'പാലേരി മാണിക്യം– ഒരു പാതിരാക്കൊലപാതകത്തിെൻറ കഥ', 'കെ.ടി.എൻ. കോട്ടൂർ: എഴുത്തും ജീവിതവും' എന്നീ നോവലുകൾക്കു ശേഷമുള്ള ടി.പി. രാജീവെൻറ നോവൽ 'ക്രിയാശേഷം' മാധ്യമം ആഴ്ചപ്പതിപ്പാണ് പ്രസിദ്ധീകരിച്ചത്. ഈ സാഹചര്യത്തിൽ നോവലിസ്റ്റുമായി നടത്തിയ അഭിമുഖമാണിത് (ലക്കം: 1011). 'കെ.ടി.എൻ. കോട്ടൂർ' സംഭവിച്ച കോട്ടൂരിലെ നരയംകുളത്തെ വേയപ്പാറയുടെ താഴ്വാരത്തിലുള്ള രാജീവെൻറ വീട്ടിലിരുന്നായിരുന്നു സംഭാഷണം. കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റ് വിട്ട് ഗ്രാമത്തിൽ ഇതേ വീട്ടിലിരുന്നാണ് എഴുത്തുകാരൻ 'ക്രിയാശേഷം' എഴുതിയതും. എം. സുകുമാരെൻറ 'ശേഷക്രിയ'യിലെ നായകൻ, ആത്മഹത്യ ചെയ്ത സഖാവ് കുഞ്ഞയ്യപ്പെൻറ മകൻ കൊച്ചുനാണുവിലൂടെ ഇന്നത്തെ കേരളത്തെ വായിക്കാനും അതുവഴി 'ശേഷക്രിയ'ക്ക് പൂരണമുണ്ടാക്കാനുള്ള ശ്രമവുമാണ് നോവൽ സാക്ഷാത്കരിക്കുന്നത്.
'മാണിക്യം', 'കോട്ടൂർ', ഇപ്പോൾ 'ക്രിയാശേഷം'. ഇതോടെ താങ്കളുടെ നോവൽത്രയം പൂർത്തിയാവുകയാണല്ലോ. ആദ്യ നോവൽ എഴുതുമ്പോൾ ഇത്തരത്തിൽ ഒരു ത്രയത്തെക്കുറിച്ച് ആലോചിച്ചിരുന്നോ? എങ്ങനെയാണ് ഇത് സംഭവിക്കുന്നത്? ഇതിനെക്കുറിച്ച് പറഞ്ഞ് നമുക്ക് ഈ സംഭാഷണം ആരംഭിക്കാമെന്ന് തോന്നുന്നു..?
അത് അങ്ങനെ വന്നതല്ല. മുൻകൂട്ടി ഒരു പ്ലാനിട്ട് മൂന്നു നോവൽ എഴുതാമെന്നുവെച്ചുകൊണ്ട് തുടങ്ങിയതല്ല. ആദ്യം എഴുതണമെന്നുദ്ദേശിച്ചത് 'കെ.ടി.എൻ. കോട്ടൂരാ'ണ്. കാരണം, ഞാനൊക്കെ ജനിക്കുന്നതിനു തൊട്ടുമുമ്പുള്ള കാലമാണത്. അതായത് നാൽപതുകളിലെ ജീവിതം. അക്കാലത്തെ ജീവിതം, അതെങ്ങനെയായിരുന്നു? എങ്ങനെയായിരിക്കും? അതിനെക്കുറിച്ചുള്ള ആലോചനയുണ്ടായിട്ടുണ്ട്. മാത്രമല്ല, ഭൂതകാലത്തിൽ ജീവിക്കുക, ഭൂതകാലത്തിൽ മനസ്സുകൊണ്ട് ജീവിക്കുക എനിക്ക് വലിയ രസമുള്ള കാര്യവുമാണ്. പ്രത്യേകിച്ച് നമ്മുടെ വീട്ടിലെ അന്തരീക്ഷമൊക്കെയും അങ്ങനെയാണ്. അതിെൻറയൊക്കെ താൽപര്യമാണ് കെ.ടി.എൻ. കോട്ടൂർ. അന്ന് അങ്ങനെ പേരൊന്നുമുണ്ടായിരുന്നില്ല.
ആ ആശയം എങ്ങനെയാണുണ്ടാകുന്നത്?
മലബാറിൽനിന്ന് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പലരുടെയും ആത്മകഥകൾ ഞാൻ വായിച്ചിരുന്നു. കെ. കേളപ്പൻ, എ.കെ.ജി, കെ.എ. കേരളീയൻ അങ്ങനെ പലരുടെയും. ഇവരെക്കുറിച്ചുള്ള പല ലേഖനങ്ങളും വായിച്ചിരുന്നു. അതുകൊണ്ടെല്ലാം ആ കാലം മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു. അപ്പോൾ, അതിനെ പശ്ചാത്തലമാക്കി ഒരു പുസ്തകമെഴുതണം. ഒരു നോവലെഴുതണം, ഒരു പഠനമെഴുതണം എന്നൊരു ചിന്തയുണ്ടായി. ഒരു പുസ്തകമെഴുതണം എന്ന വിചാരമാണുണ്ടായത്. നോവൽ എന്ന ഉറപ്പിലേക്കൊന്നും അപ്പോൾ എത്തിയിരുന്നില്ല.
നോവലല്ലാത്ത പുസ്തകം എന്നു പറയുമ്പോൾ എന്തായിരുന്നു അതിെൻറ ആദ്യരൂപം?
പൊളിറ്റിക്കൽ ഹിസ്റ്ററി (രാഷ്ട്രീയ ചരിത്രം) പോലെയല്ലാത്ത ഒന്ന്. വ്യക്തിജീവിതകഥപോലെ. വ്യക്തിജീവിതങ്ങളുടെ ഒരു കലക്ഷൻപോലെയാണ് ആദ്യം അതുദ്ദേശിക്കപ്പെടുന്നത്.
സാംസ്കാരിക ചരിത്രംപോലെ യൊന്ന്?
അങ്ങനെയല്ല. വ്യക്തിയുടെ സൂക്ഷ്മ ജീവചരിത്രം എന്ന് പറയില്ലേ. അതാണ്, അങ്ങനെയൊന്നാക്കി എഴുതണമെന്നാണ് കരുതിയത്. അതായത് പൊതുവെ നമ്മുടെ എഴുത്ത് ഗ്രന്ഥങ്ങളിലൊന്നും രേഖപ്പെടുത്താത്ത സംഭവങ്ങൾ, ആ ജീവിതത്തിെൻറ ഉള്ളിലെ ചലനങ്ങളൊക്കെ. അങ്ങനെ അതിനുവേണ്ടിയുള്ള വായനകളൊക്കെ നടത്തി. അതൊക്കെ മനസ്സിൽ സ്വരൂപിച്ച് വെച്ചു. പക്ഷേ, ഒരു നോവലെഴുതാനുള്ള ആത്മവിശ്വാസം എനിക്കില്ല. കാരണം ഞാൻ എഴുതിയിരുന്നത് കവിതയാണ്. കവിത എന്ന് പറയുന്നത് നമുക്കൊരു 150 വരിക്കപ്പുറം എഴുതാൻ ആവശ്യം വരാറില്ല. ഖണ്ഡകാവ്യം എഴുതാമെങ്കിലും അത്തരം പ്രമേയത്തിലേക്ക് എത്തിപ്പെടലൊക്കെ കുറവാണ്. മാത്രവുമല്ല, ഞാനൊക്കെ എഴുതുന്ന േപ്രാസ് പോയട്രി (ഗദ്യകവിത), കവിതക്ക് അങ്ങനെ ഗദ്യം, പദ്യം എന്നൊന്നുമില്ല, പക്ഷേ ഞാൻ ആവിഷ്കാരം നടത്തുന്ന കവിതാരീതിയിൽ ഇത്തരമൊരു കാര്യം ആവിഷ്കരിക്കാൻ കഴിയില്ല എന്നൊരു തോന്നലുണ്ടായിരുന്നു. അങ്ങനെയാണ് കവിതയല്ലാതെ ഫിക്ഷനിലേക്ക് പോകാം എന്ന് തീരുമാനിക്കുന്നത്. അങ്ങനെ അതിനുവേണ്ടി വായിക്കുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തു. പക്ഷേ, അക്കാലത്ത് ഇതിനു വേണ്ടിയുള്ള വിവരണ ശേഖരണം, വായന എന്നിവക്കുവേണ്ടിയുള്ള സമയക്കുറവ് വന്നു.
ആദ്യമെഴുതിയ നോവൽ മാണിക്യമല്ലേ, കോട്ടൂരല്ലല്ലോ?
അതെ. കോട്ടൂരിനുവേണ്ടി പല കാര്യങ്ങളും ശേഖരിക്കേണ്ടതുണ്ടായിരുന്നു. അത് വേണ്ടവിധത്തിൽ ആദ്യ ഘട്ടത്തിൽ മുന്നേറിയില്ല. ആ സമയത്താണ് എെൻറ തൊട്ടടുത്ത് നടന്ന ഒരു സംഭവം, പാലേരി മാണിക്യം കൊലക്കേസ് എന്ന സംഭവത്തിലേക്ക് എെൻറ ശ്രദ്ധ പതിയുന്നത്. ഈ കൊലപാതകം ഞാൻ ജനിക്കുന്നതിനു മുമ്പുണ്ടായതാണ്. പക്ഷേ, അതിെൻറ കഥകളിങ്ങനെ കേൾക്കാം. അപ്പോൾ, ഇതിങ്ങനെ ആ നാട്ടിലെ കഥയായിട്ട്, അവിടെയുള്ള ആളുകൾ പറഞ്ഞു നടക്കുന്ന കഥയായിട്ട് കേട്ടിട്ടുണ്ട്. അത് ഒരു കവിതയാക്കാൻ ശ്രമിച്ചു ആദ്യം. വടക്കൻ പാട്ട് രീതിയിൽ ഒരു കവിതാപുസ്തകമാക്കാം എന്ന് വിചാരിച്ചു. നോവലിൽ ഞാൻ അതിലെ ചില ഭാഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
മാണിക്യം സിനിമയായപ്പോൾ അതിൽ പാട്ടായും അതുപയോഗപ്പെടുത്തി..?
അതെ, പാലേറും നാടായ പാലേരിയിൽ എന്നൊക്കെപ്പറയുന്ന വരികൾ. ഈ വരികളിലെ അതേ മീറ്ററിൽ മാണിക്യത്തിെൻറ ജീവിതം മൊത്തത്തിൽ പാടി എഴുതാമെന്നും ഞാൻ കരുതിയിരുന്നു. പക്ഷേ, അതും നടന്നില്ല. പിന്നെയാണ് ഞാൻ പൂർണ ഗദ്യമെന്ന് പറയുന്ന നോവലിലേക്ക് വരുന്നത്. മാണിക്യത്തെക്കുറിച്ച് എഴുതാൻ ശ്രമിക്കുമ്പോഴാണ് ആ സംഭവം കേരളപ്പിറവിക്കാലത്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നത്. '47ൽ സ്വാതന്ത്ര്യം. '57ൽ കേരളപ്പിറവി. ഐക്യകേരളത്തിൽ ഒരു പെണ്ണനുഭവിച്ചതാണ് മാണിക്യത്തിലൂടെ നമ്മൾ മനസ്സിലാക്കുന്നത്. അതും അധഃസ്ഥിത വിഭാഗത്തിൽപെട്ട ഒരു സ്ത്രീയുടെ അനുഭവം. അവൾ ചെയ്ത തെറ്റ് എന്ന് പറയുന്നത്, അവൾ വഴങ്ങിയില്ല എന്നതാണ്. അവളുടെ മേലാളന്മാർ എന്ന് പറയുന്ന, ഇത്തരക്കാർ ചെന്നു കഴിഞ്ഞാൽ സ്ത്രീകൾക്ക് വഴങ്ങലേ മാർഗമുള്ളൂ, അവരുടെ പുരുഷന്മാർക്കുപോലും അതിലൊന്നും ചെയ്യാൻ പറ്റില്ല. മാണിക്യത്തിെൻറ ജീവിതം, അതിെൻറ പല വിശദവിവരങ്ങൾ പലരിൽനിന്നായി ശേഖരിച്ചപ്പോൾ എനിക്കു തോന്നി കേരളീയ സ്ത്രീത്വത്തിെൻറ, പ്രത്യേകിച്ചും കീഴാള സ്ത്രീത്വത്തിെൻറ ഒരു നാഴികക്കല്ലാണ് മാണിക്യം. കാരണം അവൾ നോ എന്നു പറഞ്ഞു. തെൻറ കൈപിടിച്ച ജന്മിയോട് പറ്റില്ല എന്ന് പറഞ്ഞു, അവൾ വഴങ്ങിയില്ല, അതുകൊണ്ടാണ് മാണിക്യത്തിന് സ്വജീവിതം ബലികൊടുക്കേണ്ടി വന്നത്. രക്തസാക്ഷിത്വമാണത്. കൊലപാതകം എന്നാണ് പറയുക, പക്ഷേ, യഥാർഥത്തിൽ രക്തസാക്ഷിത്വമാണത്. അവളന്ന് വഴങ്ങിയിരുന്നെങ്കിൽ കൊല്ലപ്പെടില്ല എന്നതാണ്.
സ്ത്രീ അവസ്ഥക്ക് ഇപ്പോഴും വലിയ മാറ്റങ്ങൾ വന്നു എന്ന് കരുതാമോ?
ഇല്ല. സ്വാതന്ത്ര്യം കിട്ടി, ഐക്യകേരളമുണ്ടായി, നിരവധി സാമൂഹിക–രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കേരളത്തിലുണ്ടായി. പക്ഷേ, സ്ത്രീ ജീവിതത്തിെൻറ കാര്യത്തിൽ പറയത്തക്ക മാറ്റങ്ങളൊന്നും ഇപ്പോഴുമുണ്ടായിട്ടില്ല. അപ്പോൾ കേരളപ്പിറവിക്കു ശേഷമുള്ള, കേരളമെന്ന് മൊത്തത്തിൽ എടുക്കേണ്ട കാര്യമില്ല, ഞാനിപ്പോഴും മലബാർ എന്ന് വിശ്വസിക്കുന്നയാളാണ്. മലബാർ മലബാർതന്നെയാണ്, തിരുവിതാംകൂർ തിരുവിതാംകൂറ് തന്നെ. കൊച്ചിയും അങ്ങനെത്തന്നെ. ഈ ഓരോ പ്രദേശത്ത് വ്യത്യസ്തമാർന്ന, പല തരത്തിലുള്ള ഇത്തോസൊക്കെ വർക്ക് ചെയ്യുന്നതാണ്. അങ്ങനെ മലബാറിലെ ഒരു കീഴാള സ്ത്രീയുടെ ജീവിതം, ഇവിടത്തെ രാഷ്ട്രീയ രൂപവത്കരണം... അങ്ങനെയാണല്ലോ, കമ്യൂണിസ്റ്റ് പാർട്ടിയുടെ വരവ്, ഗ്രാമങ്ങളിൽ ഇതെങ്ങനെ, പാലേരിയിൽ പാർട്ടി കെട്ടിപ്പടുക്കാൻ വരുന്നത് കെ.പി. ഹംസ എന്നയാളാണല്ലോ. അങ്ങനെ കുറെ കഥാപാത്രങ്ങളുണ്ട്. ദേശീയ പ്രസ്ഥാനത്തിെൻറ ഭാഗമായ കോൺഗ്രസുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികളിൽനിന്ന് മാറി വന്ന നക്സലൈറ്റുകളുണ്ട്, ബാർബർ കേശവനൊക്കെ അതിനെ പ്രതിനിധാനംചെയ്യുന്നുണ്ട്. അങ്ങനെ അമ്പത് അറുപതുകളിലെ കേരളമാണ് മാണിക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നമ്മൾ പറയുന്ന തരത്തിലുള്ള വികസനങ്ങളൊന്നും, റോഡോ വൈദ്യുതിയോ ഒന്നുമില്ലാത്ത അക്കാലത്തെ മലബാർ ജീവിതമാണ് ആ നോവലിൽ വരുന്നത്. മാണിക്യം എഴുതിക്കഴിഞ്ഞപ്പോഴാണ് ഞാനതിെൻറ കാലപരിധിയെക്കുറിച്ച് നോക്കുന്നത്. അപ്പോൾ അതിെൻറ കാലപരിധി അമ്പത്^ അറുപതുകളാണ്. അത് ഞാൻ ആദ്യം എഴുതാൻ ആഗ്രഹിച്ച നോവലിലേക്ക് പോകാൻ എന്നെ വല്ലാതെ സഹായിച്ചു. അങ്ങനെയാണ് '47ന് മുേമ്പയുള്ള മലബാർ, ഇതേ മലബാർതന്നെയാണ് കെ.ടി.എൻ. കോട്ടൂരിൽ വരുന്നത്. അപ്പോൾ രണ്ടു ഘട്ടങ്ങൾ കഴിഞ്ഞു. സ്വാതന്ത്ര്യ പൂർവ മലബാർ, സ്വാതന്ത്ര്യാനന്തരകാലം, വളരെ ഇമ്മീഡിയറ്റായ പത്തു കൊല്ലങ്ങൾ. ഇന്ന് നമ്മൾ പറയുന്ന ഒരു സിവിൽ സമൂഹം രൂപപ്പെട്ട കാലം, വോട്ടവകാശം വന്നു, തെരഞ്ഞെടുപ്പിലൂടെയുള്ള ജനാധിപത്യം വന്നു– ആ ഒരു കാലം. അന്നുണ്ടായിരുന്ന സാമൂഹിക പരിണാമങ്ങൾ, അക്കാലത്തിലുണ്ടായ മാറ്റങ്ങൾ ഇതെല്ലാം വന്നു. അതിനു ശേഷമാണ് ഞാൻ പിന്നെ കണ്ടെത്തുന്നത്, ഇതിന് ഒരു പകർപ്പുകൂടി എെൻറ കാലത്ത് ആലോചിക്കാവുന്നതാണെന്ന കാര്യം.
അങ്ങെനയല്ലേ 'ക്രിയാശേഷ'ത്തിലേക്കെത്തുന്നത്?
അതെ. സ്വാതന്ത്ര്യാനന്തര കാലം, സ്വാതന്ത്ര്യ പൂർവകാലം– ഇക്കാലത്തിെൻറ മൊമൻറം എഴുപതുകൾ വരെ നിലനിന്നു. അതായത് പാർട്ടിയിൽ വിശ്വസിക്കുക, േട്രഡ് യൂനിയൻ പ്രസ്ഥാനങ്ങൾ, കാർഷിക പ്രസ്ഥാനങ്ങൾ അതൊക്കെ സജീവമായി രൂപപ്പെട്ടുവന്നു. പിന്നെയൊരു പിൻവാങ്ങലാണ്. ആ സാമൂഹിക പ്രസ്ഥാനങ്ങൾ, നേരത്തേ പറഞ്ഞ പ്രവാഹം ഉരുട്ടിക്കൊണ്ടു വന്ന ഏതാണ്ട് എല്ലാ പ്രസ്ഥാനങ്ങളും ചലനങ്ങളും എല്ലാ കല്ലുകളും പിന്നങ്ങോട്ട് ഇല്ലാതായി. േട്രഡ് യൂനിയൻ തകർന്നു. പാർട്ടികളിൽ വിശ്വാസം ആളുകൾക്ക് പോയി. പാർട്ടി എന്ന് പറയുന്നത് കമ്പനികൾപോലെ ആയി. കോർപറേറ്റുകൾ പോലെ. അതിനു ശേഷം വന്ന ഒരു തലമുറ. എെൻറയൊക്കെ തലമുറ ഇതിനിടക്കാണ്. പുതിയ തലമുറക്കും പഴയ തലമുറക്കും ഇടക്കുള്ള ഒരിടവേളയാണ് ഞങ്ങളുടേത്. ഞങ്ങൾക്കു ശേഷം വന്നിട്ടുള്ള ഒരു തലമുറ, അതായത് 1970കൾക്കു ശേഷമുള്ള, '80കളിലൊക്കെ ജനിക്കുകയും 2000ത്തിനു ശേഷം അതായത് 2010ലൊക്കെ യൗവനയുക്തരാവുകയും ജോലികളിൽ പ്രവേശിക്കുകയും ചെയ്തവർ. അവരുടേത് പുതിയ സംസ്കാരമായിരുന്നു. ഗ്ലോബൽ മലയാളി എന്ന് ഇന്ന് പറയുന്നുണ്ടല്ലോ. ഈ തലമുറയാണ് അക്കാര്യത്തെ പ്രതിനിധാനംചെയ്യുന്നത്. ഈ ഒരു കാര്യം കൂടി എഴുതിയാൽ കൊള്ളാമെന്ന് എനിക്ക് തോന്നി. അതിനു വേണ്ട ഒരു ഭൂമിക എനിക്ക് കിട്ടേണ്ടതുണ്ടായിരുന്നു. പാകമാകുന്ന സോഷ്യൽ കോൺടെക്സ്റ്റ്. ഞാനായിട്ട് ഒരു കോൺടെക്സ്റ്റ് കണ്ടുപിടിച്ചു കഴിഞ്ഞാൽ, മറ്റ് രണ്ട് നോവലുകളിൽ, പാലേരി മാണിക്യം ഒരു യഥാർഥ സംഭവത്തിന് ഞാൻ നൽകുന്ന വ്യാഖ്യാനമാണ്. കെ.ടി.എൻ. കോട്ടൂർ ഒരു ഫിക്ഷനൽ കഥാപാത്രമാണെങ്കിലും അതിൽ വരുന്ന മറ്റെല്ലാ കഥാപാത്രങ്ങളും ഹിസ്റ്റോറിക്കൽ ഫിഗേഴ്സ് ആണ്. ഞാൻ ചെയ്തിട്ടുള്ളത് ഇത്തരം കാര്യങ്ങളെ കൃത്യമായി പ്ലെയ്സ് ചെയ്യുക എന്നതാണ്. അതാണ് സർഗാത്മകമായി ഞാൻ ചെയ്യുന്നത്. ആ സന്ദർഭങ്ങളെ വ്യാഖ്യാനിക്കുകയാണ് ഞാൻ ചെയ്തിട്ടുള്ളത്. അതേപോലെ ഒന്ന് ഇപ്പോൾ കിട്ടണമെങ്കിൽ ഒന്ന് സുകുമാരെൻറ 'ശേഷക്രിയ'യാണ്. 'ശേഷക്രിയ' വീണ്ടും വായിച്ചപ്പോഴാണ് ഇതിന് ഒരു തുടർച്ച വേണം എന്ന് തോന്നിയത്. കുഞ്ഞയ്യപ്പൻ മരിക്കുമ്പോൾ മകൻ കൊച്ചു നാണു ചെറുതാണ്. 1979ലാണ് സുകുമാരെൻറ നോവൽ വരുന്നത് എന്നാണ് എെൻറ ഓർമ. അപ്പോൾ അന്ന് മൂന്നോ നാലോ വയസ്സുള്ള കൊച്ചു നാണു വളർന്നാൽ ഇപ്പോൾ കേരളത്തിലെ ഒരു യുവാവായി മാറിയിട്ടുണ്ടാകും. അയാളുടെ ജീവിതം എങ്ങനെയായിരിക്കും? അയാൾക്ക് പിന്നിൽ, അയാളുടെ അച്ഛെൻറ വലിയൊരു പാരമ്പര്യം, നിഴലുണ്ട്. അതായത് പാർട്ടിവിധേയനും സമൂഹത്തിനുവേണ്ടി ജീവിച്ചവനും കഷ്ടപ്പാടുകൾ ഏറ്റുവാങ്ങി അതിലൊരിക്കലും പരിതപിക്കാത്തവനും ദുഃഖിക്കാത്തവനും അതിൽ അഭിമാനിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞയ്യപ്പനുണ്ട്. ആ കഷ്ടപ്പാടുകളെല്ലാം സഹിച്ച് നിശ്ശബ്ദയായി ജീവിച്ച കുഞ്ഞോമന എന്നൊരു അമ്മയുണ്ട്. ഇവരുടെ മക്കൾക്ക് എന്തു പറ്റി ഇക്കാലത്ത്? അവർ വളർന്നുവരുന്നത് ഐ.ടിയുടെ, അതുപോലുള്ള പുതിയ തൊഴിൽ മേഖലകളിലാണ്. േട്രഡ് യൂനിയൻ കടന്നുചെന്നിട്ടില്ലാത്ത ഒരു മേഖലയാണത്. അങ്ങനെയുള്ള ഒരാളുടെ ആത്മസംഘർഷങ്ങൾ. അങ്ങനെയാണ് ഇതിലേക്ക് കടന്നുവരുന്നത്.
അങ്ങനെയാണ് ഈ നോവൽത്രയം സാധ്യമായിട്ടുള്ളത്?
നോവൽത്രയം എന്നു പറഞ്ഞാൽ ഒരു നൂറ്റാണ്ടിനെ മൂന്നായി തിരിച്ചിരിക്കുകയാണ്. ആദ്യപാതി, മധ്യപാതി, അവസാന പാതി. അവസാനപാതി എന്നത് അടുത്ത നൂറ്റാണ്ടിലേക്ക് പടർന്ന് കിടക്കുകയാണ്. നൂറ്റാണ്ട് മതിൽ കെട്ടി തിരിച്ചതൊന്നുമല്ലല്ലോ. 2010–2020 വരെയുള്ള ഒരു കാലത്തിലേക്ക് അതിങ്ങനെ എക്സ്റ്റൻഡ് ചെയ്ത് വിടും. കാലം ഫ്ലൂയിഡാണല്ലോ. വളരെ സോളിഡായിട്ടുള്ള വേർതിരിവല്ല, ഫ്ലൂയിഡായിട്ടുള്ളതാണ്. ജലംകൊണ്ട് അതിർത്തി തിരിക്കുന്നതുപോലെയാണ് കാലത്തിൽ നമ്മൾ അതിർത്തിയുണ്ടാക്കുന്നത്. അതിങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകിപ്പരക്കും. കന്യാകുമാരിയിൽ പോയപോലെയാണ്– എവിടെയാണ് ശാന്തസമുദ്രം ആരംഭിക്കുന്നത്, എവിടെയാണ് ഇന്ത്യൻ സമുദ്രം, എവിടെയാണ് അറബിക്കടൽ– ഇത് നമുക്ക് കൃത്യമായി പറയാൻ പറ്റില്ല. അതുപോലെ കാലത്തെ വേർതിരിക്കുമ്പോൾ, കാലം സങ്കീർണമായും സങ്കരമായും കൂടിച്ചേരുന്നു.
'ക്രിയാശേഷ'ത്തിൽ പുതുകാലം മാത്രമല്ലല്ലോ?
മുമ്പ് പറഞ്ഞ മൂന്നു കാലങ്ങളും വരും. കോട്ടൂരിെൻറയും മാണിക്യത്തിെൻറയും കാലം വരും. പക്ഷേ, കഥാപാത്രങ്ങൾ വരില്ല. മറ്റു രണ്ടു നോവലുകളിലും നാടൻ പശ്ചാത്തലമാണ്. അതിൽ പാലേരിയും കോട്ടൂരുമാണ് സ്ഥലങ്ങൾ. രണ്ട് സ്ഥലങ്ങളും ശരിക്കും ഉള്ളതുതന്നെയാണ്. ഇതിനകത്ത് അങ്ങനെ ഒരു പ്രദേശമില്ല. അത്തരം ഭൂമിശാസ്ത്രപരമായ വിശദാംശങ്ങളിലേക്കൊന്നും പോകാതെ, ഇത് എവിടെയും സംഭവിക്കാം. അങ്ങനെയാണ് ഈ നോവലിലെ സ്ഥലവും കാലവും പ്രവർത്തിക്കുന്നത്. ഈ കഥാപാത്രങ്ങൾ ജീവിക്കുന്നത് അങ്ങനത്തെ ഇടങ്ങളിലാണ്. പിന്നെ, അതിലുപരിയായിട്ട് നഗരങ്ങൾ, കേരളത്തിലുണ്ടായിവരുന്ന പുതിയ നഗരങ്ങളും പട്ടണങ്ങളുമുണ്ട്. അവിടത്തെ ജീവിതവും അവിടെ എത്തിപ്പെടുന്ന ഗ്രാമീണർക്ക്, പിന്നാക്ക വിഭാഗക്കാരായ ഇത്തരം സ്ഥലങ്ങളിൽ എത്തിപ്പെടുന്നവർ പുതിയ നാഗരികതയുമായി ഒത്തുപോകാൻ അനുഭവിക്കുന്ന ക്ലേശങ്ങൾ നോവലിലുണ്ടാകും. അതിനോടൊപ്പംതന്നെ, സൈബർ ലോകത്തോടൊപ്പം, ഞാൻ നേരത്തേ പറഞ്ഞ ഫ്ലൂയിഡ് ടൈംപോലെ ഫ്ലൂയിഡ് സ്പെയിസും ഈ നോവലിലുണ്ട്. പിന്നെ അതിർത്തികളൊന്നുമില്ല.
അതിർത്തികളില്ലാത്ത ലോകം എന്ന സങ്കൽപനം, അല്ലേ?
അതിർത്തികളൊന്നും യഥാർഥത്തിൽ ഇന്ന് ഒരിടത്തുമില്ല. ഏതുനാടും നമുക്ക് സ്വന്തം നാടുപോലെയാണ്. മുറിയിലാണ് ലോകം കിടക്കുന്നത്. അവിടെ ജീവിക്കുന്നവരാണ് കഥാപാത്രങ്ങൾ. ഒരാൾക്ക് ഇന്ന് അയാളുടെ എല്ലാ കാമനകളും സൈബർ ലോകത്ത് പൂർത്തീകരിക്കാൻ പറ്റും. അതിലയാൾക്ക് അഭിരമിക്കാം, ആവിഷ്കരിക്കാം, ലൈംഗികത അടക്കം എല്ലാം ലഭ്യമാണ്. യാഥാർഥ്യത്തെ അതിശയിപ്പിക്കുന്ന തരത്തിലുള്ള യാഥാർഥ്യങ്ങൾ സൈബർ ലോകത്ത് കിട്ടുന്നുണ്ട്. പക്ഷേ, മലയാളിക്ക് ഒരു പ്രത്യേകതയുണ്ട്, പഴയ കാര്യങ്ങൾ ഒരു നിലയിലും മനസ്സിൽ നിന്നുപോകില്ല. നമ്മൾ എത്ര ആധുനികനായാലും, ഏറ്റവും പുതിയ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോഴും, ആധുനികമായ ഡിവൈസസ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ, മനസ്സുകൊണ്ട് മലയാളിക്ക് വലിയ പഴമയുണ്ടായിരിക്കും. ഏറ്റവും പുതിയ ഒരു കമ്പ്യൂട്ടർ വാങ്ങിക്കുകയും അതിന് തൊട്ടടുത്തുതന്നെ സാളഗ്രാമം വെച്ച് പൂജിക്കുകയും ചെയ്യുന്ന ഒരു സ്കിസോഫ്രീനിക്ക് സ്വഭാവം മലയാളിക്കുണ്ട്. ഏറ്റവും വലിയ ആദർശങ്ങളെക്കുറിച്ച് പറയുകയും ഏറ്റവും പിന്തിരിപ്പനായി ജീവിക്കുകയും ചെയ്യുന്ന രീതി. കെ.ജി. ശങ്കരപ്പിള്ള പറഞ്ഞതുപോലെ, പുറത്തേക്ക് ലെനിനായി, പൂജാമുറിയിൽ പൂന്താനമായി ജീവിക്കുന്ന ശൈലി. 'ക്രിയാശേഷ'ത്തിൽ സമകാലിക ജീവിതംചിത്രീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതിനൊപ്പംതന്നെ എെൻറയൊരു നിരീക്ഷണം– കേരളീയ സമൂഹം ഇപ്പോൾ ഒരു പുതിയ രൂപപ്പെടലിലാണ്. അതായത് സനാതനം എന്നൊക്കെ പറഞ്ഞിരുന്ന പല മൂല്യങ്ങളും ഇന്നത്തെ തലമുറ കൈവിട്ടുകഴിഞ്ഞു. ബന്ധങ്ങളുടെ കാര്യത്തിൽ, അച്ഛനമ്മ ബന്ധങ്ങളുടെ കാര്യത്തിലും ഭാര്യാ ഭർതൃബന്ധത്തിലും മക്കളുമായുള്ള ബന്ധത്തിലും– ഇത്തരം കാര്യങ്ങളിൽ ചില വിശ്വാസങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, പുതുതലമുറ ഇത്തരം ബന്ധങ്ങളെ വലിയതായി കാണുന്നില്ല. പുതുതലമുറയിലെ പലരും ഇത്തരം കാര്യങ്ങളെ മനസ്സുകൊണ്ട് തിരസ്കരിച്ചുകഴിഞ്ഞു. അവർ പുതിയ ജീവിതം, പുതിയ ബന്ധങ്ങൾ, അത്തരത്തിലുള്ള പല പുതിയ രൂപവത്കരണങ്ങളും ഇന്നുണ്ടാകുന്നുണ്ട്. അത് പലപ്പോഴും ഒരു പാരഡിപോലെ, കോമിക്ക് പോലെ ഒക്കെ തോന്നാറുണ്ട്, ചുംബനസമരം പോലെയും, അതൊക്കെ ചിലപ്പോൾ ഒരു ഫാർസിെൻറ തലത്തിലേക്ക് മാറുന്നുണ്ടെങ്കിലും.
പുതിയ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ നടത്തേണ്ടതുണ്ടെന്ന തോന്നൽ, അതിനായുള്ള ശ്രമം സമൂഹത്തിൽ നടന്നുവരുന്നുണ്ട്. അത്തരത്തിൽ രൂപപ്പെടുന്ന ഒരു പുതു മലയാളി സ്വത്വമാണ് ഈ നോവലിെൻറ കേന്ദ്ര കഥാപാത്രം. ഒരു വ്യക്തിയല്ല ഇതിലെ കേന്ദ്ര കഥാപാത്രം. കൊച്ചുനാണുവും ബന്ധപ്പെട്ട് വരുന്ന മറ്റു കഥാപാത്രങ്ങളും പല നിലയിൽ പുതുതായി രൂപംകൊള്ളുന്ന കേരളത്തെ പ്രതിനിധാനംചെയ്യുന്നു. ഭൂതകാലത്തെ അവർ പല നിലയിൽ കൈകാര്യംചെയ്യുന്നു. അതോടൊപ്പം സൈബർ ലോകം തുറന്നിട്ട പലവിധ വാതിലുകൾ, തുറസ്സുകൾ– അതിൽ ജീവിക്കുന്ന മലയാളിയുമുണ്ട്. ഇവരെല്ലാം ഇതിൽ കടന്നുവരുന്നു. ഇതെല്ലാം എെൻറ അവകാശവാദങ്ങളാണ്. വായനക്കാരാണ് ഇക്കാര്യങ്ങളെ വിലയിരുത്തേണ്ടതും അഭിപ്രായങ്ങൾ പറയേണ്ടതും.
'ക്രിയാശേഷം' എഴുതുന്നതിെൻറ ഭാഗമായി താങ്കൾ എം. സുകുമാരനെ കണ്ടല്ലോ. എന്തൊക്കെയാണ് ആ കൂടിക്കാഴ്ചയിൽ സംസാരിച്ചത്?
ഞാൻ അദ്ദേഹത്തെ പോയി കണ്ടു. ഞാൻ സുകുമാരനെ നേരേത്ത കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, മിക്കവാറും അദ്ദേഹത്തിെൻറ എല്ലാ കൃതികളും വായിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്ക് മുമ്പ് 'മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ' വായിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ കഥയെ അടിസ്ഥാനമാക്കിയുള്ള 'മണിമുഴക്കം' പോലുള്ള സിനിമകൾ കണ്ടിട്ടുണ്ട്. അടിയന്തരാവസ്ഥ കഴിഞ്ഞയുടനെ ഒരു കഥയുണ്ടായിരുന്നു, തവളകൾ റാം, ജയറാം എന്ന് കരയുന്ന കഥ. അതൊക്കെ ഇപ്പോഴും എനിക്കോർമയുണ്ട്. അദ്ദേഹത്തെ കണ്ടപ്പോൾ ഞാനിങ്ങനെ പറഞ്ഞു: ഇങ്ങനെയൊരു ശ്രമം ഞാൻ തുടങ്ങിയിട്ടുണ്ട്. അനുവാദം ചോദിക്കാതെയാണ് തുടങ്ങിയത്. കഴിഞ്ഞിട്ട് വന്ന് കാണാം എന്നാണ് കരുതിയത്. അപ്പോ അദ്ദേഹം പറഞ്ഞു, ഒരു കുഴപ്പവുമില്ല, രാജീവൻ ഇങ്ങനെ ചെയ്യുന്നതിൽ സന്തോഷമേയുള്ളൂ. അതിന് എെൻറ അനുവാദമോ ഒന്നും ആവശ്യമില്ല, അത് ചെയ്യൂ എന്ന് പറഞ്ഞു. ഇങ്ങനെയൊരു ആശയത്തിൽ എങ്ങനെ എത്തിപ്പെട്ടുവെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു: '79ലാണല്ലോ കുഞ്ഞയ്യപ്പൻ മരിക്കുന്നത്. അദ്ദേഹത്തിെൻറ മകൻ കൊച്ചുനാണു ഇപ്പോൾ നമ്മുടെ കാലത്ത് ജീവിക്കേണ്ടയാളല്ലേ. അപ്പോൾ അയാളുടെ ജീവിതമൊന്ന് രേഖപ്പെടുത്തേണ്ടേ? അദ്ദേഹം പറഞ്ഞു: പൂർണ സമ്മതം, എെൻറ അനുവാദം വാങ്ങേണ്ട ആവശ്യമില്ല. മാത്രവുമല്ല എഴുതിക്കഴിഞ്ഞതോടെ 'ശേഷക്രിയ' എേൻറതല്ലാതായി. അല്ലെങ്കിൽ എേൻറതുപോലെ രാജീവേൻറതുമായി. വളരെ സന്തോഷത്തോടെയാണ് എെൻറ നോവൽപദ്ധതി അദ്ദേഹം സ്വീകരിച്ചത്.
'ക്രിയാശേഷ'ത്തിനു വേണ്ടി നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് പറയൂ..?
ഇത് സുകുമാരെൻറ നോവലിൽനിന്നാണ് തുടങ്ങുന്നത്. ട്രേഡ് യൂനിയൻ ഇല്ലാത്ത ഒരു തൊഴിൽമേഖലയിലാണ് നോവൽ സംഭവിക്കുന്നത്. അതിനെക്കുറിച്ച് ലഭിക്കാവുന്ന പരമാവധി വിവരങ്ങൾ ശേഖരിച്ചു. പിന്നെ അവരുടെ ജീവിതങ്ങളിലേക്കും പോയി. മറ്റൊരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. രക്തസാക്ഷിത്വം എന്നു പറയുന്ന വല്ലാത്തൊരു കാര്യമുണ്ട്. 'മർഡർ ഇൻ ദ കത്തീഡ്രലി'ൽ എലിയട്ട് ഇതിനെ അഭിസംബോധനചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. രക്തസാക്ഷിയാകാനുള്ള ശ്രമം എല്ലാവരുടെയും ഉള്ളിലുണ്ട്. ഗാന്ധിയായാലും മാർട്ടിൻ ലൂതർ കിങ്ങായാലും എബ്രഹാം ലിങ്കനായാലും. ആരായാലും. എല്ലാ മനുഷ്യെൻറയുള്ളിലുമുണ്ട് രക്തസാക്ഷിയാകാനുള്ള സ്വപ്നം. നിങ്ങളിലെ, നിങ്ങളുടെ ഉള്ളിലെ രക്തസാക്ഷിയാകാനുള്ള സ്വപ്നം അത് ജീവനോടെയുണ്ടോ എന്ന ചോദ്യമുണ്ട്. സാധാരണ രീതിയിലുള്ള മരണം നടന്നുകഴിഞ്ഞാൽ അതിവേഗം വിസ്മരിക്കപ്പെടുമെന്ന് മനുഷ്യർ കരുതുന്നു. അങ്ങനെയൊരു വിഷയമുണ്ട്. അതും നമുക്ക് ചർച്ചചെയ്യേണ്ടേ. എല്ലാവർക്കും ആഗ്രഹമുണ്ട്, ഒരു ഗാന്ധിയാകണം, അല്ലെങ്കിൽ അങ്ങനെ ഒരാൾ. ക്രിസ്തു കുരിശിലേറുന്നു. അതും രക്ഷസാക്ഷിത്വമാണല്ലോ. മാർട്ടിയർ, മാർട്ടിഡം, മനുഷ്യൻ എന്നതാണ് നോവലിെൻറ ഒരു ഭാഗം. രക്തസാക്ഷി മരിക്കുന്നില്ല എന്നാണ്. അത് ചിലേപ്പാൾ കോമഡിപോലെ ഒക്കെ ആകും. എന്തായാലും നോവൽ വരട്ടെ. സംഘടന യാന്ത്രികമായ ഒന്നാണ്. ചാപ്ലിൻ 'മോഡേൺ ടൈംസി'ൽ ചക്രപ്പല്ലിൽ കുടുങ്ങുന്നതുപോലെ. വിരുതുള്ളവർ ചക്രപ്പല്ലിൽ കുടുങ്ങാതെ പുറത്തുവരും. മറ്റു ചിലർക്ക് അതിൽ പരിക്കു പറ്റും. അവർ തൂങ്ങിമരിക്കും, 'ശേഷക്രിയ'യിലെ കുഞ്ഞയ്യപ്പനെപ്പോലെ.
''പാലേരിമാണിക്യം, പത്രപ്രവർത്തനം, എഴുത്ത്, നിലപാടുകൾ'' -ടി.പി. രാജീവനുമായി നടത്തിയ ദീർഘസംഭാഷണം
എല്ലാം ഭാഷാ മാധ്യമങ്ങളാണെങ്കിലും ഓരോന്നിനും അതിേൻറതായ സാധ്യതകളും പരിമിതികളുമുണ്ട്. കവിതയിൽ എഴുതാൻ പറ്റാത്തതായി എന്തെങ്കിലുമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഉദാഹരണത്തിന് ആശാൻ എല്ലാം കവിതയിലാണ് എഴുതിയത്. 'നളിനി'യാണെങ്കിലും 'ലീല'യാണെങ്കിലും എല്ലാം. കവിതയിൽതന്നെ ഫിക്ഷനുണ്ട്. അതാണ് ഞാൻ ഉദ്ദേശിച്ചത്. കവിത എന്ന മാധ്യമം ഇപ്പറഞ്ഞ രീതിയിൽ കാര്യങ്ങൾ പറയാൻ പറ്റുന്നവിധത്തിൽ ഒരുപക്ഷേ എനിക്ക് വഴങ്ങിയിട്ടുണ്ടാവില്ല. അതൊരു പരിമിതിയായിരിക്കാം. അതിനുള്ള കാരണം എന്ന് പറയുന്നത് എനിക്ക് കിട്ടിയിട്ടുള്ള കാവ്യ വിദ്യാഭ്യാസമാണ്. ഞാനൊക്കെ പഠിച്ചുവരുന്ന കാലം അതായത് '70–80കളിൽ ക്ലാസിക്കുകളുടെ പഠനം വളരെ കുറഞ്ഞുപോയി. വെറും സമകാലികതയിൽ ഒതുങ്ങിപ്പോയി അന്ന് എന്നതാണ് സത്യം. ഞാനാണെങ്കിൽ മലയാള സാഹിത്യം പഠിച്ചിട്ടില്ല. കോളജിൽ പഠിച്ചത് ഫിസിക്സാണ്. പിന്നെയാണ് ഇംഗ്ലീഷ് പഠിക്കുന്നത്. ആ നിലയിൽ മലയാള കാവ്യ ഭാഷ, പാരമ്പര്യം എന്നിവ അക്കാദമിക്കായി പഠിച്ചിട്ടില്ല. അതായിരിക്കും ഒരു കാരണം. എെൻറ കൂടെ എഴുതുന്ന പി.പി. രാമചന്ദ്രനായാലും അൻവർ അലിക്കായാലും ക്ലാസിക്കുകളിൽ എന്നെക്കാൾ ജ്ഞാനമുണ്ട്. അവർക്ക് അതുകൊണ്ടുതന്നെ മറ്റുതരത്തിൽ ആവിഷ്കാരങ്ങൾ സാധ്യമാണ്. അൻവർ അലിയുടെ 'ഏകാന്തതയുടെ അമ്പതുവർഷങ്ങൾ' എന്ന കവിത എടുക്കൂ. അത് നല്ലൊരു ഫിക്ഷൻകൂടിയാണ്. മലയാളത്തിലെ പ്രധാനപ്പെട്ട കവിതകളിൽ ഒന്നാണത്. രാമചന്ദ്രനാണെങ്കിൽ 'കലംകാരി' പോലുള്ള രചന സാധ്യമാക്കി. ഇതൊക്കെ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ആത്യന്തികമായി മീഡിയം അല്ല എെൻറ വിഷയം. ഞാൻ എന്തു പറയുന്നു എന്ന കാര്യമാണ്. ഞാൻ കവിതയും നോവലും മാത്രമല്ല, ലേഖനങ്ങൾ എഴുതിയിട്ടുണ്ട്, കോളങ്ങൾ എഴുതിയിട്ടുണ്ട്. മീഡിയം എന്നു പറയുന്നത് പിന്നെ കൈവരിക്കുന്നതാണ്. നമ്മൾ എഴുതിയ ശേഷമാണ് അത് അങ്ങനെയൊരു ഫോമിലേക്ക് വരുന്നത്.
എഴുതാനിരിക്കുമ്പോൾ, മനസ്സിൽ വിചാരിച്ചിരുന്ന മീഡിയം എഴുതിക്കഴിയുമ്പോൾ മാറിയ സന്ദർഭങ്ങളുണ്ടോ?
ഉണ്ട്. കുഞ്ഞിരാമൻ നായരെക്കുറിച്ച് ഞാൻ ഒരു ലേഖനം എഴുതിയിട്ടുണ്ട്. 'വാക്കും വിത്തും' എന്ന് പറഞ്ഞ്. വാസ്തവത്തിൽ ഞാൻ കുഞ്ഞിരാമൻ നായരെക്കുറിച്ച് കവിതയെഴുതാനായി ഇരുന്നതാണ്. ഫുക്കുവോക്കയെയും കുഞ്ഞിരാമൻ നായരെയും ബന്ധപ്പെടുത്തി കവിത എഴുതുക എന്നതായിരുന്നു ഉദ്ദേശ്യം. അത് രൂപപ്പെടുത്തി രൂപപ്പെടുത്തി വന്നപ്പോൾ ലേഖനമായിപ്പോയതാ. അയ്യപ്പനെക്കുറിച്ച് 'ഭാഷയിലെ ആദിമ നിവാസി' എന്ന ലേഖനമെഴുതിയിട്ടുണ്ട്. അയ്യപ്പനെക്കുറിച്ച് കവിത എഴുതുകയായിരുന്നു ഉദ്ദേശ്യം. ആറ്റൂരിനെക്കുറിച്ച് ഇംഗ്ലീഷിൽ 'ഹോം േഗ്രാൺ മോഡേണിസ്റ്റ്' എന്നൊരു ലേഖനം എഴുതിയിട്ടുണ്ട്. അതും കവിതക്കു വേണ്ടിയുള്ള ഇരുപ്പായിരുന്നു. പക്ഷേ, ലേഖനമായിപ്പോയി. ഒരു കാലത്ത് ഞാൻ മൃഗങ്ങളെക്കുറിച്ച് പരമ്പരക്കവിതകൾ എഴുതിയിരുന്നു. പിന്നെ കവികളെക്കുറിച്ചെഴുതാൻ ശ്രമിച്ചു. പക്ഷേ, അവയൊന്നും കവിതകളായില്ല. എഴുതി വന്നപ്പോൾ അവ മറ്റു വഴിക്ക് പോയി. ആത്യന്തികമായി ഞാൻ എഴുതുന്നത് ഒന്നു തന്നെയാണ്. 'പാലേരി മാണിക്യം' വായിച്ച പല സുഹൃത്തുക്കളും അതിൽ കവിതയുള്ള ഭാഗങ്ങൾ ധാരാളമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. കോട്ടൂരിലും അങ്ങനെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും നോവൽ എന്ന ഫോമിനെക്കുറിച്ച് വലുതായ അറിവ് എനിക്കുണ്ടെന്ന് പറയാൻ കഴിയില്ല. അതിങ്ങനെ എഴുതുന്നു, അങ്ങനെയായിത്തീരുന്നു എന്നേ പറയാൻ കഴിയൂ.
'രാഷ്ട്രതന്ത്ര'ത്തിെൻറ കാര്യം പറഞ്ഞില്ല?
അത് വലിയ മടുപ്പിൽനിന്നുണ്ടായ കവിതയാണ്. '80കളായപ്പോൾ എല്ലാം ശിഥിലമായി. അതുവരെ സബാട്ടാഷ്, അണ്ടർ ഗ്രൗണ്ടിൽ ജീവിക്കാം. പരസ്യമായി ബസ്സ്റ്റാൻഡിൽ വെച്ച് കണ്ടിട്ട് എന്നെ കണ്ട കാര്യം പറയേണ്ട, ഞാൻ അണ്ടർഗ്രൗണ്ടിലാണെന്ന് പറഞ്ഞ സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. സ്വയം എടുത്തണിയുന്ന രഹസ്യാത്മകതയായിരുന്നു അത്. ചിലർ അടുത്ത് വന്ന് ചെവിയിൽ ചോദിക്കും, കെ.വിയെ (കെ. വേണു) കാണാറുണ്ടോ എന്ന്. വേണു പരസ്യമായി പ്രസംഗിക്കുന്ന കാലത്തും അദ്ദേഹം ഒളിവിലാണെന്ന് കരുതുന്ന ആളുകൾ ഉള്ള കാലമാണ് അത്. ഞാനൊക്കെ അതിെൻറ ഭാഗമായിരുന്നു. സജീവമായി അതിെൻറ കൂടെയില്ലെങ്കിലും ആ മനസ്സ് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. അപ്പോൾ ഇതൊക്കെ ഒന്ന് കളയണം എന്ന് തോന്നി. അതിന് ഈ കാൽപനിക ഭാഷയൊന്നും പറ്റില്ല. അതിന് പത്ര റിപ്പോർട്ടിങ്ങിെൻറ ഭാഷയിലേക്ക് കവിതയെ കൊണ്ടുവരണം. 'രാഷ്ട്രതന്ത്രം' ആ ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ടു, അങ്ങനെയുള്ള ഹെഡിങ്ങുകളാണ് ആ കവിതയിൽ മുഴുവൻ. ടെക്സ്റ്റ് ഇല്ല, മുഴുവൻ ഹെഡിങ്ങുകളാണ്. ഇതൊന്നും മുൻകൂട്ടി നിർണയിച്ചിട്ട് നടന്ന കാര്യങ്ങളല്ല.
കെ. വേണു അണ്ടർഗ്രൗണ്ടിലാണെന്ന് പറയുന്നതിനെ വിമർശനാത്മകമായി നോക്കിക്കാണുന്ന രാജീവൻ ഉണ്ടായത് എവിടെവെച്ചാണ്, ഡൽഹിയിൽ പത്രപ്രവർത്തകനായിരുന്ന കാലത്താണോ?
തീർച്ചയായും. പുരുഷാർഥങ്ങളിൽ ഒന്നാണല്ലോ പാരലൽ കോളജ് ജീവിതം. പാരലൽ കോളജിൽ പഠിപ്പിക്കുമ്പോഴാണ് ഡൽഹിക്ക് പോകാൻ തീരുമാനിക്കുന്നത്. അവിടെയെത്തി ജീവിക്കാൻ തുടങ്ങുമ്പോഴാണ് എന്തുതരം കുണ്ടിലാണ് ഇത്രയും കാലം കേരളം കഴിഞ്ഞത് എന്ന് മനസ്സിലാകുന്നത്. പല തരത്തിലുള്ള ചിന്തകൾ നമുക്കുണ്ട്. പിന്നെ ദുരഭിമാനവും വ്യാജബോധവും. ഇതെല്ലാം മനസ്സിലാകുന്നത് ഡൽഹിയിൽ പോയി രണ്ടോ മൂന്നോ വർഷം ജീവിച്ചപ്പോഴാണ്. എന്തു തരം നിരർഥതകളിലാണ്, ഉപയോഗ ശൂന്യതകളിലാണ് നമ്മൾ ജീവിച്ചു പോന്നത് എന്ന് മനസ്സിലാക്കിത്തന്നതും ഡൽഹി തന്നെ. ഒരു ബന്ദ് നടത്തുമ്പോൾ രാജ്യം നിശ്ചലമായി, ഇന്ത്യ നിശ്ചലമായി എന്ന് വിശ്വസിക്കുന്ന നമ്മൾ. അങ്ങനെ എഴുതുന്ന നമ്മുടെ പത്രങ്ങൾ. ദേശാഭിമാനിപോലുള്ള പത്രങ്ങളിലൊക്കെ കാണാം. കോട്ടൂർ പഞ്ചായത്തിൽ കട തുറന്നിട്ടുണ്ടാവില്ല. രാജ്യം കോട്ടൂർ പഞ്ചായത്താണോ. രാജ്യം കോട്ടൂർ പഞ്ചായത്താണെന്ന് വിചാരിക്കുന്നയാളുകളാണ് ഇവിടെ അധികമുള്ളത്. ഇതല്ല, ഇന്ത്യ എന്ന് പറയുന്ന എക്സ്പാൻസെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ഡൽഹിയിൽ ജീവിച്ചതുകൊണ്ടാണ്.
മറ്റെന്താണ് ഡൽഹി പഠിപ്പിച്ചത്?
രാഷ്ട്രീയ നേതാക്കളുടെ കാര്യം തന്നെ. വലിയ രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ കാര്യം. അവരൊക്കെ എന്തു മാത്രം ദുർബലരാണ്. സ്വന്തം സുരക്ഷക്കുവേണ്ടി വലിയ മതിലുകളിൽ കെട്ടിപ്പൊക്കി അതിനുള്ളിൽ ജീവിക്കുകയാണ്. ഞാൻ ഡൽഹിയിൽ കഴിയുമ്പോൾ രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി. ബോഫോഴ്സിെൻറ സമയമാണ്.
ആദ്യം ജോലി ചെയ്യുന്നത് ഏത് പത്രത്തിലാണ്?
നാഷനൽ ഹെറാൾഡിലാണ്. അവിടെ പിന്നെ ചില പ്രശ്നങ്ങൾ ഉണ്ടായി. ബോഫോഴ്സ് അഴിമതി റിപ്പോർട്ട് ചെയ്തതിെൻറ പേരിൽ ഇന്ത്യൻ എക്സ്പ്രസിൽ റെയ്ഡൊക്കെ നടന്ന സമയം. ഞാനന്ന് നാഷനൽ ഹെറാൾഡിൽ െട്രയിനിയാണ്. ഡൽഹിയിലെത്തിയിട്ട് രണ്ടു മാസം ആകുന്നേയുള്ളൂ. അന്ന് വൈകുന്നേരം നമ്മൾ എത്തിപ്പെടുക നരേന്ദ്രൻ, വി.എം. നായർ എന്ന് പറയുന്ന കേരള കൗമുദിയിലെ വളരെ സീനിയറായ, ജീനിയസായ പത്രപ്രവർത്തകെൻറ അടുത്താണ്. നായർ സാർ എന്നാണ് വിളിക്കുക. അദ്ദേഹത്തിെൻറ ഓഫിസിന് മുന്നിലാണ് യു.എൻ.ഐ കാൻറീൻ. തൈര് സാദം അടക്കമുള്ള ഉഗ്രൻ ഭക്ഷണം കിട്ടും. രണ്ടു രൂപക്ക്. അതാണ് പ്രധാന ആകർഷണം. അന്ന് 990 രൂപയാണ് സ്െറ്റെപൻഡ്. റൂം വാടക, മറ്റു ചെലവുകൾ എല്ലാം ഇതിൽ കഴിഞ്ഞുപോണം. അന്നത്തെ സമൃദ്ധ ഭക്ഷണം ഈ തൈര് സാദമാണ്.
അങ്ങനെയുള്ള ഒരു ദിവസം താങ്കൾ പത്രക്കാരുടെ ഒരു പ്രതിഷേധ പ്രകടനത്തിൽ കയറിനിന്നു, അല്ലേ?
ഒരു ദിവസം അവിടെ നിൽക്കുമ്പോൾ പത്രക്കാരുടെ ഒരു പ്രതിഷേധ പ്രകടനം വരുന്നു. അത് ഐ.എൻ.എസിന്റെ മുന്നിൽ നിന്ന് തുടങ്ങിയിട്ട് ഇന്ത്യൻ എക്സ്പ്രസും നാഷനൽ ഹെറാൾഡ് ഓഫിസുകൾ നിൽക്കുന്ന റോഡുണ്ട്, ബഹദൂർ ഷാ സഫർ റോഡാണെന്ന് തോന്നുന്നു, കൃത്യം ഓർമയില്ല, പ്രകടനം അതുവഴി ചുറ്റിപ്പോവുകയാണ്. അപ്പോൾ കേരളത്തിലെ ഒരു രീതിവെച്ച് പ്രതിഷേധ പ്രകടനം കണ്ടാൽ നമ്മൾ കയറി നിൽക്കുമല്ലോ. അത് മലയാളിയുടെ ഒരു ദൗത്യമാണല്ലോ. ഞാനും പ്രകടനത്തിൽ കയറി നിന്നു. ഞാൻ പത്രക്കാരനായിട്ടില്ല. െട്രയിനിങ് കഴിഞ്ഞിട്ടില്ല. അക്രഡിറ്റേഷനില്ല. ഒന്നുമില്ല. എന്നിട്ടും പ്രകടനത്തിൽ കയറി നിന്നു. പ്രകടനം കടന്നുപോകുന്നത് നാഷനൽ ഹെറാൾഡിെൻറ മുന്നിൽക്കൂടിയാണ്. ഇന്ത്യൻ എക്സ്പ്രസിലെ റെയ്ഡിൽ പ്രതിഷേധിച്ചാണ് പ്രകടനം. പിറ്റേന്ന് രാവിലെ ഓഫിസിൽ ചെന്നപ്പോൾ കോട്ടയംകാരനായ ന്യൂസ് എഡിറ്റർ (ജോർജെന്നോ ജോയ് എന്നോ ആണ് പേര്) പറഞ്ഞു, ഡപ്യൂട്ടി എഡിറ്റർ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന്. ഞാൻ ഡപ്യൂട്ടി എഡിറ്ററെ കണ്ടു. ഇന്നലെ പ്രകടനത്തിൽ കണ്ടല്ലോ അദ്ദേഹം ചോദിച്ചു. അതെ, ഉണ്ടായിരുന്നു, നമ്മുടെ തൊട്ടടുത്തുള്ള ഇന്ത്യൻ എക്സ്പ്രസ് ഓഫിസിൽ റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ധർണ, നമ്മൾ പങ്കെടുക്കേണ്ടതല്ലേ സാർ എന്ന് ഞാൻ ചോദിച്ചു. ഇത് അനീതിയല്ലേ? നാഷനൽ ഹെറാൾഡ് പത്രത്തിെൻറ ഉടമകൾ ആരെന്നറിയാമോ എന്നദ്ദേഹം തിരിച്ചു ചോദിച്ചു. ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞു. നെഹ്റുകുടുംബം എന്ന് അദ്ദേഹം പറഞ്ഞു തന്നു. ഹെറാൾഡിൽ ജോലി ചെയ്യുന്നയാൾ രാജീവ് ഗാന്ധിക്കെതിരെ വാർത്ത കൊടുത്തതിെൻറ പേരിൽ മറ്റൊരു പത്രേമാഫിസിൽ നടന്ന റെയ്ഡിൽ പ്രതിഷേധിക്കുന്ന പ്രകടനത്തിൽ പങ്കെടുക്കുക. കൊള്ളാം! അദ്ദേഹം പറഞ്ഞു. എനിക്കതറിയില്ലായിരുന്നു (വാസ്തവത്തിൽ എനിക്ക് ഇങ്ങനെയൊരു സംഗതിയുള്ളത് അറിയുമായിരുന്നില്ല) എന്ന വാദം അദ്ദേഹം കള്ളം എന്ന് പറഞ്ഞ് തള്ളി. മാത്രവുമല്ല, നാഷനൽ ഹെറാൾഡ് നെഹ്റു കുടുംബത്തിേൻറതാണെന്ന് അറിയാത്ത ഒരാൾ പത്രപ്രവർത്തകനായിരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെ അവിടെ നിന്നും ഇറങ്ങി. അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. ജനാധിപത്യം, സെക്കുലറിസം, വിയോജിക്കാനുള്ള സ്വാതന്ത്ര്യം അങ്ങനെയുള്ള നെഹ്റുവിയൻ ലോകം ചുരുങ്ങിച്ചുരുങ്ങി മൂന്നു നിലക്കെട്ടിടമായി മാറിയിരിക്കുന്നു എന്ന്. ഈ പറയുന്ന ആദർശങ്ങൾക്കൊക്കെ എന്താണ് സംഭവിച്ചതെന്നും മനസ്സിലായി. നെഹ്റുവും ഗാന്ധിയും ഇന്ന് ജീവിച്ചിരുന്നിരുന്നെങ്കിൽ ഇതൊക്കെ എത്ര നിസ്സാരമാണെന്ന് നമുക്ക് തോന്നിയേക്കാം.
ഇതായിരുന്നു ഡൽഹി തന്ന ഏറ്റവും വലിയ അനുഭവം എന്ന് പറയാമോ?
ശ്രീകുമാർ എന്ന ഒറ്റപ്പാലം കോളജിൽ എെൻറ സഹപാഠിയായിരുന്ന സുഹൃത്താണ് എന്നെ ഡൽഹിക്കു കൊണ്ടുപോകുന്നത്. പിന്നെ ബാങ്കിൽ ജോലി ചെയ്യുന്ന മറ്റൊരു ശ്രീകുമാർ. ഇവരൊക്കെയാണ് ഡൽഹിയിൽ എന്നെ അതിജീവിക്കാൻ സഹായിച്ചവരിൽ പ്രധാനികൾ. നിസാമുദ്ദീനിൽ ഞാൻ ചെന്നിറങ്ങുന്നത് രണ്ടു ജോടി വസ്ത്രങ്ങൾ മാത്രമുള്ള ഒരു തുണി സഞ്ചിയുമായാണ്. പത്തിരുനൂറ് രൂപയും കാണും. പാരലൽ കോളജിൽ നിന്ന് കിട്ടിയ ഒരു മാസത്തെ ശമ്പളം. കുഞ്ഞയ്യപ്പൻ പോകുന്ന പോലെതന്നെ. അന്ന് രാത്രി ഒന്നിച്ചിരിക്കുമ്പോൾ രണ്ട് ശ്രീകുമാർമാരും പിന്നെ ജയരാജ് എന്നൊരു ജേണലിസ്റ്റ് (ഇദ്ദേഹം കുറച്ചു കാലം മാധ്യമത്തിൽ ജോലി ചെയ്തിരുന്നു, വടക്കാഞ്ചേരിക്കാരനാണ്. മൂപ്പരന്ന് പീപ്പിൾസ് കമൻറ് എന്ന പ്രസിദ്ധീകരണത്തിലാണ്, നല്ല അസ്സൽ ഇംഗ്ലീഷായിരുന്നു. എനിക്ക് പിന്നെ ബന്ധമില്ല, ഏതോ വിദേശ ജേണലിന് വേണ്ടി ഫ്രീലാൻസ് ചെയ്യുകയാണെന്ന് തോന്നുന്നു)– ഇവരെനിക്ക് തന്ന ഉപദേശം, ഡൽഹിയിൽ വന്നിറങ്ങുന്ന മലയാളികൾ, കുറച്ച് എഴുത്തും വായനയും ഉണ്ടെങ്കിൽ പ്രത്യേകിച്ചും ആദ്യം കാണാൻ ശ്രമിക്കുക ഒ.വി. വിജയനെയായിരിക്കും. അല്ലെങ്കിൽ എം. മുകുന്ദൻ, സക്കറിയ എന്നീ എഴുത്തുകാരെയായിരിക്കും. നീ ഒരിക്കലും അതിനു വേണ്ടി ശ്രമിക്കരുത്. ഒരു ജോലി കിട്ടുന്നതുവരെ നീ ഇവരെ ആരെയും പോയിക്കാണരുത്. ജോലിക്കുവേണ്ടി അവരെപ്പോയി കാണുന്നത് അവരെ ബുദ്ധിമുട്ടിക്കലാണ്. നീ ആരെയും ബുദ്ധിമുട്ടിക്കരുത്. ജോലി കിട്ടിയില്ലെങ്കിൽ നീ ഇവിടെ താമസിച്ചോ, ഞങ്ങൾ നോക്കിക്കൊള്ളാം. ഞാനത് അനുസരിച്ചു. ജോലിയാകുന്നതുവരെ ഞാൻ ഇവരെ ആരെയും പോയി കണ്ടിട്ടില്ല. വിജയനെ മാത്രമാണ് ജോലി ആയ ശേഷം പോയിക്കാണുന്നത്. എനിക്ക് വലിയ ആരാധനയുള്ള, ബഹുമാനമുള്ള സക്കറിയയെ ഡൽഹിയിൽ വെച്ച് കാണാൻ എനിക്ക് പറ്റിയിട്ടില്ല. പിന്നെ ഞാൻ കാണുന്ന ഒരാൾ ടി.എൻ. ഗോപകുമാറായിരുന്നു. അതിനു കാരണം ഇസ്മായിൽ മേലടിയായിരുന്നു. മാധ്യമത്തിലായിരുന്നു. ഇസ്മായിലിെൻറ ബോസായിരുന്നു ഗോപകുമാർ. ഇസ്മായിലിനെ എനിക്ക് പഠിക്കുന്ന കാലം മുതൽക്കേ അറിയാം. ഇസ്മായിലിനെ കാണാൻ പോകുമ്പോൾ ഗോപകുമാറിനെ അൽപം ദൂരത്തുവെച്ച് കാണും. കേരള ക്ലബിൽ പോയിട്ടില്ല. ഇവരുമായി അടുപ്പമുണ്ടായിരുന്നെങ്കിൽ എനിക്ക് കേരളംപോലെത്തന്നെയാകുമായിരുന്നു ഡൽഹിയും. വൈകുന്നേരമാകുമ്പോൾ കരുണാകരൻ എന്തു പറഞ്ഞു, അച്യുതാനന്ദൻ എന്ത് പറഞ്ഞു എന്നൊക്കെയുള്ള ചർച്ചകളും ഓണാഘോഷത്തിനുള്ള കാര്യങ്ങൾ എവിടംവരെയായി എന്ന അന്വേഷണങ്ങളുമായി ഞാൻ മാറുമായിരുന്നു. ഞാനന്ന് ബിഹാറികളും ബംഗാളികളും ഒറീസക്കാരുമൊക്കെയായ പത്രപ്രവർത്തകരുമായി സൗഹൃദത്തിലായി. ഇവരൊന്നും വലിയ പത്രപ്രവർത്തകരല്ല. സബ് എഡിറ്റേഴ്സാണ്, ചിലർ പ്രൂഫ് റീഡേഴ്സാണ്. പക്ഷേ ഈ സൗഹൃദമാണ് ഇന്ത്യ എന്ത് എന്ന് എന്നെ പഠിപ്പിച്ചത്.
ഇതിനെക്കാൾ വലിയ ഒന്ന് ഡൽഹിയിൽനിന്ന് താങ്കൾ സമ്പാദിച്ചതായി കേട്ടിട്ടുണ്ട്..?
ചിരി, ചിരിക്കാൻ പഠിച്ചു. അവിടെവെച്ചാണ് ഞാൻ ചെറിയ തമാശകൾക്കു പോലും വലിയ തോതിൽ ചിരിക്കാമെന്ന് പഠിച്ചത്. എെൻറ ഗൗരവമെല്ലാം ഡൽഹി ഉൗരിയെടുത്തു. പ്രീഡിഗ്രികാലം മുതലുള്ള, വർഷങ്ങളായി കൊണ്ടു നടക്കുന്ന ഗൗരവം ഇല്ലാതായി. ആ വ്യാജ ഗൗരവം ഇല്ലാതായി. ഒരാളോടും ചിരിക്കാൻ പാടില്ലല്ലോ. പുസ്തകം വായനയും കമ്യൂണിസ്റ്റ് ആശയവും മുതലാളിത്ത വിരുദ്ധതയും കൂടി ഉണ്ടെങ്കിൽ പറയുകയും വേണ്ട. ചിരിക്കരുത്, എപ്പോഴും ഗൗരവം വേണം മുഖത്ത്. എെൻറ ഗൗരവം മൊത്തം ഡൽഹിയിൽ വെച്ച് താഴെവീണു. ഞാൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അത്രയും കാലം ചിരിക്കാത്ത ചിരിയൊക്കെ ഞാൻ ഡൽഹിയിൽ നിന്ന് പുറത്തെടുക്കുകയാണ്. 1976–1986 കാലത്തെ, പത്തു വർഷത്തെ ചിരിയാണ് പുറത്തു വന്നത്. ഡൽഹി തന്ന വലിയ സിദ്ധികളിലൊന്ന് ഇതായിരുന്നു. എെൻറ ഭാര്യയെ, ഞങ്ങൾ ഒന്നിച്ച് പഠിക്കുന്ന കാലത്ത് സ്നേഹത്തിലായതാണ്, അവൾ കാലിക്കറ്റ് സർവകലാശാലയിൽ എം.ഫിൽ ചെയ്യുമ്പോൾ ഞാൻ കാണാൻ പോയി. ഞാനന്ന് പാരലൽ കോളജിലാണ്. ഭാര്യയുടെ രണ്ടു കൂട്ടുകാരികൾ അവളോട് ചോദിച്ചു, ഇത്രയും ഗൗരവമുള്ള ഒരാളെ എങ്ങനെ സ്നേഹിക്കും, ഒപ്പം എങ്ങനെ ജീവിക്കുമെന്ന്. ഒന്നു ചിരിക്കുന്നതുപോലുമില്ല, ഇങ്ങനെ നിൽക്കുന്നു– അവരെ കുറ്റം പറയാൻ പറ്റില്ല. അതാണ് അന്നത്തെ എെൻറ സ്ഥിതി. അതായത് അവയവമാറ്റത്തിലേതുപോലെ സ്വഭാവത്തിലെ മാറ്റം. അതാണ് ഡൽഹിയിൽ വെച്ച് സംഭവിച്ചത്. പിന്നെ ഈ പറയുന്ന ഗൗരവത്തിലൊന്നും ഒരു കാര്യവുമില്ലെന്ന് മനസ്സിലായി. കടമ, ഉത്തരവാദിത്തം, കർത്തവ്യം എന്ന് പറഞ്ഞ് മനുഷ്യരിങ്ങനെ തല താഴ്ത്തി നടക്കുകയല്ലേ. അധോമുഖ വാമനരായിട്ട്.
അല്ല, അങ്ങനെ ചിരിക്കാൻ തുടങ്ങിയ രാജീവൻ അവിടെയിരുന്ന് കോട്ടൂരിലേക്കും പാലേരിയിലേക്കും നോക്കിയോ? ശേഷക്രിയയിലേക്ക് നോക്കിയോ?
ഇല്ല, ഇല്ല. ഞാൻ ഇങ്ങോട്ട് നോക്കിയിട്ടില്ല. നോക്കിയാൽ എനിക്കറിയാം അത് പിടിവലിയാകുമെന്ന്. പിന്നെ അങ്ങനെ നോക്കാവുന്നതായി ഒന്നും ഉള്ളതായി തോന്നിയില്ല എനിക്ക്. അച്ഛനും അമ്മയുമുണ്ട്, ബന്ധുക്കളുണ്ട്. വളരെക്കുറച്ച് സുഹൃത്തുക്കളുണ്ട്. ഇന്നെനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. അന്ന് കൂടെ പഠിച്ച ഒരു രാജൻ ഒക്കെയെയുള്ളൂ സുഹൃത്തായിട്ട്. ഓർമയിൽ നിൽക്കുന്നത് ഈ ലാൻഡ് സ്കേപ്പാണ്. കുന്ന്, മല, തോട്, പുഴ, കുളം, ഉത്സവങ്ങൾ അതുണ്ട് മനസ്സിൽ. കോട്ടൂർ എെൻറ അമ്മയുടെ തറവാടാണ്. അവർക്ക് കുടുംബക്ഷേത്രമുണ്ട്. അവിടെ ഉത്സവം നടക്കുമ്പോൾ മുത്തച്ഛെൻറ കൂടെയിരുന്ന്, കാരണവരുടെ കൂടെ ഏറ്റവും മുന്നിലിരുന്ന് ഉത്സവം കാണാം. ഞാൻ കുടുംബത്തിൽ പേരക്കുട്ടികളിൽ ആദ്യമായുണ്ടായ ആൺകുട്ടിയാണ്. ആ പ്രയോറിറ്റിയുണ്ട്. അങ്ങനെ ഉത്സവങ്ങൾ ആസ്വദിക്കും. തെയ്യങ്ങളുടെ അലർച്ചയൊക്കെ എനിക്കറിയാം. തെയ്യത്തിന്റെ വേഷം കണ്ടാൽ പേടിയൊക്കെയാകും. പിന്നെ താളം, തായമ്പക. മലയ കുഞ്ഞിരാമനാണ് തായമ്പകയുടെ നേതൃത്വം. അയാളുടെ മക്കളാണ് കൂടെയുണ്ടാവുക. കഴിഞ്ഞ ദിവസം ബാലൻ എന്ന അദ്ദേഹത്തിെൻറ മകൻ എന്നെ കാണാൻ വന്നിരുന്നു. ഇപ്പോ സുഖമില്ല. അവരൊക്കെ അന്ന് തീർത്തിട്ടുള്ള തായമ്പക വിസ്മയമുണ്ടല്ലോ, അവിസ്മരണീയമാണ്. അന്ന് ഇന്നത്തെപ്പോലെ പരസ്യങ്ങളോ മാധ്യമ പിന്തുണയോ ഒന്നുമില്ലല്ലോ. അതുകൊണ്ട് അവരുടെ കല ഈ മലയുടെ നാലതിരുകളിൽ മാത്രം ഒതുങ്ങി.
രാജീവെൻറ കഥാപാത്രങ്ങളും ഈ ദേശങ്ങളിൽ തന്നെ ഒതുങ്ങി..?
അതേ. ഈ മലകളുടെ താഴ്വാരങ്ങളിൽ ആണ് അവരും ജീവിച്ചത്. അവരും അകപ്പെട്ടുപോയ മനുഷ്യരാണ്. വേയപ്പാറ മല, കൂരാച്ചുണ്ട് മല, ചെങ്ങോട് മല അതിെൻറ പിറകിൽ കാളിയത്ത് വയൽ. ഇങ്ങനെ ഇതിനകത്ത് ട്രാപ്പ്ഡാണ്. എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. ഇവിടെ ഇതിനകത്ത് വലിയ കുടിയേറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. മലയിലുണ്ടായിട്ടുണ്ട്. പക്ഷേ ഇങ്ങോട്ട് ആരും വന്നിട്ടില്ല.
പക്ഷേ, പാലേരി കുറച്ചുകൂടി വ്യത്യസ്തമാണെന്ന് മാണിക്യം വായിക്കുമ്പോൾ തോന്നി..?
പാലേരിയിൽ ഞാൻ ഓർക്കുന്നത് വഴികളാണ്. കോട്ടൂരിൽ കുന്നുകളും ചരിവുകളുമാണ് മനസ്സിലുള്ളത്. പാലേരിയിൽ നിറയെ ഉൗടുവഴികളാണ്. രഹസ്യമായിട്ടുള്ള വഴികൾ എന്നു പറയാം. രണ്ടുപേർ അഭിമുഖമായി വന്നാൽ ഒരാൾ പിന്നോട്ടു പോകേണ്ടതായ വഴികൾ. പാലക്കാട്ടെ ചില റോഡുകൾപോലെ. അവിടെനിന്നിങ്ങോട്ട് കാർ വന്നാൽ മുഴുവൻ വഴിയും റിവേഴ്സ് പോകേണ്ടതുപോലെ. ഈ ഉൗടുവഴികളിൽ അവിഹിതമായ ചില കൂടിച്ചേരലുകൾ നടക്കും. ഗ്രാമജീവിതത്തിന് ഒരു നിഗൂഢതയുണ്ട്. ഈ പറയുന്നതുപോലെ നന്മകളാൽ സമൃദ്ധമൊന്നുമല്ലത്. ദുർമന്ത്രവാദം, ചതി ഇങ്ങനെയുള്ള കാര്യങ്ങൾ തഴച്ചുവളരുന്നതും പലപ്പോഴും ഗ്രാമങ്ങളിലാണ്. ഗ്രാമത്തിലേക്ക് ഞാൻ ഡൽഹിയിലിരുന്ന് ഗൃഹാതുരത്വത്തോടെ നോക്കിയിട്ടില്ല. കഥാപാത്രങ്ങളെക്കുറിച്ചൊന്നും അവിടെയിരുന്നാലോചിച്ചിട്ടില്ല. അതെല്ലാമുണ്ടാകുന്നത് തിരിച്ചു വന്നതിനു ശേഷമാണ്. അന്ന് നോവലിനെക്കുറിച്ചൊന്നും ആലോചനയില്ല. അക്കാലത്ത് കുറച്ച് കവിതകൾ മാത്രമാണ് എഴുതിയത്.
പക്ഷേ, അകലെയിരുന്നാണ് എഴുത്തുകാർ പലപ്പോഴും സ്വന്തം നാട്ടിലേക്ക് നോക്കാറുള്ളത്. അതായത് നല്ല സാഹിത്യത്തെക്കുറിച്ച് സാധാരണ ഗ്ലോബൽ ലിറ്ററേച്ചർ ഈസ് ലോക്കൽ ലിറ്ററേച്ചർ എന്ന് പറയാറുണ്ടല്ലോ. ദൂരെയിരുന്ന് സ്വന്തം നാട്ടിലേക്ക് നോക്കുമ്പോഴാണ് ഇത് കൂടുതലായി സംഭവിക്കാറുള്ളത്. വളരെ ദൂരെയിരിക്കുമ്പോൾ നമ്മൾ സ്വന്തം ഉൗടുവഴികളിലേക്ക് തിരിച്ചുവരുന്നു. വേയപ്പാറയിലേക്ക് മടങ്ങിയെത്തുന്നു. അതെങ്ങനെ? അതിനെക്കുറിച്ച് പറയൂ..?
ഡൽഹിയിൽ പോയി, പിന്നീട് ഞാൻ പല വിദേശ നാടുകളിലും പോയി. ഇതൊക്കെ കഴിയുമ്പോഴാണ് എനിക്ക് എന്നെത്തന്നെ വിലയിരുത്താൻ, എെൻറ ദേശത്തിെൻറയും ആ ദേശത്തിെൻറ കഴിഞ്ഞ കാലത്തെയും വിലയിരുത്താൻ കഴിഞ്ഞത്. എെൻറ ദേശത്തെ മനസ്സിലാക്കാൻ, കുറച്ചെങ്കിലും വ്യക്തതയോടെ കാണാൻ കഴിഞ്ഞത്. എഴുത്തിന് ഡിറ്റാച്ച്ഡായി നോക്കിക്കാണാൻ കഴിയുന്ന മനസ്സ് വേണം. വൈകാരികമായി വല്ലാതെ മുങ്ങിക്കഴിഞ്ഞാൽ ആ എഴുത്തിന് ഒരു പരിമിതി വരും. അങ്ങനെ വന്നാൽ പ്രചരണാത്മക സാഹിത്യം, പ്രതിബദ്ധ സാഹിത്യം പോലെയൊക്കെയാവുമത്. പാലേരിയായാലും കോട്ടൂരായാലും മുകളിൽ ഒരു കാമറ വെച്ചുനോക്കുന്നതുപോലെയാണ് ഞാൻ ഈ സ്ഥലങ്ങളെ കാണുന്നത്. ഇടക്ക് അകത്തുവെച്ചും കാണും. അതിെൻറ ടോറ്റാലിറ്റിയിൽ കാണണമെങ്കിൽ നമുക്കൊരു ഡിറ്റാച്ച്ഡ് വിഷൻ കിട്ടണം. ഡിറ്റാച്ച്ഡ് സെൻസിബിലിറ്റി കിട്ടുന്നത് പുറത്ത് ജീവിച്ചതുകൊണ്ടാ.
റൈറ്റർ ഇൻ റെസിഡൻസിന് പോകുമ്പോഴുള്ള അനുഭവം എങ്ങനെയാണ്? അയോവ പോലുള്ളത്. അത് ഇന്ത്യക്ക് പുറത്താണല്ലോ..?
'പാലേരി മാണിക്യ'ത്തിെൻറ ആദ്യ ഡ്രാഫ്റ്റ് ഞാനെഴുതുന്നത് ഇംഗ്ലീഷിലാണ്, അയോവയിലിരുന്ന്. അവിടെ ആറുമാസത്തെ റെഡിഡൻസി േപ്രാഗ്രാം സമയത്ത്. ആദ്യത്തെ ഡ്രാഫ്റ്റുണ്ടാക്കി അവിടെയുള്ള എഡിറ്ററെ കാണിക്കുന്നത് ഒക്കെ അപ്പോഴാണ്. റൈറ്റർ ഇൻ റെസിഡൻസ് ശരിക്കും നമ്മുടെ പല സ്ഥാപനങ്ങൾക്കും മാതൃകയാക്കാൻ പറ്റുന്നതാണ്. ഈ ഫെലോഷിപ്പുകളിൽ എഴുത്തുകാരന് മറ്റ് ഇൻവോൾമെൻറ് ഒന്നുമില്ലാതെ എഴുതാനുള്ള സൗകര്യം നൽകുകയാണ്. നമുക്ക് താമസിക്കാനുള്ള സൗകര്യം തരും. യാത്രാ ടിക്കറ്റ് തരും. ഭക്ഷണം തരും. പക്ഷേ, ഒറ്റ കണ്ടീഷനേയുള്ളൂ. നമ്മൾ വർക്ക് ചെയ്യണം. അതിെൻറ റൈറ്റൊന്നും അവർക്ക് ആവശ്യമില്ല. നമ്മൾ പോരുമ്പോൾ ഒരു റിപ്പോർട്ട് കൊടുക്കണം. അത് തരുന്ന സ്വാതന്ത്ര്യം വലുതാണ്. വർക്കിെൻറ സാമ്പിൾ അധ്യായവും കൊടുക്കണം. ഒരു റിസൽട്ട് അവിടെ നിന്നുണ്ടാക്കണം. ഇവിടെയാണെങ്കിൽ നമുക്ക് ഒരു മാസം പണിയൊന്നും എടുക്കാതെ ജീവിക്കാനാവില്ല. ഒരു മാസം ലോസ് ഓഫ് പേ ആയാൽ കാര്യങ്ങളെല്ലാം കുഴയും. നമുക്ക് അത്ര വലിയ ശമ്പളമൊന്നുമില്ലല്ലോ. അപ്പോ ആറു മാസം എഴുത്തിന് വേണ്ടി മാറ്റിവെക്കുക എന്ന് പറയുന്നത് അസാധ്യമാണ്. ഇവിടെ നമുക്ക് എഴുത്തിന് കിട്ടുന്ന പ്രതിഫലം എന്താണ്? ഒരു നോവൽ എഴുതി കൊടുത്താൽ എന്തു കിട്ടും? ഒരു കവിത വാരികക്ക് കൊടുത്താൽ എന്തു കിട്ടും? അപ്പോൾ ഇത്തരം സാഹചര്യത്തിൽ എഴുത്തുകാരനെ സപ്പോർട്ട് ചെയ്യുന്നത് ഇത്തരം േപ്രാഗ്രാമുകളാണ്. ഇപ്പോൾ നേപ്പാൾപോലെ ഒരു കൊച്ചുരാജ്യംപോലും ഇത്തരം േപ്രാഗ്രാമുകൾ നടത്തുന്നു. മാത്രവുമല്ല, ഇത്തരം സ്ഥലങ്ങളിൽ ഒന്നാംതരം ലൈബ്രറികളുണ്ട്. ഞാൻ പല ഇന്ത്യൻ ചരിത്ര പുസ്തകങ്ങളും വായിക്കുന്നത് അയോവ സർവകലാശാല ലൈബ്രറിയിൽ നിന്നാണ്. ബഷീറിെൻറയും തകഴിയുടെയും എല്ലാ കൃതികളും അവിടെയുണ്ട്. മലയാളവുമുണ്ട്, ഇംഗ്ലീഷുമുണ്ട്. എല്ലാ എംബസികൾക്കും പുസ്തക സമാഹരണ വിഭാഗങ്ങളുണ്ട്. ഇന്ത്യയിലെ അമേരിക്കൻ എംബസിയിലെ ഇത്തരത്തിലുള്ള പുസ്തകങ്ങളുടെ വാങ്ങലിെൻറ ചുമതല മലയാളിയായ ഷാജഹാൻ മാടമ്പാട്ടിനായിരുന്നു. ആ രീതിയിൽ വലിയ എക്ക്യുപ്പ്ഡായ സംവിധാനമുണ്ട്. അകലം കൂടുംതോറും നമുക്ക് ജന്മനാടിനോട് അടുപ്പം കൂടും.
അങ്ങനെയൊരു കവിത രാജീവൻ എഴുതിയിട്ടുണ്ട്..?
അതെ, സുതാര്യം എന്ന കവിതയിൽ.
നമ്മൾ ചേർന്നു കിടക്കുമ്പോഴായിരുന്നു
നമ്മൾക്കിടയിലെ അകലം
ഏഴ് സമുദ്രങ്ങൾക്കിപ്പുറത്ത് നിന്ന്
നിന്നെക്കുറിച്ചാലോചിക്കുമ്പാൾ എനിക്ക് നിന്നെ തൊടാം.
ഉറക്കം ഇങ്ങനെ നമ്മുടെ നാട്ടിൽ നിന്നു തുടങ്ങി അറേബ്യൻ മരുഭൂമി കടന്ന് യൂറോപ്പിലൂടെ അങ്ങനെ അമേരിക്കയിൽ എത്തുന്നതിനെക്കുറിച്ച്. ഒരു സ്ഥലത്ത് ടൂറു പോയാൽ നമുക്കൊന്നും മനസ്സിലാകില്ല. അതേ സമയം ഒരു സ്ഥലത്ത് കുറച്ചു നാൾ താമസിക്കുന്നതിെൻറ രസം വേറെയൊന്നാണ്. ഇപ്പോൾ സാന്താഫേ എന്ന സ്ഥലത്ത് ഒരു ചരുവിൽ കടകളൊക്കെയുള്ള ഒരു തെരുവിലൂടെ നടക്കുമ്പോൾ ഒരു വളവ് തിരിയുമ്പോൾ എനിക്ക് പാലേരിക്കടവിൽ എത്തിയതുപോലെ തോന്നുകയാണ്. അപ്പോ എന്താ. പത്തു മിനിറ്റ് നടന്നാൽ തോട്ടാങ്കടവായി. കടവ് കടന്ന് പത്ത് മിനിറ്റ് നടന്നാൽ പാലേരിയായി. അപ്പോ എനിക്ക് വീട്ടിലെത്താം. ഇതാണ് അകൽച്ചയുടെ ഒരടുപ്പം എന്ന് പറയുന്നത്. അതിങ്ങനെ സീറോയിൻ ചെയ്യുക എന്നു പറയുമ്പോൾ തന്നെ ഒരു മാനസികാവസ്ഥ നമ്മളിലുണ്ടാകും. എത്ര ദൂരെയാണെങ്കിലും നമ്മൾ തൊട്ടടുത്ത്.
ഇതാണ് സാഹിത്യം, നമ്മൾ എത്തിയ കടവിൽനിന്ന് എങ്ങനെ അടുത്ത കടവിലേക്ക് പോകും. ഈ ഒരു കണക്ഷനാണ് സാഹിത്യം. അത് സിവിലൈസേഷനാണ്, അതിനകത്തേക്കാണ് ഒരു എഴുത്തുകാരൻ പ്രവേശിക്കുന്നത്?
ഹഡ്സണിൽ നിന്ന് രാത്രി വിരുന്ന് കഴിഞ്ഞ് പോകുന്ന സമയത്ത് ചീവീടുകൾ കരയുന്നത് ഞാൻ കേട്ടു. പാറക്കടവ് ബസിറങ്ങി പാലേരിയിലേക്ക് പോകുമ്പോൾ വയലിൽ നിന്ന് ചീവീടുകൾ കരയുന്നതുപോലെ തന്നെയാണ് എനിക്ക് തോന്നിയത്. ദൂരം നമുക്ക് അനുഭവപ്പെടില്ല. അതുകൊണ്ട് ഒരടുപ്പത്തിലാണ് അത്രയും ദൂരെ നാം ജീവിക്കുന്നത്. മാത്രവുമല്ല, സിവിൽ സെൻസിൽ ആ ജീവിതം വലിയ മാറ്റമുണ്ടാക്കി. ഉദാഹരണത്തിന് പൊതു ഇടത്തിൽ എങ്ങനെ പെരുമാറണം. അതെന്നെ പഠിപ്പിച്ചത് ഈ പുറം ലോക ജീവിതമാണ്. ഡൽഹി എന്നെ ചിരിപ്പിക്കാൻ പഠിപ്പിച്ചു എന്ന് പറഞ്ഞതുപോലെ ഇന്ത്യക്കു പുറത്തുള്ള ജീവിതം എന്നെ മറ്റു പല കാര്യങ്ങളും പഠിപ്പിച്ചു.
അതെന്തായിരുന്നു?
എനിക്കവിടെ വെച്ച് വലിയ എഴുത്തുകാരെ കണ്ടുമുട്ടാൻ സാധിച്ചു. രണ്ടു സാഹിത്യ നൊേബൽ സമ്മാന ജേതാക്കളെ ഞാൻ കണ്ടുമുട്ടി. വിസ്ലോവ ഷിംബാർസ്ക, ട്രാൻസ്നോമർ എന്നിവരെ. ഷിംബോർസ്ക എനിക്ക് വലിയ ബോധ്യമുള്ള കവിയാണ്. അവർക്ക് നൊേബൽ സമ്മാനം കിട്ടും മുമ്പുതന്നെ ഞാനവരെ വായിച്ചിട്ടുണ്ട്. വാഴ്സ കാവ്യോത്സവത്തിന് പോകാൻ അവസരം കിട്ടിയപ്പോഴാണ് രണ്ടുപേരേയും കണ്ടുമുട്ടുന്നത്. ഷിംബോർസ്കയെ കാണാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഞാനവർക്ക് സമർപ്പിച്ച് ഒരു കവിതയെഴുതിയിട്ടുണ്ട്. നല്ല പ്രായമുണ്ട് അപ്പോൾ, ക്ഷീണിതയുമാണ്. എങ്കിലും കാവ്യോത്സവ കമ്മിറ്റിയോട് അപേക്ഷിച്ച് ഞാനവരെ കണ്ടു. കവിത കൊടുത്തു. യാത്ര പുറപ്പെടാത്ത രണ്ടുപേർ ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടുമുട്ടുന്നതാണ് കവിത. അവരുടെ ഒരു കവിതയുണ്ടല്ലോ, അയക്കാത്ത കത്ത് കിട്ടുന്നതിനെക്കുറിച്ച്. ആ സന്ദർശനം എന്നെ വലിയ തോതിൽ പ്രചോദിപ്പിച്ചിട്ടുണ്ട്. അതേപോലെ ഹഡ്സണിൽ ഫെലോ ആയി കഴിയുന്ന കാലത്ത് അവിടെ ഒരുസർവകലാശാലയിൽ പ്രഭാഷണ പരമ്പരയുണ്ട്. വരുന്നവരിൽ ഒരാൾ ഉംബർട്ടോ എക്കോ. മറ്റൊരാൾ സൽമാൻ റുഷ്ദി. ഡൽഹിയിലുള്ള കാലത്ത് ഐ.ഐ.ടി സംഗീത ഉത്സവത്തിെൻറ പട്ടിക കാണും. ഭീം സെൻ ജോഷി, കുമാർ ഗാന്ധർവ് എന്നൊക്കെ. അതുപോലെയാണിത്. അപ്പോ രണ്ടുപേരെയും കാണാൻ ആഗ്രഹിക്കുന്ന കാര്യം ഞാൻ ഹഡ്സണിലുള്ളവരോട് പറഞ്ഞു. ഉംബർട്ടോ എക്കോയെ കാണാൻ പ്രശ്നമില്ല. റുഷ്ദി പറ്റില്ല, സുരക്ഷാ കാരണങ്ങളുണ്ട്. അതിന് വളരെ നേരത്തേ അപേക്ഷ കൊടുക്കണം. പക്ഷേ എെൻറ കൂടെ അന്ന് ഒരു ഗ്രീക്ക് എഴുത്തുകാരൻ ഉണ്ടായിരുന്നു. അഗസ്താസിസ് എന്ന് പറഞ്ഞ ചങ്ങാതി. മൂപ്പരാണ് റുഷ്ദിയുടെ ഗ്രീക്ക് വിവർത്തകൻ. അങ്ങനെ അദ്ദേഹത്തിെൻറ കൂടെ പോയി റുഷ്ദിയെക്കണ്ടു. പ്രഭാഷണം കേട്ടു. പിന്നെ ഭക്ഷണമുണ്ട്. റുഷ്ദിയുടെ അടുത്തൊന്നും ചെല്ലാൻ കഴിയില്ല. ഒരു എഴുത്തുകാരൻ അവിടെ ഒരു രാഷ്ട്രത്തലവനെപ്പോലെയാണ്. പ്രധാനമന്ത്രിയോ പ്രസിഡേൻറാ ഒക്കെപ്പോലെയാണ് അവിടെ എഴുത്തുകാരൻ. ഇത്തരത്തിൽ എഴുത്തുകാരന് വലിയ വിലയുള്ള ലോകം അവിടെവെച്ചാണ് കാണുന്നത്. എഴുത്തുകാരന് അവിടെ വലിയ മൂല്യമുണ്ട്. ഇവിടെ എഴുത്തുകാരെൻറ അടുത്തേക്ക് ആർക്കും എപ്പോഴും ചെല്ലാം. മിണ്ടിയില്ലെങ്കിൽ അവന് വലിയ തലക്കനമാണെന്ന് പറയില്ലേ? റുഷ്ദിക്ക് തലക്കനമാണെന്ന് ആരെങ്കിലും പറയോ? ഉംബർട്ടോ എക്കോക്ക് തലക്കനമാണെന്ന് ആരെങ്കിലും പറയോ? ഉംബർേട്ടാ എക്കോയൊന്നും ഒരാളെയും എൻറർടെയിൻ ചെയ്യില്ല. അമേരിക്കയിലെ യുവകവികൾ, ഒരു സമാഹാരമൊക്കെയേ ഇറക്കിയിട്ടുണ്ടാവൂ. തെരുവിൽ പുസ്തകങ്ങൾ വിറ്റായിരിക്കും ജീവിക്കുന്നത്. പക്ഷേ, അവർ അവരുടെ സ്വകാര്യ ലോകത്ത് സുരക്ഷിതരാണ്. ആരും അവരെ ശല്യം ചെയ്യാൻ പോകില്ല. മാർകേസിനെ കാണാൻ ഇവിടെ നിന്നും പോയവർക്ക് എന്താണ് സംഭവിച്ചത്. മാർകേസിെൻറ വീട് ഒരു കിലോ മീറ്റർ ദൂരെ നിന്ന് കണ്ട് അവർ മടങ്ങി. എഴുത്തുകാരെൻറ അന്തസ്സ്, സ്വകാര്യത ഇക്കാര്യങ്ങളെക്കുറിച്ച് മലയാളികൾ പഠിക്കേണ്ടിയിരിക്കുന്നു. മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആർക്കും തട്ടിക്കയറാനും ചീത്തവിളിക്കാനുമുള്ളതല്ല എഴുത്തുകാരൻ. എഴുത്തിെൻറ മൂല്യം, പ്രാധാന്യം എന്നിവയെക്കുറിച്ച് ഇത്തരം യാത്രകളിൽ നിന്ന് കണ്ട എഴുത്തുകാരിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ എഴുത്തുകാർക്ക് സമയമുണ്ടോ. പരിപാടികളിൽ പോവുകയല്ലേ. രാവിലെ ഇറങ്ങുകയല്ലേ^ ഉദ്ഘാടനം, അനുസ്മരണം, നാടമുറിക്കൽ, മനുഷ്യച്ചങ്ങല, മനുഷ്യകൈയാമം... ഇങ്ങനെ ഇറങ്ങല്ലേ ആളുകള്. എഴുത്തുകാരന് കൊടുക്കേണ്ട സ്വകാര്യത, സമൂഹം നൽകേണ്ട സുരക്ഷ എന്നീ കാര്യങ്ങളുണ്ട്. അത് കാശ് കൊടുക്കൽ മാത്രമല്ല. അയാൾക്ക് എഴുതാനുള്ള സൗകര്യം കൊടുക്കണം. സ്പെയിസ് കൊടുക്കണം. സുരക്ഷ എന്നു പറയുമ്പോൾ പൊലീസ് സംരക്ഷണമല്ല ഉദ്ദേശിക്കുന്നത്. എഴുത്തുകാരന് ക്രിയേറ്റ് ചെയ്യാനുള്ള അന്തരീക്ഷം വേണം, അത് സമൂഹത്തിെൻറ ഉത്തരവാദിത്തമാണ്. അത്തരം സമൂഹങ്ങളിലേ വലിയ എഴുത്തുണ്ടാകുന്നുള്ളൂ. അല്ലാത്തത് മുഴുവൻ പരന്ന എഴുത്താണ്. ഉദ്ഘാടനത്തിന് പോകുന്നതിനു മുമ്പ് അരമണിക്കൂർകൊണ്ട് കവിത എഴുതിയിട്ട് വേണം ഓണപ്പതിപ്പിന് കൊടുക്കാൻ. പത്തരക്കായിരിക്കും ഉദ്ഘാടനം. ഒമ്പതരക്കാണ് പത്രാധിപർ കവിതക്കുവേണ്ടി വരുക. അപ്പോൾ പത്തു മിനിറ്റുകൊണ്ട് കവിത എഴുതിക്കൊടുക്കണം. ഇതാണ് അവസ്ഥ. മലയാളത്തിലെ എഴുത്ത് നേർത്ത് പോകാൻ കാരണം എഴുത്തുകാരെൻറ ക്ഷമയില്ലായ്മയും സമയമില്ലായ്മയുമാണ്. പിന്നെ പീരിയോഡിസിറ്റിയിലുള്ള പ്രശ്നം. ഒരു മാസത്തിൽ ഒരു കവിതയെങ്കിലും വന്നില്ലെങ്കിൽ കവികൾക്ക് ഉറക്കമില്ല. അവിഹിതമായ എന്തോ ഒന്ന് ഉള്ളിൽ കുടുങ്ങിയതുപോലെയായി. ഈ മനോഭാവം നിർബന്ധമായും മാറണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.