Begin typing your search above and press return to search.
proflie-avatar
Login

മീ ​ടൂ: ആ​ർ​ക്ക്​? ആ​രു​ടെ? എ​ന്തി​ന്​?

കേ​ര​ള​ത്തി​ൽ ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ സി​വി​ക്​ ച​​ന്ദ്ര​ൻ ലൈം​ഗി​ക അ​തി​ക്ര​മ​ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തോ​ടെ ‘മീ ​ടൂ’​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പ​ല​ത​ല​ത്തി​ൽ മു​ന്നേ​റു​ന്നു​ണ്ട്. ഫെ​മി​നി​സ്റ്റ്​ വൃ​ത്ത​ത്തി​ൽ​ത​ന്നെ പ​ല​ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യഭി​ന്ന​ത​ക​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്നു. ആ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മീ ​ടൂ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​​ത്ര​വും പ്രാ​യോ​ഗി​ക-രാ​ഷ്​​ട്രീ​യ പ്ര​ശ്​​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യാ​ണ്​ ഇൗ ​കു​റി​പ്പ്​.

മീ ​ടൂ: ആ​ർ​ക്ക്​? ആ​രു​ടെ? എ​ന്തി​ന്​?
cancel

സ​മ​കാ​ലി​ക ലിം​ഗ-​ലൈം​ഗി​ക രാ​ഷ്ട്രീ​യ​ത്തെ മാ​റ്റി​പ്പ​ണി​യു​ന്ന സ​വി​ശേ​ഷ സാ​മൂ​ഹി​ക പ്ര​തി​ഭാ​സ​മാ​ണ് മീ ​ടൂ പ്ര​സ്ഥാ​നം. പ്ര​സ്തു​ത സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന്റെ സാ​ധ്യ​ത​ക​ളും പ​രി​മി​തി​ക​ളും സാ​മാ​ന്യ​മാ​യി സൂ​ചി​പ്പി​ച്ചു​കൊ​ണ്ടു​ത​ന്നെ അ​തു തു​റ​ന്നു​ന​ൽ​കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളെ ഹ്ര​സ്വ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​ണ് ഈ ​കു​റി​പ്പ് ശ്ര​മി​ക്കു​ന്ന​ത്. മ​റ്റേ​തൊ​രു സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​വും പോ​ലെ മീ ​ടൂ പ്ര​സ്ഥാ​ന​ത്തെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യൊ​രു വി​ശ​ക​ല​ന​ത്തി​നു നി​ര​വ​ധി പ​രി​മി​തി​ക​ളു​ണ്ട്. കാ​ലം നോ​ക്കാ​തെ​യു​ള്ള...

Your Subscription Supports Independent Journalism

View Plans

​മ​കാ​ലി​ക ലിം​ഗ-​ലൈം​ഗി​ക രാ​ഷ്ട്രീ​യ​ത്തെ മാ​റ്റി​പ്പ​ണി​യു​ന്ന സ​വി​ശേ​ഷ സാ​മൂ​ഹി​ക പ്ര​തി​ഭാ​സ​മാ​ണ് മീ ​ടൂ പ്ര​സ്ഥാ​നം. പ്ര​സ്തു​ത സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന്റെ സാ​ധ്യ​ത​ക​ളും പ​രി​മി​തി​ക​ളും സാ​മാ​ന്യ​മാ​യി സൂ​ചി​പ്പി​ച്ചു​കൊ​ണ്ടു​ത​ന്നെ അ​തു തു​റ​ന്നു​ന​ൽ​കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളെ ഹ്ര​സ്വ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​ണ് ഈ ​കു​റി​പ്പ് ശ്ര​മി​ക്കു​ന്ന​ത്. മ​റ്റേ​തൊ​രു സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​വും പോ​ലെ മീ ​ടൂ പ്ര​സ്ഥാ​ന​ത്തെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യൊ​രു വി​ശ​ക​ല​ന​ത്തി​നു നി​ര​വ​ധി പ​രി​മി​തി​ക​ളു​ണ്ട്. കാ​ലം നോ​ക്കാ​തെ​യു​ള്ള വാ​യ​ന​യേ​ക്കാ​ൾ കാ​ത്തി​രി​പ്പാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ഉ​ചി​ത​മെ​ന്നു തോ​ന്നു​ന്നു. മീ ​ടൂ എ​ന്ന​ത് വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വി​ക​സി​ക്കു​ന്ന ഒ​രു പ്ര​സ്ഥാ​ന​മാ​യ​തു​കൊ​ണ്ടു​ത​ന്നെ ചി​ല പ്ര​ത്യേ​ക പ്ര​വ​ണ​ത​ക​ളെ മാ​ത്ര​മേ ഈ ​കു​റി​പ്പി​ൽ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്നു​ള്ളൂ. സം​ഭ​വ ലോ​ക​ത്ത് ന​ട​ക്കു​ന്ന മീ ​ടൂ പ്ര​സ്ഥാ​ന​ത്തി​ന്റെ യാ​ഥാ​ർ​ഥ്യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ശ​ക്ത​മാ​യി ആ​ലോ​ചി​ക്കു​ക​യെ​ന്ന​ത് അ​തി​നെ നി​രാ​ക​രി​ക്കു​ക/​സ്വീ​ക​രി​ക്കു​ക എ​ന്ന​തി​ലേ​റെ പ്ര​ധാ​ന​മാ​ണ്.

എ​ന്തു​കൊ​ണ്ട് മീ ​ടൂ?

2017ൽ ​ഒ​രു ട്വീ​റ്റി​ലൂ​ടെ​യാ​ണ് മീ ​ടൂ പ്ര​സ്ഥാ​നം അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ൽ പ്ര​ചാ​രം നേ​ടു​ന്ന​ത്. ഹോ​ളി​വു​ഡ് നി​ർ​ണ​യി​ച്ച അ​മേ​രി​ക്ക​ൻ സം​സ്കാ​ര​ത്തി​ന്റെ ആ​ഗോ​ള സ്വാ​ധീ​നം​പോ​ലെ മീ ​ടൂ​വും പി​ന്നീ​ട് പ്ര​ചാ​രം നേ​ടി.

വി​വി​ധ വീ​ക്ഷ​ണ​കോ​ണു​ക​ളി​ൽ മീ ​ടൂ പ്ര​സ്ഥാ​ന​ത്തെ വി​ല​യി​രു​ത്തു​ന്ന പ​ഠ​ന​ങ്ങ​ളു​ണ്ട്. അ​തി​ൽ ശ്ര​ദ്ധേ​യ​മാ​യ ര​ണ്ടു സ​മീ​പ​ന​ങ്ങ​ൾ ഇ​വ​യാ​ണ്.

ഒ​ന്ന്: സ്ത്രീ ​രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് സാം​സ്കാ​രി​ക ആ​ക്ടി​വി​സ​ത്തി​ന്റെ മേ​ഖ​ല​യി​ൽ അ​തിശ​ക്ത​മാ​യ ഇ​ട​മാ​ണ് മീ ​ടൂ പ്ര​സ്ഥാ​നം സാ​ധ്യ​മാ​ക്കി​യ​തെ​ന്ന് ഫെ​മി​നി​സ്റ്റ് ചി​ന്ത​ക​യാ​യ കാ​ത​റി​ൻ മ​ക്കി​നൊ​ൻ 2020ൽ ​എ​ഴു​തി​യ Global #MeToo. (Noel, A.M. and Oppenheimer, D.B. (എ​ഡി.). The Global #MeToo Movement, Full Court Press, പേ​ജ് 1-15) എ​ന്ന ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു. കാ​ര​ണം, പ​ല ആ​ധു​നി​ക ദേ​ശ​രാ​ഷ്ട്ര​ങ്ങ​ളി​ലും ഫെ​മി​നി​സ്റ്റ് പ്ര​സ്ഥാ​നം സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ത്തെ​ക്കാ​ൾ നി​യ​മ രാ​ഷ്ട്രീ​യ​ത്തെ​യാ​ണ് അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. നി​ര​വ​ധി നി​യ​മ​സ്വ​ഭാ​വ​മു​ള്ള പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​ക​ളി​ലൂ​ടെ ഫെ​മി​നി​സ്റ്റു​ക​ൾ നേ​ടി​യെ​ടു​ത്ത ലിം​ഗ-​ലൈം​ഗി​ക അ​വ​കാ​ശ​ങ്ങ​ൾ ഒ​രു വ​ശ​ത്തു​ള്ള​തോ​ടൊ​പ്പം​ത​ന്നെ സം​സ്കാ​ര​ത്തി​ന്റെ മേ​ഖ​ല​യി​ൽ ഇ​ത്ത​ര​മൊ​രു മു​ന്നേ​റ്റം എ​ന്നും ഒ​രു ത​ട​സ്സ​മാ​യി ഫെ​മി​നി​സ്റ്റു​ക​ൾ​ക്കു മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. അ​വ​കാ​ശ വ്യ​വ​ഹാ​ര​ത്തോ​ടൊ​പ്പം ഒ​രു പു​ത്ത​ൻ സാം​സ്കാ​രി​ക ശ​ക്തി​യാ​യി മാ​റാ​ൻ ഫെ​മി​നി​സം ഏ​റെ ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന തി​രി​ച്ച​റി​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​താ​വ​ട്ടെ, വി​വി​ധ രീ​തി​യി​ൽ ഫെ​മി​നി​സ്റ്റു​ക​ളെ പു​തി​യ വ​ഴി​ക​ൾ വെ​ട്ടി​ത്തു​റ​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു. എ​ന്നാ​ൽ, ച​രി​ത്ര​പ​ര​മാ​യ ഈ ​ത​ട​സ്സ​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​ലൂ​ടെ മീ ​ടൂ പ്ര​സ്ഥാ​നം ഫെ​മി​നി​സ​ത്തെ​യും അ​നു​ബ​ന്ധ അ​വ​കാ​ശ രാ​ഷ്ട്രീ​യ​ത്തെ​യും മാ​റ്റി​പ്പ​ണി​യു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് മ​ക്കി​നൊ​ൻ ക​രു​തു​ന്നു.


ഒ​രുകാ​ല​ത്ത് ഫെ​മി​നി​സ്റ്റ് രാ​ഷ്ട്രീ​യ​ത്തി​ന് ഏ​റെ ബ​ലം ന​ൽ​കി​യ നി​യ​മ രാ​ഷ്ട്രീ​യ​ത്തി​ന്റെ പ​തി​വ് ഉ​പാ​ധി​ക​ൾ​ത​ന്നെ ത​ള്ളി​ക്ക​ള​ഞ്ഞാ​ണ് മീ ​ടൂ പ്ര​സ്ഥാ​നം ഉ​ട​ലെ​ടു​ക്കു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, കു​റ്റം തെ​ളി​യി​ക്കു​ന്ന​തു​വ​രെ ഏ​തൊ​രാ​ളും നി​ര​പ​രാ​ധി​യാ​ണെ​ന്ന അ​തി​പ്ര​ധാ​ന നി​യ​മ​സ​ങ്ക​ൽ​പ​ത്തെ​ത​ന്നെ മീ ​ടൂ പ്ര​സ്ഥാ​നം വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​മ്പ് ആ​രെ​യും കു​റ്റ​വാ​ളി​യാ​യി ക​ണ​ക്കാ​ക്കാ​ൻ പാ​ടി​ല്ല (the presumption of innocence) എ​ന്ന​താ​ണ​ല്ലോ നി​യ​മ​പ​ര​മാ​യ കീ​ഴ്‌​വ​ഴ​ക്കം. അ​തോ​ടൊ​പ്പം മ​റ്റൊ​രു പ്ര​ശ്ന​മേ​ഖ​ല ഉ​യ​ർ​ന്നു​വ​ന്ന​ത് ഡ്യൂ ​പ്രൊ​സ​സ് (due process) എ​ന്ന നി​യ​മവ്യ​വ​ഹാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്. മീ ​ടൂ ഈ ​അ​ർ​ഥ​ത്തി​ൽ വ​ള​രെ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ശ്ന​പ​രി​സ​ര​മാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു സ്ത്രീ​ക്കെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ന​ട​ത്താ​ൻ നാ​ല് സാ​ക്ഷി​ക​ൾ വേ​ണ​മെ​ന്ന നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഇ​സ്‌​ലാ​മി​ക നി​യ​മത​ത്ത്വം ത​ന്നെ​യെ​ടു​ക്കു​ക. ലേ​റ്റ് ആ​ന്റി​ക്വി​റ്റി (late antiquity) എ​ന്നു ച​രി​ത്ര​കാ​ര​ൻ​മാ​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന ഏ​ഴാം നൂ​റ്റാ​ണ്ടി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ ലൈം​ഗി​ക ബ​ന്ധ​ത്തെ മു​ൻ​നി​ർ​ത്തി ഒ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ പൊ​തു​വി​ചാ​ര​ണ ന​ട​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഖു​ർ​ആ​ൻ ഏ​തു ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​നും നാ​ലു സാ​ക്ഷി​ക​ൾ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന നി​ർ​ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മ​ന​സ്സി​ലാ​ക്കേ​ണ്ട മ​റ്റൊ​രു കാ​ര്യം, അ​ക്കാ​ലം മു​ത​ൽ​ക്കേ പു​രു​ഷ​ൻ​മാ​ർ ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​നു​ള്ള വ​സ്തു​വാ​യി ചു​രു​ങ്ങി​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ മീ ​ടൂ പ്ര​സ്ഥാ​നം പു​രു​ഷ​ൻ​മാ​രെ ലൈം​ഗി​കാ​രോ​പ​ണ​ത്തി​ന്റെ സ്ഥ​ല​മാ​യി ക​ണ്ടെ​ടു​ക്കു​ന്നു​വെ​ന്ന​തി​ൽ ച​രി​ത്ര​പ​ര​മാ​യ ഒ​രു മാ​റ്റു​ണ്ട്. ഇ​ത്ര​യും വ​ലി​യൊ​രു ആ​ഗോ​ള ച​ല​ന​ത്തി​നു മീ ​ടൂ പ്ര​സ്ഥാ​നം കാ​ര​ണ​മാ​യി; അ​തി​ന്റെ നി​യ​മ-​സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വേ​റെ വി​ല​യി​രു​ത്ത​ലു​ക​ൾ​ക്ക് വി​ധേ​യ​മാ​കേ​ണ്ട​തു​ണ്ടെ​ന്ന​ത് പ​റ​യു​മ്പോ​ഴും.

ര​ണ്ട്: ഫെ​മി​നി​സ്റ്റ് ച​രി​ത്ര​ത്തി​ൽ​ത​ന്നെ മീ ​ടൂ പ്ര​സ്ഥാ​ന​ത്തെ എ​വി​ടെ സ്ഥാ​ന​പ്പെ​ടു​ത്തു​മെ​ന്ന പ്ര​ശ്ന​വും ഉ​ന്ന​യി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. സ്ത്രീ​ക​ളു​ടെ സാ​മ്പ​ത്തി​ക അ​വ​കാ​ശ​ങ്ങ​ൾ, വോ​ട്ട​വ​കാ​ശ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ന്നി​യ ഒ​ന്നാം ത​രം​ഗ ഫെ​മി​നി​സ​വും സാ​മൂ​ഹി​ക തു​ല്യ​ത​യി​ല​ധി​ഷ്ഠി​ത​മാ​യ തൊ​ഴി​ല​വ​കാ​ശ​ങ്ങ​ളും പ്ര​ത്യു​ൽ​പാ​ദ​ന അ​വ​കാ​ശ​വും അ​ട​ങ്ങി​യ ര​ണ്ടാം​ത​രം​ഗ ഫെ​മി​നി​സ​വും അ​ല്ല മീ ​ടൂ പ്ര​സ്ഥാ​ന​ത്തി​ന്റെ മാ​തൃ​ക. മൂ​ന്നാം ത​രം​ഗ ഫെ​മി​നി​സ​ത്തി​ലാ​ണ് മീ ​ടൂ പ്ര​സ്ഥാ​ന​ത്തെ ഒ​രു വി​ഭാ​ഗം ഫെ​മി​നി​സ്റ്റു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. അ​താ​യ​ത്, ബ​ലാ​ത്സം​ഗ​ത്തി​നെ​തി​രെ​യും ലൈം​ഗി​ക ഹിം​സ​ക്കെ​തി​രെ​യും ന​ട​ന്ന സ്ത്രീ ​മു​ന്നേ​റ്റ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ് മീ ​ടൂ പ്ര​സ്ഥാ​ന​മെ​ന്ന് റേ​ച്ച​ൽ ലോ​നി-​ഹോ​വാ​സ് #MeToo and the Politics of Social Change (2019, Palgrave Macmillan) എ​ന്ന പു​സ്ത​ക​ത്തി​ൽ നി​രീ​ക്ഷി​ക്കു​ന്നു.

യ​ഥാ​ർ​ഥ​ത്തി​ൽ മീ ​ടൂ പ്ര​സ്ഥാ​ന​ത്തി​ന്റെ സൈ​ദ്ധാ​ന്തി​ക പ​രി​പ്രേ​ക്ഷ്യ​ത്തെ​പ്പ​റ്റി ധാ​രാ​ളം അ​വ്യ​ക്ത​ത​ക​ൾ ഇ​ന്ന് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ​ത​ന്നെ മ​റ്റൊ​രു വി​ഭാ​ഗം ഫെ​മി​നി​സ്റ്റു​ക​ൾ സൈ​ബ​ർ ഫെ​മി​നി​സ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള നാ​ലാം ത​രം​ഗ ഫെ​മി​നി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി മീ ​ടൂ പ്ര​സ്ഥാ​ന​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഹാ​ഷ് ടാ​ഗ് ഉ​പ​യോ​ഗി​ച്ച് തൊ​ഴി​ലി​ട​ങ്ങ​ളി​ലെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തെ ചെ​റു​ക്കു​ന്ന രീ​തി അ​വ​ർ ഉ​ദാ​ഹ​ര​ണ​മാ​യെ​ടു​ക്കു​ന്നു. സമൂഹമാ​ധ്യ​മ​ങ്ങ​ളി​ലെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യു​ടെ സ്വ​ഭാ​വ​വും ഇ​തി​നു കൈ​വ​രു​ന്നു​വെ​ന്നാ​ണ് ഇ​തി​ന്റെ മ​റു​വ​ശം. എ​ങ്കി​ലും ഫാ​ഷി​സ്റ്റ് വി​രു​ദ്ധ ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ ശ​ക്തി​യാ​ണ് മീ ​ടൂ പ്ര​സ്ഥാ​ന​ത്തി​നു​ള്ള​തെ​ന്നു അ​നു​കൂ​ലി​ക​ൾ വാ​ദി​ക്കു​ന്നു.

മ​റ​ക്ക​പ്പെ​ട്ട ച​രി​ത്രം

ദൃ​ശ്യ​ത​യു​ള്ള ഒ​രു മു​ഖ്യ​ധാ​രാ ഫെ​മി​നി​സ്റ്റ് പ്ര​സ്ഥാ​നം എ​ന്ന നി​ല​യി​ൽ മീ ​ടൂ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് പാ​ത്ര​മാ​യി​ട്ടു​ണ്ട്. അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ൽ​പോ​ലും വി​വി​ധത​ര​ത്തി​ലു​ള്ള ന്യൂ​ന​പ​ക്ഷ ഫെ​മി​നി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് മീ ​ടൂ എ​ന്ന വ്യ​വ​ഹാ​രം ഉ​യ​ർ​ന്നു​വ​ന്ന​ത്.

2007ൽ ​ബ്ലാ​ക്ക് ഫെ​മി​നി​സ്റ്റ് ആ​ക്ടി​വി​സ്റ്റാ​യ ത​ര​ന ബ​ക്ക്, വി​വി​ധ ന്യൂ​ന​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മെ​ന്നോ​ണം ഒ​രു കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ അ​തി​നു വേ​ണ്ട​ത്ര മാ​ധ്യ​മ​ശ്ര​ദ്ധ ല​ഭി​ച്ചി​ല്ല. ത​ര​ന ബ​ക്ക് Awakening #MeToo and the Global Fight for Women's Rights (2021, Public Affairs) എ​ന്ന എ​ഡി​റ്റ​ഡ് വോ​ള്യ​ത്തി​ന് എ​ഴു​തി​യ ആ​മു​ഖ​ത്തി​ൽ ഈ ​വി​മ​ർ​ശ​ന​ത്തി​ന്റെ മു​ഖ്യവാ​ദ​ങ്ങ​ൾ വാ​യി​ക്കാ​വു​ന്ന​താ​ണ്. ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ ശ​ബ്ദ​ത്തി​നു ഒ​രു കൂ​ട്ടാ​യ മാ​നം ന​ൽ​കാ​ൻ ബ​ക്ക് ശ്ര​മി​ച്ചി​രു​ന്നു. 'ആക്ര​മി​ക്ക​പ്പെ​ടു​ന്ന/ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന സ്ത്രീ' ​എ​ന്ന ഏ​ക​ക​ത്തെ മാ​ത്രം പ​രി​ഗ​ണി​ച്ച​ല്ല തു​ട​ക്ക​ത്തി​ൽ ത​ര​ന ബ​ക്ക് അ​ട​ക്ക​മു​ള്ള​വ​ർ മീ ​ടൂ പ്ര​സ്ഥാ​നം വി​ക​സി​പ്പി​ക്കു​ന്ന​തെ​ന്ന കാ​ര്യം അ​ടി​വ​ര​യി​ടേ​ണ്ട​തു​ണ്ട്. ഇ​താ​വ​ട്ടെ, മു​ഖ്യ​ധാ​രാ മീ ​ടൂ വ്യ​വ​ഹാ​ര​ങ്ങ​ൾ മ​റ​ന്നു​പോ​യ ഒ​രു രീ​തി​ശാ​സ്ത്ര​പ​ര​മാ​യ ഊ​ന്ന​ലാ​ണ്.

 ത​ര​ന ബ​ക്ക്

 ത​ര​ന ബ​ക്ക്

ബ്ലാ​ക്ക് ഫെ​മി​നി​സ്റ്റ് ചി​ന്ത​ക​യാ​യ ആ​ഞ്ജ​ല ഡേ​വി​സും 2021ൽ ​എ​ഴു​തി​യ Struggle, Solidarity, and Social Change എ​ന്ന ലേ​ഖ​ന​ത്തി​ൽ (By Giti Chandra, Irma Erlingsdottir (എ​ഡി.). The Routledge Handbook of the Politics of the #MeToo Movement. Routledge, പേ​ജ്: 27-33) ഈ ​വി​മ​ർ​ശ​നം പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. കാ​ര​ണം, ക​റു​ത്ത​വ​രും വി​വി​ധ വം​ശീ​യ ന്യൂ​ന​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളും ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന്റെ പ​രി​ഹാ​രം സാ​മു​ദാ​യി​ക​മാ​യ പ്ര​ശ്ന​മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ചി​രു​ന്ന​ത്. സാ​മൂ​ഹി​ക വി​ചാ​ര​ണ​ക്ക​പ്പു​റം വേ​ദ​ന​ക്കും ഒ​റ്റ​പ്പെ​ട​ലി​നും കൂ​ട്ടാ​യ പ​രി​ഹാ​രം അ​ന്വേ​ഷി​ക്കാ​നാ​ണ് ബ്ലാ​ക്ക് ഫെ​മി​നി​സ്റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ക​സി​ച്ച മീ ​ടൂ പ്ര​സ്ഥാ​നം ശ്ര​മി​ച്ച​ത്.

എ​ന്നാ​ൽ, ഉ​പ​രി​വ​ർ​ഗ-​വെ​ളു​ത്ത സ്ത്രീ​ക​ൾ​ക്ക് മീ ​ടൂ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ 2017ൽ ​പ്രാ​മു​ഖ്യം കി​ട്ടു​ന്ന​തോ​ടു​കൂ​ടി അ​ത് മ​റ്റൊ​രു മേ​ഖ​ല​യി​ലേ​ക്ക് വ​ഴിമാ​റി. ഇ​തൊ​രു ത​ര​ത്തി​ലു​ള്ള അ​പ്രോ​പ്രി​യേ​ഷ​ൻ കൂ​ടി​യാ​യി​രു​ന്നു. കൂ​ട്ടാ​യ സാ​മു​ദാ​യി​ക പ​രി​ഹാ​രം എ​ന്ന​നി​ല​യി​ൽനി​ന്നു മീ ​ടൂ പ്ര​സ്ഥാ​നം മാ​റി. പ​ക​രം മാ​ധ്യ​മ​ശ്ര​ദ്ധ​യി​ലൂ​ടെ വ്യ​ക്തി​ക​ൾ​ക്ക് പ​രി​ഗ​ണ​ന​യും അ​വ​ഗ​ണ​ന​യും കി​ട്ടു​ന്ന​തി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ എ​ത്തി​പ്പെ​ട്ടു. വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള അ​ധി​കാ​ര സം​ഘ​ർ​ഷ​മാ​യി ഇ​തു ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ടു. വ്യ​വ​സ്ഥ​യും സ​മു​ദാ​യ​വും എ​ന്നീ പ​രി​ഗ​ണ​ന​ക​ൾ ന​ഷ്ട​പ്പെ​ട്ടു പോ​യി.

ഉ​ദാ​ഹ​ര​ണ​മാ​യി, മീ​ ടൂ പ്ര​സ്ഥാ​ന​ത്തി​നു ശേ​ഷം ഒ​രുവ​ശ​ത്ത് ഉ​യ​ർ​ന്ന​വ​ർ​ഗ​ത്തി​ലു​ള്ള സ്ത്രീ​ക​ൾ​ക്ക് എ​തി​രെ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ൾ നി​ർ​ബ​ന്ധി​ത​മാ​യി. യ​ഥാ​ർ​ഥ​ത്തി​ൽ ലിം​ഗ​നീ​തി സാ​ക്ഷാ​ത്ക​രി​ക്കു​ക എ​ന്ന​തി​ന​പ്പു​റം തൊ​ലി​പ്പു​റ​മേ​യു​ള്ള മാ​റ്റ​ങ്ങ​ൾ വ​രു​ത്തി പ​ബ്ലി​ക് റി​ലേ​ഷ​ൻ വ്യാ​യാ​മം ന​ട​ത്തി ര​ക്ഷ​പ്പെ​ടാ​നാ​ണ് കോ​ർ​പ​റേ​റ്റു​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ആ​ഞ്ജ​ല ഡേ​വി​സ് വി​മ​ർ​ശി​ക്കു​ന്നു.

എ​ന്നാ​ൽ, മീ ​ടൂ പ്ര​സ്ഥാ​ന​ത്തി​ന്റെ നേ​ട്ട​വും ചെ​റു​ത​ല്ല എ​ന്ന് അ​നു​കൂ​ലി​ക്കു​ന്ന ഫെ​മി​നി​സ്റ്റു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ൽ ന​ട​ന്നി​ട്ടു​ള്ള ഇ​ല​ക്ഷ​നു​ക​ളി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം 30 ശ​ത​മാ​നം കൂ​ടാ​നും അ​തി​ലൂ​ടെ അ​ധി​കാ​ര പ​ങ്കാ​ളി​ത്തം ല​ഭി​ക്കാ​നും മീ​ ടൂ പ്ര​സ്ഥാ​നം കാ​ര​ണ​മാ​യി. ഇ​രു​നൂ​റോ​ളം പു​രു​ഷ​ന്മാ​രെ സ്വ​ന്തം അ​ധി​കാ​രസ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് താ​ഴെ​യി​റ​ക്കാ​നും 54 സ്ത്രീ​ക​ളെ പ​ക​രം പ്ര​തി​ഷ്ഠി​ക്കാ​നും മീ ​ടൂ പ്ര​സ്ഥാ​ന​ത്തി​ന് സാ​ധി​ച്ചു. എ​ന്നാ​ൽ, ഇ​തെ​ത്ര​ത്തോ​ളം കീ​ഴാ​ള സ്ത്രീ ​യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു വ്യ​ക്ത​മ​ല്ല.

ഒ​രു വി​ഭാ​ഗം മു​സ്‌​ലിം/​പോ​സ്റ്റ്-​കൊ​ളോ​ണി​യ​ൽ ഫെ​മി​നി​സ്റ്റു​ക​ൾ മ​റ്റൊ​രു വി​മ​ർ​ശ​ന​മാ​യി​രു​ന്നു ഉ​ന്ന​യി​ച്ച​ത്. 2002ൽ ​സ്ത്രീ ശ​രീ​ര​ത്തെ നി​യ​ന്ത്രി​ച്ചു ഭ​രി​ക്കു​ന്ന 'ഇ​സ്‌​ലാ​മി​ക മ​ത​മൗ​ലി​ക​വാ​ദ'​ത്തി​നെ​തി​രെ​ക്കൂ​ടി​യാ​ണ് അ​ഫ്ഗാ​നി​സ്താ​നി​ൽ അ​ട​ക്കം അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വ അ​ധി​നി​വേ​ശം ന​ട​ത്തി​യ​ത്. സ്ത്രീ​ശ​രീ​ര​ത്തെ നി​യ​ന്ത്രി​ക്കു​ന്ന മു​സ്‌​ലിം പു​രു​ഷാ​ധി​പ​ത്യ​ത്തി​നെ​തി​രാ​യ അ​ധി​നി​വേ​ശം എ​ന്ന നി​ല​യി​ൽ നി​ര​വ​ധി ഫെ​മി​നി​സ്റ്റു​ക​ൾ​ത​ന്നെ അ​ഫ്ഗാ​ൻ അ​ധി​നി​വേ​ശ​ത്തെ പി​ന്തു​ണ​ച്ചി​രു​ന്നു. ലി​ബ​റ​ൽ ഫെ​മി​നി​സ​വും സാ​മ്രാ​ജ്യ​ത്വ അ​ധി​നി​വേ​ശ അ​ജ​ണ്ട​ക​ളും ഒ​ന്നു​ചേ​ർ​ന്ന ഒ​രു ച​രി​ത്ര​ഘ​ട്ട​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ, ക​ര​യു​ദ്ധ​ത്തി​ലൂ​ടെ​യും ആ​കാ​ശ​യു​ദ്ധ​ത്തി​ലൂ​ടെ​യും അ​ഫ്ഗാ​നി​സ്താ​നി​ൽ അ​ധി​നി​വേ​ശ സൈ​ന്യ​ത്താ​ൽ കൊ​ല്ല​പ്പെ​ട്ട​ത് 75 ശ​ത​മാ​നം സ്ത്രീ​ക​ളും കു​ട്ടി​ക​ളും ആ​യി​രു​ന്നു.

മ​റു​വ​ശ​ത്ത്, വി​ക​സി​ത-​മു​ത​ലാ​ളി​ത്ത രാ​ജ്യ​ങ്ങ​ളി​ലെ ഗാ​ർ​ഹി​ക / തൊ​ഴി​ൽ ഇ​ട​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ​യാ​ണ് മീ ​ടൂ പ്ര​സ്ഥാ​നം തു​റ​ന്നു​കാ​ട്ടു​ന്ന​ത്. സ്ത്രീ​വി​രു​ദ്ധ​ത​യു​ടെ പേ​രി​ൽ പൗ​ര​സ്ത്യ മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ ലിം​ഗ​ഭേ​ദ​മ​േ​ന്യ ന​ട​പ്പാ​വു​ന്ന ക​ല​ക്ടി​വ് ശി​ക്ഷാ​രീ​തി​ക​ൾ –ഡ്രോ​ൺ ആ​ക്ര​മ​ണം മു​ത​ൽ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം​വ​രെ– വി​ക​സി​ത മു​ത​ലാ​ളി​ത്ത രാ​ഷ്ട്ര​ങ്ങ​ളി​ൽ എ​ന്തു​കൊ​ണ്ടു ന​ട​പ്പാ​വു​ന്നി​ല്ല എ​ന്ന ചോ​ദ്യം ഫെ​മി​നി​സ​ത്തി​ന്റെ അ​ധി​നി​വേ​ശാ​ന​ന്ത​ര വാ​യ​ന​ക്കു വ​ള​രെ നി​ർ​ണാ​യ​ക​മാ​ണ്. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ഗാ​ർ​ഹി​ക-​വി​നോ​ദ-​തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പൊ​തു​വാ​ണെ​ങ്കി​ലും അ​തി​നു സാം​സ്കാ​രി​ക സം​ഘ​ർ​ഷ​ത്തി​ന്റെ വ്യാ​ഖ്യാ​നം ന​ൽ​കി​യ ലി​ബ​റ​ൽ ഫെ​മി​നി​സ​ത്തി​നെ​തി​രാ​യ ഈ ​വി​മ​ർ​ശ​നം പ​ക്ഷേ ഇ​സ്‌​ലാ​മോ​ഫോ​ബി​യ പ​ഠ​ന​ങ്ങ​ളി​ൽ (2015ൽ Verso ​പ്ര​സി​ദ്ധീ​ക​രി​ച്ച ക്രി​സ്റ്റി​ൻ ഡെ​ൽ​ഫി​യു​ടെ Separate and Dominate: Feminism and Racism after War on Terror ഉ​ദാ​ഹ​ര​ണം) വ​ള​രെ നേ​ര​ത്തേ​യു​ള്ള​താ​ണ്.

അ​തി​ലേ​റെ പ്ര​ധാ​ന​മാ​യ​ത്, ശീ​ത​യു​ദ്ധാ​ന​ന്ത​രം വി​ക​സി​ച്ച ഭീ​ക​ര​വേ​ട്ട എ​ന്ന ന​വ അ​ധി​നി​വേ​ശ / ന​വ​ലി​ബ​റ​ൽ രാ​ഷ്ട്രീ​യ​ത്തി​ന്റെ വ്യ​ക്തി​വാ​ദ പ്ര​വ​ണ​ത​ക​ളും സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ​വും മീ ​ടൂ​വി​ന്റെ വ്യാ​ക​ര​ണ​ത്തെ നി​ശ്ച​യി​ക്കു​ന്നു. സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ-​സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ വ്യ​ക്തി​യു​ടെ പ്ര​ശ്ന​മാ​ക്കി ചു​രു​ക്കു​ക എ​ന്ന നി​യോ-​ലി​ബ​റ​ൽ സം​സ്കാ​ര​ത്തി​ൽ ഇ​ത് പ​രി​മി​ത​പ്പെ​ടു​ന്നി​ല്ല. ഭീ​ക​ര​ർ എ​ന്നാ​രോ​പി​ച്ചാ​ൽ കു​റ്റാ​രോ​പി​ത​ർ​ത​ന്നെ സ്വ​യം കു​റ്റം തെ​ളി​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​വു​ന്ന ത​ര​ത്തി​ൽ നി​യ​മ​വാ​ഴ്ച സ്തം​ഭി​ച്ചു​പോ​വു​ന്ന സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ മാ​റ്റ​വും അ​തി​നു വി​വി​ധ ജ​നാ​ധി​പ​ത്യ ദേ​ശ​രാ​ഷ്ട്ര​ങ്ങ​ളി​ൽ ലി​ബ​റ​ൽ ഫെ​മി​നി​സം ന​ൽ​കി​യ സ​മ്മ​ത​വും മീ ​ടൂ​വി​നെ സാ​ർ​വ​ലൗ​കി​ക​മാ​ക്കു​ന്ന സാം​സ്കാ​രി​ക യു​ക്തി​യാ​ണ്. ലിം​ഗ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഭ​ര​ണ​മ​നോ​ഭാ​വ​മെ​ന്ന (gendered governmentality) നി​ല​യി​ൽ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ദേ​ശ​രാ​ഷ്ട്ര​ങ്ങ​ളി​ൽ മീ ​ടൂ പ്ര​സ്ഥാ​ന​ത്തി​നു മ​റ്റൊ​രു വി​മ​ർ​ശ​ന മ​ണ്ഡ​ലം ആ​വ​ശ്യ​മാ​ണെ​ന്ന് വാ​ദി​ക്കു​ന്ന ദ​ലി​ത് ബ​ഹു​ജ​ൻ ഫെ​മി​നി​സ്റ്റു​ക​ൾ പ​റ​യു​ന്ന​തും മ​റ്റൊ​ന്ന​ല്ല.

ഉ​പ​സം​സ്കാ​ര​ങ്ങ​ൾ

മീ ​ടൂ ഒ​രു സാം​സ്കാ​രി​ക ഫെ​മി​നി​സ്റ്റ് സ്വ​ഭാ​വ​മു​ള്ള പ്ര​സ്ഥാ​ന​മാ​കു​മ്പോ​ൾ​ത​ന്നെ അ​നേ​കം പു​തി​യ രാ​ഷ്ട്രീ​യ ഉ​പ​സം​സ്കാ​ര​ങ്ങ​ളും അ​റി​ഞ്ഞും അ​റി​യാ​തെ​യും അ​തി​ന്റെ ഭാ​ഗ​മാ​യിത്തീ​രു​ന്നു. ലി​ബ​റ​ൽ രാ​ഷ്ട്രീ​യ​ത്തി​ന്റെ പൊ​തു​സ​മ്മതി​ക​ളെ അ​തു പു​തു​ക്കി​പ്പ​ണി​യു​ന്നു​ണ്ട്.

ഉ​ദാ​ഹ​ര​ണ​മാ​യി, മീ ​ടൂ പ്ര​സ്ഥാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യ കാ​ൻ​സ​ൽ ക​ൾ​ച​ർ (cancel culture) എ​ന്ന പ്ര​തി​ഭാ​സം എ​ടു​ക്കു​ക. കു​റ്റാ​രോ​പി​ത​നെ കു​റ്റം തെ​ളി​യി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ പൊ​തു​യി​ട​ങ്ങ​ളി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്തു​ക എ​ന്ന രീ​തി​യാ​ണ​ത്. അ​തും ക​ഴി​ഞ്ഞ് കു​റ്റാ​രോ​പി​ത​നി​ൽ​നി​ന്നു മൗ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ൽ സൈ​ബ​ർ വി​ചാ​ര​ണ​യും വി​ക​സി​ക്കു​ന്നു. പാ​ശ്ചാ​ത്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​യോ​ജി​പ്പു​ള്ള പ്ര​ഭാ​ഷ​ക​രെ​യോ ആ​ക്ടി​വി​സ്റ്റു​ക​ളെ​യോ ത​ട​യാ​ൻ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട ഒ​രു രീ​തി​യാ​ണ​ത്. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പു​രോ​ഗ​മ​ന​പ​ര​മാ​യ രാ​ഷ്ട്രീ​യ മു​ന്നേ​റ്റം എ​ന്ന​തോ​ടൊ​പ്പം മ​റ്റു സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ നി​യ​മബാ​ഹ്യ​മാ​യ വി​ചാ​ര​ണ​യു​ടെ സ്വ​ഭാ​വം ഈ ​രീ​തി​ക്കു കൈ​വ​രു​ന്നു​വെ​ന്ന പ്ര​തി​സ​ന്ധി​യു​മു​ണ്ട്. അ​തി​നാ​ൽ, ഒ​രേസ​മ​യം സ്ത്രീ ​അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​മ്പോ​ൾത​ന്നെ വ്യ​ക്തി​യു​ടെ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നു വി​ല​ങ്ങി​ടു​ന്നു. സ്ത്രീ ​അ​വ​കാ​ശ രാ​ഷ്ട്രീ​യ​ത്തി​ന്റെ ഇ​ട​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യും ഒ​രു ധാ​ർ​മി​ക ശ​ക്തി ല​ഭി​ക്കു​മ്പോ​ൾ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്യം എ​ന്ന അ​വ​കാ​ശം മ​റ്റൊ​രു രീ​തി​യി​ൽ ചു​രു​ങ്ങി​യി​ല്ലാ​താ​വു​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ വൈ​രു​ധ്യ​മാ​ണ്. പൊ​തു​മ​ണ്ഡ​ല​ത്തി​ന്റെ ബ​ഹു​സ്വ​ര​ത​യെ​ പ​റ്റി ചി​ന്തി​ക്കു​ന്ന​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത്ത​രം വൈ​രു​ധ്യ​ങ്ങ​ൾ ഗൗ​ര​വ​ത്തി​ൽ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്.

ക്രി​സ്റ്റി​ൻ ഡെ​ൽ​ഫി​

ക്രി​സ്റ്റി​ൻ ഡെ​ൽ​ഫി​

മാ​ത്ര​മ​ല്ല, നേ​ര​ത്തേ സൂ​ചി​പ്പി​ച്ച​തു​പോ​ലെ, വ്യ​വ​സ്ഥാ​പി​ത​മാ​യ അ​നീ​തി​ക്കെ​തി​രാ​യ ചെ​റു​ത്തു​നി​ൽ​പ് എ​ന്ന​തി​ന​പ്പു​റം വ്യ​ക്തി​ക​ളെ ആ​ക്ര​മി​ക്കാ​നു​ള്ള ഒ​രു വ​ഴി​യാ​യി മീ ​ടൂ മാ​റു​ന്നു​വെ​ന്ന വി​മ​ർ​ശ​നം ഏ​റെ ഉ​ന്ന​യി​ക്ക​പ്പെ​ട്ട​താ​ണ്. വ്യ​ക്തി​ക​ളു​ടെ വി​വി​ധ അ​ധി​കാ​രബ​ന്ധ​ങ്ങ​ളെ ക​ണ​ക്കി​ലെ​ടു​ക്കാ​ൻ മീ ​ടൂ പ്ര​സ്ഥാ​ന​ത്തി​ലെ വി​വി​ധ ധാ​ര​ക​ൾ വി​സ​മ്മ​തി​ക്കു​ന്നു​വെ​ന്ന വി​മ​ർ​ശ​ന​ത്തി​ൽ കാ​മ്പു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ബ്ലാ​ക്ക് ഫെ​മി​നി​സ്റ്റു​ക​ൾ കാ​ൾ​ ഔ​ട്ട് (call out) എ​ന്ന കീ​ഴാ​ള സാ​മു​ദാ​യി​ക പ്ര​തി​ക​ര​ണ​ത്തി​നു പ​ക​രം വ്യ​ക്തി​ക​ളെ ആ​ക്ര​മി​ക്കു​ന്ന കാ​ൻ​സ​ൽ ക​ൾ​ച​റി​ലേ​ക്കു വ​ഴു​തി​മാ​റു​ന്ന ഈ ​പ്ര​വ​ണ​ത​യെ വി​മ​ർ​ശി​ക്കു​ന്നു​ണ്ട്.

കാ​ൻ​സ​ൽ ക​ൾ​ച​റി​ന്റെ അ​തി​രൂ​ക്ഷ​മാ​യ വ്യ​ക്തി​വാ​ദ​ത്തി​ന് എ​തി​രാ​യി പു​തി​യ രൂ​പ​ത്തി​ൽ സം​ഭാ​ഷ​ണ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന കാ​ളി​ങ് ഇ​ൻ (calling in) എ​ന്ന പ്ര​സ്ഥാ​ന​വും മീ ​ടൂ പ്ര​സ്ഥാ​ന​ത്തി​ന്റെ ത​ണ​ലി​ൽ വി​ക​സി​ച്ചു​വ​രു​ന്നു. സം​ഭാ​ഷ​ണ​ത്തി​നും സം​വാ​ദ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തും ബ​ഹി​ഷ്ക​ര​ണ​ത്തി​നും അ​ടി​ച്ചേ​ൽ​പി​ക്ക​ലി​നും എ​തി​രാ​യ​തു​മാ​യ ഒ​രു സാ​മു​ദാ​യി​ക പ​ദ്ധ​തി​യാ​ണ് കാ​ളി​ങ് ഇ​ൻ. ഇ​ത്ത​ര​ത്തി​ലു​ള്ള പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ മീ ​ടൂ പ്ര​സ്ഥാ​ന​ത്തെ ന​വീ​ക​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കീ​ഴാ​ള പ്ര​ശ്നം

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഫെ​മി​നി​സ്റ്റ് മു​ന്നേ​റ്റ​ങ്ങ​ളെ​യും ഇ​ട​പെ​ട​ലു​ക​ളെ​യും ഏ​റെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​ക്കി​യ​ത് അ​തി​ന്റെ കീ​ഴാ​ള ഉ​ള്ള​ട​ക്ക​മാ​ണ്. ഡി​ കൊ​ളോ​ണി​യ​ൽ ഫെ​മി​നി​സ്റ്റ് ചി​ന്ത​ക​യാ​യ ലി​ന്റ അ​ൽ​ക്കോ​ഫി​ന്റെ (Rape and Resistance: Understanding the Complexities of Sexual Violation, 2018, Polity Press) വീ​ക്ഷ​ണപ്ര​കാ​രം മീ ​ടൂ പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ വി​ക​സി​ച്ച ലിം​ഗ-​ലൈം​ഗി​ക ഹിം​സ​ക​ളെ​ക്കു​റി​ച്ചു​ള്ള പൊ​തു​സം​വാ​ദ​ങ്ങ​ൾ രാ​ഷ്ട്രീ​യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ പ​ല​പ്പോ​ഴും വ്യ​ക്തി​ക​ളി​ലേ​ക്കു ചു​രു​ക്കു​ക​യും എ​ന്നാ​ൽ, ഒ​രു​കൂ​ട്ടം എ​ന്ന​നി​ല​യി​ൽ ന്യൂ​ന​പ​ക്ഷ/ കീ​ഴാ​ള സം​സ്കാ​ര​ത്തെ എ​ളു​പ്പം കു​റ്റ​പ്പെ​ടു​ത്തു​ക​യും പ്ര​തി​യാ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് പ​ല​പ്പോ​ഴും ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന്റെ​യും ഹിം​സ​യു​ടെ​യും പീ​ഡ​ന​ത്തി​ന്റെ​യും സ​ങ്കീ​ർ​ണ​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തെ സ​മ​ഗ്ര​മാ​യി ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ല. എ​ല്ലാ ലൈം​ഗി​ക ഹിം​സ​ക​ളെ​യും സാ​ർ​വ​ലൗ​കി​ക​മാ​യി കാ​ണു​ന്ന​തി​ന് പ​ക​രം കീ​ഴാ​ളാ​വ​സ്ഥ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വ്യ​ത്യ​സ്ത​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ൽ​കൊ​ഫ് ക​രു​തു​ന്നു.

ചു​രു​ക്ക​ത്തി​ൽ, എ​ന്താ​ണ് ലൈം​ഗി​ക ഹിം​സ എ​ന്ന പ്ര​ശ്ന​ത്തെ​പ്പ​റ്റി ആ​ഴ​ത്തി​ൽ പു​ന​രാ​ലോ​ചി​ക്കാ​ൻ മീ ​ടൂ പ്ര​സ്ഥാ​നം ന​ൽ​കു​ന്ന സാ​ധ്യ​ത ഏ​റെ വി​പു​ല​മാ​ണ്. അ​താ​വ​ട്ടെ, ഈ ​കു​റി​പ്പി​ന്റെ തു​ട​ക്ക​ത്തി​ൽ സൂ​ചി​പ്പി​ച്ചപോ​ലെ, മീ ​ടൂ പ്ര​സ്ഥാ​ന​ത്തെ നി​രാ​ക​രി​ക്കു​ക /സ്വീ​ക​രി​ക്കു​ക എ​ന്ന ചോ​യ്സി​നെ മ​റി​ക​ട​ക്കു​ന്ന വി​മ​ർ​ശ​നാ​വ​ബോ​ധ​ത്തെ അ​ത്യാ​വ​ശ്യ​മാ​ക്കു​ന്നു.

News Summary - article about MeToo movement