ഗസ്സ: ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം 90 ശതമാനം ഗസ്സക്കാരും അഭയാർഥികളായെന്ന് ഐക്യരാഷ്ട്ര സഭ. ഇസ്രായേലിന്റെ ഒഴിപ്പിക്കൽ ഉത്തരവിനെ തുടർന്ന് 12 ശതമാനം പേർക്ക് വീട് വിട്ടൊഴിയേണ്ടിവന്നത് ആഗസ്റ്റിലാണ്. 20 ലക്ഷത്തിലധികം ഫലസ്തീനികളെ 39 ചതുരശ്ര കിലോമീറ്റർ പരിധിയിലേക്ക് ഞെരുക്കിയതായി മാനുഷിക സഹായം ഏകോപിപ്പിക്കുന്നതിനുള്ള യു.എൻ ഓഫിസ് വ്യക്തമാക്കുന്നു.
ഏറെ കഷ്ടപ്പെട്ടും ഒട്ടും സുരക്ഷിതമല്ലാതെയുമാണ് തെരുവിലും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലും ഗസ്സക്കാർ കഴിയുന്നത്. അതിനിടെ ഗസ്സയിൽ കുട്ടികൾക്കിടയിൽ പോളിയോ പടരുന്നതായും റിപ്പോർട്ടുണ്ട്. പോളിയോ വാക്സിൻ നൽകാനെങ്കിലും അടിയന്തരമായി വെടിനിർത്തണമെന്ന ലോകാരോഗ്യ സംഘടനയുടെയും യു.എൻ ഏജൻസിയുടെയും ആവശ്യം ഇസ്രായേൽ പരിഗണിക്കുന്നില്ല. വെടിനിർത്തൽ ചർച്ച ഈജിപ്തിൽ പുനരാരംഭിക്കാനിരിക്കെ ശക്തമായ ആക്രമണമാണ് ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത്.
ഖാൻ യൂനുസ്, ദൈർ അൽബലാഹ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ഇസ്രായേൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഇതുവരെ 40,265 ഫലസ്തീനികൾ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ടു. 93,144 പേർക്ക് പരിക്കേറ്റു. വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം ഈജിപ്തിൽ എത്തിയിട്ടുണ്ട്. യു.എസ്, ഖത്തർ പ്രതിനിധികളും സംബന്ധിക്കും. അതേസമയം, ഹമാസ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടില്ല. പൂർണമായ യുദ്ധവിരാമം കൂടാതെ ബന്ദി കൈമാറ്റം സാധ്യമല്ല എന്നാണ് ഹമാസ് നിലപാട്. ഈജിപ്തിനും ഗസ്സക്കുമിടയിലെ ഫിലാഡൽഫിയ കോറിഡോറിൽ യുദ്ധം കഴിഞ്ഞാലും ഇസ്രായേൽ സൈനിക സാന്നിധ്യമുണ്ടാകുമെന്ന നിബന്ധന ഹമാസ് അംഗീകരിക്കുന്നില്ല. സമാധാന ശ്രമം അട്ടിമറിക്കാനാണ് ഇസ്രായേൽ പുതിയ നിബന്ധനകൾ മുന്നോട്ടുവെക്കുന്നതെന്ന് ഹമാസ് ആരോപിച്ചു. ഇസ്രായേൽ സൈന്യത്തിന് പകരം ഇവിടെ അന്താരാഷ്ട്ര സമാധാന സേനയെ വിന്യസിക്കാമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. ഇസ്രായേൽ -ലബനാൻ അതിർത്തിയിലും പോരാട്ടം ശക്തമാണ്. വടക്കൻ ഇസ്രായേലിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ ഹിസ്ബുല്ല റോക്കറ്റ്, മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്രായേലിൽ ലബനാനിലും വ്യോമാക്രമണം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.