ഖാലിദ് മുഹമ്മദ് അബൂ ഹാബിൽ ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ

‘മൈതാനത്തുനിന്ന് ആശുപത്രിയിലേക്ക്’, മരണമുനമ്പിലും പച്ചപ്പു നിറഞ്ഞ സ്വപ്നങ്ങളുമായി ഒരു ഗസ്സ ഫുട്ബാളറുടെ ജീവിതയാത്ര...

ദെയ്ർ അൽ ബലാഹ് (ഗസ്സ): തിരക്കുപിടിച്ചതായിരുന്നു ഖാലിദ് മുഹമ്മദ് അബൂ ഹാബിലിന്റെ ഒരു ദിവസം. ഗസ്സയിലെ ആശുപത്രിയിൽ ക്ലാസിനു പോകാനുള്ള ഒരുക്കങ്ങളിലാണ് അത് തുടങ്ങുന്നത്. അവിടെ മരുന്നും ചികിത്സയുമായി സഹപ്രവർത്തകർക്കൊപ്പം. ഉച്ചഭക്ഷണത്തിന് മാതാപിതാക്കൾക്കും സഹോദരങ്ങൾ​ക്കു​മൊപ്പം ചേരാൻ വീണ്ടും വീട്ടിലേക്ക്. വൈകീട്ട് ഫുട്ബാൾ പരിശീലനം. രാത്രി മെഡിസിൻ പാഠങ്ങൾ....

ഇടത്തരം കുടുംബത്തിലായിരുന്നു ഖാലിദിന്റെ ജനനം. നാലു സഹോദരങ്ങൾ​ക്കും രക്ഷിതാക്കൾക്കുമൊപ്പം ചെറിയ വീട്ടിലെ താമസം. ഇസ്രായേലിന്റെ ഉപരോധത്തിൽ ഞെരിഞ്ഞമർന്നിരുന്ന ഗസ്സയിൽ കടുത്ത സാമ്പത്തിക പരാധീനതകൾക്കൊപ്പമായിരുന്നു ആ കുടുംബത്തിന്റെ ദൈനംദിന ജീവിതം മുമ്പോട്ടുപോയിരുന്നത്. അപ്പോഴും, ഒരേസമയം ഡോക്ടറും ഫുട്ബാളറുമാകണമെന്നുള്ള ഖാലിദിന്റെ ആഗ്രഹത്തെ ആ കുടുംബം അകമഴിഞ്ഞ് പിന്തുണച്ചു.

‘എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബാളിനേക്കാൾ പ്രധാനമാണ് മെഡിസിൻ പഠനം. രണ്ടും ഞാൻ ഏറെ ഇഷ്ടപ്പെടുന്നവയാണ്. എന്നാൽ, സംശയലേശമന്യേ മെഡിസിനോടാണ് കൂടുതൽ പ്രിയം’ -അൽ ജസീറക്കു നൽകിയ അഭിമുഖത്തിൽ ഖാലിദ് പറഞ്ഞു. ഗസ്സയിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ 2019ലാണ് അവൻ മെഡിസിനു ചേർന്നത്.


‘നന്നായി പഠിക്കാൻ ആഗ്രഹിച്ചിരുന്നയാളാണ് ഞാൻ. ദിവസം ഏഴു മണിക്കൂർ വരെ മെഡിസിൻ പഠനത്തിനായി മാറ്റിവെക്കും. ഫുട്ബാൾ പരിശീലനം മൂന്നുമണി​ക്കൂർ ഉണ്ടാകും. ഇതിനിടയിൽ ഉറങ്ങാൻ കിട്ടുന്ന സമയം കഷ്ടി ആറു മണിക്കൂർ. എന്നാലും ആ ദിവസങ്ങൾ അത്രയേറെ രസകരവും സന്തോഷപ്രദവുമായിരുന്നു’.

******

ഖാലിദ് പറഞ്ഞ ‘രസകരമായ ദിനങ്ങൾ’ പക്ഷേ, അസ്തമിച്ചിരിക്കുന്നു. ആ ദിനങ്ങൾ ഒക്ടോബർ ഏഴിന് മുമ്പുള്ളവയായിരുന്നു. ഇസ്രായേലിന്റെ കിരാതമായ അക്രമങ്ങളോടെ കഴിഞ്ഞ മൂന്നുമാസമായി ആ ജീവിതമെല്ലാം കീഴ്മേൽ മറിഞ്ഞു. യുദ്ധം തുടങ്ങിയതോടെ അവന്റെ കുടുംബം മഘാസിയിൽനിന്ന് നുസൈറത്തിലെ അഭയാർഥി ക്യാമ്പിലേക്ക് മാറി. എന്നാൽ, കഴിഞ്ഞ മാസം അവർ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. മഘാസിയെ കഴിഞ്ഞയാഴ്ച ഇസ്രായേൽ ടാങ്കറുകൾ ​പൊതിഞ്ഞതോടെ ഖാലിദ് ദെയ്ർ അൽ ബലാഹിലേക്ക് കൂടുമാറി. പ്രദേശത്തെ മറ്റുള്ളവരെപ്പോലെ ഖാലിദ് ഇവിടെനിന്നും ഓടിപ്പോയേക്കാം. അടുത്ത യാത്ര തെക്കേയറ്റത്തുള്ള റഫയിലേക്കാവാം.

ഗസ്സയിൽ ഫുട്ബാളെന്നാൽ ജീവിതമാണ്

കഴിഞ്ഞ ഒന്നര ദശാബ്ധമായി ഇസ്രായേലിന്റെ അതിക്രമങ്ങളിൽ ഞെരുങ്ങുന്ന ഫലസ്തീന്റെ വലിയ സന്തോഷമായിരുന്നു ഫുട്ബാൾ. ജീവിതത്തോളം അവർക്കിഷ്ടപ്പെട്ട ഹോബി. ഗസ്സയിലെ നാലു ഫുട്ബാൾ ലീഗുകളിലായി ഡസൻകണക്കിന് ക്ലബുകളാണുള്ളത്. വാരാന്ത്യങ്ങളിൽ ലീഗ് മത്സരങ്ങൾ പതിവുപോലെ നടക്കുമായിരുന്നു. ഫലസ്തീനിലെ ഏറ്റവും ജനപ്രിയ കായിക ഇനമായ ഫുട്ബാളിൽ മത്സരങ്ങൾ കാണാനും നിരവധിപേർ സാക്ഷികളാകാറുണ്ടായിരുന്നു.

ആരവങ്ങളും ആവേശവും നിറഞ്ഞതായിരുന്നു ഗാലറികൾ. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങളൊന്നായി ഗാലറിയിലെത്തുന്ന കാഴ്ചകൾ. 365 ചതുരശ്ര കിലോമീറ്ററിനുള്ളിലെ ക്ലബുകൾ തമ്മിലുള്ള വൈരവും ആരാധകരുടെ വാശിയുമെല്ലാം മത്സരങ്ങൾക്ക് ഉശിരു പകർന്നു.

‘പന്തുതട്ടിയിട്ട് മൂന്നു മാസം’

22കാരനായ ഖാലിദിനെ​​പ്പോലെ പ്രൊഫഷനൽ ഫുട്ബാളർമാരാകാൻ കൊതിക്കുന്ന ഫലസ്തീനിലെ പുതുതലമുറ പന്തുതൊട്ടിട്ട് ദിവസങ്ങളേറെയായി. മരണം ജീവിതത്തിനുമേൽ നിഴൽവിരിച്ചുനിൽക്കുന്ന നാളുകളിൽ കളി തൽക്കാലം പിന്നോട്ടുപോയിരിക്കുന്നു. ‘മെഡിസിനും ഫുട്ബാളും ഒന്നിച്ചുകൊണ്ടുപോകാനാകുമെന്ന് എന്റെ കുടുംബം അംഗീകരിച്ചിരുന്നില്ല. ഫുട്ബാൾ ഉപേക്ഷിക്കാനാവില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. അപ്പോഴാണ് കളിയിൽ തുടരാൻ കുടുംബം അനുമതി നൽകിയത്. എന്നാൽ, പഠനത്തിൽനിന്ന് ശ്രദ്ധ തിരിക്കരുതെന്നും സമയം പാഴാക്കരുതെന്നും അവർ പറഞ്ഞു’ -ഖാലിദ് പറഞ്ഞു.


ഒരു വർഷം മുമ്പാണ് ഖാലിദ് ബൂട്ടുകെട്ടുന്ന ഖാൻ യൂനിസിലെ അൽ അത്താ ക്ലബ് മൂന്നാം ഡിവിഷൻ ചാമ്പ്യന്മാരായത്. ​ഒമ്പതാം വയസ്സുമുതൽ കളിച്ചുവളർന്ന ഖദാമത്ത് അൽ മഘാസിയെന്ന ക്ലബിൽനിന്ന് വായ്പാടിസ്ഥാനത്തിലാണ് 2002ൽ അൽ അത്തായിലേക്ക് ഖാലിദ് മാറിയത്. കളത്തിൽ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന താരമായി വളർന്ന ഈ യുവാവ് പക്ഷേ, പന്തുതൊട്ടിട്ട് മൂന്നു മാസം കഴിഞ്ഞു.

‘എന്റെ ജനങ്ങൾക്ക് ഇ​പ്പോൾ എന്നെ വേണം’

ഇപ്പോൾ കളിയും പന്തുമൊന്നുമല്ല ഖാലിദിന്റെ മനസ്സിൽ. ​ദെയ്ർ അൽ ബലാഹിലെ അൽ അഖ്സ ഹോസ്പിറ്റലിൽ എമർജൻസി ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണവൻ. ആഴ്ചയിൽ 72 മണിക്കൂറിൽ കൂടുതൽ ആതുരസേവനവുമായി ഖാലിദ് കർമനിരതനാണ്. ‘ജന​ങ്ങളോടുള്ള എന്റെ സ്നേഹവും വൈദ്യപഠനത്തോടുള്ള എന്റെ ഇഷ്ടവുമാണ് ഹോസ്പിറ്റലിൽ സേവനം ചെയ്യാൻ എന്നെ പ്രതിബദ്ധനാക്കുന്നത്. എന്റെ ജനങ്ങൾക്ക് ഇ​പ്പോൾ എന്നെ ഏറ്റവും കൂടുതൽ ആവശ്യമുള്ള വേളയാണ്. ആ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുകയും അവർക്കൊപ്പം നിൽക്കുകയും ​വേണം’ -ഖാലിദ് പറയുന്നു.

ഗസ്സ യൂനി​വേഴ്സിറ്റിയിൽ മെഡിസിൻ പഠനത്തിന് ഫീസടക്കാൻ വൻ തുക വായ്പയെടുത്തിട്ടുണ്ട് ഖാലിദ്. ജീവൻ ബാക്കിയുണ്ടെങ്കിൽ എല്ലാം തിരിച്ചടക്കാനാകുമെന്ന് അവൻ പ്രത്യാശിക്കുന്നു. യൂനിവേഴ്സിറ്റിയാകട്ടെ, ഇസ്രായേൽ ബോംബിട്ട് തകർത്ത അവസ്ഥയിലാണ്. ‘പഠിക്കാൻ ആശുപത്രിയിൽ ​സമയം ചെലവിടുന്നവനായിരുന്നു ഞാൻ. ഇപ്പോൾ കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ കഥ മാറിമറിഞ്ഞു. കൈകാലുകൾ തകർന്നവരെയും ജീവനുവേണ്ടി നിലവിളിക്കുന്നവരെയുമൊക്കെ ചികിത്സിക്കേണ്ടി വന്നിരിക്കുന്നു. എന്തൊരു അതിക്രമമാണ് അവർ നടത്തു​ന്നത്’.

‘ചുറ്റും ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ’

വിശ്രമിക്കാൻ പോലും സമയം കിട്ടുന്നില്ല. അത്രമാത്രം കേസുകളാണ് ഒരുദിവസം കൈാര്യം ചെയ്യുന്നത്. ജീവനുകൾ രക്ഷിക്കാൻ സാധ്യമായ എല്ലാം ചെയ്യുകയാണ്. യുദ്ധത്തിൽ പരിക്കേറ്റവരും ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരുമൊക്കെ നിരവധി. ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് കഴിഞ്ഞ മൂന്നുമാസമായി ആശുപത്രിയിൽ കണ്ടുകൊണ്ടിരിക്കുന്നത്. ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നും ചോരയൊലിപ്പിച്ചെത്തുന്ന കുഞ്ഞുങ്ങളുടെ ദൈന്യത കണ്ടുകണ്ട് മനസ്സ് മരവിച്ചുപോയിരിക്കുന്നു. ഓരോ ദിവസവും അവസ്ഥ മോശമാവുകയാണ്’.

കരയിൽനിന്നും കടലിൽനിന്നും ആകാശത്തുനിന്നും ഇസ്രായേൽ ഇടതടവില്ലാതെ ആക്രമണം കനപ്പിക്കുമ്പോഴും നല്ല ഒരു നാളെ ഖാലിദ് സ്വപ്നം കാണുന്നുണ്ട്. ബോംബിങ്ങിൽ തകർന്ന മണ്ണിൽ നാളെ പച്ചപ്പ് വിരിച്ച മൈതാനങ്ങളുണ്ടാകുമെന്നും താൻ കളിച്ച് പേരെടുക്കുമെന്നും അവൻ ശുഭാപ്തി പുലർത്തുന്നു. യൂറോപ്പിലെ ഏതെങ്കിലും ക്ലബുമായി പ്രൊഫഷനൽ കരാറിൽ ഒപ്പിടുന്ന മുഹൂർത്തം അവന്റെ മനസ്സിൽ നിറഞ്ഞുനിൽപുണ്ട്. മാഞ്ചസ്റ്റർ സിറ്റിയെയും ബാഴ്സലോണയെയുമാണ് കൂടുതൽ ഇഷ്ടം. പെപ് ഗ്വാർഡിയോളയുടെ പരിശീലന തന്ത്രങ്ങളോടാണ് അവന് ആഭിമുഖ്യം. ഒരിക്കൽ രണ്ടിലൊരു ക്ലബിന്റെ കുപ്പായം എടുത്തണിയുമെന്ന ​വലിയ മോഹങ്ങൾ ഖാലിദിന്റെ മനസ്സിൽ കൂടുകൂട്ടിയിട്ടുമുണ്ട്. ‘അതിനുമുമ്പ് യുദ്ധം അവസാനിക്കണം. കാരണം ഞങ്ങളുടെ സ്വപ്നങ്ങൾ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്’ -ഖാലിദ് പറഞ്ഞുനിർത്തി.

Tags:    
News Summary - A Gaza footballer’s journey from pitch to hospital amid Israel’s war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.