അലബാമ: ഗർഭപാത്രത്തിൽ 148 ദിവസം മാത്രം കിടന്ന കുഞ്ഞ് പിറന്നുവീണപ്പോൾ ഡോക്ടർമാർക്ക് പോലും സംശയമായിരുന്നു അവൻ അതിജീവിക്കുമോയെന്ന്. 420 ഗ്രാം മാത്രമായിരുന്നു കുർദിസ് എന്ന പേരിട്ട കുഞ്ഞിന്‍റെ തൂക്കം.
40 ആഴ്ചയാണ് ഒരു ഗർഭകാലം. എന്നാൽ 21ആഴ്ചയും ഒരു ദിവസവും വളർച്ചയെത്തിയപ്പോൾ അലബാമയിലെ ഈ കുഞ്ഞൻ പുറത്തുവന്നു. കഴിഞ്ഞവർഷം യു.എസ് സ്വാതന്ത്ര്യദിനമായ ജൂലൈ നാലിനായിരുന്നു അമ്മ മിഷേൽ ബട്ട്ലർ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കുർദിസ് എന്നും സിഅസ്യയെന്നും കുഞ്ഞുങ്ങൾക്ക് പേരിട്ടു. ജനിച്ച് ഒരു ദിവസത്തിന് ശേഷം സിഅസ്യ മരിച്ചു.
ഇത്തരം സാഹചര്യത്തെ കുഞ്ഞുങ്ങൾ അതിജീവിക്കാറില്ലെന്നും കുർദിസിന്‍റെ ജീവൻ പിടിച്ചുനിർത്താൻ പരമാവധി ശ്രമിക്കാമെന്നും ആശുപത്രി അധികൃതർ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ജീവിച്ചിരിക്കാൻ ഒരു ശതമാനം േപാലും ഉറപ്പുപറയാൻ കഴിയാതിരുന്ന സാഹചര്യത്തിലും ഡോക്ടർമാർ കുർദിസിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിച്ചു.
മൂന്നുമാസം വെന്‍റിലേറ്ററിൽ കഴിഞ്ഞു. 275 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുർദിസ് കഴിഞ്ഞ ഏപ്രിലിൽ ആശുപത്രി വിട്ടു. ശ്വസിക്കുന്നതെങ്ങനെയും ഭക്ഷണം കഴിക്കാൻ വായ എങ്ങനെ ഉപയോഗിക്കാമെന്നും തെറാപിസ്റ്റുകൾ അവനെ പഠിപ്പിച്ചു. കുർദിസിന് മൂന്ന് മൂത്ത സഹോദരങ്ങളുണ്ട്. അവർക്ക് കൗതുകമായിരുന്നു ഇത്രയും ചെറിയ കുഞ്ഞനിയനെ കണ്ടപ്പോഴെന്ന് ബട്ട്ലർ പറയുന്നു.
എന്നാൽ, 16 മാസങ്ങൾക്ക് ശേഷം കുർദിസിനെ തേടി ഒരു റെേക്കാർഡെത്തി. ലോകത്ത് ഏറ്റവും കുറഞ്ഞ ഗർഭകാലത്തിൽ ജനിച്ച കുഞ്ഞ് (world's most premature baby) എന്ന ഗിന്നസ് റെക്കോർഡാണ് കുർദിസ് സ്വന്തമാക്കിയത്. 21 ആഴ്ചയും രണ്ടുദിവസവും പ്രായമുള്ള (149 ദിവസം) വിസ്കോസിനിലെ റിച്ചാർഡ് ഹച്ചിൻസന്‍റെ റെേക്കാർഡാണ് കുർദിസ് തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.