മസ്കത്ത്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികളുമായി ഈ സീസണിലെ മൂന്നാമത്തെ ആഡംബരക്കപ്പൽ ഐഡ കോസ്മ സലാല തുറമുഖത്തെത്തി. ഈജിപ്തിൽനിന്ന് വരുന്ന ഇറ്റാലിയൻ കപ്പലിൽ 4507 വിനോദസഞ്ചാരികളാണുള്ളത്.
സഞ്ചാരികൾ സലാലയിലെ ബീച്ചുകൾ, പരമ്പരാഗത മാർക്കറ്റുകൾ, പുരാവസ്തു, വിനോദസഞ്ചാര, ചരിത്രസ്മാരകങ്ങൾ പര്യടനം നടത്തും. ഇതിനുശേഷം കപ്പൽ ഖാബൂസ് തുറമുഖത്തേക്ക് തിരിക്കുകയും ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബരക്കപ്പലുകളിലൊന്നാണ് ഐഡ കോസ്മ.
സുൽത്താനേറ്റിൽ ആദ്യമായിട്ടാണ് ഈ കപ്പൽ എത്തുന്നത്. നവംബർ എട്ടിന് 881 വിനോദസഞ്ചാരികൾ ഉൾപ്പെടെ 1332 യാത്രക്കാരുമായി വൈക്കിങ് മാർസലും ഒക്ടോബർ 21ന് 1651 ആളുകളുമായി 'ക്വീൻ എലിസബത്ത്' സലാലയിൽ എത്തിയിരുന്നു. ഈ ശൈത്യകാല സീസണിൽ 30ലധികം ക്രൂസുകൾ സലാലയിൽ എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആഗോളതലത്തിൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ദോഫാർ. അതിനാൽ ക്രൂസ് ടൂറിസം മെച്ചപ്പെടുത്തുന്നതിനായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായും ക്രൂസ് ഓപറേറ്റർമാരുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. വിവിധ അതോറിറ്റികളുമായും ടൂറിസം കമ്പനികളുമായും ഷിപ്പിങ് ഏജന്റുമാരുമായും സഹകരിച്ച് മന്ത്രാലയം നടത്തുന്ന പ്രമോഷന്റെ ഭാഗമായി ക്രൂസ് മേഖലയിൽ വളർച്ചയും ഉണർവുമുണ്ടാകുമെന്നാണ് കരുതുന്നത്.
രാജ്യത്തെ ഈ സീസണിലെ ക്രൂസ് സീസണിന് തുടക്കംകുറിച്ച് ദിവസങ്ങൾക്ക് മുമ്പ് കപ്പൽ തീരം തൊട്ടിരുന്നു. 2230 ആളുകളുമായി ജർമൻ ക്രൂസ് കപ്പൽ മെയ്ൻ ഷിഫ്-6 ആണ് സുൽത്താൻ ഖാബൂസ് തുറമുഖം, ഖസബ് തുറമുഖം എന്നിവിടങ്ങളിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.