അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് ഗാംബിയയും പിന്മാറുന്നു

ബന്‍ജുല്‍: ദക്ഷിണാഫ്രിക്കക്കും ബുറുണ്ടിക്കും പിന്നാലെ, അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍(ഐ.സി.സി)നിന്ന് പിന്മാറുന്നതായി ഗാംബിയയുടെ പ്രഖ്യാപനം. ഹേഗ് ആസ്ഥാനമായുള്ള ഈ ട്രൈബ്യൂണല്‍ നിറത്തിന്‍െറ പേരില്‍ ആളുകളെ പ്രത്യേകിച്ച് ആഫ്രിക്കക്കാരെ അപമാനിക്കുകയാണെന്ന് ഗാംബിയ ആരോപിച്ചു. ഈ മാസാദ്യമാണ്  ദക്ഷിണാഫ്രിക്കയും ബുറുണ്ടിയും ഐ.സി.സിയില്‍നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചത്.

2002ലാണ് ഐ.സി.സി നിലവില്‍വന്നത്. അന്നുതൊട്ട് ആഫ്രിക്കക്കാര്‍ക്കെതിരെ പക്ഷപാതത്തോടെ പെരുമാറുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കുറ്റകൃത്യങ്ങള്‍ അവഗണിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭരണത്തലവന്മാരെ മന$പൂര്‍വം ഉന്നംവെക്കുകയാണെന്ന് ഗാംബിയന്‍ വിവരാവകാശ മന്ത്രി ശെരീഫ് ബൊജാങ് ആരോപിച്ചു.

ഇറാഖ് യുദ്ധത്തിന്‍െറ പേരില്‍ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളെയറുടെ പേരില്‍ ഐ.സി.സി കുറ്റം ചുമത്താതിരുന്ന കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.
ഐ.സി.സി രൂപവത്കരിച്ചതിനു ശേഷം നിരവധി പാശ്ചാത്യരാജ്യങ്ങള്‍ മറ്റു  രാഷ്ട്രങ്ങള്‍ക്കുനേരെ ഹീനമായ യുദ്ധക്കുറ്റങ്ങള്‍ നടത്തി. അതിലൊന്നും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.   തീരുമാനം കോടതിയുടെ മുഖ്യ പ്രോസിക്യൂട്ടറും ഗാംബിയന്‍ നിയമമന്ത്രിയുമായിരുന്ന ഫാതോ ബെന്‍സോതക്ക് തിരിച്ചടിയായി.
നമീബിയ, കെനിയ എന്നീ രാജ്യങ്ങളും ഐ.സി.സി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Tags:    
News Summary - international criminal court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.