വീണ്ടും ആകാശദുരന്തം കൂടി ലോകത്തെ നടുക്കിയിരിക്കുന്നു. 17 കുട്ടികളും ഏഴ് ജീവനക്കാരുമുൾപ്പെടെ 224 പേർ യാത്രചെയ്ത റഷ്യൻ വിമാനം ഈജിപ്തിലെ സിനായിൽ തകർന്നുവീണ സംഭവമാണ് ആകാശദുരന്തങ്ങളിൽ ഏറ്റവും പുതിയത്. ഇതോടെ ഈ വർഷം 16 വിമാനാപകടങ്ങളിലായി 595 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ഫെബ്രുവരി നാലിന് ട്രാൻസ് ഏഷ്യ എയർവേസ് തായ്വാനിലെ കീലുങ് നദിയിൽ തകർന്ന് 43 പേർ മരിച്ചു. മാർച്ച് 24ന് ജർമൻ വിങ്സ് വിമാനം ഫ്രാൻസിലെ ആൽപ്സ് പർവതനിരകളിൽ തകർന്നു വീണ് ആറു ജീവനക്കാരും 144 യാത്രക്കാരുമടക്കം 150 പേർ മരിച്ചു. ആഗസ്റ്റ് 16ന് ഇന്തോനേഷ്യയിയിലെ വടക്കൻ സുമാത്ര ദ്വീപിലെ മേദനിൽ സൈനിക വിമാനം തകർന്ന് 113 പേർ മരിച്ചു. റിപോർട്ടുകളനുകരിച്ച് 2014 ആണ് അടുത്തിടെ ഏറ്റവും കൂടുതൽ വിമാനദുരന്തങ്ങൾക്ക് വേദിയായത്. 2014ൽ ലോകത്ത് മുപ്പതിലേറെ വിമാനാപകടങ്ങൾ നടന്നു. ആയിരത്തിലേറെ പേരുടെ ജീവൻ പൊലിഞ്ഞു. 2014 ജൂലൈ 14ന് യുക്രെയ്ൻ വ്യോമസേനയുടെ വിമാനം റഷ്യൻ അനുകൂല വിഘടനവാദികൾ വെടിവെച്ചു വീഴ്ത്തിയ സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 49 പേരും മരിച്ചു. അതിനു ശേഷം ജൂലൈ ഒന്നിന് മറ്റൊരു മലേഷ്യൻ വിമാനം യുക്രെയ്നിൽ തകർന്നു വീണു. 280 യാത്രക്കാരും 15 ജീവനക്കാരുമുൾപ്പെടെ 295 യാത്രക്കാർ മരിച്ചു. ജൂലൈ 23ന് തായ്വാനിൽ ട്രാൻസ് ഏഷ്യ എയർവേസ് ദുരന്തത്തിൽ 47 പേർ മരിച്ചു. തൊട്ടടുത്ത ദിവസം എയർ അൾജീരിയയുടെ വിമാനം മാലിക്കു സമീപം മരുഭൂമിയിൽ തകർന്നുവീണ് 116 പേർ മരിച്ചു. ആഗസ്റ്റ് 10ന് ഇറാനിൽ വിമാനാപകടത്തിൽ 48 പേർ മരിച്ചു.
ലോകത്ത് ഏറ്റവുമധികം പേർ മരിച്ച വിമാനാപകടം നടന്നത് 1977ലായിരുന്നു. സ്പെയിനിലെ ടെനറീഫ് ദ്വീപിലെ റൺവേയിൽ രണ്ടു യാത്രാ വിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നപ്പോൾ മരിച്ചത് 583 പേർ. ചരിത്രത്തിൽ ഏറ്റവുമധികം പേർ മരിച്ച വിമാനാപകടം നടന്നത് 1972ൽ ആണ്. 2429 യാത്രക്കാരാണ് ആ വർഷം വിമാനാപകടങ്ങളിൽ മരിച്ചത്. 1985ൽ 2331പേർ മരിച്ചു. 2011ൽ സെപ്റ്റംബറിൽ യു.എസിൽ നടന്ന ഭീകരാക്രമണ സമയത്ത് മൂന്നു വിമാനങ്ങൾ ഒരേ സമയത്ത് തകർന്നിരുന്നു. അതേപോലെ 2014ൽ ഒരാഴ്ചക്കിടെ മൂന്നു വിമാന ദുരന്തങ്ങളുണ്ടായി. ജൂലൈ 17, 23, 24 തീയതികളിലായിരുന്നു അവ.
ലോകമെമ്പാടും പ്രതിവർഷം മൂന്നു കോടിയിലേറെ വിമാന സർവീസുകളാണ് ഇപ്പോഴുള്ളത്. ശരാശരി 12 അപകടങ്ങൾ ഓരോ വർഷവും സംഭവിക്കുന്നു. അരനൂറ്റാണ്ടിനിടെ വിമാനയാത്രക്കാർ ഏറ്റവും സുരക്ഷിതരായ വർഷമായിരുന്നു 2013. ആ വർഷം നടന്ന വിമാനാപകടങ്ങളിൽ 265 പേരാണ് കൊല്ലപ്പെട്ടത്. 2014ൽ ആകാശവീഥികളിൽ അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിെൻറ അവശിഷ്ടങ്ങൾക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.