ഒരു കച്ചവടക്കാരനും ‘സാധനങ്ങൾ’ പൊതിഞ്ഞുകൊടുക്കുന്ന കടലാസിൽ എന്താണെഴുതിയതെന്ന് വായിക്കുകയോ ആ കടലാസിലെ ചിത്രങ്ങൾ നോക്കി കോരിത്തരിക്കുകയോ ചെയ്യാറില്ല. ചെയ്താൽ അത് മതിയാവും കച്ചവടം പൊളിയാൻ! എന്നാൽ, ഉത്തർപ്രദേശിലെ ലഖ്നോ പട്ടണത്തിനടുത്തുള്ള സംദാലി ഗ്രാമത്തിൽ താലിബ് ഹുസൈന്റെ ഇറച്ചിക്കട പൂട്ടേണ്ടിവന്നതും അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടിവന്നതും മാംസം പൊതിഞ്ഞ കടലാസിൽ ദൈവത്തിന്റെ ചിത്രം ഉണ്ടായിപ്പോയതിന്റെ പേരിലാണ്!
പല കാരണങ്ങളാൽ വിദ്യാലയങ്ങൾ അടച്ചുപൂട്ടാറുണ്ട്. എന്നാലൊരു പ്രാർഥനയുടെ പേരിൽ ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ‘ഫ്ലോറൈറ്റ്സ് പീസ് സ്കൂൾ’ അടച്ചുപൂട്ടിയത് കഴിഞ്ഞ വർഷമാണ്. അതും മഹാത്മാ ഗാന്ധിക്ക് ഏറെ പ്രിയപ്പെട്ടൊരു സർവമത പ്രാർഥനയുടെ പേരിൽ!
മധ്യപ്രദേശിലെ നിമൂച്ച് ജില്ലയിലെ ഒരു കൾവർട്ടിൽ ഇരിക്കുകയായിരുന്ന, ഭൻപാരിലാൽ ജെയിനിനെ, ‘ഐഡന്റിറ്റി കാർഡ്’ ആവശ്യപ്പെട്ട്, ദിനേശ് എന്ന പേരിലുള്ള ഒരു നവ ഫാഷിസ്റ്റ് മർദിച്ചു കൊന്നു! എന്തിനെന്ന ചോദ്യത്തിന് അയാളെ കണ്ടപ്പോൾ ഒരു ‘മുഹമ്മദാ’ണെന്ന് കരുതിപ്പോയി എന്നത്രേ അയാൾ പറഞ്ഞത്!
ബിജോയ് ശങ്കർ എന്നൊരു ഭീകര ബോറൻ, അങ്ങ് അസമിൽ രണ്ടുവർഷം മുമ്പ്, മൊയിനുൽ ഹഖ് എന്നൊരു ദരിദ്ര കർഷകന്റെ മൃതദേഹത്തിന് മുകളിൽ, അദ്ദേഹത്തെ വെടിവെച്ചുകൊന്ന പൊലീസിന്റെ സാന്നിധ്യത്തിൽ ‘ശവനൃത്തം’ നിർവഹിച്ചു! ഫൈസാൻ എന്നൊരു യുവാവിനെ ഡൽഹിയിൽ പൊലീസ് അടിച്ചവശനാക്കിയ ശേഷം ‘ദേശീയഗാനം’ ചൊല്ലിപ്പിച്ചു! സമാനതകളില്ലാത്ത ഇതുപോലുള്ള നിരവധി ക്രൂരതകൾ പലയിടങ്ങളിലായി അരങ്ങേറിയതും അരങ്ങേറിക്കൊണ്ടിരിക്കുന്നതും ആ ഗുജറാത്ത് വംശഹത്യക്ക് ശേഷമാണെന്നുള്ളത്, മറ്റാര് മറന്നാലും ഇന്ത്യക്കാർ മറക്കരുത്. ഒന്നുകിൽ ‘വംശഹത്യാ വൈറസിനെ’ പ്രതിരോധിക്കുന്ന ‘വാക്സിൻ’ കണ്ടെത്തണം. അല്ലെങ്കിൽ ഏതു വൈറസിനെയും അതിവർത്തിക്കുന്ന ‘മതനിരപേക്ഷതക്ക്’ കരുത്ത് പകരണം. രണ്ടു പതിറ്റാണ്ടിനുശേഷം ബി.ബി.സി കൂടിയും ഓർമിപ്പിക്കാൻ നിർബന്ധിതമായ ആ ഗുജറാത്ത് വംശഹത്യാ അവതരണത്തിൽനിന്ന് അനിവാര്യമായും ഇന്ത്യക്കാർ വായിച്ച് മനസ്സിലാക്കേണ്ട പാഠം അതാണ്. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സി ഡോക്യുമെന്ററിയിൽ മനസ്സിലാക്കിയേടത്തോളം പറയത്തക്ക ഒരു പുതുമയുമില്ല. എന്നാൽ, സംഘ്പരിവാർ പ്രതിഭകൾ, ആ ഡോക്യുമെന്ററിയിലെ സത്യങ്ങളെ തമസ്കരിക്കാൻ വേണ്ടിയാണെങ്കിലും പെട്ടെന്ന് കൊളോണിയൽ വിരുദ്ധരായതിൽ വല്ലാത്തൊരു പുതുമയുണ്ട്! അവരുടെ കാഴ്ചപ്പാടിൽ ഗുജറാത്ത് വംശഹത്യക്ക് എതിരായി പ്രതികരിക്കുന്നവർ മുഴുവൻ രാജ്യദ്രോഹികളും കൊളോണിയൽ മനസ്സുള്ളവരുമാണ്! അനുകൂലമായ നിലപാടെടുക്കുന്നവർ മാത്രം കറകളഞ്ഞ രാജ്യസ്നേഹികളും; സാമ്രാജ്യത്വ വിരുദ്ധരും!ക
‘‘സബർമതിയിലിന്ന് നീയേതോഭയദമാം
സ്മരണതൻ തപ്താശു തീർഥം’’ എന്ന് വംശഹത്യാനന്തര ഗുജറാത്തിനെക്കുറിച്ച് മുമ്പ് ഒ.എൻ.വി. ‘‘താങ്കൾ മാംസഭുക്കാണോ?’’ അയാൾ ചോദിച്ചു. ‘‘അങ്ങനെയൊന്നുമില്ല’’, ഞാൻ പറഞ്ഞു. ‘‘താങ്കളോ’’ ഞാൻ ചോദിച്ചു. ‘‘ഞങ്ങൾ വൈഷ്ണവജനത. ശുദ്ധ സസ്യഭുക്കുകളാണ്’’ തെല്ലഭിമാനത്തോടെ അയാൾ പറഞ്ഞു. ‘‘നിങ്ങളിൽ ചില പുല്ലുതീനികൾ, പൂർണ ഗർഭിണിയുടെ വയറുകീറി കുട്ടിയെ വെളിയിലെടുത്ത് വെട്ടിനുറുക്കി തിന്നതോ, തള്ളയെയും?’’ ഞാൻ പെട്ടെന്ന് ചോദിച്ചുപോയി. ‘‘ഒരു വികൃതജന്തുവായി രൂപംമാറിയ അയാൾ കൊലപ്പല്ലുകൾ കാട്ടി പുരികത്തിൽ വില്ലുകുലച്ചുകൊണ്ട് എന്റെ നേരേ മുരണ്ടു’’, ‘ക്യാ?!’ (കടമ്മനിട്ട).
‘‘ഇല്ല, ഒരമ്മയും ഇങ്ങനെ കുഞ്ഞിനെ
ചിതയിലേക്ക് പെറ്റിട്ടുണ്ടാവില്ല
ഒരു നിലവിളിയും ഇങ്ങനെ
ഉയരും മുമ്പേ ചാരമായിട്ടുണ്ടാവില്ല
വിട.
നിന്നെപ്പിറക്കാനയക്കാത്ത ലോകത്തിൽ
എനിക്കും ഇനിപ്പിറക്കേണ്ട
ഇന്ത്യയിലെ അമ്മമാരെ
നിങ്ങളിനി പ്രസവിക്കുകയും വേണ്ട.’’ (സച്ചിദാനന്ദൻ)
‘‘ഞാൻ സമ്പൂർണ സസ്യഭുക്കല്ല. എന്നാലും ഞാൻ അന്യമതസ്ഥകളെ ബലാത്സംഗം ചെയ്യുകയോ അമ്മവയറ്റിലുറങ്ങിയ കണ്ണുതുറക്കാക്കൺമണിയെ ശൂലത്തിൽ കുത്തി തീയിലെറിഞ്ഞാടുകയോ ചെയ്തിട്ടില്ല. അപ്പോൾ ചങ്ങാതീ യഥാർഥ ദുശ്ശീലമെന്താണ്?’’ (കുരീപ്പുഴ)
മേൽപരാമർശിച്ച കവിതകളിൽ കണ്ടതുപോലെ ഗുജറാത്ത് വംശഹത്യയെ തുടർന്ന്, മലയാളത്തിലെഴുതപ്പെട്ട ഐസക് ഈപ്പന്റെ ‘ഇരകൾ ഉണ്ടാവുന്നത്’ എന്ന ശ്രദ്ധേയമായ കഥയിലും ഒരു നെഞ്ചിടിപ്പോടെ നാം കേൾക്കുന്നത്, കീഴ്മേൽ മറിക്കപ്പെട്ട ഒരു കാലത്തിന്റെ ചോരയും കണ്ണീരും കുറുക്കിയ കിതപ്പാണ്. ‘‘കരുണ അപ്പോൾ നാറ്റം വെച്ചുതുടങ്ങിയ ഒരു പഴകിയ പദമായിരുന്നു. കൊള്ളയടിക്കാനും കൊല്ലാനും മാത്രം പഠിച്ചിരുന്ന അവർ ദൈവനാമത്തിൽ അത് ചെയ്യവെ, സിദ്ധാർഥൻ ശാന്തിയോടൊപ്പം തറയിൽ വീണുപോയി... സിദ്ധാർഥൻ തിരിഞ്ഞുനോക്കി. കരയുന്ന ആത്മാക്കൾ ഒരുപാട് ചുറ്റിലും. ആരെയും പരിചയമില്ല. പക്ഷേ, ഗാന്ധിയുടെയും പല ദൈവങ്ങളുടെയും മുഖം അയാൾക്ക് ശരിക്കും തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു’’ (ഇരകൾ ഉണ്ടാവുന്നത്: ഐസക് ഈപ്പൻ).
ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള കവിതകളും കഥകളും പ്രബന്ധങ്ങളും ഡോക്യുമെന്ററികളും പ്രഭാഷണങ്ങളും അതിനുമപ്പുറം, ഇരകളാക്കപ്പെട്ടവരുടെ ദൈന്യമൗനങ്ങളും പങ്കുവെക്കുന്നത്, പറഞ്ഞുതീർക്കാനാവാത്തത്ര നീതിനിഷേധങ്ങളുടെയും വേദനകളുടെയും കണ്ണീർ വറ്റിയ അനുഭവങ്ങളാണ്. ഇപ്പോൾപോലും ഗുജറാത്തിൽ വംശഹത്യാ പ്രതികൾ ആദരിക്കപ്പെടുന്നതും ഇരകളും അവരുടെ പിന്മുറക്കാരും മതനിരപേക്ഷ കാഴ്ചപ്പാട് പുലർത്തുന്ന മുഴുവൻ മനുഷ്യരും അവഹേളിക്കപ്പെടുന്നതുമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഞാനടക്കമുള്ള സംഘം, സംഘം പ്രസിഡന്റ് കൂടിയായ കടമ്മനിട്ടയുടെ നേതൃത്വത്തിൽ ഗുജറാത്തിലേക്ക് പുറപ്പെട്ടത്. എന്റെ ഊശാന്താടിയും ഉണ്ടക്കണ്ണുമെല്ലാം ഒരു ദുശ്ശകുനമാണെന്ന് കളിയായും കാര്യമായും ചിലർ പറഞ്ഞത് ഞാനത്ര പരിഗണിച്ചിരുന്നില്ല. എന്നാൽ, ഞാൻ നിമിത്തം സംഘർഷമുണ്ടാകാതിരിക്കാൻ പലർക്കും ശല്യമായിത്തീർന്ന എന്റെ ഊശാന്താടി, കേരളത്തിൽ ഉപേക്ഷിച്ചാണ് ഞാൻ ഗുജറാത്തിലേക്ക് അന്ന് വണ്ടികയറിയത്. നെഞ്ചിടിപ്പോടെയാണ് അശരണരായൊരു ജനതയുടെ രക്തം കുതിർന്ന മണ്ണിൽ ഞങ്ങൾ കാലുകുത്തിയത്. ഏതോ വിദൂരതയിൽനിന്ന് ഗാന്ധിയുടെ നിലവിളികളെ നിശ്ശബ്ദമാക്കുംവിധം ഗോദ്സെയുടെ കൊലവിളികൾ സർവത്ര കനത്തുനിൽക്കുന്ന ഒരുതരം പ്രച്ഛന്നഭീകരതയുടെ നിഴലിൽനിന്ന് അപ്പോഴും ഗുജറാത്ത് മോചനം നേടിക്കഴിഞ്ഞിരുന്നില്ല. അഭയാർഥി ക്യാമ്പുകൾ ഭരിച്ചതുപോലും ഭയമായിരുന്നു. കണ്ണുനീരൊക്കെയും കണ്ടെടുക്കാനാവാത്തവിധം വറ്റിക്കഴിഞ്ഞിരുന്നു. വിവരണങ്ങൾക്കൊക്കെയുമപ്പുറമുള്ള അശാന്തമായ ഒരവസ്ഥയായിരുന്നു സർവത്ര!
അവർക്ക് പറയാനുള്ളതെല്ലാം പറയാൻ കഴിയാത്തതായിരുന്നു. അവർക്ക് ഓർക്കേണ്ടിയിരുന്നത്, അവർ എന്നെന്നേക്കുമായി മറക്കാനാഗ്രഹിച്ച കാര്യങ്ങളായിരുന്നു. പീഡനങ്ങളുടെ കരളലിയിക്കുന്ന കഥകൾ, എത്ര നിർവികാരമായിട്ടാണവർ വിവരിച്ചതെന്നോർക്കുമ്പോൾ, ഇപ്പോഴും പേടിതോന്നുന്നു. കൊത്തിവലിക്കുന്ന സംഘർഷങ്ങൾക്കിടയിൽ ഒരു പകൽ അസ്തമിക്കവെ, കടമ്മന്റെ പ്രശസ്തമായ ആ ‘ശാന്ത’ എന്ന കവിതയിലെ ഒരസ്വസ്ഥ ബിംബമായിരുന്നു മനസ്സുനിറയെ. ‘‘അറ്റുപോയ തലക്കു നേരെയിഴയുന്ന ജഡംപോലെ അസ്തമിക്കുന്ന സന്ധ്യ.’’ ആ കാവ്യബിംബത്തിന്റെ അർഥം ഗുജറാത്തിൽവെച്ചാണ്, അവിടെ നടുക്കമുണ്ടാക്കുംവിധം നിലനിന്ന വംശഹത്യാനന്തര പശ്ചാത്തലത്തിൽവെച്ചാണ്, എനിക്ക് ശരിക്കും മനസ്സിലായത്. മനസ്സിന്റെ മുകളിൽ അപ്പോഴും ഭീതിയുടെ ആ പക്ഷി വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. സർവസങ്കടങ്ങളും പറഞ്ഞുതീർന്നപ്പോൾ ഒരു പഞ്ഞിക്കെട്ട്പോലെ ഒരു യുവാവ് കടമ്മനിലേക്ക് വീണതും അദ്ദേഹമവനെ മാറോടടക്കിപ്പിടിച്ച് ആശ്വസിപ്പിച്ചതും ഇപ്പോഴും മറക്കാനാവുന്നില്ല. മാധ്യമങ്ങളിൽ വീണ്ടും ഇടംനേടിയ, ലഭിച്ചെന്ന് കരുതിയ നീതി വീണ്ടും തട്ടിത്തെറിപ്പിക്കപ്പെട്ട, വംശഹത്യയുടെ ജീവിക്കുന്ന ഇതിഹാസമായ ബിൽക്കീസ് ബാനുവിന്റെ പങ്കാളിയും നീതിനിഷേധത്തിനെതിരായ സമരത്തിൽ അവർക്കൊപ്പം നിന്ന പോരാളിയുമായി മാറിയ യാക്കൂബ് റസൂൽ ആയിരുന്നു ആ യുവാവ്!
‘‘ഇനി വരണ്ട മൗനത്തിനുമേൽ ഒന്നു വിയർക്കുക
കുട്ടീ, ഒന്നും എന്നും ഒരുപോലെയായിരിക്കുകയില്ല
എന്തെങ്കിലും എപ്പോഴെങ്കിലും സംഭവിച്ചേക്കാം’’
എന്ന കടമ്മന്റെ ‘ശാന്ത’ കവിതയിലെ സാന്ത്വന പ്രതീക്ഷ, ആ ആശ്ലേഷത്തിലെവിടെയോ വെച്ച് അറിയാതെ ഒന്ന് വിതുമ്പിയിരിക്കണം. ഏറക്കുെറ കടമ്മനിൽ ‘കവിത’ ചോർന്ന് തീർന്നെന്ന് പലരും കരുതിയ കാലത്താണ്, ഞങ്ങൾ ഗുജറാത്തിൽ പോവുന്നത്. ഗുജറാത്ത് വംശഹത്യാനുഭവങ്ങൾ, നിന്നുപോയെന്ന് ചിലർ കരുതിയ പ്രതിരോധ കവിതയുടെ കുതിപ്പായിരുന്നു കടമ്മന്!
പ്രശസ്തമായ ‘കുറത്തി’ക്കുശേഷം കേരളത്തെ കിടിലംകൊള്ളിക്കുന്ന ‘ക്യാ’ കവിതയും ആ ‘അശ്വത്ഥം’ എന്ന മനസ്സിനെ നീറ്റുന്ന കവിതയും വംശഹത്യാനന്തര ആഘാതത്തിന്റെ സൃഷ്ടികളാണ്. ഉള്ളുരുക്കിയ കണ്ണുനീർക്കുന്നിൽ, താൽക്കാലികമായെങ്കിലും കടമ്മനിൽ കവിതയുടെ ഉറവ മൂടിയ കല്ലുകൾ ഇളകിപ്പോയിരിക്കണം. അസാധാരണമായ വംശഹത്യാനന്തര പീഡാനുഭവങ്ങളുടെ ആഘാതം ആ മനസ്സിനെ പിടിച്ചുകുടഞ്ഞിരിക്കണം.
ഗുജറാത്തിലേക്കു പോയ ഞങ്ങളല്ല സത്യത്തിൽ തിരിച്ചുവന്നത്. പക്ഷേ, ചില സുഹൃത്തുക്കൾ ഗുജറാത്തിലേക്ക് പോയവരിൽ എല്ലാവരും തിരിച്ചുപോന്നപ്പോഴും കെ.ഇ.എൻ മാത്രം ഗുജറാത്തിൽതന്നെയാണെന്ന് പരിഹസിച്ചു. എന്നാൽ, ഞാനടക്കമുള്ള പു.ക.സ പ്രവർത്തകർ വെറുതെ തിരിച്ചുപോരുകയായിരുന്നില്ല, എന്താണ് ഗുജറാത്തിൽ യഥാർഥത്തിൽ സംഭവിച്ചതെന്ന്, കേരളത്തിലുടനീളം, ആവർത്തന വിരസതകളെക്കുറിച്ച് ഒട്ടുമേ വ്യാകുലരാവാതെ, എഴുതുകയും പറയുകയും ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. ഇനിയും ഇരകൾക്ക് നീതി കിട്ടുംവരെ അതുതന്നെ തുടർന്നുകൊണ്ടിരിക്കും. ഒരിക്കൽ ഗുജറാത്ത് സന്ദർശിച്ചാൽ, പിന്നീടൊരിക്കലും പോയ വേഗത്തിൽ മനുഷ്യർക്കാർക്കും ആ ഗുജറാത്തിൽനിന്ന് തിരിച്ചുപോരാൻ കഴിയുമായിരുന്നില്ല. ബി.ബി.സിക്കുപോലും!
വംശഹത്യകളോട് മനസ്സുകൊണ്ടെങ്കിലും വിടചോദിക്കാൻ കഴിയാത്തവർക്ക് ഗുജറാത്ത് ഓർമപ്പെടുത്തലുകൾ പഴം കഥ മാത്രമായി തോന്നും. ഒരിക്കൽ കുഴിച്ചുമൂടി എന്നാശ്വസിച്ച സത്യങ്ങൾ, ശവക്കല്ലറകൾ പൊളിച്ച് പുറത്തുവരുമ്പോൾ, ‘വംശഹത്യ മനസ്കർ’ സംഭ്രാന്തരാവുന്നത് സ്വാഭാവികമാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള മനുഷ്യർ എന്താണ് ഗുജറാത്തിൽ മുമ്പ് സംഭവിച്ചതെന്ന്, ഇപ്പോൾ വീണ്ടും മനസ്സിലാക്കുമ്പോൾ ആരാണ് ഏറ്റവും അസ്വസ്ഥരാവുന്നതെന്ന്, തിരിച്ചറിഞ്ഞാൽ മാത്രം മതി. അതോടെ വംശഹത്യയുടെ പൊരുൾ വ്യക്തമാവും. ആയിരം കൊല്ലമായി ‘ഹിന്ദുസ്ഥാൻ’ തുടരുന്ന ‘യുദ്ധ’ത്തെക്കുറിച്ച് മോഹൻ ഭാഗവത് പറയുന്നതും, ‘ചാണകം’ ആണവവികിരണത്തെ തടയുമെന്ന് ആദരണീയ ജസ്റ്റിസ് സാക്ഷ്യപ്പെടുത്തുന്നതും സമന്വയിക്കുന്നിടത്തുവെച്ചാണ്, ‘വംശഹത്യകൾ’ ജനിക്കുന്നത്! ‘‘ഗോവധം തടഞ്ഞാൽ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും തീരും’’ എന്ന് കരുതുന്ന അത്യന്തം ആദരണീയനായ ജസ്റ്റിസ് സമീർ വിനോദ് ചന്ദ്ര വ്യാസും സുവർണ ഭൂതകാലമെന്ന് കരുതപ്പെടുന്ന ആ പരിശുദ്ധകാലത്തെ തകർത്ത അക്രമികൾക്കെതിരെ രോഷാകുലമാവുന്ന സംഘ്പരിവാർ ശക്തികളും യഥാർഥ ചരിത്രത്തെ ‘മറച്ചുവെക്കാനും’ വികൃതപ്പെടുത്താനുമാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവർ വിജയിച്ചാൽ വംശഹത്യകളെ പ്രതിരോധിക്കുക, ഇന്നുള്ളതിനേക്കാൾ പ്രയാസകരമാവും. അതുകൊണ്ടാണ്, ജനായത്ത ശക്തികൾ, ഏറെ അസുഖകരമാണെങ്കിൽപോലും, ഒരിക്കൽകൂടി ഒരിടത്തും ഒരു ഗുജറാത്ത് ആവർത്തിക്കാതിരിക്കാൻ, ഗുജറാത്തിലേക്ക് ആവർത്തിച്ച് തിരിച്ചുപോയിക്കൊണ്ടിരിക്കുന്നത്. മനുഷ്യർ മറ്റു മനുഷ്യരോട് ചെയ്തത് എന്താണെന്ന് ഓർത്തുവെക്കാൻ നാം തയാറാണെങ്കിൽ, നാളെ മറ്റു ദുരന്തങ്ങൾ തടയാൻ സമുക്ക് ‘സാധിച്ചേക്കാം’ എന്ന് നൊബേൽ ജേതാവും ഫാഷിസ്റ്റ് പീഡനങ്ങളിലൂടെ കടന്നുപോവുകയും ചെയ്ത എലി വീസൽ.
ബി.ബി.സിയുടെ ‘ഇന്ത്യ നേരിടുന്ന വിപത്ത്’ എന്ന ഭീകരാനുഭവം പങ്കുവെക്കുന്ന ‘ഡോക്യുമെന്ററിയും വംശാനന്തര ഗുജറാത്ത്’ ഓർമകളും ഒരുതരത്തിൽ ആവശ്യപ്പെടുന്നത് ഒന്ന് നിലവിളിക്കാനുള്ള സ്വാതന്ത്ര്യമാണ്. നിലവിളിപോലും ചിലപ്പോൾ ഒരു നല്ല നാളേക്കുവേണ്ടിയുള്ള ‘സമരവിളി’യായിത്തീരാമെന്ന പ്രതീക്ഷയിൽ! അതുകൊണ്ടുതന്നെയാണ്, നിസ്സഹായരുടെ നിലവിളികൾപോലും ഫാഷിസ്റ്റുകളെ പ്രകോപിതരാക്കുന്നതും! ഒരു കുട്ടി രണ്ടു കൈയിലും മിഠായികൾ മുറുക്കിപ്പിടിച്ച് വീട്ടിലെത്തി തിന്നാമെന്ന ആഹ്ലാദത്തിൽ നടക്കുകയാണ്. ഒരാൾ ഒരു കൈയിലെ മിഠായി തട്ടിപ്പറിച്ച് ഓടി. കുട്ടി, അത് കാര്യമാക്കാതെ, ഒന്ന് നിലവിളിക്കുകപോലും ചെയ്യാതെ, മറ്റേ കൈയിലെ മിഠായിയുടെ മധുരം മനസ്സിൽ നുണഞ്ഞ് നടന്നു. അപ്പോൾ ആദ്യത്തേയാൾ വീണ്ടും വന്ന് മറ്റേ കൈയിലെ മിഠായിയും തട്ടിപ്പറിച്ചു. മുമ്പ് വായിച്ച ബ്രഹ്തിന്റെ കവിതയുടെ പരുക്കൻ സംഗ്രഹമാണ്! മതനിരപേക്ഷതക്ക് സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ചോർക്കാതെ, മറ്റേ കൈയിലെ നേട്ടം നിലനിൽക്കുമെന്ന് കരുതുന്നവർക്കുള്ള താക്കീത് കൂടിയാവുമോ ആ കവിത? ഒടുവിൽ ബി.ബി.സിയും ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയിൽ പങ്കുവെക്കുന്നത്, പലതരത്തിൽ, ആവർത്തിക്കപ്പെടുന്ന വംശഹത്യയുടെ പ്രച്ഛന്നവേഷങ്ങളെക്കുറിച്ചാണ്. ‘ഗുജറാത്ത് വംശഹത്യ’ അതേ രൂപത്തിൽ ആവർത്തിക്കുക ഇന്ത്യൻ ഫാഷിസത്തിന് പ്രയാസകരമാവുമെങ്കിലും മതനിരപേക്ഷ ശക്തികൾ നിതാന്ത ജാഗ്രത പുലർത്തുന്നില്ലെങ്കിൽ വംശഹത്യ ഒരടഞ്ഞ അധ്യായമല്ലെന്ന താക്കീത് കൂടിയാണ്, വംശഹത്യാനന്തര ഓർമപ്പെടുത്തലുകൾ അടിവരയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.