ഇറ്റലി: പഴയ പോംപെ പട്ടണത്തിൽ നിന്ന് 2000 വർഷം മുമ്പുള്ള 'ഫാസ്റ്റ് ഫുഡ് സ്റ്റാൾ' കണ്ടെത്തി ഗവേഷകർ. പോളിക്രോം പാറ്റേണുകൾ കൊണ്ട് ചിത്രപ്പണി ചെയ്ത് അലങ്കരിച്ചതും അഗ്നിപർവ്വത ചാരത്താൽ മൂടിപ്പോയതുമായ ലഘുഭക്ഷണ കൗണ്ടറാണ് ആർക്കിയോളജിസ്റ്റുകൾ വീണ്ടെടുത്തത്. എ.ഡി 78 ലേതാണ് നിർമാണമെന്നാണ് വിലയിരുത്തൽ. അന്ന് പോംപെ നഗരത്തെ സമ്പൂർണ്ണമായി നശിപ്പിച്ചുകൊണ്ട് മൗണ്ട് വെസ്യൂസിൽ അഗ്നിപർവത സ്ഫോടനം നടന്നിരുന്നു. അപകടത്തിൽ 2000 മുതൽ 15000 ആളുകൾവരെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
സ്ഫോടനത്തിൽ തകർന്ന പോംപെ നഗരത്തിൽ നിന്നാണ് ഭക്ഷണ കൗണ്ടർ ഗവേഷകർ വീണ്ടെടുത്തത്. പുരാതന റോമാക്കാരുടെ ഭക്ഷണ ശീലത്തെക്കുറിച്ച് ഗവേഷകർക്ക് സൂചനകൾ നൽകുന്നതാണ് പുതിയ കണ്ടുപിടിത്തം. തെർമോപോളിയം എന്നാണ് കണ്ടെത്തിയ സ്ഥലത്തെ വിശേഷിപ്പിക്കുന്നത്. ഗ്രീക്ക് ഭാഷയിൽ 'തെർമോസ്' എന്നാൽ ചൂടുള്ളതെന്നും 'പോളിയോ' എന്നാൽ വിൽക്കുന്നതെന്നുമാണ് അർഥം. നിലവിലെ ലഘുഭക്ഷണ സ്റ്റാളുകൾക്ക് തുല്യമാണിതെന്നാണ് ഗവേഷകർ പറയുന്നത്.
താറാവിന്‍റെ അസ്ഥി ശകലങ്ങളും പന്നികൾ, ആടുകൾ, മത്സ്യം, ഒച്ചുകൾ എന്നിവയുടെ അവശിഷ്ടങ്ങളും തെർമോപോളിയത്തിൽ നിന്ന് ലഭിച്ച മൺപാത്രങ്ങളിൽ നിന്ന് ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. ഒരു പാത്രത്തിന്‍റെ അടിയിൽ കണ്ടെത്തിയ ചതച്ച ഫാവാ ബീൻസ്, വീഞ്ഞിന്‍റെ രുചി പരിഷ്കരിക്കാൻ ഉപയോഗിച്ചതായാണ് നിഗമനം. അപകട സമയം കൗണ്ടർ തിരക്കിട്ട് അതിന്‍റെ ഉടമകൾ ഉപേക്ഷിച്ചതായാണ് സൂചന. പൊട്ടിത്തെറിയുടെ ആദ്യ ശബ്ദങ്ങൾ കേട്ടിട്ടാകാം ഇങ്ങിനെ സംഭവിച്ചത് -പോംപെയിലെ ആർക്കിയോളജിക്കൽ പാർക് ഡയറക്ടർ ജനറൽ മാസിമോ ഒസന്ന പറഞ്ഞു.
മനുഷ്യാവശിഷ്ടങ്ങൾക്കൊപ്പം ആംഫോറെ എന്നറിയപ്പെടുന്ന കളിമൺ പാത്രങ്ങൾ വാട്ടർ ടവർ, ഒരു ജലധാര എന്നിവയും കണ്ടെത്തിയിട്ടുണ്ട്. 50 വയസ് പ്രായമുണ്ടെന്ന് കരുതുന്ന പുരുഷന്‍റെ അവശിഷ്ടങ്ങളും ഒരു കുട്ടിയുടെ കിടക്കയ്ക്കടുത്ത് കണ്ടെത്തിയിട്ടുണ്ട്. റോമൻ ലോകത്ത് തെർമോപോളിയം വളരെ പ്രചാരത്തിലുണ്ടായിരുന്നു. പോംപെയിൽ മാത്രം ഇത്തരം 80 ഓളം കേന്ദ്രങ്ങളുണ്ടായിരുന്നു.
44 ഹെക്ടറിൽ (110 ഏക്കർ) വ്യാപിച്ചുകിടക്കുന്ന റോമൻ സാമ്രാജ്യത്തിലെ ഏറ്റവും സമ്പന്ന നഗരങ്ങളിലൊന്നായിരുന്നു പോംപെ. റോമിലെ കൊളോസിയത്തിന് ശേഷം ഇറ്റലി ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ സ്ഥലവുമാണിത്. കഴിഞ്ഞ വർഷം നാല് ദശലക്ഷം സഞ്ചാരികൾ പോംപെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.