നാരായൻ. കേരളത്തിലെ ആദ്യത്തെ ആദിവാസി എഴുത്തുകാരിൽ ഒരാൾ. ആത്മാഭിമാനം മുറിപ്പെട്ട ഈ മനുഷ്യൻ ഒരാദിവാസിജീവിതത്തിെൻറ ഉള്ളറകളെ തുറന്നെഴുതി, സാഹിത്യലോകത്തെ അമ്പരപ്പിച്ചു. 'കൊച്ചരേത്തി'യിലൂടെ പുരസ്കാരങ്ങളുടെ വലിയ ലോകങ്ങൾ ആ നോവൽ നാരായന് തുറന്നുകൊടുത്തു. ഉറൂബിനെയും എം.ടിയെയും ഒ.വി. വിജയനെയും എം. സുകുമാരനെയും സി.വി. ബാലകൃഷ്ണനെയുമൊക്കെ അടയാളപ്പെടുത്തിയ സാഹിത്യലോകത്ത്, തന്നിലൂടെ തെൻറ സമുദായംകൂടി പരിഗണിക്കപ്പെടുന്നതുകണ്ട് ആഹ്ലാദിച്ച എഴുത്തുകാരൻ. 1940 സെപ്റ്റംബർ 26ന് ഇടുക്കിയിലെ കടയത്തൂരിൽ മലയരയ സമുദായത്തിലാണ് ജനനം. ചെറുകഥകളിലൂടെയാണ് സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. 1988ലാണ് 'െകാച്ചരേത്തി' എഴുതി പൂർത്തിയാക്കുന്നത്. എന്നാൽ,1998ലാണ് നോവൽ പുറത്തിറങ്ങുന്നത്. 1999ൽ നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നോവലിന് പിന്നീട് ഇംഗ്ലീഷിലേക്ക് പരിഭാഷ വന്നു.
'കൊച്ചരേത്തി' എന്ന നോവൽ പ്രസിദ്ധീകരിക്കുന്നത് 1998 ലാണ്. അതുവരെ മലയാള സാഹിത്യത്തിന് ലഭ്യമായിട്ടാത്തവിധമുള്ള ഒരു തുറന്നെഴുത്ത്. അതും ചരിത്രത്തിലാദ്യമായി ആദിവാസി ജീവിതത്തെ അതിനകത്തുനിന്നും ഒരാൾ നോക്കിക്കാണുന്നു. വായിച്ചതും കണ്ടതുമൊന്നുമല്ല ആദിവാസി ജീവിതമെന്ന് ആദ്യമായി അറിഞ്ഞത് നാരായനിലൂടെയാണ്. ഈ ചരിത്രസന്ദർഭത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഒരാൾ സ്വന്തം സമൂഹത്തെ, അതിനുള്ളിൽനിന്നു നോക്കിക്കാണുമ്പോൾ, മറ്റുള്ളവർ കണ്ടതിനെക്കാൾ തെളിമയോടെ പലതും കാണാൻ കഴിയും. ആ കാഴ്ചകൾ സത്യസന്ധമായി രേഖപ്പെടുത്താൻ ഒരവസരം, അഥവാ സന്ദർഭം അയാൾക്കുണ്ടായെന്നുവരാം. അങ്ങനെയുണ്ടാകുമ്പോൾ ആത്മാർഥമായ പരിശ്രമത്തിലൂടെ രേഖപ്പെടുത്തൽ നടത്തണം. കാലം ഒരാൾക്കുവേണ്ടിയും കാത്തുനിൽക്കുകില്ല. അതുപോലെ അവസരങ്ങളും ആവർത്തിച്ച് ഉണ്ടാകണമെന്നില്ല.
'കൊച്ചരേത്തി'യിലൂടെ ഒരാദിവാസിവിഭാഗത്തിെൻറ കുറച്ചുകാലത്തെ അനുഭവങ്ങളാണ് രേഖപ്പെടുത്തിയത്. അത് ചരിത്രത്തിെൻറ ഭാഗമായോ, അതല്ല പ്രകോപനങ്ങളെ ഇളക്കിവിട്ടോ എന്നൊന്നുമറിയില്ല. ആദിവാസി ജീവിതമെന്ന തലക്കെട്ടുമായി എന്തെങ്കിലുമൊക്കെ എഴുതുന്നവർക്ക് ആ നോവൽ ഒരു തടസ്സമായോ എന്നുമറിയില്ല. എന്തൊക്കെയായാലും കൊച്ചരേത്തിക്ക് സഹൃദയർക്കിടയിൽ നല്ല സ്വീകാര്യതയുണ്ടായി. ആ രചനക്ക് അപൂർവം ചിലർ കൽപിച്ച അയിത്തമുണ്ടായിരുന്നെങ്കിൽ അത് ഇല്ലാതെയുമായി. മലയാളമുൾപ്പെടെ ഏഴു ഭാഷകളിൽ കൊച്ചരേത്തി പുസ്തകമായിട്ടുണ്ട്. പല പുരസ്കാരങ്ങളും കിട്ടിയിട്ടുമുണ്ട്.
'കൊച്ചരേത്തി' എഴുതാനിടയായ സാഹചര്യം എന്തായിരുന്നു?
പ്രാന്തവത്കൃതരെ കരുക്കളും കഥാപാത്രങ്ങളുമാക്കിയുള്ള പലവിധ രചനകളും വായനക്കാരിൽ തെറ്റായ ധാരണകൾ പരത്തുന്ന കാലം. സീരിയലായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഒരു സൃഷ്ടി വായിക്കേണ്ടിവന്നപ്പോഴുണ്ടായ പ്രതിഷേധം ആഴത്തിലുള്ള ചിന്തകൾക്കു േപ്രരണയായി. പലരും ആദിവാസിക്കഥകളെഴുതുന്നത് കുറച്ചറിവുകളും ഏറെ ഭാവനയും പിന്നെ നിഗമനങ്ങളും പ്രയോജനപ്പെടുത്തിയാണ്. അതുകൊണ്ടാണ് ഒരുപാടെണ്ണത്തിനും യാഥാർഥ്യങ്ങളുമായി പൊരുത്തമില്ലാത്തത്. പ്രതികരണ ശേഷി തുലോം കുറവായവരെപ്പറ്റി, അവഹേളിച്ച് എന്തെഴുതിയാലും കുഴപ്പമില്ലല്ലോ. എഴുത്തിനു വലിയ പ്രചാരവുമുണ്ടാകും. ഇതൊന്നും തടയാൻ ആർക്കുംതന്നെ സാധിക്കില്ല. അത്തരമൊരവസ്ഥയിൽ, സത്യസന്ധമായി ഒരാദിവാസിജീവിതം, അനുവാചകരെ പരിചയപ്പെടുത്തണമെന്നൊരു വിചാരം ശക്തിപ്പെടുകയും എഴുതിത്തുടങ്ങുകയും എഴുത്തു പൂർത്തിയായപ്പോൾ 'കൊച്ചരേത്തി' എന്നു പേരിടുകയും ചെയ്തു.
മാംസളമല്ല താങ്കളുടെ എഴുത്തുകൾ; പക്ഷേ ഉള്ളുറപ്പുള്ളവയാണല്ലോ..?
മാംസളമല്ലാത്തതിനാൽ എെൻറ എഴുത്ത് വിശദീകരിക്കാൻ അധികമൊന്നുമില്ല. എനിക്ക് സ്വായത്തമായ ഭാഷ, കേരളീയരുടെ മാതൃഭാഷയായ മലയാളംതന്നെയാണ്, മുൻതലമുറയുടേത് പഴയ മലയാളവും. അത് അസഭ്യങ്ങളും അശ്ലീലങ്ങളും കൂടിക്കുഴഞ്ഞതല്ല. സാധാരണക്കാരുടെ വർത്തമാനത്തിൽ അർഥമറിയാതെയാണെങ്കിലും ചില അന്യഭാഷാപദങ്ങൾ വരുമല്ലോ. ഇംഗ്ലീഷ് വാക്കുകൾ കുറച്ചുണ്ടാകും. എെൻറ സംസാരത്തിലും ചില ഇംഗ്ലീഷ് വാക്കുകളും കൂടിക്കലരും. മനഃപൂർവമല്ല. എന്നാൽ എഴുത്തിൽ കുറച്ചു ശ്രദ്ധിച്ചാൽ ഇക്കാര്യം പരിഹരിക്കാം.
എെൻറ നോവലുകളിലും കഥകളിലും മുതിർന്ന തലമുറക്കാരായ ഗോത്രജനങ്ങൾ കഥാപാത്രങ്ങളാവുക സാധാരണമാണ്. അവരുടെ സംഭാഷണങ്ങളിൽ, അടിക്കുറിപ്പോ വിശദീകരണമോ ഇല്ലാതെ വായിക്കുന്നവർക്ക് എളുപ്പം മനസ്സിലാവുകയും ചെയ്യുന്ന ആദിവാസിഭാഷയിലെ ചില വാക്കുകളും ആദിവാസികൾക്കു നന്നായി വഴങ്ങാത്ത മലയാളം വാക്കുകളും സാധാരണമാണ്. അത് വാക്കുകൾകൊണ്ടുള്ള അഭ്യാസമൊന്നുമല്ല. എഴുത്ത് മാന്യമായ ഭാഷയിലായിരിക്കും.
ആദിവാസിജീവിതങ്ങളെ/ദലിത് ജീവിതങ്ങളെ അവലംബിച്ച് നിരവധി എഴുത്തുകൾ ഭാഷയിലുണ്ടായിട്ടുണ്ട്. അത് തങ്ങളുടെ ജീവിതത്തോട് നീതി പുലർത്തിയില്ലെന്ന് തോന്നിയിട്ടുണ്ടോ?
ആദിവാസി ദലിത് ജീവിതങ്ങളെ അവലംബിച്ചുള്ള രചനകൾ. നിത്യജീവിതത്തിന് മേൽപറഞ്ഞ രചനകൾ, അറിഞ്ഞോ അറിയാതെയോ, കാര്യമായ േപ്രരണയൊന്നും ചെലുത്താറില്ല. ജീവിതാവിഷ്കാരങ്ങളെ ആ രീതിയിലും, സാഹിത്യസൃഷ്ടികളെ ആ വിധത്തിലും സമീപിക്കുകയാണ് എെൻറ രീതി. സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും നമ്മുടെ പുരാണകഥകൾക്കുപോലും, മനുഷ്യെൻറ നിത്യജീവിതത്തിൽ വലിയ പരിവർത്തനങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സന്ദർഭത്തിനൊത്ത് ചില അനുഭവങ്ങളെ നമ്മൾ ഒത്തുനോക്കും, ഒരു താരതമ്യം നടത്തൽ.
ഒരു കൂട്ടമാളുകളോ വ്യക്തികളോ ഒരിക്കൽ അനുഭവിച്ചത് മറ്റൊരു കാലത്തും അതേ രീതിയിൽ, മറ്റു വ്യക്തികൾക്കോ കൂട്ടർക്കോ അനുഭവമാവുകില്ല.
ആദിവാസി ദലിത് രചനകളിൽ, നാരായനെയോ അയാളുടെ ജീവിതത്തെയോ പറ്റി വല്ല പരാമർശവും ആരെങ്കിലും നടത്തിയിട്ടുണ്ടാകാം. അങ്ങനെയുള്ളതൊന്നും നിത്യജീവിതത്തെ ബാധിച്ചിട്ടില്ല. ചോദ്യം സാഹിത്യ ബന്ധമുള്ളതിനാൽ പറയട്ടെ, എല്ലാ പരിഷ്കൃതമനസ്സുകളിലും ഓരോ ആദിവാസി രൂപങ്ങളുണ്ട്. ചിന്തിക്കുന്ന തലച്ചോറും വിചാരപ്പെടുന്ന മനസ്സും അവനുണ്ടെന്നു സമ്മതിക്കുകില്ല. നമ്മുടെ ബൗദ്ധിക ലോകവും സാഹിത്യലോകവുമൊക്കെ അടക്കിവാഴുന്ന സങ്കുചിത മനസ്സുകളൊന്നും, ജനനംകൊണ്ട് ആദിവാസിയായ നാരായനെന്ന എഴുത്തുകാരനെ അംഗീകരിച്ചിട്ടില്ല; അംഗീകരിക്കയുമില്ല. അങ്ങനെയുള്ള മഹാത്മാക്കളുടെ മുന്നിൽ തല ചൊറിഞ്ഞോ കൈയും കെട്ടിയോ നിൽക്കാനൊന്നും നാരായൻ തയാറുമല്ല, പോയിട്ടുമില്ല. കാരണം, ജീവിതോപാധിയായോ പണമുണ്ടാക്കുന്ന ബിസിനസായോ നാരായൻ എഴുത്തെന്ന പ്രക്രിയയെ കണക്കാക്കിയിട്ടില്ല.
ഒരു കാര്യം കൂടി, നാരായെൻറ എഴുത്തുകൾ, കഥാസമാഹാരങ്ങൾ ഉൾപ്പെടെ പതിനഞ്ചോ പതിനാറോ പുസ്തകങ്ങളുണ്ട്. പലതിനും മോശമല്ലാത്ത വിൽപനയുമുണ്ട്. അവയിൽ ഒന്നിെൻറപോലും കോപ്പിറൈറ്റ് വിറ്റിട്ടുമില്ല. രചനകൾ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ഒരു പ്രസാധകരും ഒരു ഷീറ്റ് കടലാസ് വാങ്ങാനോ, ഒരുപേജ് അച്ചടിക്കുന്നതിനുള്ള ചെലവായോ ഒരഞ്ചുപൈസപോലും ഇതുവരെ കൊടുത്തിട്ടുമില്ല. ഇക്കാര്യങ്ങളിൽ ഇയാൾ ഒരു പിന്തിരിപ്പൻ ചിന്താഗതിക്കാരനായിരിക്കാം. ആദിവാസിയല്ലേ, വിവരമില്ലെന്നും പറഞ്ഞേക്കാം.
തെൻറ ഒരു രചന മെയിൻ സ്ട്രീമിലുള്ളവർ പ്രസിദ്ധീകരിക്കുകില്ലെങ്കിൽ സാധനത്തിനു നിലവാരമില്ലാത്തതുകൊണ്ടാകാം. ഒരു സബ് സ്റ്റാൻഡേർഡ് ഐറ്റം കാശുമുടക്കി പ്രസിദ്ധീകരിക്കുന്നതെന്തിന് എന്നാണു വിചാരം.
പി. വത്സലയെപ്പോലുള്ളവരുടെ എഴുത്തുകൾ ആദിവാസി മുന്നേറ്റത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ടോ?
വത്സല ടീച്ചറുടെയും മറ്റു ചില എഴുത്തുകാരുടെയും പല രചനകളും ഞാൻ വായിച്ചിട്ടുണ്ട്. നെല്ല്, കൂമൻകൊല്ലി തുടങ്ങിയവ. ഗോപാലൻനായർ എന്ന ജിക്കുവേണ്ടി അടിമപ്പണിചെയ്യുന്ന ആദിവാസികളെ വത്സല ടീച്ചറുടെ നോവലിൽ വായിച്ചിട്ടുണ്ട്.
വിദ്യാഭ്യാസവും രാഷ്ട്രീയവും ആദിവാസികളിൽ ചെറിയൊരു മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നു സമ്മതിക്കാം. അവർക്കെന്തെങ്കിലും മുന്നേറ്റമുണ്ടായതായി, തൽപര കക്ഷികളായ ഏതെങ്കിലും രാഷ്ട്രീയക്കാർ പറഞ്ഞേക്കും, ആദിവാസിക്ക് ചവിട്ടിനിൽക്കാൻ ഒരുപിടി മണ്ണില്ലാതെയാവുന്നത് ആരും കാണുന്നില്ലേ? അറിഞ്ഞില്ലെന്നായിരിക്കും. ആദിവാസിക്ക് ചില്ലറ പരിഷ്കാരങ്ങളും പരിവർത്തനവമുണ്ടായെങ്കിൽ അതു കാലാനുഗതിയാണ്. ആ മേന്മ ഏതെങ്കിലും ഭരണക്കാരോ രാഷ്ട്രീയക്കാരോ ഉണ്ടാക്കിയതല്ല.
എഴുത്തിൽ സംവരണം വേണമെന്ന് തോന്നിയിട്ടുണ്ടോ?
എഴുത്തിൽ സംവരണം, ഇതൊരു തമാശയല്ലേ? സവർണ സാഹിത്യം, അവർണ സാഹിത്യം ഇങ്ങനെയൊക്കെ പറഞ്ഞുകേട്ടിട്ടും ചിലതു വായിച്ചിട്ടുമുണ്ട്. ദലിതൻ എഴുതിയാലേ ദലിത് സാഹിത്യമാകൂ. അങ്ങനെ മുമ്പു ചിലർ അവകാശപ്പെട്ടിരുന്നു. ബ്രാഹ്മണസാഹിത്യവും നായർ സാഹിത്യവും പിന്നെ ദലിത് സാഹിത്യവും. ആദിവാസിക്ക് ഒന്നുമില്ല. വിരുതന്മാർ ആദിവാസികളെയും ദലിതരാക്കിയിരിക്കാം. ചില നേതൃത്വമോഹികളുടെ അവകാശവാദങ്ങളായിരുന്നു.
ആവിഷ്കാരം ബുദ്ധിപരമായ പ്രവർത്തനം കൂടിയാണല്ലോ. എഴുത്തിൽ സംവരണം വേണമെന്ന ആവശ്യക്കാരുടെ രചനകൾ, മുഖ്യധാരയിൽ പ്രകാശം കാണുന്നില്ലെന്ന കാരണംകൊണ്ടാണെങ്കിൽ ഒരു കാര്യം പറയാനുണ്ട്.
കേരളത്തിലെങ്കിലും ദലിതരും ആദിവാസികളും –അവരിൽ കുറച്ചെങ്കിലും ഉയർന്നനിലയിലുള്ളവരുണ്ട് ആയിരക്കണക്കിൽ. നാട്ടിലെ വൻകിട പ്രസാധകരോട് കിടപിടിക്കാവുന്ന ഒരു പ്രസാധക സംഘമോ കമ്പനിയോ രൂപവത്കരിക്കണം. എളുപ്പം വാങ്ങാവുന്ന മുഖവിലയുള്ള ഷെയറുകൾ ഈ രണ്ടു വിഭാഗക്കാരുടെയും ഇടയിൽ വിറ്റ് കാപിറ്റലുണ്ടാക്കാം. അവരിലെ എഴുത്തുകാർ എഴുതട്ടെ. പ്രസിദ്ധീകരണത്തിനു സ്വീകരിക്കുമ്പോൾ നിലവാരത്തിെൻറ കാര്യത്തിൽ വിട്ടുവീഴ്ചയുമരുത്. ഇങ്ങനെയൊന്നു നടപ്പാക്കിക്കൂടെ?
മലയരയർ, ഊരാളികൾ, മുതുവാന്മാർ, മലമ്പണ്ടാരങ്ങൾ തുടങ്ങിയ വിഭാഗങ്ങളുടെ ജീവിതങ്ങൾ ഭാഷയിലേക്ക് പ്രവേശിച്ചപ്പോൾ കണ്ട പ്രകടമായ മാറ്റങ്ങൾ എന്തായിരുന്നു?
മലയരയർ, ഊരാളിമാർ, മുതുവാന്മാർ ^ഈ മൂന്നു വിഭാഗക്കാരുടെയും ജീവിതം കൃഷി, ആരാധന, പാരമ്പര്യം എന്നിവ വിശദമാക്കുന്ന മൂന്നു നോവലുകൾ ഞാൻ എഴുതിയിട്ടുണ്ട്. കൊച്ചരേത്തി, ഊരാളിക്കുടി, ചെമ്മാരും കുട്ടാളും. അതിൽ കൊച്ചേരത്തി മലയാളം പത്ത് എഡിഷനുകൾ, ഊരാളിക്കുടി അഞ്ചും ചെങ്ങാറും കുട്ടാളും മൂന്നോ നാലോ പതിപ്പുകൾ. പ്രസാധകർ എസ്.പി.സി.എസ് ആണെങ്കിലും എൻ.ബി.എസിെൻറ അപൂർവം ചില ശാഖകളിൽ മാത്രമേ ഈ പുസ്തകങ്ങൾ വിൽക്കുന്നുള്ളൂ. കാരണമെന്താണെന്ന് ചോദിച്ചാൽ പറയുകില്ല.
ഒരു സാഹിത്യരചനയും ഏതെങ്കിലും ആദിവാസി വിഭാഗത്തെ സ്വാധീനിച്ച ചരിത്രമില്ല. ആ സമൂഹങ്ങളിലൊക്കെ വായിക്കുന്ന കുറച്ചു പേരുണ്ട്. അവർ വായിച്ചിട്ടുണ്ടാകും. കൊച്ചരേത്തി വായിച്ച ഒരാൾ, മലയരയനായ ഒരാളോട് നോവലിലെ കാര്യങ്ങൾ പറഞ്ഞാൽ പ്രതികരണം, അതു ഞങ്ങളുടെ സമുദായത്തിെൻറ കഥയാണ്; അതിൽപറഞ്ഞ പല കാര്യങ്ങൾക്കും കാലപ്പഴക്കംകൊണ്ടു മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നായിരിക്കും.
സമുദായത്തിലെ വിദ്യാസമ്പന്നരും സാമ്പത്തികമായി നല്ല നിലയിലുള്ളവരും നാരായനോട് അടുപ്പം കാണിക്കാറില്ല. മനസ്സിലിരിപ്പ് അമ്പടാ അവൻ നമ്മളേക്കാൾ വെല്യ ആളായോ എന്നാണ്. കൊച്ചരേത്തി തങ്ങളുടെ സമുദായത്തിെൻറ ഒരു കാലഘട്ടത്തിലെ കഥയാണ് എന്നു സമ്മതിക്കുന്ന ധാരാളം പേരുമുണ്ട്. അവരിൽ പലരും പറയും: നമ്മൾക്കേ ചരിത്രമില്ലാത്തതുകൊണ്ടല്ല, അതു രേഖപ്പെടുത്തിവെക്കാൻ ആരുമുണ്ടായില്ല.
വരേണ്യസാഹിത്യത്തിൽ നിലനിൽക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ?
വരേണ്യമല്ലാത്ത സാഹിത്യത്തിന് ഇന്ത്യയിൽ എത്ര വയസ്സു പ്രായമുണ്ടാകും? വരേണ്യസാഹിത്യങ്ങളല്ലേ, പുരാണങ്ങളും പിന്നെ ദൈവികവുമൊക്കെ ആയത്. അവയിൽ ചിലതിെൻറ രചയിതാക്കൾ വരേണ്യരല്ലെന്നു സമ്മതിച്ചാലും രാക്ഷസനെന്നും കാട്ടാളനെന്നും പിന്നെ വാനരരെന്നുമൊക്കെ വിശേഷിപ്പിച്ചിട്ടുള്ളതാരെയാണ്?
സുന്ദരിമാരെ വശത്താക്കി ഭോഗിച്ച് മക്കളെയുണ്ടാക്കിയ ദൈവങ്ങളെയല്ല. മലയാള സാഹിത്യത്തിലും കുട്ടനും കുഞ്ഞനും കണ്ടനും കാളിയും എത്രവേണമെങ്കിലും കാണും. മണ്ണിൽ പണിതു രക്തവും വിയർപ്പുമൊഴുക്കുന്നവരെ മനുഷ്യരായിപ്പറയാൻ തുടങ്ങിയിട്ട് ഒരുപാടുകാലമായില്ല. നമ്മുടെ സാഹിത്യത്തിെൻറ സിംഹഭാഗവും വരേണ്യം തന്നെയാണ്.
താങ്കളുൾപ്പെടുന്ന സമൂഹത്തിെൻറ ഗതികേടുകളെയും അരക്ഷിതജീവിതത്തെയും അവർക്കുമേൽ അടിച്ചേൽപിക്കുന്ന അടിമത്ത സാമൂഹികാവസ്ഥയെയും ആണ് കഥകളിലുടനീളം ആവിഷ്കരിച്ചിട്ടുള്ളത്. ഇപ്പോഴും അവ നിലനിൽക്കുന്നുണ്ടോ?
സമൂഹത്തിെൻറ ഗതികേടിൽ ഏറിയ പങ്കും അന്യരുടെ സൃഷ്ടിയാണ്. സമൂഹം അനുഭവിക്കുന്ന അവശതകളും അവഹേളനങ്ങളും ചതിയുമൊക്കെ വെളിച്ചത്തു കൊണ്ടുവരാൻ പരിശ്രമിക്കേണ്ടത് എേൻറയുംകൂടി ബാധ്യതയാണെന്ന വിശ്വാസം. ഒന്നിനെങ്കിലും പരിഹാരം കാണാൻ കഴിയാത്തതിെൻറ നൈരാശ്യം, പ്രബലശക്തികളുടെ മനോഭാവം, ഇവന്മാരെയൊന്നും വെച്ചുവാഴിക്കരുതെന്നല്ലേ? അടിമത്തം ഇപ്പോഴില്ലെങ്കിലും മറ്റുതരം േദ്രാഹങ്ങളും അവഹേളനങ്ങളും പുതിയ രൂപത്തിൽ നിലനിൽക്കുന്നുണ്ട്. ഇപ്പോഴുമുണ്ടല്ലോ കാരണമില്ലാത്ത അവഹേളനങ്ങൾ.
ആരാണ് തോൽക്കുന്നവർ, നിസ്സഹായെൻറ നിലവിളി, തോൽവികളുടെ തമ്പുരാന്മാർ തുടങ്ങിയവ താങ്കളുടെ രചനകളാണല്ലോ, എന്തുകൊണ്ടാണ് ഇത്തരം തലക്കെട്ടുകൾ?
മനുഷ്യനായി നിലനിൽക്കുക ഒരു യുദ്ധം തന്നെയല്ലേ? ആരു ജയിക്കുമെന്നു പറയാനാവാത്ത ഒരവസ്ഥയുണ്ടല്ലോ. ഒരു പ്രത്യേക പക്ഷം ജയിച്ചു കാണാൻ ആഗ്രഹമുണ്ടെങ്കിലും അങ്ങനെ സംഭവിക്കില്ലെങ്കിൽപോലും മനസ്സിൽ നുരയുന്നത് ആശങ്കയാണ്, അതുകൊണ്ടുള്ള വിചാരങ്ങളും. അങ്ങനെ തോന്നുന്നതാണ് 'ആരാണ് തോൽക്കുന്നവർ'? രക്ഷപ്പെടാൻ വഴിയില്ലാതെ നാശത്തിലേക്കു ചെന്നുവീഴാൻ വിധിയുള്ളവെൻറ, സഹായത്തിന് ആരുമില്ലാത്തവരുടെ കൂട്ടത്തിലെ ഒരാൾ. അയാളുടെ കരച്ചിലാണ് 'നിസ്സഹായെൻറ നിലവിളി'.
തോൽവികളുടെ തമ്പുരാന്മാർ, മനുഷ്യരായി ജന്മംകൊണ്ട കാലം മുതൽ ഓരോ സംരംഭത്തിലും തോൽപിക്കപ്പെടുന്നവർ. അവർക്കു വംശനാശം വരുന്നുമില്ല. അവരെപ്പറ്റി എഴുതിവെക്കാത്തതിനു ചരിത്രകാരന്മാരെ കുറ്റപ്പെടുത്തുന്നുമില്ല. പക്ഷപാതപരമായി രേഖപ്പെടുത്തിയതിനു ചരിത്രമെന്നു പറയുന്നു. സത്യമല്ല, തോൽവികളേറ്റവർ പിന്നെയും പരിശ്രമിച്ചു കാലങ്ങൾ കഴിഞ്ഞും വരുന്നു, പുതിയതരം തോൽവികളേറ്റു വാങ്ങാൻ. അവരെ തമ്പുരാക്കൾ എന്നല്ല പറഞ്ഞത്, 'തോൽവികളുടെ തമ്പുരാന്മാർ' എന്നാണ്.
നാരായന് എഴുത്ത് ഒരു വിനോദപരിപാടിയല്ല; ഇതെത്രനാൾ തുടരാനാവും എന്നുമറിയില്ല.
അക്കാലത്തെ തൊഴിലിടങ്ങൾ താങ്കളെപ്പോലുള്ളവരെ എങ്ങനെയാണ് സ്വീകരിച്ചത്?
കല്ലിെൻറയും കുറ്റിയുടെയും മൂടുചുരണ്ടി, വെയിലും മഴയുമേറ്റ് ഒരു നേരത്തെയെങ്കിലും അന്നത്തിനു വകയുണ്ടാക്കാൻ പാടുപെടുന്നവരുടെ കൂട്ടത്തിൽനിന്നൊരുവൻ.
വീട്ടിൽനിന്നും കുറച്ചകലെയാണെങ്കിലും ഒരു പള്ളിക്കൂടമുണ്ടായിരുന്നതിനാൽ, അവിടെപ്പോയി പഠിച്ചു. തുടർന്നുള്ള പരിശ്രമങ്ങൾ ഒരു ജോലിക്കാരനാകാൻ സഹായിച്ചു. ജോലിസ്ഥലങ്ങളിലെ അവഗണനകൾ പുതിയ അനുഭവങ്ങളായിരുന്നു. ജോലി സർക്കാർ സ്ഥാപനത്തിലായതിനാൽ, ''നീ മാറിനില്ലെടാ''ന്ന് ആരും പറഞ്ഞില്ല. എന്നാൽ അവർക്കെല്ലാമറിയാം ഇവനാരാണെന്ന്. സമീപനത്തിലെ മയമില്ലായ്മ, പോയി വരാൻ സൗകര്യങ്ങൾ പരിമിതമായ സ്ഥലങ്ങൾ, പഴയ കെട്ടിടങ്ങളും ഉപകരണങ്ങളും –അതെല്ലാം ഞങ്ങൾക്കു വേണ്ടിയായിരുന്നു. എന്തു പോരായ്മക്കും വകുപ്പധികാരികൾക്കൊരു മുഴക്കോലുണ്ട്. അതുെവച്ചളക്കും. പിന്നെ ഒഫീഷ്യൽ അറ്റ് ഫോൾട്ടെന്നും.
സമുദായം മുഖംതിരിച്ചുനിന്നോ?
സമുദായത്തിന് മറ്റു സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവരുടെ കാര്യത്തിൽ ഒരു താൽപര്യവുമുണ്ടായിരുന്നില്ല. അവരൊന്നുമറിയുകില്ല. ഇന്നിപ്പോൾ ജോലിക്കാരെ പരിഗണിക്കുമെങ്കിൽ അവർ വാങ്ങുന്ന ശമ്പളത്തിെൻറ വലുപ്പം കണ്ടാണ്. ചെറിയ വരുമാനക്കാരെയും ജോലിയിൽനിന്നും വിരമിച്ചവരെയും പറ്റി അത്ര മതിപ്പില്ല. മറ്റാരെങ്കിലും ഇക്കാര്യം ചോദിച്ചാൽ വലിയൊരു നുണപറയും. ഞങ്ങൾക്കെല്ലാമറിയാം.
പരിസ്ഥിതിവിരുദ്ധ പുനരധിവാസം ആദിവാസികളുടെ ജീവിതത്തെയും രാഷ്ട്രീയത്തെയും കൂട്ടായ്മകളെയും പരിഗണിച്ചുകൊണ്ടാവാത്തത് ആദിവാസികളുടെ പുരോഗതിക്ക് തടസ്സമാവുന്നുണ്ടോ?
കാട്ടുകോഴിക്കുണ്ടോ വാവും ചങ്കരാന്തിയും എന്നു പറഞ്ഞതുപോലെ നമ്മുടെ രാജ്യത്തെ ഏറ്റവും പ്രബലരായ ആദിവാസികൾ രാഷ്ട്രീയക്കാരും ഭരണക്കാരുമല്ലേ? ആദിവാസിക്ഷേമത്തിന് പെരുത്ത സംഖ്യകൾ ഉൾപ്പെടുത്തി ബജറ്റുകളുണ്ടാക്കും. എന്നിട്ട് ലക്ഷങ്ങൾ അപഹരിക്കും. ഇതിലൊക്കെ കാട്ടിലും മലയിലും കഴിയുന്ന ആദിവാസികൾക്കെന്തുകാര്യം? ഒരിടത്തു കോളനികളായി തിങ്ങിപ്പാർക്കുന്നവരല്ല ആദിവാസികൾ. അവരെ ആവാസസ്ഥലങ്ങളിൽനിന്നെല്ലാം തല്ലിയോടിച്ച്, നിർബന്ധിച്ചു കൂട്ടങ്ങളാക്കുക, വംശനാശ പ്രക്രിയകൾ എളുപ്പമാക്കാൻ.
ആദിവാസി ക്ഷേമവും വികസനവും കടലാസിലും പ്രസംഗങ്ങളിലും മാത്രമുള്ളൊരു വിഷയം. അവരുടെ ജനസംഖ്യ വർധിക്കുകയല്ല, കുറയുകയാണ്. ഗവൺമെൻറ് വക തൊഴിലുകളിൽ ൈട്രബ്സ് ആദിവാസികൾക്ക് ഏഴര ശതമാനം സംവരണമുണ്ടായിരുന്നു. അതിപ്പോൾ ഒന്നരയോ രണ്ടോ ശതമാനമായി കുറച്ചെങ്കിൽ അതിനർഥമെന്താണ്? അവരിൽ തൊഴിൽ ചെയ്യാൻ പ്രാപ്തിയുള്ളവർ കുറയുന്നു, യോഗ്യത നേടുന്നവരും കുറയുന്നു എന്നല്ലേ ? ഇനിയും പരിസ്ഥിതി അനുകൂല പുനരധിവാസത്തിന് നിലനിൽക്കുന്ന ആദിവാസികളെയും ബലമായി ഒഴിപ്പിക്കേണ്ടിവരും.
ആദിവാസിയുടെ പൊതുസമൂഹത്തിലെ ഇരിപ്പിടം എത്രത്തോളം ഉറച്ചതാണ്?
ആദിവാസിക്ക് പൊതുസമൂഹത്തിൽ ഇരിപ്പിടമുണ്ടോ എന്നാദ്യം ചിന്തിക്കുകയും പരിശോധിക്കുകയും വേണം. അവർക്കെവിടെയെങ്കിലും ഇരിപ്പിടമുണ്ടെന്നു ബോധ്യമായാൽമാത്രം അതിെൻറ ഉറപ്പിനെപ്പറ്റി വിചാരിക്കുകയും പറയുകയും ചെയ്യാം.
ദേശീയതലത്തിൽ ക്ഷണിക്കപ്പെടുകയുണ്ടായിട്ടുണ്ടല്ലോ? വലിയ എഴുത്തുകാരുമായുള്ള അക്കാലത്തെ ബന്ധത്തെക്കുറിച്ച് പറയാമോ?
ദേശീയതലത്തിലുള്ളതാണോ എന്നറിയില്ല. ന്യൂഡൽഹിയിൽ നടന്ന രണ്ടു പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിക്കുകയുണ്ടായി. ആദ്യത്തേതു 2002ലാണെന്നാണ് ഓർമ. കേന്ദ്രസാഹിത്യ അക്കാദമി സംഘടിപ്പിച്ച എഴുത്തുകാരുടെ ന്യൂഡൽഹി സമ്മേളനം. പേരുകേട്ട എഴുത്തുകാരനും അപ്രസക്തനും അപ്രശസ്തനുമായ നാരായനെ മുഖത്തോടുമുഖം കാണാനോ, സുഖമല്ലേ എന്നെങ്കിലും ചോദിക്കാനോ തയാറായില്ല. നാരായനു പരാതിയുമില്ല.
സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വന്ന മഹാശ്വേതാദേവിയെ അവർ താമസിച്ച ഹോട്ടൽ മുറിയിൽ ചെന്നു കണ്ടിട്ടുണ്ട്.
2013ൽ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ എൻ.ബി.ടി (നാഷനൽ ബുക് ട്രസ്റ്റ് ഇന്ത്യ) പത്തു ദിവസങ്ങൾ നീണ്ട വേൾഡ് ബുക് ഫെയറും ചില സെമിനാറുകളും നടത്തി. രണ്ടു സെമിനാറുകളിൽ പങ്കെടുക്കാൻ എന്നെയും ക്ഷണിച്ചു. ഒരു സെമിനാർ, ൈട്രബൽ ലിറ്ററേച്ചർ ഇൻ ട്രാൻസിഷൻ എന്ന വിഷയത്തിലായിരുന്നു. രണ്ടാമത്തേത് മീറ്റിങ് ഒാഫ് റൈറ്റേഴ്സ് എേക്രാസ് ഇന്ത്യ എന്ന വിഷയത്തിലും. രണ്ടിലും പങ്കെടുത്തു.
കേന്ദ്ര സാഹിത്യ അക്കാദമി 28 ഭാഷകളിലേക്ക് കൊച്ചരേത്തി വിവർത്തനം ചെയ്യാനായി ഏറ്റെടുത്തത് സച്ചിദാനന്ദെൻറ കാലത്തല്ലേ..? എങ്ങനെയായിരുന്നു തുടർന്നുള്ള പ്രതികരണങ്ങൾ?
ആരെയെങ്കിലുംകൊണ്ട് ശിപാർശ ചെയ്യിച്ചിട്ടോ ഞാൻ സ്വയം അപേക്ഷിച്ചിട്ടോ അല്ല 'കൊച്ചരേത്തി' എന്ന നോവലിെൻറ ഹിന്ദി പരിഭാഷ 'മുതരത് ആം ആദ്മി എന്ന ഹിന്ദി മാസികയിൽ സീരിയലായി പ്രസിദ്ധീകരിച്ചത്. ആരോ ഒരാൾ, കേന്ദ്ര സാഹിത്യ അക്കാദമി ഭാരവാഹികളുടെ ശ്രദ്ധയിൽപെടുത്തി. അതുകൊണ്ടായിരിക്കാം 2003ൽ സാഹിത്യ അക്കാദമി കൊച്ചരേത്തി പരിഭാഷപ്പെടുത്തി ഇന്ത്യൻ ഭാഷകളിൽ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ഒരു എഗ്രിമെൻറ് ആവശ്യപ്പെട്ടത്. അതു സമ്മതിക്കുകയും തപാലിൽ അയച്ചുതന്ന എഗ്രിമെൻറ് ഫോറത്തിെൻറ രണ്ടാമത്തെ വശത്ത് അന്ന് ഇന്ത്യൻ ഭരണഘടനയുടെ അംഗീകാരമുള്ള ഭാഷകളുടെ പേര് പ്രിൻറ് ചെയ്തിട്ടുണ്ടായിരുന്നു. ആ ഭാഷകളുടെ കൂട്ടത്തിൽ ഇംഗ്ലീഷും. എെൻറ വിശ്വാസം ഇംഗ്ലീഷ് ഇന്ത്യൻ ഭാഷയല്ല എന്നായിരുന്നു. അതുകൊണ്ടു ഭാഷകളുടെ കൂട്ടത്തിലെ ഇംഗ്ലീഷ് മഷികൊണ്ടു കറുപ്പിച്ചു. ഫോറങ്ങൾ മൂന്നും ഒപ്പിട്ടു തിരിച്ചയച്ചു.
സാഹിത്യ അക്കാദമി ഹിന്ദി, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ മാത്രമേ കൊച്ചരേത്തി പ്രസിദ്ധീകരിച്ചുള്ളൂ. അവർക്കു കത്തയച്ചാൽ പ്രതികരണവുമില്ല. ആ കാലത്ത് പ്രഫ. സച്ചിദാനന്ദനായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറി.
പുതിയ എഴുത്തുകാരുടെ കടന്നുവരവ് ഈ മേഖലയിലുണ്ടായിട്ടുണ്ടല്ലോ? അതിനെ എങ്ങനെയാണ് കാണുന്നത്?
ആദിവാസികളുടെ കൂട്ടത്തിൽനിന്നും പുതിയ ചില എഴുത്തുകാർ വന്നിട്ടുണ്ട്. ദീർഘകാലത്തെ ഒരാഗ്രഹമായിരുന്നു അത്. അർഹതയുള്ളതുകൊണ്ട് അവർക്കാ ഭാഗ്യമുണ്ടായി. ഞാനവരെ ഹൃദയംഗമമായി അനുമോദിക്കുകയും ചെയ്യുന്നു.
ൈട്രബ്സിനെ ദേശീയതലത്തിൽ എങ്ങനെയാണ് പരിഗണിക്കുന്നത്?
ൈട്രബ്സിനെ ദേശീയതലത്തിൽ വല്ലതിനും പരിഗണിക്കുമോ? ചെയ്യുമെന്നൊക്കെ പറയും. സംശയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.