ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സംഘടനയായ ഇന്‍റർനാഷനൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിന്‍റെ (ഇസ്‌കോൺ) രണ്ട് സന്യാസിമാർ കൂടി അറസ്റ്റിലായെന്ന് റിപ്പോർട്ട്. രുദ്രപ്രോതി കേശബ് ദാസ്, രംഗനാഥ് ശ്യാമ സുന്ദർ ദാസ് എന്നിവരാണ് അറസ്റ്റിലായതെന്ന് ചാറ്റോഗ്രാം മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
ജയിലിൽ കഴിയുന്ന ഇസ്‌കോൺ ആത്മീയ നേതാവ് ചിൻമോയ് ദാസ് കൃഷ്ണക്ക് ഭക്ഷണവും മരുന്നും പണവും എത്തിക്കാൻ പോയപ്പോഴാണ് സന്യാസിമാരെ അറസ്റ്റ് ചെയ്തതെന്നാണ് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ചിൻമോയ് ദാസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായെന്ന സംശയത്തെ തുടർന്നാണ് നടപടിയെന്ന് പൊലീസ് പറയുന്നു. പ്രോബോർതക് സംഘം പ്രിൻസിപ്പൽ സ്വതന്ത്ര ഗൗരംഗ ദാസ് അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ, ചിൻമോയ് ദാസിന്റേത് ഉൾപ്പെടെ ഇസ്‌കോണുമായി ബന്ധപ്പെട്ട 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇസ്‌കോൺ ആത്മീയ നേതാവ് ചിൻമോയ് ദാസിനെ രാജ്യദ്രോഹ കുറ്റം ചുമത്തി ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദു സമൂഹത്തിന്‍റെ റാലിക്കിടെ ചിൻമോയ് കൃഷ്ണ ദാസ് ദേശീയ പതാകയെ അനാദരിച്ചു എന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന് ജാമ്യം നിഷേധിക്കപ്പെട്ടതോടെ കോടതി പരിസരത്തുണ്ടായ സംഘർഷത്തിൽ ഒരു അഭിഭാഷകൻ മരിച്ചിരുന്നു.
ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റിൽ പ്രതിഷേധം ഉയരുന്നതിനിടെ ഇസ്‌കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 28ന് ബംഗ്ലാദേശ് സർക്കാർ ഹൈകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ഹിന്ദു സന്യാസിയുടെ അനുയായികളും തമ്മിലുണ്ടായ സംഘർഷത്തിനിടെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൽ ഇസ്‍ലാം മരിച്ചതും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.