ബ്രിട്ടീഷ് രാജ്ഞിയുടെ ചെങ്കോലിനെ അലങ്കരിച്ച ഏറ്റവും വലിയ വജ്രം 'കുള്ളിനൻ I' മടക്കി നൽകണമെന്ന് ദക്ഷിണാഫ്രിക്ക

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചെങ്കോലിനെ അലങ്കരിച്ച ലോകത്തെ അറിയപ്പെടുന്ന ഏറ്റവും വലിയ ക്ലിയർ കട്ട് വജ്രമായ 'ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക' മടക്കി നൽകണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. കുള്ളിനൻ I എന്നറിയപ്പെടുന്ന ഈ വജ്രം 1905-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഖനനം ചെയ്ത ഏറ്റവും വലിയ വജ്രമായ കുള്ളിനനിൽ നിന്ന് വിഭജിച്ചെടുത്തതാണ്. കുള്ളിനനിൽ നിന്ന് ഒമ്പതു വജ്രങ്ങൾ രൂപീകരിച്ചു. അതിൽ ഏറ്റവും വലുതാണ് കുള്ളിനൻ I എന്ന 'ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക'.

വജ്രം ആഫ്രിക്കയിലെ കൊളോണിയൽ ഭരണാധികാരികൾ ബ്രിട്ടീഷ് രാജകുടുംബത്തിന് കൈമാറിയതായും നിലവിൽ രാജ്ഞിയുടെ രാജകീയ ചെങ്കോലിൽ ഘടിപ്പിച്ചിട്ടുണ്ടെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.

530.4 കാരറ്റ് വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ള വജ്രം കുരിശിനൊപ്പം ചെങ്കോലിൽ ചേർത്തതായി എ.ബി.സി ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. ഈ ചെങ്കോൽ കിരീടധാരണ ചടങ്ങുകളിൽ ഉപയോഗിച്ചിരുന്ന ഒരു വിശുദ്ധ വസ്തുവാണ്. നിലവിൽ ലണ്ടൻ ടവറിലെ ജൂവൽ ഹൗസിൽ വജ്രം പൊതു പ്രദർശനത്തിന് വച്ചിട്ടുണ്ടെന്നും എ.ബി.സി വ്യക്തമാക്കുന്നു. വജ്രത്തിന്റെ കൃത്യമായ മൂല്യം വ്യക്തമല്ല.

'നമ്മുടെ ചെലവിൽ നമ്മുടെയും മറ്റ് രാജ്യങ്ങളുടെയും ഉത്പന്നങ്ങൾ ബ്രിട്ടൻ പ്രയോജനപ്പെടുത്തുകയാണ്. കുള്ളിനൻ ​വജ്രം ഉടൻതന്നെ ദക്ഷിണാഫ്രിക്കയിലേക്ക് തിരികെ നൽകണം' ആക്ടിവിസ്റ്റ് തൻഡുക്സോലോ സബെലോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

വജ്രം തിരികെ നൽകണമെന്നാവശ്യപ്പെട്ട് change.org- ൽ ഒരു ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചിട്ടുണ്ട് , അതിൽ ഇതുവതെ 6,000-ത്തിലധികം ആളുകൾ ഒപ്പിട്ടിട്ടുണ്ട്.

'ബ്രിട്ടൻ ചെയ്ത എല്ലാ ദ്രോഹങ്ങൾക്കും നഷ്ടപരിഹാരം, ബ്രിട്ടൻ മോഷ്ടിച്ച എല്ലാ സ്വർണ്ണവും വജ്രങ്ങളും തിരികെ നൽകണം' എന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കൻ പാർലമെന്റ് അംഗമായ വുയോൾവെത്തു സുംഗുല ട്വീറ്റ് പോസ്റ്റ് ചെയ്തു.

ബ്രിട്ടീഷ് കുടുംബത്തിന്റെ കൈവശമുള്ള നിരവധി വജ്രങ്ങൾ അതത് രാജ്യങ്ങളിലേക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളും കാമ്പെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - After Queen's Death, South Africa Demands Return Of 500 Carat Great Star Diamond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.