ധാക്ക: വിവഹ യാത്രക്കിടെ ഇടിമിന്നലേറ്റ് 16 പേർ മരിച്ചു. വരനടക്കം നിരവധി പേർക്ക് പരിക്കേറ്റു. ബംഗ്ലാദേശിലെ പടിഞ്ഞാറൻ ജില്ലയായ ചപ്പൈനാവബ്ഗഞ്ചിലാണ് സംഭവം.
വരനും സംഘവും വിവാഹ ചടങ്ങിൽ സംബന്ധിക്കാനായി നദിയിലൂടെ വഞ്ചിയിൽ വരികയായിരുന്നു. കനത്ത മഴ പെയ്തതോടെ വഞ്ചിയിൽനിന്നിറങ്ങി നദീതീരത്ത് അഭയം തേടി. ഇതിനിടയിലാണ് ദുരന്തമായി ഇടിമിന്നലെത്തിയത്. സംഘത്തിനൊപ്പം വധുവും ബന്ധുക്കളും ഉണ്ടായിരുന്നില്ല.
ശക്തമായ മൺസൂൺ ബംഗ്ലാദേശിനെ സാരമായി ബാധിച്ചിട്ടുണ്ട്. കോക്സ് ബസാറിലെ തെക്കുകിഴക്കൻ ജില്ലയിൽ ഒരാഴ്ച തോരാതെ പെയ്ത മഴയിൽ ആറ് റോഹിങ്ക്യൻ അഭയാർഥികൾ ഉൾപ്പെടെ 20 പേരാണ് മരിച്ചത്.
രാജ്യത്ത് മിന്നലിൽ പ്രതിവർഷം നൂറുകണക്കിന് ആളുകളാണ് മരണപ്പെടുന്നത്. ഔദ്യോഗിക കണക്കനുസരിച്ച്, 2016ൽ ഇരുനൂറിലധികം ഇടിമിന്നൽ മരണങ്ങളുണ്ടായി. മേയിൽ ഒരു ദിവസം 82 പേർ മരിച്ചു.
വനനശീകരണം മരണനിരക്ക് വർധിപ്പിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതവും മിന്നൽ മരണങ്ങളുടെ എണ്ണവും കുറക്കാനായി ബംഗ്ലാദേശ് ലക്ഷക്കണക്കിന് പനകൾ നട്ടുപിടിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.