ന്യൂയോര്‍ക്: നൈജീരിയ, സോമാലിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ പട്ടിണി പടര്‍ന്നുപിടിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഏകദേശം 14 ലക്ഷം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് കാരണം മരണത്തിന്‍െറ വക്കിലാണെന്നും യൂനിസെഫ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. ദക്ഷിണ സുഡാന്‍ ക്ഷാമത്തിന്‍െറ പിടിയിലാണെന്ന് യു.എന്നും സര്‍ക്കാറും വെളിപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
നാലര ലക്ഷത്തിലേറെ കുട്ടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി യുദ്ധം നടക്കുന്ന യമനിലും നൈജീരിയയിലും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി നൈജീരിയയിലെ ബോര്‍നോ സംസ്ഥാനത്ത് കടുത്ത ക്ഷാമം അനുഭവിച്ചുവരുകയാണ്.
ഇവിടങ്ങളിലെ ആവശ്യക്കാരിലേക്ക് ഭക്ഷണം എത്തിക്കാന്‍ സന്നദ്ധ സംഘങ്ങള്‍ക്ക് ഇതുവരെ സാധ്യമായിട്ടില്ല. സോമാലിയയില്‍ പട്ടിണിയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം രണ്ടര ലക്ഷത്തിലേറെ വരും. ദക്ഷിണ സുഡാനിലെ 20 ശതമാനം പേര്‍ക്ക് മാത്രമാണ് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നത്. 30 ശതമാനം കുട്ടികള്‍ മിക്ക ദിവസങ്ങളിലും പട്ടിണി കിടക്കുന്നവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ പതിനായിരം വ്യക്തിയിലും രണ്ടുപേര്‍ ദിനംപ്രതി പട്ടിണിമൂലം മരിക്കുന്നുണ്ട്.
പ്രശ്നത്തില്‍ അന്താരാഷ്ട്ര സമൂഹം പെട്ടെന്ന് ഇടപെടണമെന്ന് യൂനിസെഫ് ഡയറക്ടര്‍ ആന്‍റണി ലേക് ആവശ്യപ്പെട്ടു. യുദ്ധവും മറ്റു രാഷ്ട്രീയ പ്രതിസന്ധികളുംമൂലമാണ് പട്ടിണി വര്‍ധിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. യമനിലെ ആഭ്യന്തര സംഘര്‍ഷവും നൈജീരിയയിലെ ബോകോ ഹറാമിന്‍െറ സാന്നിധ്യവും രാഷ്ട്രീയ അരക്ഷിതാവസ്ഥയുണ്ടാക്കുന്നത് സര്‍ക്കാറുകള്‍ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ തടസ്സമാകുകയാണ്. ലോകത്ത് ഏറ്റവും അവസാനം രൂപംകൊണ്ട രാജ്യമായ ദക്ഷിണ സുഡാനിലും സംഘര്‍ഷങ്ങള്‍ ഇപ്പോഴും പൂര്‍ണമായി നിലച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.