ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ സംഗീത വിഡിയോ ചിത്രീകരണത്തിനിടെ, തോക്കുധാരികളായ ഒരു സംഘം യുവതികളെ കൂട്ടബലാത്സംഗം ചെയ്തു. പടിഞ്ഞാറൻ ജോഹനാസ്ബർഗിലെ ക്രുഗർസ്ഡോർപിൽ വ്യാഴാഴ്ചയാണ് സംഭവം. പ്രതികളെന്നു സംശയിക്കുന്ന 20 പേരെ സുരക്ഷ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്രുഗർസ്ഡോർപിലെ ഉപയോഗശൂന്യമായ ഖനിയിൽ മൂസിക് വിഡിയോ ചിത്രീകരണത്തിൽ പങ്കെടുത്ത മോഡലുകളെയാണ് ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിനു ശേഷം ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്ന എല്ലാവരുടെയും ആഭരണങ്ങളും പണവും മൊബൽ ഫോണും വസ്‌ത്രങ്ങളും സംഘം കവർന്നു. ക്രുഗെർസ്ഡോർപിൽ അനധികൃതമായി ധാരാളം ഖനികൾ പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയിൽ മാഫിയ സംഘം സജീവമാണെന്നു പൊലീസ് പറഞ്ഞു.
18നും 35നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് ആക്രമിക്കപ്പെട്ടത്. ഒരു സ്ത്രീയെ 10 പേർ ചേർന്നാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. മറ്റൊരാളെ എട്ടുപേരും. ദക്ഷിണാഫ്രിക്കയിൽ 12 മിനിറ്റിനിടെ ഒരാൾ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്.
12 സ്ത്രീകളും 10 പുരുഷൻമാരും സെറ്റിലുള്ള അവസരത്തിലാണ് ആയുധധാരികളായ സംഘം എത്തിയത്. അവർ എല്ലാവരോടും കമിഴ്‍ന്നു കിടക്കുവാൻ ആവശ്യപ്പെട്ടു. അതിനു ശേഷം ആകാശത്തേക്ക് വെടിയുതിർത്തു. ആക്രമികൾ മുഖംമുടി ധരിക്കുകയും കട്ടികൂടിയ കമ്പിളി പുതക്കുകയും ചെയ്തിരുന്നു. അവർ ഞങ്ങളെ കൊള്ളയടിച്ചു. എട്ട് യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തു– ബലാത്സംഗത്തിന് ഇരയായ യുവതിമാധ്യമങ്ങളോട് പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിലായി കുറ്റവാളികൾക്കായി വ്യാപകമായ തിരച്ചിൽ നടന്നിരുന്നു. അക്രമി സംഘത്തിലെ രണ്ടുപേരെ പൊലീസ് വെടിവച്ചു കൊന്നു. പൊലീസ് വെടിവയ‌്‌പിൽ ഒരാൾക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ സംഭവത്തെ അപലപിച്ചു. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.