ന്യൂയോർക്ക്: കോവിഡ് രോഗം പകരുന്നത് തടയാനായി ആറടി അകലം പാലിക്കാനാണ് നിലവിൽ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നത്. എന്നാൽ അടച്ചിട്ട സ്ഥലത്ത് കോവിഡ് രോഗിയിൽ നിന്നും വായുവിലൂടെ രോഗം പടരാതിരിക്കാൻ ആറടി അകലം മതിയാകില്ലെന്നാണ് യു.എസ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത്.
വിവിധ സ്ഥലങ്ങളിൽ മാർക്കറ്റുകളും സ്കൂളുകളും പൂർണതോതിൽ തുറക്കാനിരിക്കുന്ന വേളയിൽ ഈ നിരീക്ഷണം പുതിയ വെല്ലുവിളിയാണ്.
വായുവിലുണ്ടാകുന്ന ചെറിയ കണികകൾ വഴി രോഗം ആളുകളിലേക്ക് പടരാൻ സാധ്യതയുണ്ടെന്നതിനാൽ മുമ്പ് നാം സുരക്ഷിതമാണെന്ന് നിശ്ചയിച്ച അകലം മതിയാകില്ലെന്നാണ് തിങ്കളാഴ്ച സി.ഡി.സി അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. മണിക്കൂറുകളോളം വായുവിൽ തങ്ങിനിൽക്കുന്ന വൈറസ് വഴി രോഗം പടരാൻ സാധ്യതയുണ്ടെന്നാണ് ഏജൻസി മുന്നറിയിപ്പ് നൽകുന്നത്.
വൈറസ് വായുവിലൂടെ പകരുമെന്നത് സംബന്ധിച്ച് ആദ്യം റിപോർട്ട് നൽകുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത് ഒരാഴ്ച പിന്നിടുന്നതിന് മുമ്പാണ് സി.ഡി.സിയുടെ പുതിയ റിപ്പോർട്ട്.
സെക്കൻഡുകൾ മുതൽ മണിക്കൂറുകൾ വരെ വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ വൈറസ് നിലനിൽക്കുമെന്നും ഇവ രണ്ട് മീറ്റർ അകലത്തിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലാണ് ആശങ്കക്ക് ഇടയാക്കുന്നത്.
നിലവിൽ സാമൂഹിക അകലം പാലിക്കുന്നതിനായി ആറടി അല്ലെങ്കിൽ 1.8 മീറ്റർ അകലം പാലിച്ചാണ് ഓഫിസുകളും റെസ്റ്ററൻറുകളും കടകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത് ഇടപഴകുേമ്പാൾ ഉണ്ടാകുന്ന േരാഗവ്യാപനമാണ് കൂടുതലെന്നും അമേരിക്കൻ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അധികം നേരം അടുത്തിടപഴകുന്നവർക്കാണ് വായുവിലൂടെ രോഗം പടരാൻ കൂടുതൽ സാധ്യത.
ഇക്കഴിഞ്ഞ ജൂലൈയിൽ ലോകാരോഗ്യ സംഘടനയും മഹാമാരിക്ക് കാരണമായ കോറോണ വൈറസ് വായുവിലൂടെ പകരുമെന്ന് അംഗീകരിച്ചിരുന്നു. വൈറസ് ബാധിതനായ ഒരാൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സ്രവകണങ്ങളിലൂടെയാണ് രോഗം പ്രധാനമായും പടരുന്നതെന്നായിരുന്നു മുമ്പ് വിലയിരുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.