കിൻഷാസാ: കോംഗോയിലെത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ പ്രഭാത കുർബാനക്ക് തലസ്ഥാനമായ കിൻഷാസാ വിമാനത്താവളത്തിലേക്ക് ഒഴുകിയെത്തിയത് 10 ലക്ഷം കോംഗോ നിവാസികൾ. പോപ്പിന്‍റെ ആഫ്രിക്കയിലെതന്നെ ഏറ്റവും വലിയ കുർബാനയായിരുന്നു ഇത്. പതിറ്റാണ്ടുകൾ നീണ്ട അക്രമങ്ങളുടെ ദുരിതംപേറുന്ന രാജ്യത്ത് സമാധാനത്തിന്‍റെയും ക്ഷമയുടെയും ആഹ്വാനവുമായാണ് പോപ്പ് എത്തിയത്.
ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ കോംഗോയിലെ വിശ്വാസികളിൽ നല്ലൊരു ഭാഗവും പോപ്പിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. 1985ൽ സെന്റ് ജോൺ പോൾ രണ്ടാമനുശേഷം ആദ്യമായി രാജ്യത്തെത്തുന്ന പോപ്പിനെ സ്വീകരിക്കാൻ പാട്ടും നൃത്തവുമായി അവർ രാത്രി മുഴുവൻ വിമാനത്താവളത്തിൽ ചെലവഴിച്ചു. രാജ്യത്തിന്‍റെ വിദൂര പ്രവിശ്യകളിൽനിന്നുള്ള വിശ്വാസികൾവരെ പോപ്പിനെ കാണാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. പോപ്പ് ഫ്രാൻസിസിന്റെ ചിത്രങ്ങളും മതചിഹ്നങ്ങളും ആലേഖനം ചെയ്ത വസ്ത്രങ്ങൾ ധരിച്ചായിരുന്നു സ്ത്രീകളും കുട്ടികളും എത്തിയത്. ചൊവ്വാഴ്ച കോംഗോയിൽ എത്തിയ പോപ്പ് നടത്തിയ ആദ്യത്തെ വലിയ ചടങ്ങായിരുന്നു പ്രഭാത കുർബാന.
ആഫ്രിക്കയിലെ ധാതുക്കളും പ്രകൃതിസമ്പത്തും വിദേശ ശക്തികൾ നൂറ്റാണ്ടുകളായി കൊള്ളയടിക്കുന്നതിനെ അദ്ദേഹം അപലപിച്ചു. ഒരുവർഷമായി ശക്തമായ ആക്രമണം നടക്കുന്ന കോംഗോയുടെ കിഴക്കൻ മേഖലയിലെ പോരാട്ടത്തിന്റെ ഇരകളുമായി പോപ്പ് കൂടിക്കാഴ്ചയും നടത്തി. വടക്കൻ കിവു തലസ്ഥാനമായ ഗോമ സന്ദർശിക്കാനും പോപ്പ് തീരുമാനിച്ചിരുന്നെങ്കിലും സംഘർഷം കാരണം മാറ്റിവെക്കുകയായിരുന്നു. മേഖലയിലെ ആക്രമണത്തെ പോപ്പ് അപലപിക്കുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.