ഗസ്സ: ഇസ്രായേലി സൈനികർ പിടിച്ചടക്കിയതിനെ തുടർന്ന് പ്രവർത്തനം നിലച്ച ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്ന് 31 നവജാത ശിശുക്കളെ റഫയിലെ ആശുപത്രിയിലേക്കു മാറ്റി. മാസം തികയാതെ പ്രസവിച്ച് ഇൻകുബേറ്ററിലായിരുന്ന കുഞ്ഞുങ്ങളെ വിദഗ്ധ ചികിത്സക്കായി ഈജിപ്തിലേക്ക് കൊണ്ടുപോകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗികളും അഭയാർഥികളുമടക്കം ഏഴായിരത്തോളം പേരോട് അൽശിഫയിൽനിന്ന് ഒഴിഞ്ഞുപോകാൻ സൈന്യം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
191 രോഗികളെ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നിലയിലുള്ള 259 പേർ അവശേഷിക്കുന്നുണ്ടെന്ന് ആശുപത്രി സന്ദർശിച്ച ലോകാരോഗ്യ സംഘടന സംഘം ശനിയാഴ്ച അറിയിച്ചിരുന്നു. ഇവരെയും ഉടൻ ഒഴിപ്പിക്കുമെന്നാണറിയുന്നത്. ഒമ്പതു ദിവസം അൽശിഫ ആശുപത്രി ഉപരോധിച്ച സൈന്യം മെഡിക്കൽ ഉപകരണങ്ങൾ പൂർണമായി നശിപ്പിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. .
അതേസമയം, വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിനു സമീപത്തെ അൽ ഫഖൂറ സ്കൂളിലും തൊട്ടടുത്ത തൽ അൽ സാതർ സ്കൂളിലും ശനിയാഴ്ച ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടക്കുമെന്നാണ് റിപ്പോർട്ട്. നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ജബലിയയിൽ വീടുകൾക്ക് ബോംബിട്ട് 11 പേരെ കൊലപ്പെടുത്തി. ആറ് ഇസ്രായേലി സൈനികരെ കൊലപ്പെടുത്തിയതായും 17 സൈനികവാഹനങ്ങൾ തകർത്തതായും അൽ ഖസാം ബ്രിഗേഡ് അറിയിച്ചു. ചെങ്കടലിൽ ഇസ്രായേലിന്റെ കപ്പൽ റാഞ്ചിയതായി യമനിലെ ഹൂതിസേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.