17 വർഷത്തിനിടെ 10 ദശലക്ഷം പാകിസ്താനികൾ രാജ്യംവിട്ടെന്ന് റിപ്പോർട്ട്; ലക്ഷ്യം യു.കെ, ഇറാഖ്, റൊമാനിയ

ഇസ് ലാമാബാദ്: 2008 മുതൽ കഴിഞ്ഞ 17 വർഷത്തിനിടെ 10 ദശലക്ഷം പാകിസ്താനികൾ മാതൃരാജ്യം വിട്ടതായി റിപ്പോർട്ട്. 'പാകിസ്താൻ എമിഗ്രേഷൻ പാറ്റേൺ -ഒരു അവലോകനം' എന്ന തലക്കെട്ടിലുള്ള പൾസ് കൺസെൽട്ടന്‍റിന്‍റെ റിപ്പോർട്ട് അടിസ്ഥാനമാക്കി എ.ആർ.വൈ ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്.

കഴിഞ്ഞ 17 വർഷത്തിനിടെ പാകിസ്താനിൽ നിന്ന് 95,56,507 പേർ കുടിയേറിയിട്ടുണ്ട്. 2013-2018 കാലയളവിൽ പാകിസ്താൻ മുസ് ലിം ലീഗ്-നവാസ് നേതൃത്വം നൽകിയ സർക്കാർ രാജ്യം ഭരിക്കുമ്പോഴാണ് മികച്ച തൊഴിലടക്കമുള്ള അവസരം തേടി ഏറ്റവും കൂടുതൽ കുടിയേറ്റം നടന്നത്.

2015ൽ 9,00,000ലധികം പേർ തൊഴിൽ തേടി പാകിസ്താൻ വിട്ടതോടെ കുടിയേറ്റ കണക്ക് ഏറ്റവും ഉയർന്ന നിലയിലെത്തി. എന്നാൽ, 2018 ആയപ്പോൾ ഈ സംഖ്യ 60 ശതമാനം കുത്തനെ ഇടിഞ്ഞു. ഏകദേശം 3,00,000 പേർ മാത്രമാണ് തൊഴിലിനായി കുടിയേറിയത്.

ഉയർന്ന വൈദഗ്ധ്യമുള്ളവരുടെ എമിഗ്രേഷൻ അനുപാതം 2022 മുതൽ അഞ്ച് ശതമാനമായി ഉയർന്നു. രണ്ട് ശതമാനവുമായിരുന്നു മുൻ അനുപാതം.

പാകിസ്താനികൾ കുടിയേറുന്ന രാജ്യങ്ങളിലും തൊഴിൽ മേഖലയിലും കാര്യമായ മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ എന്നിവയായിരുന്നു പരമ്പരാഗത പാക് തൊഴിലന്വേഷകരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. പാക് തൊഴിലാളികളുടെ എണ്ണത്തിൽ യു.എ.ഇയിൽ ഗണ്യമായ കുറവ് വന്നപ്പോൾ സൗദി അറേബ്യയിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്.

കൂടാതെ, യു.കെ, ഇറാഖ്, റൊമാനിയ എന്നിവിടങ്ങൾ പാക് കുടിയേറ്റക്കാരുടെ ലക്ഷ്യസ്ഥാനങ്ങളായി പ്രധാന്യം ലഭിച്ചു. പാകിസ്താനിൽ നിന്നുള്ള ഈ കൂട്ടകുടിയേറ്റം മിടുക്കരുടെ അഭാവത്തിനും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയിലും തൊഴിൽ ശക്തിയിലും ഉണ്ടാക്കുന്ന ആഘാതം ആശങ്കപ്പെടുത്തുന്നതാണെന്ന് എ.ആർ.ഐ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - 10 million Pakistanis left country since 2008: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.