യാംഗോൺ: അട്ടിമറി നടത്തി സൈന്യം ഭരണം പിടിച്ചെടുത്ത മ്യാൻമറിൽ ഒരുവർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമാധാനത്തിനുള്ള നൊബേൽ ജേതാവും മ്യാൻമർ ദേശീയ നേതാവുമായ ഓങ് സാൻ സൂചിയും പ്രസിഡന്‍റ് യുവിൻ മിന്‍റും അടക്കമുള്ളവരെ തിങ്കളാഴ്ച പുലർച്ചെ തന്നെ ൈസന്യം തടങ്കലിലാക്കിയിരുന്നു.
രാജ്യത്ത് ഔദ്യോഗിക ടിവി, റേഡിയോ സംപ്രേഷണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തലസ്ഥാന നഗരമായ യാംഗോണില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ സൈന്യം മൊബൈല്‍ സേവനവും നിർത്തിവെച്ചിട്ടുണ്ട്. പ്രവിശ്യ മുഖ്യമന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും തടങ്കലിലാണെന്ന് സൂചിയുടെ പാർട്ടിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) വക്താവ് സ്ഥിരീകരിച്ചു.
നവംബർ എട്ടിന് നടന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം ആദ്യ പാർലമെന്‍റ് സമ്മേളനം ഇന്ന് ചേരാനിരിക്കെയാണ് സൂചി അടക്കമുള്ളവരെ സൈന്യം തടങ്കലിലാക്കിയത്. കമാൻഡർ ഇൻ ചീഫ് മിൻ ആങ് ഹേലിങ്ങിന് അധികാരം കൈമാറുകയാണെന്ന് സൈന്യം അറിയിച്ചു. സൂചിയുടെ പാർട്ടിയായ എൻ.എൽ.ഡി നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ തിരിമറി നടത്തിയതായി സൈന്യം ആരോപിച്ചിരുന്നു. അഞ്ച് പതിറ്റാണ്ടോളം രാജ്യം ഭരിച്ച സൈന്യവും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിൽ ഇതേച്ചൊല്ലി പ്രശ്നം നിലനിന്നിരുന്നു. അധികാരം പിടിച്ചെടുക്കുമെന്ന് കഴിഞ്ഞ ആഴ്ച തന്നെ സൈന്യം സൂചന നൽകിയിരുന്നു.
സൈന്യം സ്വന്തം ടെലിവിഷൻ ചാനലിലൂടെയാണ് ഒരുവർഷം അടിയന്തരാവസ്ഥ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്്.
അതേസമയം, തടവിലാക്കപ്പെട്ട എൻ.എൽ.ഡി നേതാക്കളെ മോചിപ്പിക്കാനും ജനാധിപത്യം പുന:സ്ഥാപിക്കാനും അമേരിക്കയും ഓസ്‌ട്രേലിയയും ആഹ്വാനം ചെയ്തു. "തെരഞ്ഞെടുപ്പ് ഫലം തിരുത്താനുള്ള എല്ലാ ശ്രമത്തെയും അമേരിക്ക എതിർക്കും. സൈന്യം തെറ്റായ നടപടി തിരുത്തിയില്ലെങ്കിൽ ഉത്തരവാദികൾക്കെതിരെ അമേരിക്ക നടപടിയെടുക്കും" വൈറ്റ് ഹൗസ് വക്താവ് ജെൻ സാകി പ്രസ്താവനയിൽ പറഞ്ഞു.
മ്യാൻമർ സൈന്യം വീണ്ടും രാജ്യത്തിന്‍റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ഓസ്‌ട്രേലിയ പറഞ്ഞു. "നിയമവാഴ്ചയെ മാനിച്ച് നിയമപരമായ സംവിധാനങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കണം. നിയമവിരുദ്ധമായി തടങ്കലിലാക്കിയ എല്ലാ നേതാക്കളെയും ഉടൻ മോചിപ്പിക്കണമെന്ന് ഞങ്ങൾ സൈന്യത്തോട് ആവശ്യപ്പെടുന്നു" -ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു.
83 ശതമാനം വോട്ട് നേടിയാണ് സൂചിയുടെ പാർട്ടിയായ നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി) വീണ്ടും അധികാരത്തിൽ എത്തിയത്. എന്നാൽ, ഫലം അംഗീകരിക്കാൻ സൈന്യം തയാറായില്ല. തുടർന്ന് സൈന്യം പ്രസിഡന്‍റിനും തെരഞ്ഞെടുപ്പ് കമീഷനും എതിരെ സുപ്രീംകോടതിയെ സമീപിച്ചു. പാർലമെന്‍റ് വിളിച്ചു കൂട്ടരുതെന്നും സൈന്യം ആവശ്യപ്പെട്ടിരുന്നു. 2011ൽ സൈനിക ഭരണത്തിൽ നിന്ന് മോചിതമായ ശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. 2015ൽ നടന്ന തെരഞ്ഞെടുപ്പിലാണ് സൂചിയുടെ പാർട്ടി ആദ്യമായി അധികാരത്തിലേറിയത്.
മ്യാൻമറിന്‍റെ സ്വാതന്ത്ര്യ നായകൻ ജനറൽ ഓങ് സാന്‍റെ മകളാണ് 75കാരിയായ ഓങ് സാൻ സൂചി. 1948ൽ മ്യാൻമർ ബ്രിട്ടീഷ് കോളനിവാഴ്ചയിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് പിതാവ് കൊല്ലപ്പെട്ടു. അന്ന് സൂചിക്ക് രണ്ട് വയസായിരുന്നു. 1989 മുതൽ 2010 വരെ 15 വർഷം സൂചി തടങ്കലിലായിരുന്നു.
1991ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയിരുന്ന സൂചി, റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ മ്യാൻമറിൽ നടന്ന വംശഹത്യയെ അനുകൂലിച്ച് പ്രസ്താവനകൾ ഇറക്കിയതിന് ശേഷം അന്താരാഷ്ട്ര സമൂഹത്തിന്റെ വ്യാപക പ്രതിഷേധം ഏറ്റുവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.