ദുബൈ: ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടും കരയിലും ആകാശത്തും ഇസ്രായേൽ സൈന്യം മഹാനാശം വിതച്ച തെക്കൻ ഗസ്സയിലെ റഫയിൽനിന്ന് നാടുവിട്ടത് 10 ലക്ഷം ഫലസ്തീനികളെന്ന് യു.എൻ അഭയാർഥി ഏജൻസി. റഫയിൽ മേയ് ആദ്യത്തിൽ ഇസ്രായേൽ സൈന്യം തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. 20 കിലോമീറ്റർ അകലെ ഇസ്രായേൽ നിർദേശിച്ച പ്രദേശത്തും ഖാൻ യൂനിസിലുമായി ഈ 10 ലക്ഷം പേരും അഭയം തേടിയിട്ടുണ്ടെങ്കിലും അവിടങ്ങളിലെ ജീവിതസാഹചര്യങ്ങൾ വിവരണാതീതമാംവിധം ദുരന്തപൂർണമാണെന്ന് യു.എൻ ഏജൻസി മുന്നറിയിപ്പ് നൽകി. ഗസ്സയിലെ കെട്ടിടങ്ങളിൽ പകുതിയിലേറെയും ഇതിനകം തകർക്കപ്പെട്ടതായി യു.എൻ സാറ്റലൈറ്റ് സെന്റർ നടത്തിയ സർവേ റിപ്പോർട്ട് പറയുന്നു. 36,591 കെട്ടിടങ്ങൾ പൂർണമായും 16,513 എണ്ണം സിംഹഭാഗവും 47,368 എണ്ണം ഭാഗികമായും തകർക്കപ്പെട്ടു. മധ്യ ഗസ്സയിലെ ദെയ്ർ അൽബലഹിലും വടക്കൻ ഗസ്സയിലെ ഗസ്സ സിറ്റിയിലുമാണ് ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത്.
ഗസ്സയിൽ വെടിനിർത്തലിന് നീക്കങ്ങൾ തകൃതിയാണെങ്കിലും ഇസ്രായേൽ പ്രധാനമന്ത്രി വഴങ്ങാത്തത് സ്ഥിതി ഗുരുതരമാക്കുകയാണ്. ബന്ദി മോചനത്തിനായി മാത്രം വെടിനിർത്താമെന്നല്ലാതെ ശാശ്വത വെടിനിർത്തലില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ച വെടിനിർത്തൽ നിർദേശത്തിൽ കൂടുതൽ വ്യക്തത ആവശ്യമുണ്ടെന്നും ഒന്നാംഘട്ടത്തിൽ മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ എണ്ണമടക്കം വ്യക്തമല്ലെന്നും നെതന്യാഹു പറയുന്നു.
ഹമാസ് അംഗീകരിച്ചാൽ വെടിനിർത്തൽ നടപ്പാകുമെന്നായിരുന്നു നേരത്തേ യു.എസ് വ്യക്തമാക്കിയത്. തങ്ങൾ ഇതിനോട് അനുകൂല നിലപാടാണെന്ന് ഹമാസ് നേതൃത്വം അറിയിച്ചിരുന്നു.
മധ്യസ്ഥ ചർച്ചകൾക്കിടെയും ഗസ്സയിൽ ഇസ്രായേൽ ക്രൂരത തുടരുകയാണ്. ബുറൈജ് അഭയാർഥി ക്യാമ്പിനുനേരെ നടന്ന വ്യോമാക്രമണത്തിൽ ആറ് സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ കുട്ടികളടക്കം 12 പേരും കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 40 പേരുടെ മരണവും 150 പേർക്ക് പരിക്കും സ്ഥിരീകരിച്ചതോടെ മരണസംഖ്യ 36,479 ആയി. പരിക്കേറ്റവർ 82,777ഉം.
തെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനിടെ കാണാതായ ഇസ്രായേലികളിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഡോലേവ് യെഹൂദ് എന്ന 35കാരന്റെ മരണമാണ് സ്ഥിരീകരിച്ചത്. ഇയാൾ ബന്ദിയാക്കപ്പെട്ടുവെന്നായിരുന്നു ഇതുവരെയും കണക്കാക്കിയിരുന്നത്. എന്നാൽ, എട്ടു മാസത്തോളമായി ഒരു വിവരവുമില്ലാത്തതിനെ തുടർന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങൾ പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് ഡോലേവ് യെഹൂദിന്റെതാണെന്ന് തിരിച്ചറിഞ്ഞത്. ഡോലേവിന്റെ സഹോദരി അർബേൽ ഇപ്പോഴും ഹമാസ് ബന്ദിയായി തുടരുകയാണ്. 120 പേർ ഇപ്പോഴും ബന്ദികളാണെന്നാണ് ഇസ്രായേൽ കണക്ക്. ഇവരിൽ 39 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.