റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ മാധ്യമ പ്രവർത്തക വിദ്യാർഥിനി വെടിയേറ്റ് മരിച്ചു. 22കാരിയായ ശദ അൽ സബ്ബാഗ് ആണ് കൊല്ലപ്പെട്ടത്. വടക്കൻ നഗരമായ ജനീനിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മാതാവിനും രണ്ട് പിഞ്ചു കുട്ടികൾക്കുമൊപ്പമുണ്ടായിരുന്ന ശദയെ ഫലസ്തീൻ സുരക്ഷാസേന വെടിവെക്കുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. അതേസമയം, ആരോപണം സുരക്ഷാസേന നിഷേധിച്ചു. സംഭവത്തെ അപലപിച്ച സേന, അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.
പരിമിതമായ അധികാരമുള്ള ഫലസ്തീനിയൻ അതോറിറ്റിയാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ ഭരിക്കുന്നത്. ഇസ്രായേലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഫലസ്തീൻ അതോറിറ്റിയോട് ഫലസ്തീൻ ജനതക്ക് യോജിപ്പില്ല. ഈയടുത്ത് ജനീനിൽ ഹമാസ് അടക്കമുള്ള പോരാളികൾക്കെതിരെ ഇസ്രായേൽ സേനക്കൊപ്പം ഫലസ്തീൻ സുരക്ഷാസേന കനത്ത ആക്രമണം നടത്തിയിരുന്നു. ക്രമസമാധാന നില പുനഃസ്ഥാപിക്കാനാണ് പോരാളികൾക്കെതിരെ സൈനിക നടപടി സ്വീകരിച്ചതെന്നായിരുന്നു വാദം. എന്നാൽ, ഇസ്രായേൽ അധിനിവേശത്തെ സഹായിക്കുകയാണ് സേനയെന്ന് ഫലസ്തീൻ ജനത ആരോപിച്ചിരുന്നു. ഒക്ടോബറിൽ ഇസ്രായേൽ ഗസ്സ ആക്രമണം തുടങ്ങിയ ശേഷം വെസ്റ്റ് ബാങ്കിൽ 835 ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.