വിരകളോട് വിടപറഞ്ഞ് പ്രതീക്ഷയുടെ ‘ഹോപ്’

അബുജ: രണ്ടു മാസം മുമ്പ് നൈജീരിയന്‍ തെരുവുകളില്‍  പേരില്ലാത്ത ജീവനുള്ള മാംസപിണ്ഡം അലഞ്ഞുനടന്നിരുന്നു. പട്ടിണിയുടെ ചുഴിയില്‍പെട്ട് ദേഹം മുഴുവന്‍ പുഴുവരിച്ച് എല്ലുംതോലുമായ ആ ഇളംപൈതലിനെ മന്ത്രവാദിയെന്നാരോപിച്ച് വീട്ടുകാര്‍ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. ജീവകാരുണ്യപ്രവര്‍ത്തകയായ അന്‍ജ റിന്‍ഗ്രന്‍ ലോവന്‍ എന്ന ഡാനിഷ് യുവതിയുടെ ശ്രദ്ധയില്‍പെട്ടില്ലായിരുന്നുവെങ്കില്‍ പുഴുവരിച്ചുതീരുമായിരുന്നു അവന്‍െറ ജീവിതം.
ജനുവരി 31നായിരുന്നു കാരുണ്യത്തിന്‍െറ മാലാഖസ്പര്‍ശം അന്‍ജയുടെ രൂപത്തില്‍ അവനെത്തേടിയത്തെിയത്. അന്നായിരുന്നു ഹോപ് ജനിച്ചതെന്നു പറയാം. വയറൊട്ടി എല്ലിച്ച ആ കുഞ്ഞിന് അന്ന് അന്‍ജ വെള്ളവും ഭക്ഷണവും നല്‍കുന്ന ചിത്രം ലോകത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തി. പ്രതീക്ഷ എന്നര്‍ഥമുള്ള ഹോപ് എന്നവനു പേരുമിട്ടു.  കുഞ്ഞിനെ അന്‍ജ ആശുപത്രിയിലത്തെിച്ചു. ശരീരത്തില്‍ നിറഞ്ഞ വിരകളെയും അശുദ്ധരക്തത്തെയും  നീക്കം ചെയ്ത് പ്രത്യാശയുടെ പുതുരക്തം നിറക്കുകയായിരുന്നു അവര്‍. അന്‍ജതന്നെ ഫേസ്ബുക്കില്‍ പോസ്്റ്റ് ചെയ്ത ചിത്രം ഇതിനിടയില്‍ ലോകം മുഴുവന്‍ പ്രചരിച്ചിരുന്നു.  ചികിത്സാച്ചെലവിനുള്ള പത്തുലക്ഷം ഡോളറും ഹോപ്സിനെ തേടിയത്തെി.
അന്ന് മെലിഞ്ഞ് പട്ടിണിക്കോലമായ ആ കുട്ടി രണ്ടുമാസത്തിനുള്ളില്‍ ആരോഗ്യം മെച്ചപ്പെട്ട് തടിച്ചുരുണ്ട് ഓമനയായി. അന്നത്തെ ആ കുഞ്ഞു തന്നെയാണോ ഇവനെന്ന് അദ്ഭുതപ്പെട്ടുപോവുന്ന തരത്തിലായിരുന്നു ഹോപില്‍ വന്ന മാറ്റം.
നൈജീരിയയില്‍ ആയിരക്കണക്കിന് കുട്ടികളെയാണ് അന്ധവിശ്വാസത്തിന്‍െറ പേരില്‍ തെരുവിലെറിയുന്നത് എന്ന അടിക്കുറിപ്പോടെയാണ് അന്ന് അന്‍ജ ആദ്യ പോസ്റ്റിട്ടത്. ഹോപ്പിന്‍െറ പുതിയ ചിത്രങ്ങളോടൊപ്പം അവര്‍ പങ്കുവെക്കുന്നത് സന്തോഷം മാത്രമാണ്. അന്‍ജയും ഭര്‍ത്താവ് ഡേവിഡും തുടങ്ങിവെച്ച ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ് എജുക്കേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ഫൗണ്ടേഷനിലെ (എ.സി.എ.ഇ.ഡി.എഫ്) 35ഓളം കൂട്ടുകാര്‍ക്കൊപ്പം ജീവിതം ആസ്വദിക്കുകയാണ് ഹോപ് എന്ന് അവര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.