ഇസ്‍ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരായ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള ദിവസം അടുത്തതോടെ, സ്വന്തം പാർട്ടിയിലെ 50 മന്ത്രിമാരെ 'കാണാനില്ലെ'ന്ന് റിപ്പോർട്ടുകൾ. തെഹ്‍രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) യിലെ 50 ഫെഡറൽ, പ്രവിശ്യ മന്ത്രിമാരെ ഏതാനും ദിവസങ്ങളായി പൊതു ഇടങ്ങളിൽ കാണുന്നില്ലെന്ന് എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.
അതിനിടെ, യൂട്യൂബ് ചാനലിന്‍റെ പേരിൽനിന്ന് പ്രധാനമന്ത്രി എന്നത് ഒഴിവാക്കി ഇംറാൻ ഖാൻ എന്നു മാത്രമാക്കിയത് അഭ്യൂഹങ്ങൾക്കിടയാക്കി. പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ യൂട്യൂബ് ചാനലായ 'പ്രൈംമിനിസ്റ്റർ ഇംറാൻ ഖാൻ' എന്നതാണ് വെറും 'ഇംറൻ ഖാൻ' എന്നാക്കി മാറ്റിയത്. അവിശ്വാസ പ്രമേയം ഏപ്രിൽ നാലിന് വോട്ടിനിടുമെന്ന് അഭ്യന്തര മന്ത്രി ശൈഖ് റാഷിദ് അറിയിച്ചു.
അവിശ്വാസപ്രമേയം വെള്ളിയാഴ്ച ചേർന്ന ദേശീയ അസംബ്ലി പരിഗണനക്കെടുത്തിരുന്നില്ല. തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതിനിടെ, സർക്കാറിന് പിന്തുണ ഉറപ്പാക്കാനുള്ള നീക്കം പി.ടി.ഐ ശക്തമാക്കി. സ്വന്തം പാർട്ടിയിലെ 24 അംഗങ്ങൾ കൂറുമാറിയതിനു പുറമെ, സഖ്യ സർക്കാറിലെ മൂന്നു പ്രധാന പാർട്ടികളും പ്രതിപക്ഷത്തിന് പിന്തുണ നൽകുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് സർക്കാറിന്‍റെ അനുനയ നീക്കം.
മുത്തഹിദ ക്വാമി മൂവ്മെന്‍റ് -പാകിസ്താൻ പാർട്ടി പ്രതിനിധികൾ ഇംറാനുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി നടത്തിയ നീക്കമാണ് കൂടിക്കാഴ്ചക്ക് കളമൊരുക്കിയത്. പാകിസ്താൻ മുസ്ലിം ലീഗ് -ക്യു പാർട്ടി നേതാക്കളെയും കണ്ടിരുന്നു. 342 അംഗ നാഷനൽ അസംബ്ലിയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസപ്രമേയം പാസാകും. പി.ടി.ഐക്ക് 155 അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.