ഗസ്സയിൽ ഇസ്രായേൽ തകർത്ത ജലാ ടവർ. ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അൽ ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ അന്താരാഷ്​ട്ര മാധ്യമങ്ങളുടെ ഓഫീസുകളും തകർന്നു

ഗസ്സയിൽ 'അൽ ജസീറ'യടക്കം മാധ്യമ ഓഫിസുകൾ ഇസ്രയേൽ തകർത്തു; മരണം 140 ആയി -VIDEO

ജറൂസലം: അൽ ജസീറ, അസോസിയേറ്റഡ്​ പ്രസ്​ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ ബഹുനില ​കെട്ടിടം ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തു. കെട്ടിടം നാമാവശേഷമാക്കിയതായി 'അൽജസീറ' റി​പ്പോർട്ട്​ ചെയ്​തു. കെട്ടിടത്തിൽ നിരവധി അപ്പാർട്ടുമെന്‍റുകളും മറ്റ് ഓഫിസുകളും ഉണ്ടായിരുന്നു. ഇവിടെ ഏതാനും കുടുംബങ്ങളും താമസിച്ചിരുന്നു.

ആക്രമണത്തിൽ ആളപായമുണ്ടോയെന്നത്​ വ്യക്തമല്ല. രൂക്ഷമായ വ്യോമാക്രമണത്തിൽ കെട്ടിടം നിലംപതിച്ച്​ പൊടിയും അവശിഷ്ടങ്ങളും പ്രദേശത്ത്​ പരന്നു. ആക്രമണത്തിന്​ ഒരു മണിക്കൂർ മുമ്പ് കെട്ടിടത്തിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി 'അൽ ജസീറ' റിപ്പോർട്ട്​ ചെയ്യുന്നു.

അതിനിടെ, ഇസ്രായേൽ തിങ്കളാഴ്ച തുടങ്ങിയ നരനായാട്ടിൽ ഇതുവരെ 39 കുട്ടികളും 22 സ്ത്രീകളും ഉൾപ്പെടെ 140 പേർ കൊല്ലപ്പെട്ടു. ഹമാസിന്‍റെ തിരിച്ചടിയിൽ മലയാളി ഉൾപ്പെടെ എട്ട് പേർ ഇസ്രായേലിൽ കൊല്ലപ്പെട്ടു.

പശ്​ചിമ ഗസ്സയിലെ​ ഷാതി അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ ബോം​ബാക്രമണത്തിൽ 10 പേർ കൊല്ല​പ്പെട്ടു. എട്ടുകുട്ടികളും രണ്ട്​ സ്​ത്രീകളുമാണ്​ മരിച്ചത്​.

20 പേരെങ്കിലും കുടുങ്ങിക്കിടക്കുന്ന കെട്ടിടത്തിൽനിന്ന്​ ആരെയെങ്കിലും ജീവനോടെ ര ക്ഷപ്പെടുത്താനാകുമെന്ന്​ പ്രതീക്ഷയില്ല. ശനിയാഴ്ച പുലർച്ചെ തുടർച്ചയായ അഞ്ചു ബോംബുകൾ വർഷിച്ചാണ്​ അഭയാർഥി ക്യാമ്പ്​ ചാരമാക്കിയത്​.



കര, നാവിക, വ്യോമ സേനകളെ ഉപയോഗിച്ച്​ ഇ​സ്രായേൽ ആക്രമണം കനപ്പിച്ചതോടെ ഗസ്സയിൽ കൂട്ട പലായനം തുടരുകയാണ്​. 10,000 ലേറെ കുടുംബങ്ങൾ അഭയംതേടി പലായനം ചെയ്​തതായി റിപ്പോർട്ടുകൾ പറയുന്നു.

ഫലസ്​തീൻ പ്രവിശ്യയിൽ 160 ഓളം വിമാനങ്ങൾ ഉപയോഗിച്ച്​ വ്യോമാക്രമണം ശക്​തമാക്കിയതായി ഇസ്രായേൽ അറിയിച്ചു. ടാങ്കുകളും പീരങ്കികളും കരയിൽനിന്നും യുദ്ധക്കപ്പലുകൾ വഴി കടലിൽനിന്നും ആക്രമണം തുടരുകയാണ്​. വടക്കൻ ഗസ്സയിലാണ്​ ഇസ്രായേലി ബോംബറുകൾ ഏറ്റവും കൂടുതൽ നാശം വിതക്കുന്നത്​.

യു.എന്നും വിവിധ രാജ്യങ്ങളും ​െവടിനിർത്തൽ ആവശ്യമുയർത്തിയിട്ടും ആക്രമണം തുടരുമെന്ന നിലപാടിലാണ്​​ ഇസ്രായേൽ. സമാധാനം പുനഃസ്​ഥാപിക്കുംവരെ ആക്രമണം തുടരുമെന്ന്​ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു.

​ഗസ്സക്കു നേരെ തുടരുന്ന ഭീകരതയിൽ പ്രതിഷേധിച്ച്​ വെസ്റ്റ്​ ബാങ്കിൽ തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കു നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഇവിടെ 1,334 പേർക്ക്​ വിവിധ സംഭവങ്ങളിലായി പരിക്കേറ്റതായും റെഡ്​ക്രസന്‍റ്​ അറിയിച്ചു.

ലബനാൻ അതിർത്തി പ്രദേശത്ത്​ പ്രതിഷേധങ്ങളിൽ ​പ​ങ്കെടുത്ത ഒരാളെ കൂടി ഇസ്രായേൽ പൊലീസ്​ വെടിവെച്ചുകൊന്നു. ഇവിടെ ഇതോ​െട മരണം രണ്ടായി. അതിനിടെ, ഇസ്രായേൽ കുടിയൊഴിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ച കിഴക്കൻ ജറൂസലം പ്രദേശമായ ശൈഖ്​ ജർറാഹിൽ അറസ്റ്റ്​ തുടരുകയാണ്​.

എന്നാൽ, ഇസ്രായേൽ പ്രദേശമായ അഷ്​ദോദ്​ ലക്ഷ്യമിട്ട്​ ശനിയാഴ്ചയും ഹമാസ്​ റോക്കറ്റുകൾ വിക്ഷേപിച്ചു. നിരവധി പേരുടെ മരണത്തിനിടയാക്കിയ ഷാതി അഭയാർഥി ക്യാമ്പിൽ ബോംബു വർഷിച്ചതിൽ പ്രതിഷേധിച്ചാണ്​ റോക്കറ്റാക്രമണമെന്ന്​ ഹമാസ്​ അറിയിച്ചു.

Tags:    
News Summary - Al Jazeeera office in Gaza destroyed by Israeli air strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.