പാകിസ്താന് 110 കോടി ഡോളർ ഐ.എം.എഫ് സഹായം

ലാഹോർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്താന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) പ്രഖ്യാപിച്ച 300 കോടി ഡോളർ സഹായ പാക്കേജിലെ അവസാന ഗഡുവായ 110 കോടി ഡോളർകൂടി നൽകാൻ ഉദ്യോഗസ്ഥതല കരാർ. ഐ.എം.എഫ് എക്സിക്യൂട്ടിവ് ബോർഡ് അംഗീകാരം നൽകുന്നമുറക്ക് തുക വിട്ടുനൽകും. അഞ്ചു ദിവസം മുമ്പ് ഐ.എം.എഫ് പ്രതിനിധികളും പാക് പ്രധാനമന്ത്രി നവാസ് ശരീഫും പാക് തലസ്ഥാനത്ത് നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് നടപടി.

രണ്ടു വർഷമായി തകർച്ചയുടെ വക്കിൽ നിൽക്കുന്ന പാക് സമ്പദ്‍വ്യവസ്ഥയെ രക്ഷിക്കാൻ ആഗോള രാഷ്ട്രങ്ങളിൽനിന്നും സാമ്പത്തിക സ്ഥാപനങ്ങളിൽനിന്നും രാജ്യം സാമ്പത്തിക സഹായം ആവശ്യപ്പെട്ടുവരുകയാണ്. വിദേശകടം മാത്രം 13,000 കോടി ഡോളർ വരുന്ന രാജ്യത്തിന്റെ വിദേശകരുതൽ നിക്ഷേപം 800 കോടി ഡോളർ മാത്രമാണ്. ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ തുക എട്ടാഴ്ചത്തേക്ക് മാത്രമാണ് വശമുള്ളത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഡോളറുമായി വിനിമയ മൂല്യം 50 ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു. പണപ്പെരുപ്പം 23 ശതമാനത്തിൽ നിൽക്കുകയാണ്.

ശമ്പളം വേണ്ടെന്നുവെച്ച് പാക് മന്ത്രിമാർ

ലാഹോർ: കടുത്ത സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വേണ്ടെന്നു വെക്കാൻ തീരുമാനിച്ച് പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും മന്ത്രിമാരും. ചെലവ് ചുരുക്കൽ നടപടികൾ ആലോചിക്കാനായി ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. സർക്കാർ ചെലവിൽ വിദേശ യാത്രകൾ നിയന്ത്രിക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതുപ്രകാരം മന്ത്രിമാരുൾപ്പെടെ ആർക്കും സർക്കാർ ചെലവിലെ യാത്ര അനുവദിക്കില്ല. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ആസിഫ് അലി സർദാരിയും ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‍വിയും ശമ്പളം വേണ്ടെന്നുവെച്ചിരുന്നു. പ്രസിഡന്റിന് പ്രതിമാസം 8,46,550 രൂപയാണ് 2018 മുതൽ ശമ്പളം. നിലവിലെ പ്രസിഡന്റ് സർദാരി പാകിസ്താനിലെ ഏറ്റവും സമ്പന്നരിൽ ഒരാളാണ്. 

Tags:    
News Summary - 110 million dollars IMF assistance to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.