എട്ടുമാസം പ്രായമുള്ള മകളെ കാറിൽ വെച്ച് മറന്നു; 10 മണിക്കൂർ കഴിഞ്ഞ് അമ്മ തിരിച്ചെത്തിയപ്പോൾ കണ്ടത് ജീവനറ്റ കുഞ്ഞിനെ

ക്വലാലംപൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞുമകളെ കാറിന്റെ പിൻസീറ്റിൽ മറന്ന് വെച്ചാണ് ഡോക്ടറായ അമ്മ ആശുപത്രിയിലേക്ക് പോയത്. കാൻസ്‍ലർ തവാൻകു മുഹ്‍രിസ് യു.കെ.എം ആശുപത്രിയിലാണ് അമ്മ ജോലി ചെയ്യുന്നത്. ആശുപത്രിയിലെ പാർക്കിങ്ങ് ഏരിയയിൽ വണ്ടിനിർത്തിയ ഉടൻ അമ്മ ഇറങ്ങിപ്പോയി. പിൻസീറ്റിൽ സീറ്റ് ബെൽറ്റൊക്കെയിട്ട് കിടന്ന കുഞ്ഞ് നല്ല ഉറക്കമായിരുന്നു. വൈകീട്ട് 5.30ന് കുഞ്ഞ് ക്വിന്റർ ഗാർട്ടനിൽ ഇല്ലെന്ന് ഭർത്താവ് വിളിച്ചുപറഞ്ഞപ്പോഴാണ് അവർ അക്കാര്യം ഓർക്കുന്നത് തന്നെ.

കാറിനുള്ളിൽ മകളുണ്ടോ എന്ന് തിരക്കാനും ഭർത്താവ് പറയുകയുണ്ടായി. ഉടൻ തന്നെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിലെത്തി പരിശോധിച്ച​പ്പോൾ പിൻസീറ്റിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ ഡോക്ടർ കുഞ്ഞിന് സി.പി.ആർ നൽകാൻ ശ്രമിച്ചു. എന്നിട്ടും അനക്കമൊന്നുമുണ്ടായില്ല.

ഭർത്താവ് വന്നപ്പോൾ കാണുന്ന കാഴ്ചയും ഇതായിരുന്നു. ഇരുവരും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിലെ എമർജൻസി യൂനിറ്റിലേക്ക് കൊണ്ടുപോയി. ആറുമിനിറ്റോളം സി.പി.ആർ നൽകി​യെങ്കിലും കുഞ്ഞ് നേരത്തേ തന്നെ മരിച്ചതായി അറിയിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താൻ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്.

Tags:    
News Summary - 8 months baby dies after doctor accidentally leaves her in the car for 10 hours at cheras hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.