ലുഹാൻസ്കിലെ ഗ്രാമം തിരിച്ചുപിടിച്ച് യുക്രെയ്ൻ നാലിടങ്ങളിൽ ഹിതപരിശോധനക്ക് റഷ്യ

കിയവ്: കിഴക്കൻ മേഖലയുടെ നിയന്ത്രണം റഷ്യ കൈക്കലാക്കി രണ്ടുമാസത്തിനുശേഷം ലുഹാൻസ്കിലെ ഗ്രാമം തിരിച്ചുപിടിച്ച് യുക്രെയ്ൻ സൈന്യം. ബിലോഹോറിവ്ക ഗ്രാമത്തിൽനിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയതായി ലുഹാൻസ്ക് പ്രവിശ്യ ഗവർണർ സെർഹി ഹൈദായി പറഞ്ഞു. ആഴ്ചകൾ നീണ്ട പോരാട്ടത്തിനുശേഷം റഷ്യ ജൂലൈയിൽ കൈയടക്കിയ ലിസിചാൻസ്ക് പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ പടിഞ്ഞാറാണ് ബിലോഹോറിവ്ക ഗ്രാമം.

റഷ്യ പിടിച്ചെടുത്ത കിഴക്കൻ, തെക്കൻ യുക്രെയ്ൻ പ്രദേശങ്ങളെ കൂട്ടിച്ചേർക്കാൻ റഷ്യ ശ്രമിക്കുന്നതിനിടെയാണ് ഈ തിരിച്ചടി. ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌ക്, ഖേഴ്സൺ, ഭാഗികമായി റഷ്യൻ നിയന്ത്രണത്തിലായ സപോരിഷ്യ മേഖലകളിലാണ് വെള്ളിയാഴ്ച മുതൽ ഹിതപരിശോധന നടത്തുന്നത്. ഹിതപരിശോധനയെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അനുകൂലിച്ചതായാണ് റിപ്പോർട്ട്. ലുഹാൻസ്കും ഡൊനെറ്റ്സ്കും ചേർന്ന ഡോൺബാസ് മേഖലയിൽ കണ്ണുവെച്ചാണ് റഷ്യൻ അധിനിവേശം തുടങ്ങിയത്.

യുക്രെയ്നിലെ ഡോൺബാസ് മേഖലയുടെ വിമോചനമാണ് റഷ്യയുടെ പ്രധാന ലക്ഷ്യമെന്നും ഡോൺബാസിൽ ഹിതപരിശോധന അനിവാര്യമാണെന്നും റഷ്യൻ സുരക്ഷ കൗൺസിലിന്റെ ഉപമേധാവി ദിമിത്രി മെദ്‌വദേവ് പറഞ്ഞു. നയതന്ത്ര ഒത്തുതീർപ്പിന് സാധ്യതയില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. ലുഹാൻസ്കിൽ സെപ്റ്റംബർ 23 മുതൽ 27 വരെ ഹിതപരിശോധന നടത്തുമെന്ന് ടാസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഖേഴ്സണിൽ ഹിതപരിശോധന നടത്താൻ തീരുമാനിച്ചതായി റഷ്യ നിയോഗിച്ച പ്രദേശത്തിന്റെ തലവൻ വ്ലാദിമിർ സൽദോ ചൊവ്വാഴ്ച പറഞ്ഞു. സപോരിഷ്യ മേഖലയിലെ റഷ്യൻ നിയന്ത്രിത ഭാഗവും വരുംദിവസങ്ങളിൽ റഷ്യയിൽ ചേരാൻ ഹിതപരിശോധന നടത്തിയേക്കുമെന്ന് ആർ.ഐ.എ നോവോസ്റ്റി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.അതിനിടെ ഹിതപരിശോധന ഒരു മാറ്റവുമുണ്ടാക്കില്ലെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിതോ കുലേബ ട്വീറ്റ് ചെയ്തു.

Tags:    
News Summary - After recapturing the village of Luhansk, Russia will hold referendums in four places in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.