ഹരാരെ: സിംബാബ്വെയിൽ ഏറെ രാഷ്ട്രീയ കോലാഹലങ്ങൾക്കുശേഷം മുൻ വൈസ് പ്രസിഡൻറ് എമേഴ്സൺ നംഗാഗ്വ, റോബർട്ട് മുഗാബെയുടെ പിൻഗാമിയായി വെള്ളിയാഴ്ച അധികാരമേൽക്കും. അദ്ദേഹത്തെ വൈസ്പ്രസിഡൻറ് സ്ഥാനത്തുനിന്ന് മുഗാബെ പുറത്താക്കിയതോടെയാണ് രാജ്യത്ത് പ്രതിസന്ധി ഉടലെടുത്തത്. തുടർന്ന് സൈന്യം ഭരണം പിടിച്ചെടുക്കുകയായിരുന്നു.
തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സൈനിക അട്ടിമറി അപൂർവസംഭവമാണ്. നംഗാഗ്വയെ അധികാരത്തിൽ തിരിച്ചെത്തിക്കുകയായിരുന്നു സൈനിക മേധാവികളുടെ ലക്ഷ്യം. മുഗാബെയെ വീട്ടുതടങ്കലിലുമാക്കി. രാജിക്കായി അദ്ദേഹത്തിൽ സമ്മർദം ചെലുത്തുകയും ചെയ്തു. സമ്മർദത്തിനൊടുവിൽ 37 വർഷത്തെ അധികാരത്തിനു ശേഷം 93കാരനായ മുഗാബെ രാജിക്ക് സന്നദ്ധനാവുകയായിരുന്നു. പാർലമെൻറ് അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾക്കൊരുങ്ങുന്നതിനിടെയായിരുന്നു രാജിപ്രഖ്യാപനം. സുഗമമായ അധികാര കൈമാറ്റമാണ് ഉദ്ദേശിക്കുന്നതെന്നും രാജി സ്വന്തം തീരുമാനമാണെന്നും മുഗാബെ വ്യക്തമാക്കുകയും ചെയ്തു.
ഒരുകാലത്ത് മുഗാബെയുടെ വിശ്വസ്തനായിരുന്നു നംഗാഗ്വ. ഭാര്യ ഗ്രേസിനെ പിൻഗാമിയാക്കാനുള്ള മുഗാബെയുടെ ശ്രമങ്ങളാണ് നംഗാഗ്വയെ പുറത്താക്കുന്നതിലേക്ക് നയിച്ചത്.2018 സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ നംഗാഗ്വ പ്രസിഡൻറാകുമെന്നും പാർട്ടിവൃത്തങ്ങൾ സൂചന നൽകി. വെള്ളിയാഴ്ച അദ്ദേഹം അധികാരമേറ്റെടുക്കുമെന്ന് ദേശീയ ചാനലായ സിംബാബ്വെ ബ്രോഡ്കാസ്റ്റിങ് കോർപറേഷനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.