തൊട്ടുരുമ്മി നിൽക്കുന്ന മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയും കൃഷ്ണ ജന്മഭൂമി ക്ഷേത്രവും 

മഥുരയിലെ സൗഹാർദം പൊളിക്കുന്നതാര് ?

കൃഷ്ണജന്മഭൂമി ക്ഷേത്രത്തിന് തൊട്ടു ചേർന്നുള്ള മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയുടെ നിയന്ത്രണം സ്വന്തമാക്കാൻ ലക്ഷ്യമിട്ട് വലതുപക്ഷ സംഘങ്ങൾ മാധ്യമങ്ങളെ കുത്തിയിളക്കിവിടുമ്പോൾ ഈ വിവാദം മേഖലയിലെ അന്തരീക്ഷം കലുഷിതമാകാതിരിക്കാൻ ശ്രദ്ധപുലർത്തുകയാണ് പള്ളി മാനേജ്മെന്റ്.

പള്ളിയെയും അമ്പലത്തെയും നിയമപ്രശ്നത്തിൽ കുരുക്കാതിരിക്കാനാണ് അവർ ശ്രമിക്കുന്നത്. പള്ളി നിലകൊള്ളുന്ന ഭൂമിയുടെ നിയന്ത്രണാവകാശം തേടി ആരെങ്കിലും കേസിനു പോയാലും അത് തള്ളിപ്പോകുമെന്ന ​ആത്മവിശ്വാസവും അവർക്കുണ്ട്.

വസ്തുതാപരമായ പി​ശകുകളോടെയാണ് ഇത്തരം കേസുകൾ സമർപ്പിക്കപ്പെടുന്നത്. ഈ കേസിലെ ജഡ്ജിക്ക് വിഷയത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് നിശ്ചയമില്ലാത്തതിനാൽ അദ്ദേഹം റവന്യൂ അധികാരികളോട് സർവേ നടത്താൻ ഉത്തരവിട്ടു. കോടതിയിൽ ഞങ്ങൾ വസ്തുതകൾ അവതരിപ്പിക്കുമ്പോൾ ഈ​ കേസും തള്ളിപ്പോകുമെന്ന് ഞങ്ങൾക്കുറപ്പാണ്, ഹരജിക്കാരന് ഇത്തരമൊരു പരാതി നൽകാൻപോലും അവകാശമില്ല -പള്ളിക്കമ്മിറ്റിയുടെ സെ​ക്രട്ടറിയും നിയമോപദേഷ്ടാവുമായ അഡ്വ. തൻവീർ അഹ്മദ് വ്യക്തമാക്കുന്നു.

ഡിസംബർ 24നാണ് മഥുരയിലെ സിവിൽ കോടതി പള്ളി ഭൂമിയിൽ സർവേ നടത്താൻ ഉത്തരവിട്ടത്. സമാനമായൊരു സർവേ കഴിഞ്ഞ വർഷം വാരാണസി (കാശി) യിലെ ഗ്യാൻവാപി പള്ളിയിലും നടന്നു. അതിനു പിന്നാലെ പള്ളിക്കുള്ളിൽ കണ്ട ‘ശിവലിംഗ’ത്തിൽ പൂജനടത്താൻ അനുമതി തേടി വലതുപക്ഷ സംഘടനകൾ രംഗത്തുവരുകയും ചെയ്തു.

നമസ്കരിക്കുന്നതിനുമുമ്പ് (വുദു) അംഗശുദ്ധി വരുത്തുന്ന ഫൗണ്ടനിലെ നിർമിതിയെയാണ് ‘ശിവലിംഗ’മായി വിശേഷിപ്പിക്കുന്നത് എന്നാണ് മുസ്‍ലിംകളുടെ പക്ഷം. അതിന്റെ നിജസ്ഥിതി വ്യക്തമാകുംവരെ പൂട്ടിയിടാൻ നിർദേശിച്ചിരിക്കുകയാണ് സുപ്രീംകോടതി. കനത്ത കാവലുമുണ്ട്.

വാരാണസിയിലെ ഗ്യാൻവാപി പള്ളിയും മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളിയും കാലങ്ങളായി ബി.ജെ.പിയുടെ അജണ്ടയിലുള്ളതാണ് എന്ന കാര്യം സകലർക്കുമറിയാം. ​അയോധ്യ തോ ബസ് ജാൻകി ഹേ, കാശി മഥുര ബാക്കി ഹേ (അയോധ്യ വെറുമൊരു സൂചന മാത്രം, കാശിയും മഥുരയും ഇനി ബാക്കിയുണ്ട്) എന്നായിരുന്നല്ലോ 1992ൽ ബാബരി മസ്ജിദ് തകർത്തതു മുതൽ അവരുടെ മുദ്രാവാക്യം.

കാശിയെച്ചൊല്ലിയുള്ള ബഹളം താൽക്കാലികമായി ഒതുങ്ങിയ​തോടെയാണ് മഥുര അജണ്ട ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. 2022 ഡിസംബർ എട്ടിന് ഹിന്ദു സേന പ്രസിഡന്റ് വിഷ്ണു ഗുപ്ത, വൈസ് പ്രസിഡന്റ് സുർജിത് യാദവ് എന്നിവർ ചേർന്നാണ് സിവിൽ വ്യവഹാരം ഫയൽ ചെയ്തത്. ശ്രീകൃഷ്ണ ഭഗവാന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൈയേറ്റമായാണ് മസ്ജിദ് നിലകൊള്ളുന്നത് എന്നതിനാൽ ഭൂമിയുടെ നിയന്ത്രണം ഹിന്ദുക്കൾക്ക് കൈമാറണമെന്നാണ് ആവശ്യം.

തുടർന്ന് ഡിസംബർ 24ന് ജഡ്ജി സോണിക വർമ സർവേ നടത്താൻ ഉത്തരവിട്ടു. ഇതിന്റെ റിപ്പോർട്ട് അടുത്ത ഹിയറിങ് നടക്കുന്ന ജനുവരി 20ന് കോടതിയിൽ സമർപ്പിക്കണം. ഷാഹി മസ്ജിദ് നിലകൊള്ളുന്ന 13.37 ഏക്കർ സ്ഥലത്തിന്റെ സൈറ്റ് പ്ലാനും ഭൂപടവും ഉൾപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.

മുഗൾ ചക്രവർത്തി ഔറംഗസീബ് ഈ പള്ളി നിർമിച്ചത് കൃഷ്ണഭഗവാൻ ജനിച്ച ഭൂമിയിൽ നിലകൊണ്ടിരുന്ന അമ്പലം തകർത്തശേഷമാണ് എന്ന് പരാതിക്കാർ ആരോപിക്കുന്നു.

ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും അവരവരുടെ ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ അനുമതി നൽകുന്ന 1968ലെ കരാർ നിയമവിരുദ്ധമാണെന്നും ഹരജിക്കാർ അവകാശപ്പെടുന്നു. പള്ളി നിൽക്കുന്ന ഭൂമിയുടെ അവകാശം 1815ൽ ബ്രിട്ടീഷ് സർക്കാറിൽനിന്ന് ബനാറസിലെ രാജാവ് ലേലത്തിൽപിടിച്ച നാൾ മുതൽ കൃഷ്ണഭഗവാനാണ്. ഉടമാവകാശം സംബന്ധമായ രേഖകൾ കോടതിയിൽ നൽകിയിട്ടുണ്ട്. ഷാഹി ഈദ്ഗാഹ് മസ്ജിദ് ഇന്തസാമിയ കമ്മിറ്റിയുമായി കരാറുണ്ടാക്കിയ കൃഷ്ണജന്മഭൂമി സൻസ്താൻ കമ്മിറ്റി ക്ഷേത്രകാര്യങ്ങൾ കൈകാര്യംചെയ്യാൻ ചുമതലപ്പെട്ട കേവലമൊരു ട്രസ്റ്റി മാത്രമായിരുന്നുവെന്നും അവർ ഭൂമിയുടെ നിയമപരമായ ഉടമയല്ലാത്തതിനാൽ ഭൂമി കൈമാറാനോ നമസ്കാരത്തിന് അനുമതി നൽകാനോ അധികാരമില്ലെന്നും വിഷ്ണുഗുപ്ത വാദിക്കുന്നു.

പള്ളിക്കമ്മിറ്റിക്ക് പക്ഷേ ഈ ഹരജിയുടെ കാര്യത്തിൽ വലിയ ആശങ്കകളൊന്നുമില്ല. മുൻകാലങ്ങളിൽ ഇത്തരത്തിൽ 25 പരാതികളെങ്കിലും ‘പുറത്തുനിന്നുള്ള കക്ഷികൾ’ സമർപ്പിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം കോടതി തള്ളുകയായിരുന്നു. മറ്റേതൊരു ഭൂമി ഉടമാവകാശ കേസിലുമെന്നപോലെ ഈ കേസിലും റവന്യൂ സർവേക്ക് ഉത്തരവിട്ടതിൽ അസാധാരണത്വമൊന്നുമില്ല എന്നാണ് അവരുടെ പക്ഷം.

കേസും തർക്കവും മഥുരയുടെ ഐക്യവും സ്നേഹവും തകർക്കുന്ന നിലയിലേക്ക് എത്തിക്കാൻ നിക്ഷിപ്ത താൽപര്യക്കാരെ അനുവദിച്ചുകൂടാ എന്ന കാര്യത്തിൽ അവർക്ക് നിർബന്ധമുണ്ട്. ‘പെരുന്നാൾ സുദിനത്തിൽ ഞങ്ങളുടെ ഹിന്ദു സഹോദരങ്ങൾ ഞങ്ങളെ ആലിംഗനം ചെയ്യുന്ന നഗരമാണ് മഥുര, ജന്മാഷ്ടമിനാളിൽ മുസ്‍ലിംകൾ പ്രസാദവിതരണ കേന്ദ്രങ്ങൾ നടത്താറുണ്ട്, രാധാ റാണിക്ക് അണിയാനുള്ള കുപ്പായങ്ങൾ തയ്ക്കുന്നത് സൽമ ബീബിയാണ്, ഇവിടത്തെ പ്രാദേശിക ജനത ഒരുമിച്ച് ഒരു കുടുംബംപോലെയാണ് കഴിഞ്ഞുപോരുന്നത്, ഈ മണ്ണിനെ മലീമസമാക്കാൻ ഞങ്ങളനുവദിക്കില്ല -അഡ്വ. തൻവീർ അഹ്മദ് തറപ്പിച്ചുപറയുന്നു. പക്ഷേ, കേന്ദ്ര സർക്കാറിന് ഇവിടത്തെ വിവിധ സമുദായങ്ങൾ തമ്മിലെ ഒരുമ നിലനിൽക്കണമെന്ന കാര്യത്തിൽ വല്ല താൽപര്യവുമുണ്ടോ? 2024ലെ ​പൊതുതെരഞ്ഞെടുപ്പിലേക്ക് ഏറെ കാലതാമസമില്ലാത്ത ഈ ഘട്ടത്തിൽ സംഘ്പരിവാർ സംഘത്തിലെ ഒറ്റ​പ്പെട്ട വ്യക്തികളും ശക്തികളും മാത്രമല്ല, മുഖ്യധാരാ ബി.ജെ.പി നേതാക്കളും മഥുര വിഷയം കത്തിച്ചുവിടുന്നുണ്ട്.

പ്രതിവർഷം കോടിക്കണക്കിന് തൊഴിലവസരങ്ങൾ, അച്ഛേ ദിൻ, സബ്‌കാ സാത്ത് സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ് തുടങ്ങിയ വാഗ്ദാനങ്ങളൊക്കെ മാറ്റിവെച്ച് മന്ദിർ-മസ്ജിദ് പ്രശ്‌നങ്ങളിലേക്കു തിരിയുന്ന, ബി.ജെ.പി വീണ്ടും മതഭ്രാന്തിലേക്ക് തിരിച്ചുവരുകയാണെന്നു തോന്നുന്നു. അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരിയിൽ തുറക്കുമെന്ന് അമിത് ഷാ അടുത്തിടെ ത്രിപുരയിൽ പ്രഖ്യാപിച്ചത് ചെറിയ കാര്യമല്ല. ബി.ജെ.പി വീണ്ടും അവരുടെ അടിസ്ഥാന തത്ത്വങ്ങളിലേക്കു മടങ്ങുന്നതിന്റെ പ്രഘോഷണമാണ്.

1991ലെ ആരാധനാലയ നിയമം സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെടുന്നിടത്താണ് ഉന്മാദമുണ്ടാക്കാനുള്ള വലതുപക്ഷ സംഘടനകളുടെ ശ്രമത്തിൽ കേന്ദ്രത്തിന്റെ പങ്ക് നിഴലിക്കുന്നത്. രാജ്യത്തെ മത ആരാധനാലയങ്ങളുടെ 1947 ആഗസ്റ്റ് 15ലെ സ്ഥിതി തുടരണമെന്ന് നിർബന്ധമാക്കുന്ന ഈ നിയമം രാജ്യത്ത് നിലനിൽക്കെയാണ് വാരാണസിയിലും മഥുരയിലും ഇത്തരം അസംബന്ധങ്ങൾ നടമാടുന്നത് എന്നോർക്കണം.

ഈ നിയമം നിലനിൽക്കുന്നിടത്തോളം, രാജ്യത്തെ ഒരു ആരാധനാലയത്തിന്റെയും മതപരമായ സ്വഭാവം മാറ്റാൻ നിയമപരമായി സാധ്യമല്ലെന്നിരിക്കെ കാശി, മഥുര പള്ളികളുടെ നിയന്ത്രണം വേണമെന്ന ആവശ്യം ഹിന്ദുത്വ സംഘടനകൾ ഉന്നയിക്കുമ്പോൾ കേന്ദ്രം മറ്റൊരു വഴി തേടുന്നത് കൗതുകകരമാണ്.

പുറമെ നടക്കുന്ന പ്രസ്താവനകളിൽ കേന്ദ്രം നിശ്ശബ്ദത പാലിക്കുന്നുവെന്നു മാത്രമല്ല, ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജിയിൽ രണ്ടു വർഷമായി നിലപാട് വ്യക്തമാക്കുന്നില്ല എന്നുകൂടി വരുകിൽ എത്രമാത്രം ദൗർഭാഗ്യകരമാണ്.

ലഖ്നോവിലെ വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘ് എന്ന സംഘടനയും ബി.ജെ.പി നേതാവായ അഭിഭാഷകൻ അശ്വനി ഉപാധ്യായയും ചേർന്ന് 2020 ജൂണിലാണ് ആരാധനാലയ നിയമത്തിനെതിരെ ആദ്യമായി സുപ്രീംകോടതിയിലെത്തുന്നത്. അന്നുമുതൽ നിരവധി തവണ പരമോന്നത കോടതി നോട്ടീസയച്ചിട്ടും ​നാളിതുവരെ കേന്ദ്രം പ്രതികരിച്ചിട്ടില്ല. കേന്ദ്രത്തെ പ്രതിനിധാനംചെയ്തെത്തുന്ന സോളിസിറ്റർ ജനറൽ കുറഞ്ഞത് ആറു തവണയെങ്കിലും ‘സമഗ്രമായ മറുപടി നൽകുന്നതിന് കൂടുതൽ സമയം വേണം’ എന്ന മറുപടിയാണ് നൽകിയിരിക്കുന്നത്.

അവസാനമായി ഈ മാസം പത്താം തീയതി വിഷയം വാദത്തിനു വന്നപ്പോഴും കേന്ദ്രം ഇക്കാര്യത്തിൽ ‘ആലോചനകൾ’ നടത്തുകയാണെന്നും ‘പ്രക്രിയ’കൾ നടക്കുന്നതിനാൽ കുറച്ചുകൂടി സമയം അനുവദിക്കണമെന്നും പറഞ്ഞ് സോളിസിറ്റർ ജനറൽ കൂടുതൽ സമയം ആവശ്യപ്പെട്ടു. അതോടെ കോടതി ഫെബ്രുവരി അവസാനത്തിലേക്ക് തീയതി നിശ്ചയിച്ചു. ‘അതിനുമുമ്പ് ഞങ്ങൾ സത്യവാങ്മൂലം ഫയൽ ചെയ്യാം’ എന്നാണ് സോളിസിറ്റർ ജനറലിന്റെ പ്രതികരണം. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ നിയമാനുസൃതമായ നിലപാടിൽ ഉറച്ചുനിന്നിരുന്നെങ്കിൽ, മന്ദിർ-മസ്ജിദ് വിഷയങ്ങളിൽ അനാവശ്യമായ കോടതി തർക്കം ഒഴിവാക്കാനും തത്ഫലമായുണ്ടാകുന്ന ദുഷിപ്പ് തടയാനും കഴിയുമായിരുന്നു. എന്നാൽ, ഈ പ്രശ്നങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നുണ്ടോ? ഇല്ലായിരിക്കാം. അതുകൊണ്ടാണല്ലോ രാഷ്ട്രീയമായി സൗകര്യപ്രദമായ സമയത്ത് മുതലെടുക്കാൻ ഉതകുന്ന വിധത്തിൽ പ്രശ്നം വഷളാക്കാൻ ബോധപൂർവം അനുവദിക്കുന്നത്.

Tags:    
News Summary - RSS' next target - Mathura shahi eidgah masjid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.