24900 സൈനികർ, 1110 ടാങ്കുകൾ, 199 യുദ്ധവിമാനങ്ങൾ...; റഷ്യയുടെ നഷ്ടങ്ങൾ നിരത്തി യുക്രെയ്ൻ

യുക്രെയ്നിലെ റഷ്യൻ അധിനിവേശം 72ാം ദിവസത്തേക്ക് കടക്കുമ്പോഴും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. യുക്രെയ്നിന്‍റെ കിഴക്കൻ മേഖല ലക്ഷ്യമിട്ട് റഷ്യൻ സൈന്യം ആക്രമണം കടുപ്പിച്ചു. അപ്രതീക്ഷിത ചെറുത്തുനിൽപാണ് യുക്രെയ്ൻ നടത്തുന്നത്.

ഇതിനിടെയാണ് റഷ്യൻ സൈന്യത്തിനേറ്റ തിരിച്ചടികളുടെ കണക്കുകൾ നിരത്തി യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 24ന് തുടങ്ങിയ അധിനിവേശത്തിൽ ഇതുവരെ റഷ്യക്ക് 24,900 സൈനികരെ നഷ്ടമായതായി യുക്രെയ്ൻ അവകാശപ്പെടുന്നു. 1,110 ടാങ്കുകൾ, 199 യുദ്ധവിമാനങ്ങൾ, 155 ഹെലികോപ്ടറുകൾ, 2686 കവചിത വാഹനങ്ങൾ, 502 പീരങ്കി സംവിധാനങ്ങൾ തുടങ്ങിയവയും നശിപ്പിച്ചതായി യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കൂടാതെ, 1900 സൈനിക വാഹനങ്ങളും ഇന്ധന ടാങ്കുകളും നശിപ്പിച്ചു. അതേസമയം, യുക്രെയ്ൻ അവകാശവാദത്തോട് ഇതുവരെ റഷ്യൻ അധികൃതർ പ്രതികരിച്ചിട്ടില്ല. മരിയുപോളിലെ ഉരുക്ക് ഫാക്ടറിയിലും കിഴക്കൻ നഗരങ്ങളിലും ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. ക്രമാടോർസ്കിലെ വലിയ ആയുധ ഡിപ്പോ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

കൂടാതെ, ലുഹാൻസ്ക് മേഖലയിൽ രണ്ടു യുക്രെയ്ൻ യുദ്ധ വിമാനങ്ങളും വെടിവെച്ചിട്ടതായി റഷ്യ അവകാശപ്പെട്ടു.


Tags:    
News Summary - ‘24,900 soldiers, 1,110 tanks…’: Russia's losses according to Ukrainian govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.