സിഡ്നി: കൺസർവേറ്റീവ് പാർട്ടി സഖ്യം ഭരിക്കുന്ന ആസ്ട്രേലിയയിൽ പാർലമെന്‍റ് കേന്ദ്രീകരിച്ച് നടന്ന ലൈംഗിക വേഴ്ചകളുടെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊട്ടിത്തെറി. പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നേതൃത്വം നൽകുന്ന സർക്കാറിനെ പ്രതിക്കൂട്ടിലാക്കി ജീവനക്കാർ പാർലമെന്‍റിനകത്ത് നടത്തിയ ലൈംഗിക വേഴ്ചകളുടെ നിരവധി വിഡിയോകളാണ് തിങ്കളാഴ്ച പുറത്തെത്തിയത്. സഖ്യകക്ഷി സർക്കാറിന്‍റെ ഗ്രൂപ് ചാറ്റിൽ പങ്കുവെച്ച വിഡിയോകളും ചിത്രങ്ങളും ചോർത്തിയത് മുൻ ഗവ. ജീവനക്കാരനായ ഒരു വിസിൽേബ്ലാവറായിരുന്നുവെങ്കിലും ചാനൽ 10 തിങ്കളാഴ്ച സംപ്രേഷണം ചെയ്തതോടെ അതിവേഗം പ്രതിഷേധ ജ്വാലയായി പടരുകയായിരുന്നു. വനിത സാമാജികർ മാത്രമല്ല, പൊതുജനവും രോഷവുമായി രംഗത്തെത്തിയിട്ടുണ്ട്. പതിനായിരങ്ങൾ പ്രതിഷേധവുമായി ഇതിനകം വിവിധ നഗരങ്ങളിൽ പ്രതിഷേധവുമായി ഇറങ്ങി.
പാർലമെന്‍റിലെ പ്രാർഥന മുറിയാണ് പല ജീവനക്കാരും സാമാജികരും ലൈംഗികതക്കായി ഉപയോഗപ്പെടുത്തിയിരുന്നതെന്ന് ടോം എന്നു മാത്രം പരിചയപ്പെടുത്തിയ വിസിൽേബ്ലാവർ പറഞ്ഞു. ലൈംഗിക തൊഴിലാളികളെ വരെ കൊണ്ടുവന്നതായും ജീവനക്കാർ സഭ്യേതര ചിത്രങ്ങൾ പതിവായി പങ്കുവെച്ചതായും ഇയാൾ ആരോപിച്ചു.
വാർത്ത നാട്ടിലെങ്ങും പാട്ടായതോടെ ഒരു ജീവനക്കാരനെ സർക്കാർ അടിയന്തരമായി പിരിച്ചുവിട്ടു. കൂടുതൽ പേർക്കെതിരെ നടപടി വൈകില്ലെന്നും സർക്കാർ പറയുന്നു.
സംഭവം പുതിയ ആരോപണങ്ങൾക്കും രാജ്യത്ത് തുടക്കം കുറിച്ചിട്ടുണ്ട്. ആറു മാസം മുമ്പ് പാർലമെന്‍റിലെത്തിയ ഗ്രീൻസ് പാർട്ടി പ്രതിനിധി ലിഡിയ തോർപ് നാല് രാഷ്ട്രീയ നേതാക്കളുടെ പീഡനത്തിന് പലവട്ടം ഇരയായതായി ആരോപിച്ചിരുന്നു.
മുമ്പും ആസ്ട്രേലിയൻ പാർലമെന്‍റ് പലവട്ടം ലൈംഗിക വിവാദച്ചുഴിയിലായിരുന്നു. പ്രതിപക്ഷമായ ലേബർ പാർട്ടിയും ഇതേ ആരോപണങ്ങളുടെ നിഴലിലാണ്. 2019ൽ താൻ പീഡനത്തിനിരയായതായി മുൻ സർക്കാർ ജീവനക്കാരി അടുത്തിടെ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.