കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. യു.പിയിലെ വടക്കൻ അയോധ്യയിൽ നിന്നും 215 കിലോ മീറ്റർ മാത്രം അകലെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ജജർകോട്ട് ജില്ലയിലെ ഖാലാന ഗ്രാമമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
നേപ്പാളിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിൽ 157 പേർ മരിച്ചിരുന്നു. 150 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11.47നുണ്ടായ ഭൂചലനത്തിൽ നൂറുകണക്കിന് വീടുകൾ തകർന്നു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 2015 ന് ശേഷമുള്ള ഏറ്റവും വിനാശകരമായതാണെന്ന് അധികൃതർ അറിയിച്ചു.
കാഠ്മണ്ഡുവിൽനിന്ന് 500 കിലോമീറ്റർ പടിഞ്ഞാറ് ജജർകോട് ജില്ലയിലായിരുന്നു പ്രഭവകേന്ദ്രം. ഭൂചലനത്തിന്റെ ആഘാതം ഡൽഹിയിലും അനുഭവപ്പെട്ടു. ജജർകോട്, രുക്കും ജില്ലകളിലാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. മരണസംഖ്യ ഉയരാനിടയുണ്ട്.
159 തുടർചലനങ്ങൾ രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പ നിരീക്ഷണ -ഗവേഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ജജർകോടിലെ നൽഗഡ് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയർ സരിതാ സിങ്ങും ഉൾപ്പെടും. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിരവധി പേർ കുടുങ്ങി കിടന്നിരുന്നു.
റോഡുകളും പാലങ്ങളും തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ പ്രചണ്ഡ ഭൂകമ്പബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. സർക്കാർ സഹായവും പ്രഖ്യാപിച്ചു. സൈന്യവും നേപ്പാൾ പൊലീസുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മോദി ‘എക്സി’ൽ കുറിച്ചു.
കഴിഞ്ഞ മാസം 16ന് സുദുർപശ്ചിം പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. 2015ൽ 9,000ത്തോളം പേർ മരിക്കുകയും 22,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭൂകമ്പത്തിനും രാജ്യം സാക്ഷിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.