പട്ടിണി: ഗസ്സയിൽ 10 കുഞ്ഞുങ്ങൾ മരിച്ചു

ഗസ്സ: പട്ടിണിയും പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം കുറഞ്ഞത് 10 ഫലസ്തീൻ കുട്ടികൾ മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അഷ്‌റഫ് അൽ-ഖുദ്ര അറിയിച്ചു. ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന് ഇസ്രായേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതും യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സഹായം ഇസ്രായേൽ ഭീഷണിയെ തുടർന്ന് വിവിധ രാജ്യങ്ങൾ നിർത്തിവെച്ചതും ഗസ്സയിൽ കടുത്ത പട്ടിണിക്കും മാനുഷികപ്രതിസന്ധിക്കും ഇടയാക്കിരിക്കുകയാണ്.

വ്യാഴാഴ്ച കമാൽ അദ്‌വാൻ ഹോസ്പിറ്റലിലെ നാല് കുട്ടികളാണ് പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ചതെന്ന് ഖുദ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചയും ഇതേ ആശുപത്രിയിൽ നാലുകുട്ടികൾ പട്ടിണികിടന്ന് മര​ണപ്പെട്ടിരുന്നു. അതേദിവസം അൽ ശിഫ മെഡിക്കൽ കോംപ്ലക്‌സിൽ രണ്ട് കുട്ടികളും മരിച്ചതായി മന്ത്രാലയം അറിയിച്ചു.

വടക്കൻ ഗസ്സയിൽ മാനുഷിക ദുരന്തം ഒഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അൽ ഖുദ്ര പറഞ്ഞു. കൂടുതൽ കുട്ടികൾ മരിക്കുന്നത് തടയാൻ അടിയന്തര സഹായം വേണമെന്ന് കമാൽ അദ്‍വാൻ ഹോസ്പിറ്റൽ ഡയറക്ടർ അഹ്മദ് അൽ കഹ്‌ലൂത്ത് പറഞ്ഞു.

പോഷകാഹാരക്കുറവിനെ തുടർന്ന് നിരവധി കുരുന്നുകൾ കമാൽ അദ്‌വാൻ ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗത്തിൽ ചികിത്സയിലുള്ളതായി മാധ്യമപ്രവർത്തകൻ ഇബ്രാഹിം മുസലം അറിയിച്ചു. ഇന്ധനക്ഷാമം മൂലമുണ്ടാകുന്ന വൈദ്യുതി മുടക്കം കാരണം ഉപകരണങ്ങൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗസ്സയിൽ അഞ്ച് വയസ്സിന് താഴെയുള്ള 10 കുട്ടികളിൽ ഒരാൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. കൂടാതെ കുടിവെള്ളം കിട്ടാക്കനി ആയിരിക്കുകയാണ്. കുടിക്കാനും ശുചീകരണത്തിനും അടക്കം എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ പ്രതിദിനം ശരാശരി 1.5 മുതൽ 2 ലിറ്റർ വരെ സുരക്ഷിതമല്ലാത്ത വെള്ളമാണ് ഓരോരുത്തർക്കും ലഭിക്കുന്നതെന്ന് ചാരിറ്റി ആക്ഷൻ എയ്ഡ് ചൂണ്ടിക്കാട്ടി.

അതിനിടെ, ഭക്ഷണ വിതരണത്തിനായി കാത്തുനിന്നവർക്കു നേരെ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 104 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 760ലേറെ പേർക്ക് പരിക്കേറ്റു. സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ പുതിയ അധ്യായം ഞെട്ടലോടെയാണ് നോക്കി കാണുന്നത്. ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 30,000 പേർ മരിച്ചുവെന്നാണ് ഫലസ്തീൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്. യു.എൻ സുരക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയം പാസാക്കുന്നത് വീറ്റോ അധികാരം ഉപയോഗിച്ച് നിരന്തരമായി പരാജയപ്പെടുത്തുകയാ​ണെന്നും ഗുട്ടറസ് പറഞ്ഞു.

യുദ്ധക്കുറ്റങ്ങളുടെ ചരിത്രത്തിലെ അഭൂതപൂർവമായ കൂട്ടക്കൊല എന്നാണ് ആക്രമണത്തെ ഹമാസ് വിശേഷിപ്പിച്ചത്. ഫലസ്തീനികളെ അവരുടെ ഭൂമിയിൽ നിന്ന് സമ്പൂർണമായി മാറ്റിപ്പാർപ്പിക്കാനും ഫലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യം ഇല്ലാതാക്കാനുമുള്ള ഇസ്രായേലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണമെന്നും ഹമാസ് ആരോപിച്ചു.

Tags:    
News Summary - 10 Palestinian children die of hunger in Gaza: Health Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.