്ലപ്പെട്ടത് 75 ശതമാനം സ്ത്രീകളും കുട്ടികളും ആയിരുന്നു.
മറുവശത്ത്, വികസിത-മുതലാളിത്ത രാജ്യങ്ങളിലെ ഗാർഹിക / തൊഴിൽ ഇടങ്ങളിലെ സ്ത്രീകളുടെ അവസ്ഥയാണ് മീ ടൂ പ്രസ്ഥാനം തുറന്നുകാട്ടുന്നത്. സ്ത്രീവിരുദ്ധതയുടെ പേരിൽ പൗരസ്ത്യ മുസ്ലിം രാജ്യങ്ങളിൽ ലിംഗഭേദമേന്യ നടപ്പാവുന്ന കലക്ടിവ് ശിക്ഷാരീതികൾ –ഡ്രോൺ ആക്രമണം മുതൽ സാമ്പത്തിക ഉപരോധംവരെ– വികസിത മുതലാളിത്ത രാഷ്ട്രങ്ങളിൽ എന്തുകൊണ്ടു നടപ്പാവുന്നില്ല എന്ന ചോദ്യം ഫെമിനിസത്തിന്റെ അധിനിവേശാനന്തര വായനക്കു വളരെ നിർണായകമാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഗാർഹിക-വിനോദ-തൊഴിലിടങ്ങളിൽ പൊതുവാണെങ്കിലും അതിനു സാംസ്കാരിക സംഘർഷത്തിന്റെ വ്യാഖ്യാനം നൽകിയ ലിബറൽ ഫെമിനിസത്തിനെതിരായ ഈ വിമർശനം പക്ഷേ ഇസ്ലാമോഫോബിയ പഠനങ്ങളിൽ (2015ൽ Verso പ്രസിദ്ധീകരിച്ച ക്രിസ്റ്റിൻ ഡെൽഫിയുടെ Separate and Dominate: Feminism and Racism after War on Terror ഉദാഹരണം) വളരെ നേരത്തേയുള്ളതാണ്.
അതിലേറെ പ്രധാനമായത്, ശീതയുദ്ധാനന്തരം വികസിച്ച ഭീകരവേട്ട എന്ന നവ അധിനിവേശ / നവലിബറൽ രാഷ്ട്രീയത്തിന്റെ വ്യക്തിവാദ പ്രവണതകളും സാംസ്കാരിക രാഷ്ട്രീയവും മീ ടൂവിന്റെ വ്യാകരണത്തെ നിശ്ചയിക്കുന്നു. സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രശ്നങ്ങൾ വ്യക്തിയുടെ പ്രശ്നമാക്കി ചുരുക്കുക എന്ന നിയോ-ലിബറൽ സംസ്കാരത്തിൽ ഇത് പരിമിതപ്പെടുന്നില്ല. ഭീകരർ എന്നാരോപിച്ചാൽ കുറ്റാരോപിതർതന്നെ സ്വയം കുറ്റം തെളിയിക്കാൻ നിർബന്ധിതമാവുന്ന തരത്തിൽ നിയമവാഴ്ച സ്തംഭിച്ചുപോവുന്ന സാമൂഹിക-രാഷ്ട്രീയ മാറ്റവും അതിനു വിവിധ ജനാധിപത്യ ദേശരാഷ്ട്രങ്ങളിൽ ലിബറൽ ഫെമിനിസം നൽകിയ സമ്മതവും മീ ടൂവിനെ സാർവലൗകികമാക്കുന്ന സാംസ്കാരിക യുക്തിയാണ്. ലിംഗവത്കരിക്കപ്പെട്ട ഭരണമനോഭാവമെന്ന (gendered governmentality) നിലയിൽ ഇന്ത്യയടക്കമുള്ള ദേശരാഷ്ട്രങ്ങളിൽ മീ ടൂ പ്രസ്ഥാനത്തിനു മറ്റൊരു വിമർശന മണ്ഡലം ആവശ്യമാണെന്ന് വാദിക്കുന്ന ദലിത് ബഹുജൻ ഫെമിനിസ്റ്റുകൾ പറയുന്നതും മറ്റൊന്നല്ല.
ഉപസംസ്കാരങ്ങൾ
മീ ടൂ ഒരു സാംസ്കാരിക ഫെമിനിസ്റ്റ് സ്വഭാവമുള്ള പ്രസ്ഥാനമാകുമ്പോൾതന്നെ അനേകം പുതിയ രാഷ്ട്രീയ ഉപസംസ്കാരങ്ങളും അറിഞ്ഞും അറിയാതെയും അതിന്റെ ഭാഗമായിത്തീരുന്നു. ലിബറൽ രാഷ്ട്രീയത്തിന്റെ പൊതുസമ്മതികളെ അതു പുതുക്കിപ്പണിയുന്നുണ്ട്.
ഉദാഹരണമായി, മീ ടൂ പ്രസ്ഥാനത്തിന്റെ ഭാഗമായ കാൻസൽ കൾചർ (cancel culture) എന്ന പ്രതിഭാസം എടുക്കുക. കുറ്റാരോപിതനെ കുറ്റം തെളിയിക്കപ്പെടുന്നതുവരെ പൊതുയിടങ്ങളിൽനിന്നു മാറ്റിനിർത്തുക എന്ന രീതിയാണത്. അതും കഴിഞ്ഞ് കുറ്റാരോപിതനിൽനിന്നു മൗനം ആവശ്യപ്പെടുന്ന തരത്തിൽ സൈബർ വിചാരണയും വികസിക്കുന്നു. പാശ്ചാത്യ സർവകലാശാലകളിൽ വിയോജിപ്പുള്ള പ്രഭാഷകരെയോ ആക്ടിവിസ്റ്റുകളെയോ തടയാൻ ഉപയോഗിക്കപ്പെട്ട ഒരു രീതിയാണത്. ചില സന്ദർഭങ്ങളിൽ പുരോഗമനപരമായ രാഷ്ട്രീയ മുന്നേറ്റം എന്നതോടൊപ്പം മറ്റു സന്ദർഭങ്ങളിൽ നിയമബാഹ്യമായ വിചാരണയുടെ സ്വഭാവം ഈ രീതിക്കു കൈവരുന്നുവെന്ന പ്രതിസന്ധിയുമുണ്ട്. അതിനാൽ, ഒരേസമയം സ്ത്രീ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുമ്പോൾതന്നെ വ്യക്തിയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വിലങ്ങിടുന്നു. സ്ത്രീ അവകാശ രാഷ്ട്രീയത്തിന്റെ ഇടങ്ങൾക്ക് ന്യായമായും ഒരു ധാർമിക ശക്തി ലഭിക്കുമ്പോൾ ആവിഷ്കാര സ്വാതന്ത്യം എന്ന അവകാശം മറ്റൊരു രീതിയിൽ ചുരുങ്ങിയില്ലാതാവുന്നത് ഏറെ ശ്രദ്ധേയമായ വൈരുധ്യമാണ്. പൊതുമണ്ഡലത്തിന്റെ ബഹുസ്വരതയെ പറ്റി ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം വൈരുധ്യങ്ങൾ ഗൗരവത്തിൽ പരിഗണിക്കേണ്ടതുണ്ട്.
മാത്രമല്ല, നേരത്തേ സൂചിപ്പിച്ചതുപോലെ, വ്യവസ്ഥാപിതമായ അനീതിക്കെതിരായ ചെറുത്തുനിൽപ് എന്നതിനപ്പുറം വ്യക്തികളെ ആക്രമിക്കാനുള്ള ഒരു വഴിയായി മീ ടൂ മാറുന്നുവെന്ന വിമർശനം ഏറെ ഉന്നയിക്കപ്പെട്ടതാണ്. വ്യക്തികളുടെ വിവിധ അധികാരബന്ധങ്ങളെ കണക്കിലെടുക്കാൻ മീ ടൂ പ്രസ്ഥാനത്തിലെ വിവിധ ധാരകൾ വിസമ്മതിക്കുന്നുവെന്ന വിമർശനത്തിൽ കാമ്പുണ്ടെന്നാണ് കരുതുന്നത്.
ബ്ലാക്ക് ഫെമിനിസ്റ്റുകൾ കാൾ ഔട്ട് (call out) എന്ന കീഴാള സാമുദായിക പ്രതികരണത്തിനു പകരം വ്യക്തികളെ ആക്രമിക്കുന്ന കാൻസൽ കൾചറിലേക്കു വഴുതിമാറുന്ന ഈ പ്രവണതയെ വിമർശിക്കുന്നുണ്ട്.
കാൻസൽ കൾചറിന്റെ അതിരൂക്ഷമായ വ്യക്തിവാദത്തിന് എതിരായി പുതിയ രൂപത്തിൽ സംഭാഷണങ്ങൾ വികസിപ്പിക്കുന്ന കാളിങ് ഇൻ (calling in) എന്ന പ്രസ്ഥാനവും മീ ടൂ പ്രസ്ഥാനത്തിന്റെ തണലിൽ വികസിച്ചുവരുന്നു. സംഭാഷണത്തിനും സംവാദത്തിനും പ്രാധാന്യം നൽകുന്നതും ബഹിഷ്കരണത്തിനും അടിച്ചേൽപിക്കലിനും എതിരായതുമായ ഒരു സാമുദായിക പദ്ധതിയാണ് കാളിങ് ഇൻ. ഇത്തരത്തിലുള്ള പുതിയ പരീക്ഷണങ്ങൾ മീ ടൂ പ്രസ്ഥാനത്തെ നവീകരിക്കുമെന്നാണ് കരുതുന്നത്.
കീഴാള പ്രശ്നം
കഴിഞ്ഞ കാലങ്ങളിൽ ഫെമിനിസ്റ്റ് മുന്നേറ്റങ്ങളെയും ഇടപെടലുകളെയും ഏറെ സംഘർഷഭരിതമാക്കിയത് അതിന്റെ കീഴാള ഉള്ളടക്കമാണ്. ഡി കൊളോണിയൽ ഫെമിനിസ്റ്റ് ചിന്തകയായ ലിന്റ അൽക്കോഫിന്റെ (Rape and Resistance: Understanding the Complexities of Sexual Violation, 2018, Polity Press) വീക്ഷണപ്രകാരം മീ ടൂ പ്രസ്ഥാനത്തിലൂടെ വികസിച്ച ലിംഗ-ലൈംഗിക ഹിംസകളെക്കുറിച്ചുള്ള പൊതുസംവാദങ്ങൾ രാഷ്ട്രീയ ഉത്തരവാദിത്തത്തെ പലപ്പോഴും വ്യക്തികളിലേക്കു ചുരുക്കുകയും എന്നാൽ, ഒരുകൂട്ടം എന്നനിലയിൽ ന്യൂനപക്ഷ/ കീഴാള സംസ്കാരത്തെ എളുപ്പം കുറ്റപ്പെടുത്തുകയും പ്രതിയാക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും ലൈംഗിക അതിക്രമത്തിന്റെയും ഹിംസയുടെയും പീഡനത്തിന്റെയും സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തെ സമഗ്രമായി കണക്കിലെടുക്കുന്നില്ല. എല്ലാ ലൈംഗിക ഹിംസകളെയും സാർവലൗകികമായി കാണുന്നതിന് പകരം കീഴാളാവസ്ഥകളുമായി ബന്ധപ്പെടുത്തി വ്യത്യസ്തമായി പരിഗണിക്കേണ്ടതുണ്ടെന്ന് അൽകൊഫ് കരുതുന്നു.
ചുരുക്കത്തിൽ, എന്താണ് ലൈംഗിക ഹിംസ എന്ന പ്രശ്നത്തെപ്പറ്റി ആഴത്തിൽ പുനരാലോചിക്കാൻ മീ ടൂ പ്രസ്ഥാനം നൽകുന്ന സാധ്യത ഏറെ വിപുലമാണ്. അതാവട്ടെ, ഈ കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ചപോലെ, മീ ടൂ പ്രസ്ഥാനത്തെ നിരാകരിക്കുക /സ്വീകരിക്കുക എന്ന ചോയ്സിനെ മറികടക്കുന്ന വിമർശനാവബോധത്തെ അത്യാവശ്യമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.