കണ്ണീരോടെ പടിയിറങ്ങി ഏഴുവർഷത്തിനു ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് ഡേവിഡ് കാമറൺ

ലണ്ടൻ: ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയായി രാഷ്ട്രീയത്തിൽ തിരിച്ചെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഡേവിഡ് കാമറൺ. ഏഴുവർഷത്തെ ഇടവേളക്ക് ശേഷമാണ് അദ്ദേഹം രാഷ്ട്രീയജീവിതത്തിൽ സജീവമാകാൻ ഒരുങ്ങുന്നത്.

'പ്രധാനമന്ത്രി ഋഷി സുനക് എന്നോട് വിദേശകാര്യ സെക്രട്ടറിയാകാൻ പറഞ്ഞു. ഞാൻ സന്തോഷത്തോടെ സ്വീകരിച്ചു'-എന്നാണ് പുതിയ സ്ഥാനാരോഹണത്തെ കുറിച്ച് കാമറൺ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് സുവല്ല ബേവർമാനെ ഋഷി സുനക് പുറത്താക്കിയതിനെ തുടർന്നുണ്ടായ മന്ത്രിസഭ പുനഃസംഘടനയിലാണ് കാമറണിന് നറുക്ക് വീണത്. ബ്രെക്സിറ്റ് ഹിതപരിശോധനക്ക് പിന്നാലെയായിരുന്നു കാമറൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത്.

ബ്രെക്സിറ്റിന് എതിരായിരുന്നു കാമറൺ. എന്നാൽ മറ്റു നിർവാഹമില്ലാതെയാണ് അദ്ദേഹം ഹിതപരിശോധന നടത്തിയത്. ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ തുടരണം എന്നാഗ്രഹിച്ച കാമറൺ, ജനം ​ബ്രെക്സിറ്റിന് അനുകൂലമായി വിധിയെഴുതിയാൽ താൻ രാജിവെക്കുമെന്നും പ്രഖ്യാപിച്ചു. ഒടുവിൽ ബ്രിട്ടീഷ് ജനത ബ്രെക്സിറ്റ് തെരഞ്ഞെടുത്ത​തോടെ കാമറൺ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിൽ നിന്ന് പടിയിറങ്ങുകയും ചെയ്തു. അന്ന് 48 ശതമാനം ആളുകൾ ബ്രെക്സിറ്റിനെ എതിർത്തപ്പോൾ 52 ശതമാനം ആളുകൾ ബ്രെക്സിറ്റിന് അനുകൂലമായി വിധിയെഴുതി.ബ്രെക്സിറ്റിന് അനുകൂലമായി ജനം വോട്ട് ചെയ്യില്ലെന്ന കാമറണിന്റെ കണക്കുകൂട്ടലാണ് തെറ്റിപ്പോയത്.

2010ലെ പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാൽ ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതായയോടെ ലിബറൽ കൺസർവേറ്റീവ് പാർട്ടിയുമായി സഖ്യമുണ്ടാക്കി. അങ്ങനെയാണ് ഡേവിഡ് കാമറൺ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

വ്യക്തിപരമായ ചില അഭിപ്രായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഋഷി സുനക് മികച്ച നേതാവാണെന്ന് ഡേവിഡ് കാമറൺ പറഞ്ഞു. ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നതെന്നും കാമറൺ ചൂണ്ടിക്കാട്ടി.

തെരേസ മേയ്, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവരാണ് കാമറണിനു ശേഷം ബ്രിട്ടനെ നയിച്ചത്. ഇതിൽ തെരേസയും ലിസും ബോറിസും കാലാവധി പൂർത്തിയാക്കിയില്ല. ബ്രെക്സിറ്റ് നടപടിക്രമങ്ങളിലെ നൂലാമാലങ്ങളി​ൽ പെട്ടാണ് ഇവർക്ക് അടിപതറിയത്.

2001ലാണ് ഡേവിഡ് കാമറൺ പാർലമെന്റ് അംഗമായത്. 2010 മുതൽ 2016 വരെ ആറുവർഷം പ്രധാനമന്ത്രി സ്ഥാനത്തിരുന്നു. രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുത്ത കാമറൂൺ ഗ്രീൻസിലിന്റെ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേശകനായി മാറി. ഇപ്പോൾ പാപ്പരാണ് ആ കമ്പനി.


Tags:    
News Summary - 7 years after Brexit debacle, Ex PM David Cameron returns to UK politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.