അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തി

വാഷിങ്ടണ്‍: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കടുത്തഭീഷണിയായി ഒമ്പതു വര്‍ഷത്തിനിടെ ആദ്യമായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി. 0.25 ശതമാനമാണ് പലിശനിരക്ക് ഉയര്‍ത്തിയത്. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ സ്വീകരിച്ചിരുന്ന സാമ്പത്തിക ഉത്തേജക നടപടികള്‍ പടിപടിയായി പിന്‍വലിക്കാനും തീരുമാനിച്ചു. പലിശനിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയിലെ 10 അഗങ്ങളില്‍ എല്ലാവരും തീരുമാനത്തെ പിന്തുണച്ചു. നിലവില്‍ 0-0.25 ശതമാനമാണ് പലിശനിരക്ക്. ഇത് 0.25-0.5 ശതമാനമായാണ് ഉയരുക. ചൈന ഉള്‍പ്പെടെ ലോകത്തെ മറ്റു സമ്പദ്വ്യവസ്ഥകള്‍ തളര്‍ച്ച നേരിടുമ്പോഴും അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടെന്ന വിലയിരുത്തലിലാണ് പലിശനിരക്ക് ഉയര്‍ത്താനും സാമ്പത്തിക ഉത്തേജകനടപടി ക്രമേണ പിന്‍വലിക്കാനും തീരുമാനിച്ചത്. 2007-2009 കാലത്തെ ആഗോള സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്നാണ് കേന്ദ്രബാങ്ക് ഉത്തേജകനടപടികള്‍ സ്വീകരിച്ചത്.

പലിശനിരക്ക് ഉയര്‍ത്തിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഓഹരി വിപണിക്കായിരിക്കും ഏറ്റവുംവലിയ തിരിച്ചടിയുണ്ടാവുക. ഇന്ത്യയില്‍നിന്ന് വിദേശനിക്ഷേപം ക്രമേണ പുറത്തേക്കൊഴുകാനുള്ള സാധ്യത ഏറെയാണ്. രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്. ഡോളറിന് ആവശ്യംകൂടുന്നത് രൂപയെ ദുര്‍ബലമാക്കും. ഡോളര്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെടുന്നത് വിദേശ വ്യാപാരക്കമ്മിയുടെ നില കൂടുതല്‍ വഷളാക്കും. അതേസമയം, പലിശനിരക്ക് ഉയര്‍ത്തിയതിലൂടെ ക്രൂഡോയിലിന്‍െറ വില കുറയാന്‍ ഇടയുണ്ട്. അങ്ങനെവന്നാല്‍, ഡീസലിന്‍െറയും പെട്രോളിന്‍െറയും വില കുറയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.