ഗസ്സ: ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഗസ്സയിൽ പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച ആരംഭിക്കും. 2000ത്തോളം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് വാക്സിനേഷൻ നടപ്പാക്കുക. 10 വയസ്സിന് താഴെയുള്ള 6.40 ലക്ഷം കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക.
ഇതിനായി 1.26 ദശലക്ഷം ഡോസ് വാക്സിൻ ഗസ്സയിൽ എത്തിച്ചിട്ടുണ്ട്. നാല് ലക്ഷം ഡോസ് വാക്സിൻകൂടി ഉടൻ എത്തും. 90 ശതമാനം കുട്ടികൾക്കും വാക്സിൻ നൽകാനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. രണ്ട് ഡോസ് തുള്ളി മരുന്നാണ് ഓരോ കുട്ടിക്കും നൽകുക. നാല് ആഴ്ചക്ക് ശേഷം വീണ്ടും വാക്സിൻ നൽകണമെന്നും ഗസ്സയിലെ യു.എൻ വക്താവ് ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു.
25 വർഷത്തിനു ശേഷം ആദ്യമായി ഗസ്സയിൽ വീണ്ടും പോളിയോ രോഗം സ്ഥിരീകരിച്ചതോടെയാണ് അടിയന്തരമായി വാക്സിനേഷൻ നടപ്പാക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. പോളിയോ ബാധിച്ച 10 മാസം പ്രായമായ അബ്ദുർറഹ്മാൻ അബു അൽജിദ്യാന്റെ ശരീരം തളർന്നനിലയിലാണ്.
ഗസ്സയിൽ ഏറ്റുമുട്ടൽ തുടങ്ങുന്നതിന് മാസങ്ങൾക്കു മുമ്പ് ജനിച്ച ഈ കുട്ടിക്ക് വാക്സിൻ നൽകിയിരുന്നില്ല. വാക്സിനേഷന് മൂന്നുദിവസം താൽക്കാലികമായി ആക്രമണം നിർത്താമെന്ന് ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണംമൂലമാണ് ഗസ്സയിൽ വാക്സിനേഷൻ മുടങ്ങിയത്. 10 മാസമായി തുടരുന്ന ആക്രമണത്തിൽ ഗസ്സയിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പൂർണമായി നശിച്ചതോടെയാണ് വീണ്ടും പോളിയോ വൈറസ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.