ആഫ്രിക്കയിലെ തർക്കമേഖലയായ അബ്യേയിൽ 52 ഗ്രാമീണരെ വെടിവെച്ചു കൊന്നു

ഖാർതൂം: സുഡാനും സൗത്ത് സുഡാനും നിയന്ത്രണം അവകാശപ്പെടുന്ന തർക്കമേഖലയായ അബ്യേയിൽ അക്രമികൾ 52 ഗ്രാമീണരെ വെടിവെച്ചു കൊന്നു. ഐക്യരാഷ്ട്രസഭയുടെ സമാധാന പ്രതിനിധിയും കൊല്ലപ്പെട്ടവരിലുൾപ്പെടും. 64 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

ഭൂമിതർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് അബ്യേയ് ഇൻഫർമേഷൻ മന്ത്രി അറിയിച്ചു. വൻതോതിൽ എണ്ണ നിക്ഷേപമുള്ള മേഖലയിൽ വംശീയകലാപങ്ങൾ പതിവാണ്. സമീപപ്രദേശമായ വാറാപ്പിലെ ട്വിക് ഡിങ്ക വിഭാഗക്കാരും അബ്യേയിലെ ഗോക് ഡിങ്ക വിഭാഗക്കാരും അനീറ്റ് എന്ന മേഖലയെ ചൊല്ലി കാലങ്ങളായി ഭൂമിതർക്കം തുടരുകയാണ്.

വാറാപ് മേഖലയിൽനിന്നുള്ള ന്യൂയർ വിഭാഗക്കാരാണ് ഇന്നലത്തെ ആക്രമണത്തിന് പിന്നിലെന്ന് അബ്യേയ് അധികൃതർ പറഞ്ഞു. സ്വയംഭരണാധികാരമുള്ള മേഖലയാണ് അബ്യേയ്. സുഡാൻ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച് 2005ൽ സമാധാന ഉടമ്പടി നിലവിൽ വന്നിരുന്നെങ്കിലും അബ്യേയ് മേഖലയുടെ അവകാശ കാര്യത്തിൽ സുഡാനും സൗത്ത് സുഡാനും ഇതുവരെ ധാരണയിലെത്തിയിട്ടില്ല. അതിനാൽ, രക്തരൂക്ഷിതമായ സംഘർഷങ്ങൾ ഇവിടെ പതിവാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.