ഗസ്സ: ഇസ്രായേൽ നഗരമായ കിർയത് ഷ്മോനക്ക് നേരെ ലബനാനിൽ നിന്ന് ഹമാസിന്‍റെ മിസൈൽ ആക്രമണം. 12 മിസൈലുകൾ കിർയത് ഷ്മോനക്കും സമീപത്തുമാണ് പതിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
മിസൈൽ പതിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. നഗരത്തിൽ നിർത്തിയിട്ടിരുന്ന കാറുകൾ അഗ്നിക്കിരയായി. ഗസ്സയിലെ നമ്മുടെ ജനങ്ങൾക്കെതിരായ അധിനിവേശ കൂട്ടക്കൊലകൾക്കുള്ള മറുപടിയാണ് ആക്രമണമെന്ന് അൽ ഖസ്സാം ബ്രിഗേഡ് ടെലഗ്രാമിലെ പോസ്റ്റിൽ വ്യക്തമാക്കി.
ലെബനനിലെ ഷെബാഫാമിലെ വടക്കൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഹിസ്ബുല്ല വെടിവെപ്പ് നടത്തിയതായി ഇസ്രായേൽ. ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടങ്ങിയത് മുതൽ ലെബനാൻ അതിർത്തിയിൽ ഏറ്റുമുട്ടലുകൾ നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ആഴ്ച മുതൽ ആക്രമണങ്ങൾ വർധിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, കരയുദ്ധത്തിൽ ഇതുവരെ ലഫ്. കേണൽ അടക്കം 18 സൈനികർ കൊല്ലപ്പെട്ടതായും നിരവധി കവചിത വാഹനങ്ങൾ തകർന്നതായും ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസിന്‍റെ ചെറുത്തുനില്പിൽ ഇസ്രായേൽ സേനയുടെ 53ാം ബറ്റാലിയൻ കമാൻഡർ ലഫ്. കേണൽ സൽമാൻ ഹബാകക്കാണ് ജീവൻ നഷ്ടമായത്. യുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന സൈനിക ഓഫിസറാണ് ഇദ്ദേഹം. നാലു സൈനികർക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്.
കൊളംബിയ, ചിലി, ജോർഡൻ എന്നീ രാജ്യങ്ങൾക്കു പിന്നാലെ ബഹ്റൈനും ഇസ്രായേൽ സ്ഥാനപതിയെ പിൻവലിച്ചു. ഇസ്രായേലുമായുള്ള വ്യാപാരബന്ധവും നിർത്തി. ബൊളീവിയ കഴിഞ്ഞദിവസം നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു.
വെസ്റ്റ്ബാങ്കിൽ വ്യാപക പരിശോധന തുടരുന്ന ഇസ്രായേൽ സേന 49 പേരെ അറസ്റ്റ് ചെയ്തു. 21 പേർ ഹമാസ് പോരാളികളാണെന്നാണ് അവകാശവാദം. മൊത്തം 1,220 പേർ ഇവിടെനിന്ന് അറസ്റ്റിലായിട്ടുണ്ട്. വെസ്റ്റ്ബാങ്കിൽ ഇസ്രായേലി യുവാവിനെ കാറിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാല് ഫലസ്തീനികളെ സൈന്യം വെടിവെച്ചുകൊന്നു. ബെത്ലഹേമിന് സമീപം 17 വീടുകൾ സൈന്യം ഇടിച്ചുനിരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.