വലറ്റ (മാള്‍ട്ട): കഴിഞ്ഞ ദിവസം ലിബിയയില്‍നിന്നുള്ള വിമാനം റാഞ്ചിയ ഭീകരവാദികളുടെ കൈവശമുണ്ടായിരുന്നത് കളിത്തോക്കും വ്യാജ ആയുധങ്ങളുമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്ക്കറ്റാണ് ഇക്കാര്യം ട്വിറ്റര്‍ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. മാള്‍ട്ടയിലിറക്കിയ വിമാനത്തില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച, വിമാനം മാള്‍ട്ടയില്‍ ഇറക്കി ഏതാനും മണിക്കൂറുകള്‍ക്കകംതന്നെ യാത്രക്കാരെ മോചിപ്പിച്ചിരുന്നു. പിന്നീട് റാഞ്ചികള്‍ കീഴടങ്ങുകയും ചെയ്തു. റാഞ്ചികളുടെ കൈവശം ഗ്രനേഡുകളും പിസ്റ്റളുകളുമുണ്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
അതിനിടെ, റാഞ്ചികള്‍ ലിബിയ മുന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫിയുടെ അനുയായികളാണെന്ന് വ്യക്തമായിട്ടുണ്ട്. റാഞ്ചികളില്‍ ഒരാളെന്ന് സ്വയം പരിചയപ്പെടുത്തിയ മൂസ ഷാഹ എന്നയാള്‍, താന്‍ അല്‍ഫത്താഹ് അല്‍ജദീദ് എന്ന സംഘടനയുടെ നേതാവാണെന്ന് ഒരു ലിബിയന്‍ ടെലിവിഷന്‍ ചാനലിനെ ഫോണില്‍ അറിയിച്ചിരുന്നു. 1969ലെ പട്ടാള അട്ടിമറിക്കു മുമ്പ് ഖദ്ദാഫി രൂപം നല്‍കിയ സംഘടനയാണ് അല്‍ഫത്താഹ്. അതേസമയം, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ശനിയാഴ്ച രാവിലെതന്നെ സ്വന്തം സ്ഥലങ്ങളിലേക്ക് പറഞ്ഞയച്ചു. 117 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.