സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസിനു സമാന്തരമായി സഞ്ചരിക്കുകയും ബ്രിട്ടീഷ് ഇന്ത്യയില്‍ ന്യൂനപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സര്വേന്ത്യാലീഗിെൻറ തുടര്‍ച്ചയോ പിന്തുടര്ച്ചയോ എന്നതുതന്നെ മതിയായിരുന്നു മുസ്ലിംലീഗിെൻറ ജനനവും നിലനില്പും സംശയത്തിലും അപകടത്തിലുമാവാന്; അതുതന്നെ സംഭവിക്കുകയും ചെയ്തു. ‘‘സംശയം ഇല്ലാ ഒരുലേശം/ ശാശ്വതമായി കൈവേശം/ സ്ഥാപിച്ചിട്ടുള്ളിന്ത്യന് മണ്ണില്‍/ഞങ്ങള്‍ക്കും ഉണ്ടവകാശം’’ എന്ന പുലിക്കോട്ടില്‍ ഹൈദറിെൻറയും ‘‘ലീഗെന്നും നശിക്കില്ല/ ലേശം പിന്‍വലിക്കില്ല/ ദേശത്തില്‍ പച്ചക്കൊടിയേ ’’ എന്ന പി.ടി. ബീരാന്‍കുട്ടി മൗലവിയുടെയും പാട്ടുകളിലുള്ളത് അക്കാലത്തെ ലീഗുകാരെ മഥിച്ച എരിപൊരിസഞ്ചാരങ്ങളാണ്. പാകിസ്താന് ജനിക്കുകയും മുഹമ്മദലി ജിന്ന ഇന്ത്യയില്‍നിന്നു പോവുകയും ചെയ്തതോടെ സര്‍വേന്ത്യാ മുസ്ലിം ലീഗ് മരവിപ്പിക്കപ്പെട്ടു. ഇന്ത്യയിലെങ്ങും ലീഗ് പിരിച്ചുവിടുക എന്നതായിരുന്നു അപ്പോഴത്തെ ആഹ്വാനങ്ങള്‍. അബുല്‍കലാം ആസാദ് ഡല്‍ഹിയിലും എ.കെ. ഹാഫിസ്ക ബോംബെയിലും അതിനായി സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി. െകാല്‍ക്കത്തയില്‍ എസ്.എച്ച്. സുഹ്രവര്‍ദി വിളിച്ചുകൂട്ടിയ സമ്മേളനമായിരുന്നു അവയില്‍ ഏറ്റവും പ്രധാനം. സുഹ്രവര്‍ദി വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ.എം. സീതിസാഹിബും അങ്ങനെയൊരു തീരുമാമനം കൈക്കൊള്ളാനുള്ള അര്‍ഹത അക്കൂടിയ സമ്മേളനത്തിനില്ല എന്നു സ്ഥാപിച്ചെടുത്തത്. സര്വേന്ത്യാലീഗിെൻറ ഭരണഘടനയായിരുന്നു ഇരുവര്‍ക്കും വാദിച്ചുജയിക്കാനുള്ള ബലമേകിയത്. ഭരണഘടന പ്രകാരം കൗണ്‍സില്‍ യോഗം ചേര്‍ന്നെടുക്കേണ്ട തീരുമാനമാണ് സംഘടന നിലനിര്‍ത്തണോ പിരിച്ചുവിടണോ എന്നതെന്നു വാദിച്ചും മുസ്ലിം ലീഗ് നിലനിര്ത്തേണ്ടതിെൻറ അനിവാര്യതയും കാരണങ്ങളും വിശദീകരിച്ചുമാണ് ഖാഇദേമില്ലത്തും സീതിസാഹിബും ആ യോഗത്തിെൻറ മുന്‍കൂര്‍ തീരുമാനിക്കപ്പെട്ട ഉന്നം തെറ്റിച്ചുകളഞ്ഞത്. ഭരണഘടന പാലിക്കപ്പെടുകയെന്ന ശാഠ്യം കാരണമാണ് സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിം ലീഗ് ബാക്കിയായത്. സുഹ്രവര്‍ദി പിന്നീട് തെൻറ ഉദ്യമം പരാജയപ്പെട്ടതിനെക്കുറിച്ചു പറഞ്ഞത് തെക്കുനിന്നും വന്ന രണ്ടു ദ്രാവിഡന്മാര് അദ്ദേഹം വിളിച്ച യോഗം കലക്കിക്കളഞ്ഞെന്നാണ്. പാര്‍ട്ടി ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു തെക്കുനിന്നു വന്ന ആ രണ്ടു ദ്രാവിഡര്‍ തങ്ങളുടെ വാദം ജയിച്ചത്. ലീഗില്‍ അതിെൻറ ഭരണഘടന പാലിക്കപ്പെടുന്നില്ലെന്ന ആക്ഷേപം ലീഗുകാര്‍ തന്നെയുയര്ത്തുമ്പോള് ഓർമിക്കപ്പെടേണ്ടതാണ് ലീഗ് പിറവിയെടുത്തതിെൻറ മേപ്പടി ചരിത്രം.
‘‘മുസ്ലിം ലീഗ് നിങ്ങള്‍ക്കങ്ങനെ പിരിച്ചു വിടാന്‍ സാധിക്കില്ല, നിങ്ങള്‍ക്കതിനു അധികാരമില്ല. മുസ്ലിം ലീഗ് പിരിച്ചുവിടാന്‍ മുസ്ലിംലീഗിന് മാത്രമേ സാധിക്കൂ. മുസ്ലിം ലീഗ് വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ലീഗ് തന്നെയാണ്. അതായത്, മുസ്ലിംലീഗിെൻറ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നുമാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ’’ എന്നതായിരുന്നു ഇന്ത്യയില്‍ മുസ്ലിം ലീഗ് നിലനിര്ത്തണമെന്നാഗ്രഹിച്ച മുഹമ്മദ് ഇസ്മായില്‍ സാഹിബിെൻറ ആദ്യത്തെ വാദമുഖം. സീതിസാഹിബ് അദ്ദേഹത്തിെൻറ ഓർമക്കുറിപ്പുകളില് ഇക്കാര്യങ്ങള്‍ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. സുഹ്രവര്‍ദിയുടെ കൊല്‍ക്കത്ത ഭവനത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുത്ത പ്രധാനികളുടെ പേരുവിവരങ്ങള്‍ എഴുതിയശേഷം സീതിസാഹിബ് മിക്ക സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികളെത്തിയിരുന്നതായി പറയുന്നു. ഇന്ത്യന്‍ മുസ്ലിംകള്ക്ക് ഒരു പുതിയ പാര്‍ട്ടിയെന്ന അജണ്ട മുന്നില്‍ വെച്ചുകൊണ്ട് അതിനായി ആദ്യം മുസ്ലിം ലീഗ് പിരിച്ചുവിടുക എന്ന തീരുമാനം എടുപ്പിക്കുക എന്നതായിരുന്നു സമ്മേളനം വിളിച്ച സുഹ്രവര്‍ദിയുടെ കണക്കുകൂട്ടല്‍. അതദ്ദേഹത്തിെൻറ മാത്രം ലക്ഷ്യമായിരുന്നില്ല. ജവഹര്‍ലാല്‍ നെഹ്റു ഉൾപ്പെടെയുള്ളവര്‍ അക്കാര്യം ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഇസ്മാഇൗൽ സാഹിബിനോട് നേരിട്ടുതന്നെ നെഹ്റു ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. സുഹ്രവര്‍ദി വിളിച്ചുകൂട്ടിയ യോഗത്തില്‍ തങ്ങള്‍ വാദിച്ചതുപ്രകാരം മുസ്ലിം ലീഗ് കൗണ്‍സില്‍ വിളിച്ചുകൂട്ടാന്‍ സെക്രട്ടറിയോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി, സുഹ്രവര്ദിക്കു യോഗം പിരിച്ചുവിടേണ്ടി വന്നുവെന്നാണ് കെ.എം. സീതിസാഹിബ് ഓർമിക്കുന്നത്. അങ്ങനെയാണ് 1948 ജനുവരിയില്‍ മുഹമ്മദലി ജിന്നയുടെ അധ്യക്ഷതയില്‍ സര്‍വേന്ത്യാ ലീഗിെൻറ കൗണ്‍സില്‍ കറാച്ചിയില്‍ വിളിച്ചുചേര്ക്കപ്പെടുന്നത്. പാകിസ്താനിലേക്കു മാറിയവരും ഇന്ത്യയിലുള്ളവരുമായ കൗണ്‍സില്‍ മെംബര്‍മാര്‍ യോഗത്തില്‍ സംബന്ധിച്ചു. സര്വേന്ത്യാലീഗിെൻറ ഭരണഘടനപ്രകാരം ഇന്ത്യയിലുള്ള മെംബര്‍മാര്‍ ചേര്‍ന്നു ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗും പാകിസ്താനിലെ മെംബര്‍മാര്‍ ചേര്‍ന്നു പാകിസ്താന് മുസ്ലിംലീഗും നിലവില്‍ വന്നതായി ഗണിക്കണമെന്നാണന്ന് കറാച്ചിയില്‍ തീരുമാനിക്കപ്പെട്ടത്. പാകിസ്താന് മുസ്ലിംലീഗിെൻറ കണ്‍വീനറായി ലിയാഖത്ത് അലിഖാനെയും ഇന്ത്യന്‍ യൂനിയനില്‍ സംഘടന പുനരുജ്ജീവിപ്പിക്കുന്നതിെൻറ ചുമതലയുള്ള കണ്‍വീനറായി ഖാഇദേമില്ലത്തിനെയും തെരഞ്ഞെടുക്കുകയും ചെയ്തു. അപ്പോഴേക്കും കൊല്‍ക്കത്ത വിട്ടു പാകിസ്താനിലേക്കു മാറിയ സുഹ്രവര്‍ദിയും ജനുവരിയിലെ ആ കൗണ്‍സില്‍ യോഗത്തിനെത്തിയെന്നും ജിന്നയുടെ മുമ്പിലദ്ദേഹം മുസ്ലിം ലീഗ് നിലനിര്‍ത്തണമെന്നു വാദിക്കുന്നതുകേട്ടു ചിരിയടക്കേണ്ടി വന്നുവെന്നും സീതിസാഹിബ് പരാമര്‍ശിക്കുന്നുണ്ട്.
പാര്‍ട്ടി ഭരണഘടനയും പാര്‍ട്ടി കൗണ്‍സിലും പാലിക്കപ്പെടുക, ജനാധിപത്യരീതി പിന്തുടര്ന്നു മാത്രം തീരുമാനങ്ങളെടുക്കുക എന്ന പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവുമാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിെൻറ ചരിത്രപാഠം. ഭരണഘടനയോടും, അതു രാജ്യത്തിേൻറതായാലും പാര്‍ട്ടിയുടേതായാലും അതിനോടു കൂറുകാണിക്കുക, നിയമവാഴ്ചയെ അംഗീകരിക്കുക എന്നതായിരുന്നു ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയ സംഘടനകളില്‍ ലീഗിനെ വ്യത്യസ്തമാക്കിയ നിലപാടും. നിയനലംഘനസമരങ്ങള്ക്ക് ലീഗ് എതിരുനിന്നതും നിയമവാഴ്ചയെ അംഗീകരിക്കുക, നിയമം നീതിക്കുനിരക്കുന്നില്ലെങ്കില് നിയമം ലംഘിക്കുകയല്ല നിയമം മാറ്റാനുള്ള രാഷ്ട്രീയ പരിശ്രമമാണു വേണ്ടതെന്ന സംഘടനയുടെ നിലപാട് കാരണമാണ്. ഇന്ത്യന്‍ യൂനിയനില്‍ സംഘടിപ്പിക്കപ്പെട്ട മുസ്ലിംലീഗും ഈ നിലപാടുകളില്‍ ഉറച്ചുനിന്നു. മാത്രവുമല്ല, 1948 മാര്‍ച്ച് പത്തിനു മദിരാശിയില്‍ ലീഗിെൻറ രൂപവത്കരണം നടന്ന യോഗത്തിലെ ആദ്യത്തെ പ്രമേയം ആരംഭിക്കുന്നതു തന്നെ പുതിയ സംഘടനയുടെ ഭരണഘടന എഴുതപ്പെടുന്നതുവരെ രാജ്യത്തിെൻറ പേരിലും സംഘടനയുടെ പേരിലും മാറ്റം വരുത്തി (ബ്രിട്ടീഷ് ഇന്ത്യയെന്നോ, അഖിലേന്ത്യാ എന്നോ ഉള്ള പദങ്ങള്‍ക്കു പകരം ഇന്ത്യന്‍ യൂനിയന്‍ എന്നു മാത്രവും സംഘടനയുടെ പേര് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് എന്നും) താല്‍ക്കാലികമായി സര്വേന്ത്യാലീഗിെൻറ ഭരണഘടന പാലിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നാണ്. ഘടനയും വ്യവസ്ഥയുമില്ലാത്ത സംഘടനാപ്രവര്‍ത്തനത്തെ പ്രാരംഭദശയിലെ ഒരു ചെറിയ കാലയളവില്‍പോലും മുസ്ലിം ലീഗ് അംഗീകരിക്കുകയുണ്ടായില്ലെന്നു ചുരുക്കം. നിയതമായ സംഘടനാ സംവിധാനവും പാര്‍ട്ടിഭരണഘടനയുടെ പിന്‍ബലവുമുള്ള ഒരു കക്ഷിയായി നിലകൊണ്ടും കൃത്യമായ രാഷ്ട്രീയധാരണ രൂപപ്പെടുത്തിയുമാണ് ലീഗിെൻറ പ്രവര്‍ത്തനരേഖ നിര്‍ണയിക്കപ്പെട്ടത്. 1948 മാര്‍ച്ച് 15നു പുതിയ പ്രസിഡൻറ് ഇസ്മായില്‍ സാഹിബും ജനറല്‍ സെക്രട്ടറി മഹബൂബ് അലിബേഗും ഒപ്പിട്ട പ്രമേയങ്ങളെല്ലാം ഇതിെൻറ നിദര്‍ശനങ്ങളാണ്.
കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പുഫലവുമായി മാത്രം ബന്ധപ്പെടുത്തിയല്ല മുസ്ലിംലീഗിനകത്തു അതിെൻറ രാഷ്ട്രീയഭാവിയെച്ചൊല്ലി ചര്‍ച്ചകള്‍ നടക്കുന്നത്. പാര്‍ട്ടിയുടെ ഭരണഘടന പാലിക്കപ്പെടാത്ത വിധമുള്ള കീഴ്വഴക്കങ്ങളും അധികാരകേന്ദ്രങ്ങളും പാര്‍ട്ടിക്കകത്തു പ്രവര്‍ത്തിക്കുന്നുവെന്നതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്ന ചര്ച്ചകളാണതില് മുഖ്യം. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമടങ്ങുന്ന ഈ വിമര്‍ശകരുടെ വാദങ്ങള്‍ ശരിയായ ദിശയിലാണെന്നു സൂചിപ്പിക്കുന്നതാണ് മുസ്ലിംലീഗിെൻറ രൂപവത്കരണകാലത്തെ മേല്പറഞ്ഞ ചരിത്രവസ്തുതകള്‍. രാജ്യത്ത് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു, അവക്കെല്ലാമുള്ള പ്രശ്നങ്ങള്‍ മുസ്ലിംലീഗിെൻറ മുന്നിലുമുണ്ട്. അതിൽ കൂടുതല്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ മുസ്ലിംലീഗിനുണ്ടെങ്കിലത് പാര്‍ട്ടിയിലെ ഉന്നതാധികാരസമിതി ഇല്ലാതായാല്‍ തീരുന്നതേയുള്ളൂവെന്ന നിലപാട് ലീഗണികള്‍ക്കിടയില്‍ ഉയര്‍ന്നുകഴിഞ്ഞു. ലീഗിെൻറ മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ഇത്തരം ചര്‍ച്ചകളെ ഒറ്റവാക്കില്‍ നിഷേധിക്കുക മാത്രമാണ് ചെയ്തത്. വിശദീകരിച്ചാല്‍ വഴിതെറ്റിയ കാര്യം സമ്മതിക്കേണ്ടി വരുമെന്നപോലെയായിരുന്നു ആ പ്രതികരണം. ലീഗില്‍ എല്ലാ തീരുമാനങ്ങളും ഒരു ചെറിയ സംഘത്തിെൻറ ഇംഗിതത്തില്‍ എടുക്കപ്പെടുന്നു എന്നതു തന്നെയാണ് നിലവിലെ ഏറ്റവും വിമര്‍ശിക്കപ്പെടുന്ന പ്രശ്നം. ഉന്നതാധികാരസമിതി ഇല്ലാതാവുകയെന്നാല്‍ പാര്‍ട്ടി ഭരണഘടനയിലേക്കു തിരിയുകയും ജനാധിപത്യവത്കരിക്കപ്പെടുകയും മുസ്ലിംലീഗുകാരെൻറ ഇച്ഛ പാര്‍ട്ടിയില്‍ പ്രതിഫലിക്കുകയും ചെയ്യുകയെന്നതായിരിക്കുമെന്ന് ഇപ്പോള്‍ എല്ലാവര്ക്കും വ്യക്തത വന്നിട്ടുണ്ട്. യൂത്ത്ലീഗിെൻറ പ്രവര്‍ത്തക സമിതിയിലുയര്‍ന്ന നിശിതമായ വിമര്‍ശനങ്ങളുടെയും കാതല്‍ അതുതന്നെയാണ്. പാര്‍ട്ടി ജനാധിപത്യവത്കരിക്കപ്പെടുക, രാഷ്ട്രീയവത്കരിക്കപ്പെടുകയെന്ന രണ്ടു പരിഹാരങ്ങളാണ് ഏറ്റവും ആദ്യമുണ്ടാവേണ്ടത്. അക്കാര്യം മറ്റൊരു ഭാഷയില്‍ നിലവിലെ ഉന്നതാധികാരസമിതി അംഗങ്ങള്‍ തന്നെയും സമ്മതിക്കുന്നുമുണ്ട്. ജനാധിപത്യ രീതിയിലുള്ള പുനഃസംഘടന എന്ന ആവര്‍ത്തിക്കപ്പെടുന്ന വാചകത്തിലതു കാണാം. ഭരണഘടന ഉപേക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനരീതി പാര്‍ട്ടിക്കകത്തെ ജനാധിപത്യം ഇല്ലാതാക്കുമ്പോള്‍ രാഷ്ട്രീയം ഉപേക്ഷിച്ചുള്ള പ്രവര്‍ത്തനശൈലി ലീഗിെൻറ പ്രസക്തിയെത്തന്നെയാണ് പതുക്കെ ഇല്ലാതാക്കുക എന്ന തിരിച്ചറിവുള്ള പ്രവര്‍ത്തകരും സഹയാത്രികരും മുസ്ലിംലീഗിനുണ്ട് എന്നതും പ്രതീക്ഷയാണ്. മുസ്ലിംലീഗിെൻറയും ഇസ്മായില്‍ സാഹിബിെൻറയും പാരമ്പര്യം നിയമബന്ധിതമായും ഭരണഘടനയനുസരിച്ചും പ്രവര്ത്തിക്കുന്നതിെൻറയാണ്; ഇസ്മായില്‍ സാഹിബാണ് ഇന്ത്യന്‍ ഭരണഘടനയുടെ നിർമിതിയില്‍ പങ്കാളിയായതും അതില്‍ ഒപ്പുവെച്ചതും എന്ന ചരിത്രം ഭൂതക്കാലക്കുളിരോടെ ആവര്‍ത്തിക്കുന്നവര്‍ക്ക് ഇസ്മായില്‍ സാഹിബിെൻറ നേതൃത്വത്തില്‍ എഴുതപ്പെട്ട മുസ്ലിംലീഗിെൻറ ഭരണഘടനയോടും കൂറുണ്ടാവണമെന്ന വാദം ഇതാദ്യമായി ലീഗില്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.
ഇസ്മായില്‍ സാഹിബ് ജീവിച്ചിരിക്കേ ഒന്നിലേറെ തവണ മുസ്ലിംലീഗിെൻറ ഭരണഘടന ഭേദഗതിചെയ്യപ്പെടുകയുണ്ടായി. 1956, 1969, 1971, 1988, 1989 വര്‍ഷങ്ങളില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. മാറുന്ന കാലത്തെയും പുതുതായി രൂപപ്പെടുന്ന സാഹചര്യങ്ങളെയും അഭിമുഖീകരിക്കാന്‍ ഭേദഗതികളാവശ്യമായി വരും. അതും പക്ഷേ, ഭരണഘടനയനുസരിച്ചു നിറവേറുകയാണ് ജനാധിപത്യം, അല്ലാതെ ഭരണഘടനാ ലംഘനമല്ല നടക്കേണ്ടത്. പാര്‍ട്ടിയെ ജനാധിപത്യവത്കരിക്കുക എന്നതാണ് ഇതിെൻറയെല്ലാം അർഥം. സുതാര്യവും അംഗങ്ങളുടെ അഭിപ്രായം ഫ്രതിഫലിക്കുന്നതുമായ ഒരു ഉള്‍പാര്‍ട്ടി തെരഞ്ഞെടുപ്പുസമ്പ്രദായം ലീഗിെൻറ ഭരണഘടന നിർദേശിക്കുന്നുണ്ട്. അതുപക്ഷേ പ്രയോഗിക്കപ്പെടുന്നില്ല. അതുപ്രകാരം ഇലക്ഷന് നടത്താന്‍ തീരുമാനിച്ച പോഷകഘടകങ്ങള്‍ക്ക് അതുവേണ്ട എന്നാണത്രെ നിർദേശം കിട്ടിയത്. ഒരു കീഴ്ഘടകം ജനാധിപത്യരീതിയിലേക്കു വന്നു മാതൃക സൃഷ്ടിച്ചാല്‍ അതു ദോഷംചെയ്തേക്കുമെന്നു വിചാരിക്കുന്ന അവസ്ഥയിലെത്തിയ നേതൃത്വം പാർടിയുടെ ഭാവിക്കു ഹാനികരമാവുക തന്നെ ചെയ്യും. ഭരണഘടനാപരമായി സാധുതയും നിലവില്‍ ഏറെ സാധ്യതകളുമുള്ള വ്യവസ്ഥകളെ അവലംബിക്കാതെയും ഭരണഘടനാപരമായി സാധുതയില്ലാത്ത ഉന്നതാധികാരസമിതിയെ അവലംബിക്കുകയും ചെയ്യുന്നുവെന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥ. രാജ്യത്തിെൻറ ഭരണഘടനയുടെ സംരക്ഷണം ഇന്ത്യയില്‍ മുസ്ലിംലീഗും നിരന്തരമായി ഉയര്‍ത്തുന്ന മുദ്രാവാക്യമാണ്. പാര്‍ട്ടി ഭരണഘടനയുടെ കാര്യത്തിലാണത് ആദ്യം ഉയരേണ്ടതെന്നതു മറന്നുപോകുകയുമായിരുന്നു ഇതുവരെ. സ്വന്തം പാര്‍ട്ടിയുടെ ഭരണഘടനയോട് നീതിപുലര്‍ത്താതെ രാജ്യത്തെ ഭരണഘടനയുടെ സംരക്ഷണത്തിനു മുറവിളി കൂട്ടാനാവില്ലല്ലോ. ഓരോകാലത്തും വന്ന നേതൃത്വം അവരുടേതായ നേട്ടങ്ങള്‍ക്കുവേണ്ടിയും സൗകര്യങ്ങള്ക്കുവേണ്ടിയും പാര്‍ട്ടിയുടെ ഘടനയെ കണ്ടില്ലെന്നു നടിച്ചതും ഭരണഘടനയെ നോക്കുകുത്തിയാക്കിയതുമാണ് ലീഗിെൻറ അപചയങ്ങളുടെ പല കാരണങ്ങളില്‍ പ്രധാനമായ ഒന്ന്. ‘‘മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം അതിെൻറ സെറ്റപ്പ് ഒരു വിചിത്രരീതിയിലേക്കു മാറ്റപ്പെടുകയാണെ’’ന്ന് ഇതിനെ കുറിച്ചു നേരത്തേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് റഹീം മേച്ചേരിയെ പോലുള്ള രാഷ്ട്രീയചിന്തകന്മാര്.
ഖാഇദേമില്ലത്ത് വിളിച്ചുകൂട്ടിയ മുസ്ലിം ലീഗ് രൂപവത്കരണയോഗത്തില്‍ ഉയര്‍ന്ന പ്രധാന എതിര്‍വാദം, മുസ്ലിം ലീഗ് രാഷ്ട്രീയകക്ഷിയായല്ല പ്രവര്ത്തിക്കേണ്ടതെന്നതായിരുന്നു. ചിന്താകുഴപ്പം ബാധിച്ച സുഹൃത്തുക്കളെന്നാണ് ആ വാദമുയര്‍ത്തിയവരെ സീതിസാഹിബ് തെൻറ ഒാർമക്കുറിപ്പിൽ വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയമില്ലാത്ത വിധത്തില്‍ ലീഗ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് നിഷ്പ്രയോജനമായിരിക്കുമെന്നു വാദിച്ചതും സ്ഥാപിച്ചതും ഇസ്മായില്‍ സാഹിബും അതിനു പിന്തുണ നല്‍കിയത് മൗലാനാ ഹസ്രത്ത് മൊഹാനിയായിരുന്നെന്നും അദ്ദേഹം ഓര്‍ക്കുന്നു. ഒരു സാംസ്കാരിക സംഘമോ, മുസ്ലിം ക്ഷേമസഭയോ പരോപകാര സംഘമോ ആയിരിക്കുന്നതിനു പകരം മുസ്ലിം ലീഗ് രാഷ്ട്രീയ പാര്ട്ടിയായിത്തന്നെയാണ് രംഗപ്രവേശം ചെയ്തത്. ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ മുസ്ലിംലീഗിെൻറ സാന്നിധ്യത്തിനു മുക്കാല്‍ നൂറ്റാണ്ടാവാനിരിക്കുന്നു. അതിനിടെ എത്രയോ പാര്‍ട്ടികള്‍ വന്നും പോയും കഴിഞ്ഞു. ആശയം കൊണ്ടും പ്രായോഗികത കൊണ്ടും മുസ്ലിംലീഗിനു അതിജീവനം സാധ്യമായി. ഇത്രയും നീണ്ടകാലം, ഇത്രയും വിജയകരമായി മറ്റൊരു കക്ഷിയും രാജ്യത്തുണ്ടായിട്ടില്ല. ലീഗിെൻറ സാന്നിധ്യം, ചരിത്രം, അധികാരത്തിലെ പങ്കാളിത്തം, ഫലവും പ്രതിഫലനവും ലീഗിെൻറ ചരിത്രപരമായ പ്രസക്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആ ചരിത്രത്തിെൻറ തണലേ ഇന്നുമുള്ളൂവെന്നതാണ് പക്ഷേ വര്‍ത്തമാനകാലത്തെ യാഥാർഥ്യം. ഇന്ത്യയില്‍ മുസ്ലിംകളുടെ പ്രാതിനിധ്യം ഒരു രാഷ്ട്രീയ പ്രശ്നമായിട്ട് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍, ഒരു സമുദായത്തിെൻറ പ്രശ്നം ആ സമുദായത്തിെൻറ പാര്‍ട്ടിയായി നിന്നുകൊണ്ടു നമ്മുടെ ജനാധിപത്യത്തില്‍ സംസാരിക്കാനുള്ള ശേഷി ആ ഭൂതകാലമാണ് മുസ്ലിംലീഗിനേകിയത്. കോണ്‍ഗ്രസിനോ സി.പി.എമ്മിനോ, മറ്റേതെങ്കിലുമൊരു പാര്‍ട്ടിക്കോ മുസ്ലിംകളുടെ പ്രശ്നം ഒരു സാമുദായിക പ്രശ്നമായി പറയാനാവില്ല. നൂറ് ശതമാനം മുസ്ലിംകളുള്ള ലക്ഷദ്വീപിലൊരു രാഷ്ട്രീയ പ്രശ്നം വരുമ്പോള്‍ അതൊരു മുസ്ലിം പ്രശ്നമായി പറഞ്ഞുപോവരുതെന്നു മുന്‍കൂര്‍ നിർദേശം പുറപ്പെടുവിക്കുന്ന വിധം ഇസ്ലാമോഫോബിയ കെട്ടിനില്‍ക്കുന്ന ഇന്നത്തെ അന്തരീക്ഷത്തില്‍ പൊതുസമൂഹത്തിനു മനസ്സിലാകുന്ന ഭാഷയിലതു പറയപ്പെടുകയും വേണം. സാമുദായിക വാദമാണുയര്‍ത്തുന്നത്, മതവാദമല്ല ഉയര്‍ത്തുന്നതെന്ന്, ഭരണഘടന തരുന്ന അവകാശമാണ് ആവശ്യപ്പെടുന്നതെന്ന് സ്ഥാപിച്ചു സംസാരിക്കേണ്ടതുണ്ട്. സി.എച്ച്. മുഹമ്മദ് കോയയെ പോലുള്ള നേതാക്കളെ ലീഗുകാര്‍ മാത്രമല്ല ഇതര സമുദായങ്ങളും പാര്‍ട്ടിക്കാരും ആദരിക്കുന്നത് പറയേണ്ടത് പറയേണ്ടവിധം അദ്ദേഹം പറഞ്ഞതുകൊണ്ടാണ്. ന്യൂനപക്ഷം രാഷ്ട്രീയത്തിെൻറ അടിത്തറയില്‍ സാമൂഹിക നിര്‍മാണം എങ്ങനെ വേണമെന്നത് ആ തലമുറക്കു നല്ല വശമുണ്ടായിരുന്നു. അതവര് വിദഗ്ധമായി ചെയ്തു. അതിെൻറ ഗുണഭോക്താക്കള്‍ മാത്രമായി മാറിയെന്നതാണ് ലീഗിെൻറ നേതൃനിരയില്‍ ഏറെപ്പേരുടെയും നിജസ്ഥിതി. രാജിയാവലിെൻറ വാഴ്ത്തുപാട്ടോ ഒത്തുതീര്പ്പുചെയ്തതിെൻറ ബഹുമാനമോ അല്ല, അവകാശ സമരത്തിെൻറ നാള്‍വഴി തന്നെയാണ് ലീഗിനും ഒരു സുദൃഢമായ ഭൂതകാലമേകിയത്. നായര്‍ സര്‍വിസ് സൊസൈറ്റിയുടെ യോഗത്തില്‍ ചെന്നിട്ടാണ് പ്രസിദ്ധമായ അവകാശ പ്രഖ്യാപനം സി.എച്ച് നടത്തുന്നത്. തട്ടിയെടുക്കലില്ല, വിട്ടുകൊടുക്കലുമില്ല മുടിനാരിഴക്കെന്നാണ് ആ അവകാശപ്രഖ്യാപനം. അതിെൻറ ആദരവാണ് നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ആ പേര് നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. അതു രാഷ്ട്രീയം പറഞ്ഞും രാഷ്ട്രീയമായി ഇടപെട്ടുമുണ്ടാക്കിയ യശസ്സായിരുന്നു.
മുസ്ലിം ലീഗ് അതിെൻറ രാഷ്ട്രീയം കൈയൊഴിയുകയും എളുപ്പവും സൗകര്യപ്രദവുമായ രാഷ്ട്രീയേതരരീതികളില് സജീവമാകുന്നുവെന്നതുമാണ് സമീപ ഭൂതകാലത്തെ കേരളീയ അനുഭവം. ഒരു കാലത്ത് ഇന്ത്യന്‍ പാർലമെൻറില്‍ മുസ്ലിം ലീഗിെൻറ പ്രതിനിധികളായിരുന്നു ഇന്ത്യയിലെ മുസ്ലിംകളുടെ ശബ്ദം. ആ ശബ്ദത്തിെൻറ മാറ്റൊലി കേരളക്കരയെ കേള്‍പ്പിക്കാനാണ് ചന്ദ്രിക ദിനപത്രമെന്നാണ് പഴയൊരു മുസ്ലിം ലീഗ് പ്രമേയത്തിലുള്ളത്. പാര്‍ലമെൻറിലെ ഈ രാഷ്ട്രീയ ജാഗ്രത പിന്നീട് അധികാരപങ്കാളിത്തമായും ‘കോണ്‍ഗ്രസിനെ ശക്തിപ്പെടുത്ത’ലെന്ന ഒഴികഴിവായും തരംതാണു. കമ്പിളിപ്പുതപ്പുമായി ഉത്തരേന്ത്യയിലേക്കു നടത്തുന്ന യാത്രകളായി ലീഗിെൻറ ഇന്ത്യന്‍ അനുഭവം. കാല്‍നൂറ്റാണ്ടായി രാഷ്ട്രീയമായ നിരാകരണത്തിെൻറ ഒരു ഘോഷയാത്രയായാണതു പോകുന്നത്. അതിെൻറ കാരണങ്ങള്‍ ഒട്ടേറെയാണ്. ഇനിയുള്ള കാലം രാഷ്ട്രീയം നിരാകരിക്കുന്ന ഈ യാത്ര മുന്നോട്ടുപോകില്ല. ജീവകാരുണ്യം വിലപ്പോവില്ലെന്ന് ഏറക്കുറെ കേരളത്തില്‍ തന്നെയുറപ്പായി. സ്റ്റേറ്റ് നേരിട്ടു ജീവകാരുണ്യം തുടങ്ങിയാല്‍ പിന്നെ ജീവകാരുണ്യം സ്വീകരിക്കാന്‍ ആളെക്കിട്ടിയാലും അതിനെ വിലമതിക്കാന്‍ ആളെക്കിട്ടില്ല. രാഷ്ട്രീയം കൃത്യമായി പറയാതെ, പ്രവര്‍ത്തിക്കാതെ ഒരു പാര്‍ട്ടിക്കും ഭാവിയില്ല. കോര്‍പറേറ്റുകളുടെ സി.എസ്.ആര് േപ്രാജക്ടുകള്‍ ഏറ്റെടുത്തു നടത്തുന്ന ഏജന്സിയാവാന് വെമ്പല്‍ കൊള്ളുന്ന കേന്ദ്രഭരണമാണുള്ളത്. സംസ്ഥാന ഭരണകൂടങ്ങളും വിഭിന്നമല്ല. ധനാകര്ഷണ യന്ത്രങ്ങളായി അധഃപതിക്കുകയാണ് പാര്‍ട്ടികളെല്ലാം. രാഷ്ട്രീയംകൊണ്ടല്ലാതെ ഇക്കാലത്തൊരു പ്രതിരോധ ശേഷിയാർജിക്കാന്‍ ലീഗിനാവില്ല. ന്യൂനപക്ഷ രാഷ്ട്രീയകക്ഷി എന്ന തൊങ്ങലും വേണം പൊതുബോധത്തെ തൃപ്തിപ്പെടുത്തുകയും വേണം എന്നതും കേരളത്തില്‍പോലും നടപ്പുള്ള കാര്യമല്ലാതായി. മൈനോറിറ്റി പൊളിറ്റിക്സ് മാനേജീരിയല്‍ സ്കില്ലുകള്കൊണ്ട് നിലനിര്‍ത്താനാവില്ല. രാഷ്ട്രീയം തുറന്നുപറയണം, പൊരുതണം, കടുത്ത എതിര്‍പ്പുകളുണ്ടാകും. നല്ലതു പറയാന്‍ ചുറ്റിലും ആളുകളോ സ്തുതിപാഠകരോ ഇല്ലാത്ത അവസ്ഥവരും. രാഷ്ട്രീയമായി എതിര്‍ക്കുക, വെല്ലുവിളിക്കുക, വെല്ലുവിളിച്ചുകൊണ്ടേ മുന്നോട്ടു പോകാനാകൂ. അതിനിടയില്‍ കിട്ടുന്ന അധികാരപങ്കാളിത്തംപോലും മയക്കിക്കിടത്താന്‍ വിരിച്ച മെത്തയായിരിക്കും. എല്ലാവരെയും സുഖിപ്പിക്കലും ഒത്തുതീര്പ്പുകളുണ്ടാക്കലും ഒരു കാര്യപരിപാടിയാക്കി ന്യൂനപക്ഷരാഷ്ട്രീയം മുന്നോട്ടുപോകില്ല ഇനിയൊരിക്കലും. സമവായം രാഷ്ട്രീയത്തിലെ ഇല്ലാത്ത സംഗതിയായിക്കഴിഞ്ഞു. രാഷ്ട്രീയം ഒരു മുന്നേറ്റമാണെങ്കില്‍ സംഘടനയിലെ ഇന്നലത്തെ വ്യക്തികള്‍ ഇന്നില്ലാത്തതു പോലെ നാളത്തെ ആളുകള്‍ക്ക് ഇതു ബാക്കി വേണമെങ്കില്‍ ഊന്നലു മുഴുവന്‍ രാഷ്ട്രീയത്തിലാവേണ്ടതുണ്ട്, സമവായവണ്ടിക്കു പോവാനാവാത്ത ഭാവിയാണ് മുന്നിലെന്നതുറപ്പായിക്കഴിഞ്ഞു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുക അല്ല, മണ്ണുമാന്തികളുമായി വന്നു വാരിക്കൊണ്ടുപോകുന്നവര് സ്ഥലത്ത് ഹാജരുണ്ട്, ഈയൊരു കാര്യം തിരിച്ചറിഞ്ഞെങ്കിലും ലീഗ് നേതൃത്വം കണ്ണുതുറക്കേണ്ട സമയമാണിപ്പോഴത്തേത്.
ലീഗിനു ആള്‍ബലമുണ്ട്, സംഘബലവും സ്വത്തുമുണ്ട്. അനുഭവവും പരിചയവും കൊണ്ടു സമ്പന്നരായ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവിവൃന്ദവുമുണ്ട്. മുസ്ലിംലീഗിെൻറ രാഷ്ട്രീയം തിരിച്ചറിയുകയും അതിനെക്കുറിച്ച് ആലോചിക്കുകയും ആശയോല്പാദനം നടത്തുകയും ചെയ്യുന്ന പുതിയൊരു തലമുറയുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലെല്ലാം മുസ്ലിം ലീഗ് സ്വാംശീകരിച്ച ന്യൂനപക്ഷ രാഷ്ട്രീയത്തെ പ്രതി ചിന്തിക്കുകയും സംവദിക്കുകയും ചെയ്യുന്ന ധൈഷണികശേഷിയുള്ള അനേകം വിദ്യാർഥികളും വിദ്യാർഥിനികളുമുണ്ട്. പാര്‍ട്ടിയുടെ വിശിഷ്ടാംഗങ്ങളായ മുതിര്‍ന്ന തലമുറയെയും മുതല്‍ക്കൂട്ടുകളായ പുതുതലമുറയെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരാശയ വിപ്ലവത്തിനു മുൻകൈയെടുത്താല്‍ തന്നെ ലീഗിെൻറ രാഷ്ട്രീയഭാവി നിർണയിക്കാനും അതിെൻറ പ്രായോഗിക രൂപരേഖ തയാറാക്കാനുമാകും. ആലോചിച്ചു ചെയ്യേണ്ട കാര്യങ്ങള്‍ ആലോചിച്ചു ചെയ്യണം; ഉടനടി ചെയ്യേണ്ടത് അങ്ങനെയും. മുസ്ലിം സമൂഹത്തിലെ സാമാന്യജനം, സ്ത്രീകള്‍, യുവാക്കള്‍ക്കെല്ലാം വെവ്വേെറ രാഷ്ട്രീയവിദ്യാഭ്യാസം നല്കുന്ന പദ്ധതികളുണ്ടാവണം. സമൂഹം മുന്നോട്ടുപോയിട്ടുണ്ട്. സ്ത്രീകള്‍ വോട്ടര്‍മാര്‍ മാത്രമല്ലാതായിട്ടുണ്ട്. യുവാക്കള്‍ അഭ്യസ്തവിദ്യരാണ്, അവരെ രാഷ്ട്രീയമായി സ്വാധീനിക്കാനാവണം. അതിനുള്ള മീഡിയം ഉണ്ടാവണം. സമുദായത്തിനുള്ളിലെ ശത്രുക്കളെയും മിത്രങ്ങളെയും തിരയുന്ന പണി തല്ക്കാലം നിര്‍ത്തണം. നല്ലപിള്ള ചമഞ്ഞാലും ഒരു പതക്കവും കിട്ടാന്‍ പോകുന്നില്ല, മുസ്ലിം എന്നതുതന്നെ കുത്താനുള്ള ചാപ്പയായ കാലമാണിത്. മുസ്ലിമായതിെൻറയും അവര്ണനായതിെൻറയും പേരില്‍ ഭരണകൂടം വേട്ടയാടുന്നവര്‍ക്കൊപ്പം നില്ക്കാന് കഴിയണം. ഇതൊക്കെ നിരീക്ഷിക്കുന്ന തലമുറയാണ് ഇവിടെയുള്ളത്. അവരുമായി വിനിമയശേഷിയുള്ള വേറെയും സംഘങ്ങള്‍ രാഷ്ട്രീയം പറഞ്ഞുകൊണ്ടു രംഗത്തുണ്ട്. കാടടച്ചുള്ള കവലപ്രസംഗങ്ങള്‍ ഫലം ചെയ്യില്ല. സ്വയംനിര്വാഹകശേഷി കൈവരിച്ച മുസ്ലിംസാമാന്യജനം രൂപപ്പെട്ടുകഴിഞ്ഞു. സ്വര്‍ഗത്തിലേക്കുള്ള കോണി അവരുടെ പ്രതീകബോധത്തിലില്ല. ആ തലമുറ വിടവാങ്ങിക്കഴിഞ്ഞു. ഇപ്പോഴത്തെ തലമുറക്ക് നിരീക്ഷണവും തീരുമാനവും ഉണ്ട്. യോഗ്യതയില്ലാത്ത നയങ്ങളവര് തള്ളിക്കളയും. ‘‘രാജാധിപത്യം ഇന്നില്ലെങ്കിലും മുസ്ലിംലീഗില്‍ അതു നിലനില്‍ക്കുന്നോ എന്നു തോന്നിപ്പോകുന്ന അവസ്ഥയാണുള്ളത്’’ എന്നു സങ്കടപ്പെട്ടുകൊണ്ട് കാല്‍നൂറ്റാണ്ടു മുമ്പേ റഹീം മേച്ചേരി എഴുതിയ ഒരു ലേഖനത്തില്‍ ഈ മുന്നറിയിപ്പുണ്ട്: ‘‘നമ്മുടെ നാട്ടില്‍ ദിനംപ്രതി നടക്കുന്ന സംഭവങ്ങളുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നു വരുന്നത് ഖേദകരമാണ്. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇവിടെ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഈ മാറ്റങ്ങളെക്കുറിച്ചു നിറഞ്ഞബോധമുള്ള ഒരു വിഭാഗം പാര്ട്ടിയിലുണ്ടാവണം. പാര്‍ട്ടിക്കുള്ളില്‍ പിളര്പ്പുണ്ടാക്കാനല്ല, പാര്‍ട്ടിയെ ജനാധിപത്യവത്കരണത്തിെൻറയും രാഷ്ട്രീയവത്കരണത്തിെൻറയും പാതയിലേക്കു നയിക്കാന്‍ പ്രതിജ്ഞാബദ്ധമായി പ്രവര്ത്തിക്കുകയാവണം ഈ വിഭാഗത്തെക്കൊണ്ടുള്ള ഉദ്ദേശ്യം.’’
മനുഷ്യരുടെ പ്രയാസങ്ങള്‍ അറിയുക, കാലത്തെ അറിയുക, ക്രിയാത്മകമായി പ്രതികരിക്കുക, അഭിപ്രായരൂപവത്കരണം നടത്തുക, രാജ്യത്തെ പീഡിതരും പാര്‍ശ്വവത്കൃതരുമായ എല്ലാ ജനവിഭാഗങ്ങളോടും ഐക്യപ്പെടാനാവുക, സാമുദായിക രാഷ്ട്രീയത്തിെൻറ രണ്ടാമത്തെ കണ്ണ് മാനവികതയില്‍ ഊന്നുക, ഐക്യവും സഖ്യവും തേടുക, സഹജീവിതവും സഹവര്‍ത്തിത്വവും സാധ്യമാക്കുക. ന്യൂനപക്ഷരാഷ്ട്രീയത്തിെൻറ മുന്നിലുള്ള ദൗത്യങ്ങള്‍ ഏറെയാണ്. മുസ്ലിം സ്പെയിനില്‍ ആശയസംഹിത ഉണ്ടായിരുന്നു, സഹവര്‍ത്തിത്വം ഉണ്ടായിരുന്നു, ഇല്ലാതിരുന്നത് പ്രതിരോധമാണ്. പ്രതിരോധം ദുര്‍ബലമായിപ്പോയി. പാര്‍ട്ടിയുടെ മുഖപത്രവും മാധ്യമ ഇടപാടുകളും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും അങ്ങേയറ്റം ദുര്‍ബലമായ പ്രതിരോധത്തെയാണ് ഇപ്പോള്‍ ഓർമിപ്പിക്കുന്നത്. മുസ്ലിംലീഗിെൻറ, ഇപ്പോള്‍ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതാവും അതിെൻറ ഭാവി തീരുമാനിക്കുക, കാരണം ചരിത്രത്തില്‍ ഏതുസമയവും ഒരു നിര്‍ണായക സന്ദര്‍ഭമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.