വാഷിങ്ടൺ: അനധികൃതമായി തോക്ക് കൈവശം വെച്ചെന്ന കുറ്റത്തിന് നിയമ നടപടി നേരിടുന്ന ഹണ്ടർ ബൈഡന് ഔദ്യോഗികമായി മാപ്പ് നൽകി പിതാവും പ്രസിഡന്റുമായ ജോ ബൈഡൻ. ലഹരി, നികുതി തട്ടിപ്പ് കേസുകളിലും ഹണ്ടർ ബൈഡൻ ഉൾപ്പെട്ടിരുന്നു.
നേരത്തെ മകന് മാപ്പ് നൽകില്ലെന്ന പരസ്യ നിലപാടാണ് ജോ ബൈഡൻ എടുത്തിരുന്നത്. പ്രസിഡന്റ് കാലാവധി അവസാനിനിരിക്കേ തന്റെ മുൻ നിലപാട് മാറ്റിയിരിക്കയാണ് ബൈഡൻ. മകൻ ഹണ്ടർ ബൈഡനെ രാഷ്ട്രീയ പ്രതിയോഗികൾ കരുവാക്കുകയായിരുന്നുവെന്ന് ബൈഡൻ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
ഒരു പിതാവെന്ന രീതിയിലും പ്രസിഡന്റായും ഈ തീരുമാനം എന്തുകൊണ്ടാണ് താൻ എടുക്കുന്നതെന്ന് അമേരിക്കക്കാർക്ക് മനസിലാകുമെന്നും ബൈഡൻ പറഞ്ഞു. അവൻ തന്റെ മകനായതുകൊണ്ടാണ് വേട്ടയാടപ്പെട്ടതെന്നും ഹണ്ടറിനെ തകർക്കാൻ ശ്രമം നടന്നതായും ബൈഡൻ പറഞ്ഞു.
അനധികൃതമായി തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലും ഹണ്ടർ കുറ്റക്കാരനാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഇക്കൊല്ലം ജൂണിലാണ് ഹണ്ടർ കുറ്റക്കാരനെന്ന് ഫെഡറൽ കോടതി കണ്ടെത്തിയത്. ഇത്രയും കുറ്റങ്ങൾ നേരിടുന്ന മകന് ഒരിക്കലും മാപ്പ് നൽകില്ലെന്ന് ബൈഡൻ ഉറപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.